Thursday 25 January 2018 04:30 PM IST : By സ്വന്തം ലേഖകൻ

വീട് വൃത്തിയാക്കല്‍ ഇനി തലവേദനയേ അല്ല! സ്വയം ചലിക്കുന്ന വാക്വം ക്ലീനറുകളെത്തി

floor_cleaner

തറ തൂത്തും തുടച്ചും മടുത്തവർക്ക് സഹായമായി റോബോട്ടുകൾ എത്തിയത്  രണ്ട് വർഷം മുമ്പാണ്.  സ്വയം ചലിക്കുന്ന വാക്വം ക്ലീനറുകളാണ് ഇവ. ഒാൺ ചെയ്ത് വിട്ടാൽ മാത്രംമതി, തറയിലെ അഴുക്കും പൊടിയുമെല്ലാം അകത്താക്കും ഈ വിരുതൻമാർ. ഇവയുടെ പുതിയ തലമുറയ്ക്ക് സവിശേഷതകൾ ഏറെയാണ്.

പരിസരം വീക്ഷിക്കാൻ റോബോട്ടിന് ക്യാമറക്കണ്ണുകളുണ്ട്. ഒരു സെക്കൻഡിൽ ഇരുപത് ചിത്രങ്ങളെടുക്കുന്ന ഈ ക്യാമറയാണ് റോബോട്ടിന് സ്ഥലകാലബോധം നല്കുന്നത്. തടസ്സങ്ങളും അരികുകളും മനസ്സിലാക്കി വഴിമാറി പോകാനുള്ള സെൻസർ സംവിധാനവുമുണ്ട്. 18 മില്ലിമീറ്റർ വരെ ഉയരമുള്ള പ്രതിബന്ധങ്ങൾ മറികടക്കാനും സാധിക്കും. അങ്ങനെയാകുമ്പോൾ കാർപ്പെറ്റും വൈതിൽപ്പടിയുമൊന്നും തടസ്സമാകില്ല.

ഡിസൈനിലെ സവിശേഷത കാരണം സോഫയ്ക്കും ബെഡ്ഡിനുംടിയിലെല്ലാം കയറി വൃത്തിയാക്കാൻ സാധിക്കും. റോബോട്ടിൽ ഘടിപ്പിച്ചിരിക്കുന്ന നനവുള്ള മൈക്രോഫൈബർ തുണി ഉപയോഗിച്ച് നിലം തുടയ്ക്കാനും സാധിക്കും. ഒരു വട്ടം പൂർണമായി ചാർജ് ചെയ്താൽ രണ്ട് മണിക്കൂർ വരെ നിർത്താതെ ജോലി ചെയ്യും.

 ‍‍വൃത്തിയാക്കേണ്ട സമയം മുൻകൂട്ടി സെറ്റ് ചെയ്യാമെന്നതാണ് മറ്റൊരു സവിശേഷത. വൈദ്യുതി കൊണ്ട് പ്രവർത്തിക്കുന്ന റോബോട്ടിന് പ്രത്യേക ചാർജിങ് സ്റ്റേഷനുമുണ്ട്. ചാർജ് കുറയുമ്പോൾ റോബോട്ട് തനിയേ ചാർജിങ് സ്റ്റേഷനിലേക്കെത്തുമെന്നതും ഉടമസ്ഥന്റെ ജോലിഭാരം കുറയ്ക്കുന്നു.