Thursday 25 January 2018 04:49 PM IST : By സ്വന്തം ലേഖകൻ

വീട് മാറ്റം പ്ലാൻ ചെയ്യാം; പുതിയ വീട്ടിലേക്കു താമസം മാറുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ!

house-warming1

അടുത്ത മാസം വീടിന്റെ പാലുകാച്ചലാണെന്ന് പറയുമ്പോൾ സന്തോഷാധിക്യത്തേക്കാൾ മുകളിൽ നിൽക്കുന്നത് ടെൻഷൻ തന്നെയായിരിക്കും. വരുന്നവർ വീടിനെ കുറ്റം പറയരുതെന്ന് ആരാണ് ആഗ്രഹിക്കാത്തത്? കണ്ണിൽക്കാണുന്നതെല്ലാം വാങ്ങിക്കൂട്ടിയ തുകൊണ്ട് വീട് ഭംഗിയാകില്ല. വീടു മാറുമ്പോൾ എന്തൊക്കെ ഉ പേക്ഷിക്കണം, എന്തൊക്കെ പുതിയതായി വാങ്ങണം എന്നെല്ലാം കൃത്യമായ കണക്കുകൂട്ടൽ വേണം.

പ്ലാനിങ് ആദ്യം

∙എന്തൊക്കെ വാങ്ങണം എന്നാലോചിക്കും മുമ്പ് വീടിനെ ഒന്നു പഠിച്ചോളൂ. മുറികളുടെ വലുപ്പത്തിന്റെ കണക്കും കാര്യങ്ങളും കൃത്യമായി ചോദിച്ചറിയുക. ഒാരോ മുറികളുടെയും വലുപ്പം, സ്ഥാനം, ആകൃതി, മുറിയിലുള്ള കബോർഡുകൾ, ഷെൽഫ് എന്നിവയെല്ലാം നോക്കി മനസ്സിലാക്കണം. ഈ കാര്യങ്ങൾ മനസ്സില്‍ വച്ചു വേണം പുതിയ വീട്ടിലേക്കു വാങ്ങാനു ള്ള വസ്തുക്കൾ തിരഞ്ഞെടുക്കാൻ.

∙ ഇനി ചെക്ക് ലിസ്റ്റ് തയാറാക്കാം. പഴയവ എന്തൊക്കെ പുനരുപയോഗിക്കാമെന്നു വേണം ആദ്യം എഴുതാൻ. അതിനുശേഷം പുതിയതായി വാങ്ങേണ്ടവയുടെ ലിസ്റ്റ് എഴുതിച്ചേർക്കുക. രണ്ടുമാസം മുമ്പെങ്കിലും  ലിസ്റ്റ് എഴുതിത്തുടങ്ങണം. അവസാനവട്ട തിരക്കിൽ പ്രധാനമായ പലതും വിട്ടുപോകാം.

∙ പാലുകാച്ചൽ ചടങ്ങിനെത്തുന്നവരിൽ നിന്ന് ഉപഹാരങ്ങൾ  സ്വീകരിക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ വീട്ടിലേക്കുള്ള സാധനങ്ങൾ അധികം വാങ്ങികൂട്ടേണ്ട. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സമ്മാനങ്ങള്‍ മിക്കപ്പോഴും വീട്ടുപയോഗത്തിന് യോജിക്കുന്ന തരത്തിലാകും.

∙ വീട്ടു സാധനങ്ങൾ ഷിഫ്റ്റ് ചെയ്യാൻ കാർഗോ സർവീസിനെ ഏൽപിക്കുന്നുണ്ടെങ്കിൽ നേരത്തെ തന്നെ ചെയ്യണം. നിങ്ങൾ തന്നെ പായ്ക്ക് സാധനങ്ങൾ പുതിയ വീടുവരെ എത്തിച്ചാൽ മതിയെങ്കിൽ ഏതെങ്കിലും ട്രക്ക് ബുക്ക് ചെയ്താൽ സൗകര്യമാകും.

പാക്കിങ് ശ്രദ്ധയോടെ

∙ പഴയ വീട്ടിൽ‌ നിന്നു പുതിയ വീട്ടിലേക്കു മാറുമ്പോഴുള്ള ഏറ്റവും ശ്രമകരമായ കാര്യമാണ് പാക്കിങ്. ഒരറ്റത്തു നിന്ന് പായ്ക്ക് ചെയ്തു തുടങ്ങിയേക്കാമെന്നു കരുതേണ്ട. അടുക്കി വയ്ക്കാനും ചില ചിട്ടയുണ്ട്. ആദ്യം  ആവശ്യമുള്ളത്ര കാർഡ് ബോർഡ് പെട്ടികളും പായ്ക്കിങ് ടേപ്പും തെർമോക്കോളുമെ ല്ലാം വാങ്ങി തയാറാകാം.

∙ ഒരു മാസം മുമ്പേ പാക്കിങ് തുടങ്ങാം. പുതിയ സ്ഥലത്ത് എത്തുന്നതു വരെ ഉപയോഗിക്കേണ്ട ആവശ്യമില്ലാത്തവ ആദ്യം പെട്ടിയിലേക്ക്.

∙ ഉപയോഗശൂന്യമായ പഴയ സാധനങ്ങൾ ഉപേക്ഷിക്കാൻ മടിക്കേണ്ട. പിടി പോയ പാത്രങ്ങളും കോട്ടിങ് പോയ നോൺ സ്റ്റിക് പാനുകളുമൊക്കെ പുതിയ വീട്ടിലേക്ക് എടുക്കേണ്ടതില്ല. ഒരു വർഷത്തിലേറെയായി ഉപയോഗിക്കാത്ത വസ്ത്രങ്ങളും വേണ്ട. കുട്ടിയുടെ പഴയ ഉടുപ്പുകളും പഴയ കളിപ്പാട്ടങ്ങളും ഉപേക്ഷിക്കുക.

∙ ഓരോ പെട്ടിയിലും അതിലുള്ള സാധനങ്ങളുടെ ഒരു ലിസ്റ്റ് എഴുതി വയ്ക്കുന്നത് ഉപകാരപ്രദമാകും. ഓരോ പെട്ടിയും പൊട്ടിച്ച് അതിലെ സാധനങ്ങൾ പരിശോധിക്കുന്നതിനുള്ള സമയവും ലാഭിക്കാനാകും.

house-warming2

∙ അടുക്കളയിലെത്തി പെട്ടി പൊട്ടിക്കുമ്പോഴാകും അത് ലിവിങ് റൂമിലേക്കുള്ളതാണെന്നു മനസ്സിലാകുന്നത്. പിന്നെയത് അവിടുന്നു ചുമന്നുകൊണ്ടു പോകേണ്ടി വരും. പെട്ടികൾ ഏതൊക്കെ മുറിയിൽ ഇറക്കി വയ്ക്കണമെന്നറിയാൻ പലതരം നിറങ്ങളെ പ്രയോജനപ്പെടുത്താം. ലിവിങ് റൂമിലേക്കുള്ള സാധനങ്ങളുടെ പെട്ടിയിൽ മഞ്ഞ നിറം നൽകിയാൽ ഡൈനിങ് റൂമിലേക്കുള്ളതിൽ ചുവപ്പ് നിറം നൽകാം.

∙ ഏതാണ് ലിവിങ്റൂമെന്നും മാസ്റ്റർ‌ ബെഡ്റൂമെന്നും സാധനങ്ങൾ ഇറക്കി വയ്ക്കുന്നവർക്കും അറിയണമെന്ന് മറക്കരുത്. ഇതിനായി ഇതേ നിറത്തിലുള്ള സ്റ്റിക്കറുകൾ മുറിയുടെ വാതിലിൽ ഒട്ടിക്കാം.

∙ ഷോകെയ്സ് റാക്ക്, ബുക്ക് ഷെൽഫ് എന്നിവയൊക്കെ അഴിച്ചെടുത്ത് പുതിയ വീട്ടിലേക്കു കൊണ്ടു പോകുന്നുണ്ടെങ്കിൽ ഇതിന്റെ നട്ടും ബോൾട്ടും ബ്രാക്കറ്റുമൊക്കെ ചെറിയ കവറിലാക്കി ഇതിനൊപ്പം തന്നെ വയ്ക്കണം. ഫാൻ അഴിച്ചെടുക്കുമ്പോഴും പ്രഷർ കുക്കറിന്റെയും മറ്റും ഹാൻഡിലുകൾ ഊരുമ്പോഴുമൊക്കെ ഈ ശ്രദ്ധ വേണം.

∙ ഡോക്യുമെന്റുകളെല്ലാം പല ഫയൽ ഫോൾഡറുകളിലാക്കി വയ്ക്കാം. ഓരോന്നിനു മുകളിലും അതെന്താണെന്നും വ്യക്തമായി എഴുതണം.

∙ പൊട്ടാൻ സാധ്യതയുള്ളവ തെർമോക്കോൾ വച്ചതിനുശേഷം സൂക്ഷ്മതയോയടെ പാക്ക് ചെയ്യണം. ചില്ലു പാത്രങ്ങളും കുപ്പി ഗ്ലാസുകളും പത്രക്കടലാസ് കൊണ്ടു പൊതിഞ്ഞെടുക്കണം. പായ്ക്ക് ചെയ്ത് അടുക്കി വയ്ക്കുമ്പോൾ ഇളക്കം തട്ടാതിരിക്കാന്‍ മുറുക്കത്തോടെ പായ്ക്ക് ചെയ്യാൻ ശ്രദ്ധിക്കണേ.

∙ ടിവിയും സൗണ്ട് സിസ്റ്റവും ഇൻവെർട്ടറുമൊക്കെ ഊരിയെടുക്കും മുമ്പ് വയറുകൾ എങ്ങനെയാണ് കണക്റ്റ് ചെ യ്തിരിക്കുന്നതെന്ന് ഫോട്ടോ എടുത്തു വച്ചോളൂ. പുതിയ വീട്ടിലെത്തി, ഇവ റീ കണക്റ്റ് ചെയ്യാൻ എളുപ്പമായിരിക്കും.

∙ ഏറ്റവും ഒടുവിൽ ഒഴിവാക്കിയെടുക്കേണ്ട ഇടം അടുക്കളയാണ്. ഇടയ്ക്കൊരു ചായ ഇട്ടു കുടിക്കാനും കുട്ടികൾക്ക് എന്തെങ്കിലും ലഘുഭക്ഷണം ഉണ്ടാക്കി കൊടുക്കാനുമുള്ള ഒന്നു രണ്ടു പാത്രങ്ങളും ഇൻഡക്‌ഷൻ കുക്കറുമൊക്കെ അത്രവേഗം പെട്ടിയിലാക്കാന്‍ പറ്റില്ലല്ലോ.

പൂന്തോട്ടവും അടുക്കളത്തോട്ടവും

∙ ഇത്ര നാൾ നട്ടു പരിപാലിച്ച പൂച്ചെടികളെ ഉപേക്ഷിക്കാനായെന്നു വരില്ല വീട്ടമ്മമാർക്ക്. മൂന്നു മാസം മുമ്പ് തന്നെ ഇതിനായുള്ള ഒരുക്കങ്ങൾ തുടങ്ങണം.

∙ മൂന്നു മാസം മുമ്പുതന്നെ കമ്പുകളും വിത്തുകളും ചട്ടിയി ൽ മാത്രം നടാം. മുറ്റത്തോ പറമ്പിലോ ഇവ നടാനും പാകാനും നി ൽക്കരുത്. പുതിയ വീട്ടിലേക്കു മാറുമ്പോൾ ഇവ ചട്ടിയോടെ എടുത്തുകൊണ്ടു പോകാൻ കൂടുതൽ സൗകര്യമാകും.

∙ പുതിയ വീട്ടിലേക്കു പോകുന്നതിന് ഒന്നര മാസം മുമ്പ് പൂച്ചെടികൾ പ്രൂൺ ചെയ്യുന്നത് നന്നായിരിക്കും. പുതിയ മുള പൊട്ടി ഉഷാറോടെ ചെടികൾ വളർന്നു പൂ വിടരും.

∙ ചട്ടിയോടെ ഷിഫ്റ്റ് ചെയ്യാൻ പ്രയാസമാണെങ്കിൽ ചെറിയ പ്ലാസ്റ്റിക് കവറുകളിലേക്ക് തൈകൾ നടാം. പ്രൂൺ ചെയ്യുമ്പോൾ മുറിച്ചു മാറ്റുന്ന കമ്പുകൾ നടാനുപയോഗിക്കാം. വിത്തു പാകി തൈകൾ വേണമെങ്കിലും പ്ലാസ്റ്റിക് കവറിലോ ചെറിയ ട്രേയിലോ വളർത്താം.

∙ അടുക്കളത്തോട്ടത്തിലെ കോവലും പാവലും  പോലുള്ളവ ഒരു മാസം മുമ്പേ മണ്ണു നിറച്ച ചെറിയ കവറുകളിലാക്കി കിളിർപ്പിച്ചു വയ്ക്കാം.

∙ വെണ്ടയ്ക്ക, തക്കാളി, വഴുതനങ്ങ, പയർ എന്നിങ്ങനെ വി ത്തു പാകി വളർത്തുന്ന പച്ചക്കറികളുടെ നല്ല വിള നോക്കി വിത്തിനായി ഇടാം. ചേനയും വാഴയുമെല്ലാം വിത്താക്കി എടുത്തു വച്ചോളൂ.  

മോടി കൂട്ടാം, പുതുമയേകാം

∙ പഴയ വീട്ടിലെ ഫർണിച്ചറുകൾ പുനരുപയോഗിക്കുന്നുണ്ടെങ്കിൽ അവയ്ക്കൽപം മോടി കൂട്ടണം. തടി കൊ ണ്ടുള്ളവ പോളിഷ് ചെയ്യണം, സ്റ്റീൽ അലമാരയും കിച്ചൻ കാബിനറ്റുമെല്ലാം പെയിന്റടിച്ച് പുത്തനാക്കാം. ഈ പണികൾ പഴയ വീട്ടിൽ വച്ചു ചെയ്തിട്ടേ പുതിയ വീട്ടിലേക്കു കൊണ്ടു പോകാവൂ.

∙ ഫ്രിഡ്ജ്, അവ്‍ൻ, എസി തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങൾ സർവീസ് ചെയ്യുന്നത് നല്ലതാണ്. അതതു കമ്പനിയുടെ മെക്കാനിക്കിനെ കൊണ്ടു മാത്രം ഇവ ശരിയാക്കുക. എല്ലാ ഉപകരണങ്ങളുടെയും പ്രവർത്തനക്ഷമത ഉറപ്പു വരുത്തണം. ഒരു ദിവസം മുമ്പ് ഫ്രിഡ്ജ് ഡീ ഫ്രോസ്റ്റ് ചെയ്യാനും ഓർക്കുക.

∙ ഉപയോഗമില്ലെങ്കിൽക്കൂടി പഴയ ഓട്ടുപാത്രങ്ങളും പണ്ടു മുത്തശ്ശിമാർ ഉപയോഗിച്ചിരുന്ന കല്ലുഭരണികളുമൊക്കെ ആന്റിക് പീസ് ആയി മാറ്റിയെടുക്കാം. പഴമയുടെ ഓർമപ്പെടുത്തലായി വീട്ടിൽ അലാങ്കാരമാക്കുകയും ചെയ്യാം. പഴയതെന്തും പൊടി തട്ടിയെടുത്ത് ആന്റിക് ആക്കാമെന്ന് കരുതരുത്. ഒരു തലമുറ മുമ്പ് ഉപയോഗിച്ചിരുന്നതും കൗതുകമുണർത്തുന്നതും മാത്രം മതി.

∙ പഴയ ബെഡ്ഷീറ്റുകൾ പുതിയ വീട്ടിലേക്കു കൊണ്ടുപോകും മുമ്പ് നിറം മങ്ങാത്ത ഭാഗങ്ങള്‍ വെട്ടിയെടുത്ത് യോജിപ്പിച്ചടിച്ച് പുതിയവയാക്കാം. നല്ല കോട്ടൻ ഷീറ്റുകൾ ചതുരാകൃതിയിൽ വെട്ടിയെടുത്ത് കിച്ചൻ ടവലുകളാക്കാം.

house-warming3