Wednesday 24 January 2018 03:11 PM IST : By സ്വന്തം ലേഖകൻ

രാത്രി സുഖകരമായി ഉറങ്ങാന്‍ കഴിയുന്നില്ലേ? ചിലപ്പോള്‍ കിടക്കയുടെ പ്രശ്നമാകാം; അറിയാം വിവിധതരം കിടക്കകൾ

beds

ജീവിതത്തിന്റെ കാൽ ഭാഗവും ഉറങ്ങാനാണ് നമ്മൾ ചെലവിടുന്നതെന്ന് പറഞ്ഞാൽ അദ്ഭുതപ്പെടേണ്ടതില്ല. നല്ല ഉറക്കം മനസ്സിനും ശരീരത്തിനും ഉന്മേഷം പകരുന്നു. നല്ല ഉറക്കം ലഭിക്കുന്നതിൽ ഉപയോഗിക്കുന്ന കിടക്കയ്ക്ക് ചെറുതല്ലാത്ത പങ്കുണ്ട്. കിടക്കുമ്പോൾ ശരീരത്തിന് സുഖം പകരുന്ന കിടക്ക വേണം ഉപയോഗിക്കാൻ. സുഖം മാത്രമല്ല, കിടപ്പുമുറിയുടെ ഭംഗി കൂട്ടാനും കിടക്കയ്ക്കു കഴിയും. നല്ല കിടക്ക തിരഞ്ഞെടുക്കണമെങ്കിൽ ആദ്യം പലതരം കിടക്കകളെക്കുറിച്ച് അറിയണം. കിടക്കകളെല്ലാം കണ്ടാൽ ഒരേ പോലിരിക്കുന്നതു കൊണ്ട് ഈ അറിവ് സഹായകരമായിരിക്കും. പഞ്ഞി, കയർ, ഫോം, ലാറ്റക്സ്, സ്പ്രിങ്, മെമ്മറി ഫോം എന്നിവയാണ് വിപണിയിൽ പ്രധാനമായും ലഭ്യമായ തരം കിടക്കകൾ.

പഞ്ഞിക്കിടക്ക

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് പഞ്ഞിക്കിടക്കകളാണെന്ന് പറയാം. പ്രകൃതിദത്തമായ പഞ്ഞി കൊണ്ടാണ് പഞ്ഞിക്കിടക്ക നിർമിക്കുന്നത്. മൃദുവും സുഖപ്രദവുമായതുകൊണ്ട് നൂറ്റാണ്ടുകളായി ഇത് ഉപയോഗിച്ചു വരുന്നു. വായു സഞ്ചാരമുള്ള കിടക്കയായതുകൊണ്ട് സമാധാനപരമായ ഉറക്കത്തിനും ഉപകരിക്കുന്നു. കിടക്കകളിൽ ഏറ്റവും ചെലവു കുറഞ്ഞതാണ് ഇത്.

പഞ്ഞിക്കിടക്കകളിൽ പ്രാണി ശല്യം കൂടുതലാണ്. അതുകൊണ്ട് തന്നെ കൃത്യമായ പരിചരണം ആവശ്യമാണ്. കൃത്യമായ ഇടവേളകളിൽ കിടക്കയെ സൂര്യപ്രകാശം കൊള്ളിക്കണം. കുറച്ചു കാലം കഴിയുമ്പോൾ പഞ്ഞിക്കിടക്ക തൂങ്ങി പോകും.

കയർ കിടക്ക

ചകിരിനാരുകളുടെ പാളികൾ കൊണ്ടാണ് കയർ കിടക്കകൾ നിർമിക്കുന്നത്. കയർ കിടക്കകളുടെ മുകളിലും താഴെയുമുള്ള കയറിനു നടുവിലായി ഫോമിന്റെ പാളിയുണ്ടാകും. വർഷങ്ങളായി പ്രചാരത്തിലുള്ള ഇത് പ്രകൃതിക്കിണങ്ങിയതാണ്. കയർക്കിടക്കകൾ പ്രാണികളെയും ഈർപ്പത്തെയും ചെറുക്കുന്നു.

കയർ കിടക്കകൾ ചൂട് പുറത്തു വിടുന്നതു കുറവായതു കൊണ്ട് തണുപ്പുള്ള സ്ഥലങ്ങളിലേക്ക് യോജിക്കില്ല. കാലാവസ്ഥയിൽ വലിയ വ്യതിയാനങ്ങൾ ഉള്ളിടത്തും ഇത് യോജിക്കില്ല. പ്രകൃതിദത്തമായ കയറിനൊപ്പം കൃത്രിമമായ ലാറ്റക്സ് ചേരുന്നതു കൊണ്ട് രണ്ടോ മൂന്നോ വർഷം കഴിയുമ്പോൾ കിടക്ക തൂങ്ങാൻ തുടങ്ങും.

ഫോം കിടക്ക

ശരീരം ചെലുത്തുന്ന മർദത്തോടും ചൂടിനോടും ഇണങ്ങാൻ സാധിക്കുമെന്നതാണ് ഫോം കിടക്കയുടെ സവിശേഷത.

ലാറ്റക്സ് കിടക്ക

പ്രകൃതിദത്തമോ കൃത്രിമമോ ആയ റബർ ഉപയോഗിച്ചു നിർമിക്കുന്നതാണ് ലാറ്റക്സ് കിടക്കകൾ. ഇതിന്റെ തെറിച്ചു നിൽക്കുന്ന (bouncy) സ്വഭാവം കാരണം ശരീരത്തിന് മികച്ച താങ്ങ് ലഭിക്കുന്നു. ഇവ ഈടു നിൽക്കുന്നവയാണ്. വിപണിയിൽ ലഭ്യമായ മറ്റു കിടക്കകളേക്കാൾ ഇവ നിലനിൽക്കാനുള്ള കാരണം ഇതിന് ഉപയോഗിക്കുന്ന പ്രകൃതിദത്തമായ സാമഗ്രി തന്നെ. ഇതിന്റെ ഏറ്റവും വലിയ മേന്മ കസ്റ്റമൈസ് ചെയ്യാമെന്നതാണ്. ആവശ്യാനുസരണമുള്ള അളവ്, ആകൃതി, ഉറപ്പ് എന്നിവയ്ക്കനുസരിച്ച് നിർമിക്കാൻ സാധിക്കും. കഠിനമായ നടുവ് വേദനയുള്ളവർക്കും ഉത്തമമാണ് ലാറ്റക്സ് കിടക്കകൾ. ഉറങ്ങുന്നയാളുടെ ശരീരാകൃതിക്കനുസരിച്ച് അഡ്ജസ്റ്റ് ചെയ്യാൻ ലാറ്റക്സ് കിടക്കയ്ക്കാകും.

സാധാരണ കിടക്കയേക്കാൾ നാലിരട്ടി ചെലവു കൂടുതലാണ് ഇതിന്. പ്രകൃതിദത്ത റബർ ഉപയോഗിക്കുന്നതു കൊണ്ടാണ് ചെലവു കൂടുതൽ. പക്ഷേ, ആജീവനാന്ത ഈടുണ്ടെന്നു പറയപ്പെടുന്നു. കൃത്രിമ റബർ ഉപയോഗിച്ചു നിർമിക്കുന്ന കിടക്കകൾക്കു വില കുറവായിരിക്കും. എന്നാൽ, അതിലുപയോഗിച്ചിട്ടുള്ള രാസവസ്തുക്കൾ ആ രോഗ്യത്തിനു ഹാനികരമാകാം. കട്ടിലിന് ഉറപ്പുള്ള തടി ഫ്രെയിം നൽകി റബറിന്റെ ഇലാസ്തികതയെ നിയന്ത്രിക്കണം.

സ്പ്രിങ് കിടക്ക

spring

ലോകം മുഴുവൻ ഏറ്റവുമധികം ഉപയോഗിക്കുന്നത് സ്പ്രിങ് കിടക്കകളാണ്. ഇന്ത്യയിൽ ഇവ ഉപയോഗിച്ചു തുടങ്ങിയിട്ട് കുറച്ചു കാലങ്ങളേ ആയിട്ടുള്ളു. കോയിൽ സ്പ്രിങ് കൊണ്ട് പൊതിഞ്ഞ കിടക്കകളാണ് ഇവ. ഓരോ കോയിലും പ്രത്യേകം പൊതിഞ്ഞിരിക്കുന്നു. അതുകൊണ്ട് ഇവ ദീർഘകാലം ഉപയോഗിക്കാം. മാത്രമല്ല, കോയിലുകൾ പുറത്തേക്കു തള്ളിവരാതെയും സഹായിക്കുന്നു. കിടക്കയുടെ മുകളിലെ പാളി കിടക്കുമ്പോൾ സുഖമേകുന്ന തരത്തിലുള്ള നിർമാണസാമഗ്രികൾ കൊണ്ടുള്ളതാണ്.

കിടക്കയിൽ കയറാനും ഇറങ്ങാനും എളുപ്പമുള്ളതിനാൽ വണ്ണമുള്ളവർക്ക് സപ്രിങ് കിടക്കകൾ വളരെ അനുയോജ്യമാണ്. മറ്റ് കിടക്കകളേക്കാൾ ഈട് കൂടുതലാണ്. വിലയും താങ്ങാവുന്നതാണ്. നടുവേദനയുള്ളവർക്കും സ്പ്രിങ് കിടക്കകൾ ഉപയോഗിക്കുന്നത് നല്ലതാണ്.

മെമ്മറി ഫോം കിടക്ക

കിടക്കകളിലെ പുതുതാരമാണ് ആഡംബരവും സുഖവും ഒന്നിക്കുന്ന മെമ്മറി ഫോം. ഇതിന്റെ മുകളിലെ പാളി പോളിയൂറിത്തീൻ എന്നറിയപ്പെടുന്ന വിസ്കോസ് കൊണ്ടാണ് നിർമിച്ചിരിക്കുന്നത്. ഇതിന്റെ കനത്തിനനുസരിച്ചാണ് വില നിശ്ചയിക്കുന്നത്. ഇത് ചൂടിനെയും കീടങ്ങളെയും പ്രതിരോധിക്കുന്നു. നടുവേദനയുള്ളവർക്ക് ഉത്തമമാണ് മെമ്മറി ഫോം കിടക്കകൾ. കിടക്കുന്നയാളുടെ ശരീരാകൃതിയനുസരിച്ച് അഡ്ജസ്റ്റ് ചെയ്യാനും തിരികെ ഉറപ്പോടെ പഴയ രീതിയിൽ ആകാനും കഴിവുള്ളവയാണ് ഇവ.

ഉയർന്ന ഗുണനിലവാരമുള്ള മെമ്മറി ഫോം കിടക്കയ്ക്ക് വലിയ വിലയാകും. പക്ഷേ, പണത്തേക്കാൾ ആരോഗ്യം വിലമതിക്കുന്നവർക്ക് കണ്ണുമടച്ച് മെമ്മറി ഫോം കിടക്ക വാങ്ങാം.

memory_foam

സിംഗിൾ, ഡബിൾ/ ഫുൾ, ക്വീൻ, കിംഗ് എന്നിങ്ങനെ അളവുകൾക്കനുസരിച്ച് പല പേരിൽ കിടക്കകൾ ലഭിക്കും. സിംഗിൾ ബെഡ്( 36 x 75 ഇഞ്ച്), ഡബിൾ ബെഡ് (54 x 75 ഇഞ്ച്), ക്വീൻ സൈസ് (60 x 78 ഇഞ്ച്) എന്നിങ്ങനെയാണ് അളവുകൾ. സിംഗിൾ ബെഡിന് വീതി കുറവായതിനാൽ ഏറ്റവും ചെറിയ മുറികളിലേക്ക് അനുയോജ്യമാണ്. ക്വീൻ സൈസ് ബെഡിൽ ഒരാൾക്ക് 30 ഇഞ്ച് സ്ഥലം ലഭിക്കും. ദമ്പതികൾ കൂടുതലും ഇതാണ് തിരഞ്ഞെടുക്കാറുള്ളത്. ഇതിന് കുറച്ച് ഫ്ലോർ ഏരിയ മതി. ചെറിയ മാസ്റ്റർ ബെഡ്റൂമിലേക്കും ഗെസ്റ്റ് റൂമിലേക്കും ഇത് അനുയോജ്യമാണ്.

സ്റ്റാൻഡേഡ് കിങ് ബെഡ്/ ഈസ്റ്റേൺ കിങ് ബെഡിന് 76 ഇഞ്ച് വീതിയും 80 ഇഞ്ച് നീളവും ഉണ്ട്. ഒരാൾക്ക് 38 ഇ‍ഞ്ച് സ്ഥലം ലഭിക്കും. കാലിഫോർണിയ/ വെസ്റ്റേൺ കിങ് ബെഡിന് 72 ഇഞ്ച് വീതിയും 84 ഇഞ്ച് നീളവും ഉണ്ട്. ഇതിൽ ഒരാൾക്ക് 36 ഇഞ്ച് സ്ഥലം കിട്ടും. കിടക്കയുടെ വില അതിന്റെ മെറ്റീരിയൽ, അളവ്, കനം എന്നിവ അനുസരിച്ചാണ്. ■