Saturday 04 March 2017 12:09 PM IST : By രൂപാ ദയാബ്ജി

ചോക്കലേറ്റ് മധുരമുള്ള ഓർമ്മകൾ; വിഎഫ്എയിൽ ഗുരുവും ശിഷ്യയും കണ്ടപ്പോൾ!

menaka

മേനക ആദ്യമായി അഭിനയിക്കുന്ന തമിഴ് സിനിമയുടെ ഷൂട്ടിങ് മദ്രാസിലെ വിജയ ഗാർഡനിൽ നടക്കുന്നു. പുതിയ മലയാള സിനിമയിലേക്ക് നായികയെ അന്വേഷിച്ചു ശ്രീവിദ്യയുടെ ശുപാർശ പ്രകാരം അവിടേക്ക് രണ്ടുപേർ വരുന്നു, സാക്ഷാല്‍ കെ.ജി. ജോർജും പ്രൊഡ്യൂസർ ഫിലിപ്പും. ബാക്കി കഥ മേനക തന്നെ പറയട്ടെ.

"ആദ്യം കണ്ടപ്പോൾ തന്നെ മെലിഞ്ഞുണങ്ങിയിരുന്ന എനിക്ക് ജോർജ് സാർ ഒരു പെട്ടി ചോക്കലേറ്റ് സമ്മാനിച്ചു. ഇതൊക്കെ കഴിച്ച് നന്നായിട്ടു വേണം ഷൂട്ടിങ്ങിനു വരാനെന്നാണ് പറഞ്ഞത്. മലയാളം അറിയില്ല എന്ന് പറഞ്ഞപ്പോൾ ‘ഡോണ്ട് വറി’ എന്നായിരുന്നു മറുപടി. അങ്ങനെയാണ് ‘കോലങ്ങളി’ൽ അഭിനയിക്കുന്നത്. കൊല്ലത്ത് കുണ്ടറയിലാണ് ഷൂട്ടിങ്. സ്റ്റേഷൻ അറിയാത്തതിനാൽ കൊല്ലത്ത് പോയിറങ്ങി ബസിൽ തിരികെ പോകുകയായിരുന്നു.

വേണു നാഗവള്ളിയോട്, എട്ടണ ഇപ്പോ തരാം, ബാക്കി നാലണ പിന്നെ തന്നാൽ പോരേ... എന്നു പറയുന്നതായിരുന്നു ആദ്യ ഡയലോഗ്. ഭയങ്കര ഇംഗ്ലീഷാണ് ജോർജ് സാറിന്റേത്. ഞാനാണെങ്കിൽ ഒമ്പതാംക്ലാസ് കഴിഞ്ഞിട്ടേയുള്ളൂ. ഹ്യൂമറസാകൂ എന്നു സാർ പറയുമ്പോ ഞാൻ ഓടിപ്പോയി അച്ഛനോട് ചോദിക്കും, അതെന്താ എന്ന്. എങ്കിലും വഴക്കൊന്നും പറയുകയേയില്ല. പാൽക്കുപ്പിയെടുത്ത് പോകുന്ന സീൻ കണ്ടിട്ട് ശരിക്കും മലയാളി കുട്ടിയാണെന്ന് തോന്നുമെന്ന് അന്നു കിട്ടിയ കോംപ്ലിമെന്റ് ഇപ്പോഴും ഓർമയുണ്ട്." മേനക പറയുന്നു.

ഗുരുവേ നമഃ

വനിത ഫിലിം അവാർഡ് വേദിയിൽ സമഗ്രസംഭാവന പുരസ്കാരം സ്വീകരിക്കാനെത്തിയ സംവിധായകൻ കെ.ജി. ജോർജിനൊപ്പം ഒരു ചിത്രമെടുക്കാനുള്ള മോഹവുമായി മേനകയെത്തിയപ്പോൾ പിറന്നത് ഒരു സുവർണ നിമിഷം കൂടിയായിരുന്നു.