Thursday 25 January 2018 12:20 PM IST : By സുനിത നായർ

നൂറു വർഷം പഴക്കമുള്ള ശങ്കരമംഗലം വീട് പുതുക്കി സർവീസ്ഡ് വില്ലയാക്കി മാറ്റിയപ്പോൾ!

karakulam1

ദുബായിൽ സ്ഥിരതാമസമാക്കിയ ജോർജ് തോമസിന് മകന്റെ വിവാഹം അടുത്തപ്പോൾ ആകെ അങ്കലാപ്പായി. തിരുവല്ലയിൽവച്ചാണ് കല്യാണം. കല്യാണത്തിന് ദുബായിൽനിന്നുള്ള സുഹൃത്തുക്കളുണ്ട്, നാട്ടിലുള്ള ബന്ധുക്കളുണ്ട്. ഇവരെയെല്ലാം എവിടെ താമസിപ്പിക്കും എന്നാലോചിച്ചായിരുന്നു ജോർജിന്റെ ടെൻഷൻ. അപ്പോഴാണ് സിവിഎം ഹൗസിനെക്കുറിച്ച് അറിയുന്നത്. ജോർജും ബന്ധുക്കളും നാട്ടിലെത്തി രണ്ടാഴ്ചയോളം സിവിഎം ഹൗസിൽ താമസിച്ച് കല്യാണവും അനുബന്ധ ചടങ്ങുകളുമെല്ലാം കെങ്കേമമായി നടത്തി സന്തോഷത്തോടെ തിരിച്ചുപോയി. അതൊരു തുടക്കമായിരുന്നു.

karakulam9

സിവിഎം ഹൗസ്

100 വർഷത്തോളം പഴക്കമുള്ള ശങ്കരമംഗലം വീട് പുതുക്കിയെടുത്ത് സർവീസ്ഡ് വില്ലയാക്കിയതാണ് സിവിഎം ഹൗസ്. സിനിമാ നിർമാതാവും തിരുവല്ലയിലെ പഴയ സിവിഎം, ദീപ തിയറ്ററുകളുെട ഉടമയുമായ സി. വി. മാത്യുവിന്റെ വീടാണ് ഒരേക്കറിൽ 3200 ചതുരശ്രയടി വിസ്തീർണവുമായി തലയെടുപ്പോടെ നിൽക്കുന്ന ഈ ഭവനം. അദ്ദേഹത്തിന്റെ പിതാവ് വർക്കി വക്കീൽ തന്റെ സ്വത്തുക്കളെല്ലാം മാർത്തോമ്മാ സഭയ്ക്ക് നൽകിയതിനുശേഷം ഇവിടേക്കെത്തിയതാണ്. സി. വി. മാത്യുവിന്റെ കൊച്ചുമകൻ ബെംഗളൂരുവിലുള്ള മാത്യു ജോർജ് ആണ് സർവീസ്ഡ് വില്ല എന്ന ആശയത്തിനു പിന്നിൽ.

karakulam6

‘‘വീട് പുതുക്കുന്ന സമയത്ത് ആരോ അതിന്റെ ഫോട്ടോ ഫെയ്സ്ബുക്കിലിട്ട് സിവിഎം ഹൗസിലും ചുറ്റിക വീഴുന്നു എന്നൊരു അടിക്കുറിപ്പുമിട്ടു. അതുകണ്ടപ്പോഴാണ് വില്ലയ്ക്ക് സിവിഎം ഹൗസ് എന്നു പേരിട്ടാലോ എന്നാലോചിച്ചത്.’’ മാത്യു ജോർജ് പറയുന്നു. പഴയ വീട് അതേപടി പുതുക്കുകയാണ് ചെയ്തത്. സ്ട്രക്ചറിൽ മാറ്റങ്ങളൊന്നും വരുത്തിയില്ല. ആധുനിക സൗകര്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് പഴയ വീടിനെ കാഴ്ചയിൽ അതേപോലെ നിലനിർത്തി. അങ്ങനെ ഫ്യൂഷൻ ശൈലിയാണ് പ്രയോഗിച്ചിരിക്കുന്നത്.

karakulam10 മാത്യു ‍ജോർജ് പിതാവ് ജോർജ് മാത്യുവിനും കുടുംബത്തിനും ഒപ്പം.

വീടിനു ചുറ്റും വരാന്തയുണ്ട്. അവിടെ സിമന്റ് തറ നൽകണമെന്നായിരുന്നു മാത്യുവിന്റെ ആവശ്യം. എന്നാൽ ഫ്ലെയിംഡ് ഗ്രാനൈറ്റ് ഇടാമെന്ന് നിർദേശിച്ചത് ഡിസൈനർ സിന്ധു അലക്സ് ആണ്. സിമന്റ് തറയുടെ പരിചരണം ബുദ്ധിമുട്ടായതുകൊണ്ട് കാഴ്ചയിൽ അതേപോലെ തോന്നിക്കുന്ന ഫ്ലെയിംഡ് ഗ്രാനൈറ്റിന് നറുക്കുവീണു. സിറ്റ്ഔട്ടിലെ തൂണുകൾക്ക് പഴയ പച്ച ഓക്സൈഡാണ്. അതിനു മുകളിൽ കാലാകാലങ്ങളായുണ്ടായിരുന്ന പെയിന്റും കുമ്മായവുമെല്ലാം ഉരച്ചു കളഞ്ഞപ്പോൾ പച്ചനിറം തെളിഞ്ഞുവന്നു. പിന്നെ, ഒന്നു പോളിഷ് ചെയ്തു, അത്ര മാത്രം.

karakulam5

ഫ്ലോറിങ് മുഴുവനായും മാറ്റി. ജയ്പൂർ കോട്ട എന്നറിയപ്പെടുന്ന വി‍ട്രിഫൈഡ് ടൈലാണ് മിക്കയിടങ്ങളിലും. അടുക്കള, ചാർത്ത് എന്നിവിടങ്ങളിൽ കോട്ട സ്റ്റോൺ വിരിച്ചു. മുറികളിലെല്ലാം തടികൊണ്ടുള്ള സീലിങ് ഉണ്ടായിരുന്നു. ഒട്ടുമുക്കാലും നശിച്ച അവയെല്ലാം പുനർനിർമിച്ചു. അതൽപം ക്ലേശകരമായിരുന്നുവെന്ന് മാത്യു ഓർമിക്കുന്നു. വീട്ടിൽ പലയിടത്തും  പല തടികൾ ഉപയോഗിച്ചിട്ടുണ്ടെങ്കിലും തേക്കാണ് കൂടുതലും. പഴയ ഫർണിച്ചറിനോടൊപ്പം പുതുതായി വാങ്ങിയ ആന്റിക് ഫർണിച്ചറും ഇടംപിടിച്ചു.

karakulam11 "ഉപയോഗിക്കാതെ കിടന്നതിനാൽ പുതുക്കൽ പ്രയാസമായിരുന്നു. ആന്റിക് ലൈറ്റ് ഫിറ്റിങ്സും മറ്റും കിട്ടാൻ ഒ‍ത്തിരി അലഞ്ഞു." - സിന്ധു അലക്സ്, ഡിസൈനർ

റിസപ്ഷൻ, ലിവിങ്, ഡൈനിങ്, നാല് കിടപ്പുമുറികൾ, രണ്ട് അടുക്കളകൾ, ചാർത്ത്, യൂട്ടിലിറ്റി റൂം, ജോലിക്കാരുടെ മുറികൾ എന്നിവ ചേർന്നാൽ സിവിഎം ഹൗസ് ആയി. ഈ വീടിന്റെ ഡിസൈനിന്റെ ഏറ്റവും വലിയ പ്രത്യേകത എന്തെന്നാൽ ഇവിടത്തെ പ്രധാന മുറികളെല്ലാംതന്നെ ലാൻഡ്സ്കേപ്പിലേക്കു തുറക്കുന്നു എന്നതാണ്. ഇപ്പോഴത്തെ ട്രെൻഡ് ആണ് വർഷങ്ങൾ പഴക്കമുള്ള ഈ വീട്ടിൽ പ്രാവർത്തികമാക്കിയിരിക്കുന്നതെന്നത് അദ്ഭുതം തന്നെ. ആധുനിക സൗകര്യങ്ങളുള്ള ബാത്റൂമുകളെല്ലാം അറ്റാച്ഡ് ആണ്. മാത്രമല്ല, പണ്ടേതന്നെ ഡ്രൈ, വെറ്റ് ഏരിയ തമ്മിൽ അരഭിത്തികൊണ്ട് വേർതിരിച്ചിരുന്നുവെന്നതും അമ്പരപ്പിക്കുന്ന കാഴ്ചയായിരുന്നു. കല്ലാണെന്നു തോന്നിക്കുന്ന സ്പാനിഷ് ടൈൽ ആണ് ബാത്റൂമിൽ വിരിച്ചിട്ടുള്ളത്.

karakulam2

അടുക്കളയിൽ പഴമയും പുതുമയും കൈകോർക്കണമെന്നത് മാത്യുവിന് നിർബന്ധമായിരുന്നു. പഴയ അടുപ്പും മറ്റും കാഴ്ചയ്ക്കായി അതേപടി നിലനിർത്തി, തേക്കിന്റെ കാബിനറ്റുകളാൽ സമ്പന്നമായ ആധുനിക അടുക്കള അതിൽ കൂട്ടിയിണക്കി സിന്ധു ആ വെല്ലുവിളി അതിജീവിച്ചു. ഈ അടുക്കളയിൽ അതിഥികൾക്ക് ഇഷ്ടാനുസരണം ഭക്ഷണം പാചകം ചെയ്യാം.

karakulam8

അതിഥികൾക്കു ഭക്ഷണം വച്ചുകൊടുക്കാൻ ഒരു അടുക്കള കൂടിയുണ്ടെങ്കിലും നിലവിൽ ആ സൗകര്യം ലഭ്യമല്ല. കാറ്ററിങ് യൂണിറ്റുമായുള്ള ‘ടൈ അപ്’ വഴി അവശ്യഭക്ഷണം ഇവിടെയെത്തും. അത് ചൂടാക്കി നൽകാനുള്ള സംവിധാനവുമുണ്ട്. അതിഥികൾക്ക് തുണി നനയ്ക്കാനും ഉണക്കാനും തേക്കാനും യൂട്ടിലിറ്റി റൂമുണ്ട്. പാർട്ടി നടത്താൻ ലാൻഡ്സ്കേപ്പിലേക്കു തുറക്കുന്ന വിശാലമായ ചാർത്തും. ചാർത്തിനു പുറത്തായി ഒട്ടേറെ വാഷ്ബേസിനുകളുമുണ്ട്. ആമ്പൽക്കുളവും മരങ്ങളും എരുമപ്പുല്ലുമൊക്കെയായി ലാൻഡ്സ്കേപ്പും മനോഹരമാക്കി.

karakulam7

വില്ല ലഭിക്കാൻ ചില നിബന്ധനകളൊക്കെയുണ്ട്. കല്യാണം പോലെയുള്ള ചടങ്ങുകൾക്കാണ് വില്ല നൽകുന്നത്. മുൻകൂർ റജിസ്റ്റര്‍ ചെയ്യണം. വീട് ഒരേസമയം ഒറ്റ ഗ്രൂപ്പിനു മാത്രമേ നൽകുകയുള്ളൂ. 12 സിസി ടിവി ക്യാമറകൾ ഇവിടെ സുരക്ഷ ഉറപ്പാക്കുന്നു. എട്ട് മുതിർന്നവർക്കും നാല് കുട്ടികൾക്കും ഒരു ദിവസത്തേക്ക് 8,800 രൂപയാണ്. വില്ലേജ് ടൂറിസം, പിൽഗ്രിമേജ് ടൂറിസം തുടങ്ങി കൂടുതൽ മേഖലകളിലേക്ക് കടക്കാനൊരുങ്ങുന്ന സിവിഎം ഹൗസ് ഇപ്പോൾ ഓണാഘോഷങ്ങളുെട തിരക്കിലാണ്.

karakulam4