Thursday 25 January 2018 02:12 PM IST : By സ്വന്തം ലേഖകൻ

12 ലക്ഷം രൂപയ്ക്ക് വീടിന് കിടിലന്‍ മെയ്ക്ക് ഓവര്‍! പുതുക്കിപ്പണിതപ്പോൾ ഇരട്ടി സൗകര്യങ്ങൾ

home_renovated

വളരെനാളത്തെ കാത്തിരിപ്പിന് ശേഷമാണ് പ്രവാസിയായ ബിജുകുമാറും ഭാര്യ മൗര്യയും കൊട്ടാരക്കരയ്ക്ക് സമീപം കടമ്പനാട് പുത്തൂരിൽ ഒരു വീട് വാങ്ങിയത്. ഇടപാട് നടക്കുമ്പോൾ ഇരുവരും വിദേശത്തായിരുന്നതിനാൽ ബന്ധുക്കളാണ് നടപടികൾക്ക് മുന്നിൽനിന്നത്.

നാട്ടിലെത്തുമ്പോഴാണ് വീട് ആദ്യമായി കാണുന്നത് തന്നെ. വിചാരിച്ചപോലെ സൗകര്യങ്ങൾ ഉണ്ടായിരുന്നില്ല. മുഴുവൻ പൊളിച്ചു കള‍ഞ്ഞിട്ട് പണിയാമെന്നായിരുന്നു ആദ്യ തീരുമാനമെങ്കിലും പിന്നീട് വീടിനെ സംരക്ഷിക്കാമെന്നതിലുറച്ചു. വീട് കൂടുതൽ സൗകര്യപ്രദമാക്കുന്ന പണി ഇ ന്റീരിയർ ഡിസൈനർ ലിനോഷ് ഏറ്റെടുത്തു.

മുകളിലൊരു നില കൂടി പണിതെടുക്കാൻ തീരുമാനമായി. ഭാവിയിൽ രണ്ട് നില പണിയാനുള്ള ഉദ്ദേശ്യത്തിൽ ബലവത്തായ അടിത്തറ കെട്ടിയതിനാൽ പഴയ വീട് ഭാരം താങ്ങുമെന്ന കാര്യത്തിൽ സംശയമില്ലായിരുന്നു. അങ്ങനെ മുകളിൽ രണ്ട് അറ്റാച്ഡ് കിടപ്പുമുറികളും ഹാളും പണിതീർത്തു. വീട്ടുകാർ താഴത്തെ നിലയിൽ താമസിച്ചുകൊണ്ടാണ് മുകൾനില പണിതത്.

home_stages 1. പഴയവീടിന്റെ അടിത്തറയ്ക്ക് നല്ല ബലമുണ്ടായിരുന്നതിനാൽ ഇരുനില പണിയുന്നതിന് ബുദ്ധിമുട്ട് ഉണ്ടായില്ല. 2. മുകൾനിലയിൽ രണ്ട് കിടപ്പുമുറി ഉൾപ്പെടുത്തി. 3. ചരിഞ്ഞ മേല്ക്കൂരയും ബാല്ക്കണിയിലെ പർഗോളയുമെല്ലാം ചേർന്നപ്പോൾ വീടിന്റെ ലുക്ക് തന്നെ മാറി. പോർച്ചിനുള്ള സ്ഥലവും കണ്ടെത്തി.

ഇവർക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ പുറത്തു കൂടെ താൽക്കാലിക സ്റ്റെയർകെയ്സും പണിതു. പഴയ സിറ്റ്ഔട്ട് ഒന്ന് രൂപം മാറ്റിയെടുത്തപ്പോൾ എക്സ്റ്റീരിയറിന്റെ ലുക്ക് തന്നെ മാറി. സുരക്ഷയ്ക്കായി ഗ്രിൽ പിടിപ്പിച്ചു. ബാൽക്കണിയിൽ പർഗോള നല്കി. ആഷ്, വെള്ള നിറങ്ങളിൽ വീടിനെ കൂടുതൽ സുന്ദരമാക്കി.

തറയിൽ വിട്രിഫൈഡ് ടൈലുകൾ പാകി. 1200 ചതുരശ്രയടി ഉണ്ടായിരുന്ന വീടിനെ 2100 ചതുരശ്രയടിയിലേക്ക് വളർത്തിയെടുത്തു. അത്രയും പണികൾ 12 ലക്ഷം രൂപ യ്ക്കുള്ളിൽ തീർത്തു. ഇതേ സൗകര്യങ്ങൾ വച്ച് പുതിയ വീട് പണിതിരുന്നെങ്കിൽ ഇതിന്റെ ഇരട്ടിയിലധികം തുക ചെലവായേനേ എന്ന് വീട്ടുകാർ പറയുന്നു. പുതുക്കിപ്പണിതതിലൂടെ നല്ലൊരു വീട് ലഭിച്ചു, ഒപ്പം പണവും ലാഭിച്ചു.