Wednesday 24 January 2018 02:12 PM IST : By സുനിത നായർ

കൈലാഷിന്റെ ഈ വീട് ഒരു സ്നേഹ സമ്മാനമാണ്

kailash10.jpg.image.784.410

വെള്ളിത്തിരയിലെ നായകൻമാരെല്ലാം സർവഗുണ സമ്പന്നരായിരിക്കും. അനുസരണാശീലനായ മകൻ, സ്നേഹസമ്പന്നനായ ഭർത്താവ്, വാത്സല്യനിധിയായ അച്ഛൻ അങ്ങനെയങ്ങനെ... ഈ നായകൻമാരൊക്കെ യഥാർഥ ജീവിതത്തിലും ഇങ്ങനെയൊക്കെയാണോ? തിരുവല്ലയ്ക്കടുത്ത് പുറമറ്റത്ത് നടൻ കൈലാഷിന്റെ വീട്ടിലെത്തിയപ്പോൾ കുറഞ്ഞപക്ഷം കൈലാഷിന്റെ കാര്യത്തിൽ അങ്ങനെയൊരു സംശയത്തിന്റെ ആവശ്യമില്ല എന്നു മനസ്സിലായി.

അപ്പന്റെയും അമ്മയുടെയും ഏകമകനായ കൈലാഷ് കൊളോണിയൽ ശൈലിയിലൊരു വീടാണ് അവർക്കായി പണിതു നൽകിയത്. 35 വർഷത്തോളം പഴക്കമുള്ള വീട് പുതുക്കിപ്പണിയാനായിരുന്നു ആദ്യ തീരുമാനം. ഡിസൈനറുമായുള്ള ആലോചനകൾക്കു ശേഷമാണ് പുതിയ വീട് എന്ന തീരുമാനത്തിലെത്തുന്നത്. 

kailash1.jpg.image.784.410



ഇഷ്ടം പോലെ െഎഡിയ

വീട് കൈലാഷിനെന്നും പ്രിയപ്പെട്ടതാണ്. കുറച്ചു സമയം കിട്ടിയാൽ വീട്ടിലേക്ക് ഓടിയെത്തുകയാണ് പതിവ്. അത്രമേൽ വീടിനെ സ്നേഹിക്കുന്നതു കൊണ്ടാകാം വീടുമായി ബന്ധപ്പെട്ട, വ്യത്യസ്തവും ഉപകാരപ്രദവുമായ ആശയങ്ങൾ ശ്രദ്ധിക്കുകയും അവയുടെ ഫോട്ടോ എടുക്കുകയും ചെയ്യാറുണ്ട് കൈലാഷ്. അതുകൊണ്ടുതന്നെ വീടു പണിയുമ്പോൾ െഎഡിയ ഇഷ്ടം പോലെയായിരുന്നുവെന്ന് കൈലാഷ് സമ്മതിക്കുന്നു.

kailash11.jpg.image.784.410

‘‘കൊളോണിയൽ ശൈലിയിലുള്ള വീട് വേണമെന്ന നിർബന്ധത്തിൽ ചെയ്തതൊന്നുമല്ല. അതങ്ങനെയങ്ങായതാണ്. പപ്പയ്ക്കും മമ്മിക്കും കൈകാര്യം ചെയ്യാൻ പറ്റുന്ന കൊച്ചു വീടു മതിയെന്ന് ഉറപ്പിച്ചിരുന്നു. മാത്രമല്ല, ചെറിയ വീടുകളോട് എനിക്ക് ഒരു ഇഷ്ടക്കൂടുതൽ ഉണ്ട്. ചെറുതല്ലേ ഭംഗി?’’ രണ്ട് കിടപ്പുമുറികളുള്ള 2050 ചതുരശ്രയടിയിലുള്ള വീട് ചൂണ്ടി കൈലാഷ് ചോദിക്കുന്നു. വീടിനുള്ളിൽ ഒരിഞ്ചു സ്ഥലം പോലും വെറുതെ കളഞ്ഞിട്ടില്ല. ഇവിടുത്തെ മുക്കുംമൂലയും വരെ ഉപയോഗപ്രദമാണെന്ന് പറയുമ്പോൾ കൈലാഷിന്റെ കണ്ണുകളിൽ അഭിമാനം. 

kailash9.jpg.image.784.410



‘‘ഡിസൈനർ ഹരീഷിനെ കണ്ടെത്തിയത് വനിത വീടിൽ നിന്നാണ്. വീടിൽ വന്ന ഹരീഷിന്റെ പ്രോജക്ട് എന്റെ ഭാര്യ ദിവ്യയുടെ ശ്രദ്ധയിൽ പെട്ടു. ഞാൻ മനസ്സിൽ കണ്ടത് അതേപോലെ ഹരീഷ് പ്രാവർത്തികമാക്കി. ഒരുപാട് ആശയങ്ങൾ ഉള്ളവരെ തൃപ്തിപ്പെടുത്താൻ പ്രയാസമാണ്. എന്നാൽ ഹരീഷിനതു സാധിച്ചു.’’

പ്ലോട്ടിന്റെ മുൻഭാഗത്ത് താഴ്ചയായിരുന്നു. അവിടെ മണ്ണിട്ടു പൊക്കിയപ്പോള്‍ മുന്നിലേക്കു നല്ലതു പോലെ മുറ്റം കിട്ടി, റോ‍ഡിന്റെ നിരപ്പിൽ നിന്ന് ഉയർന്നു നിൽക്കുന്നതിനാൽ പുറംകാഴ്ചയുടെ ഭംഗിയും കൂടി. ഉയരം കൂട്ടിയപ്പോൾ കാർ പാർക്കിങ്ങായിരുന്നു നേരിട്ട പ്രശ്നം. വലതുവശത്തെ വഴിയിലൂടെ കയറാവുന്നവിധം വീടിനു പിറകിലായി കാർപോർച്ച് നൽകിയപ്പോൾ ആ പ്രശ്നവും പരിഹരിച്ചു.

kailash8.jpg.image.784.410



ഒറ്റ ജനാലകൾ എന്നത് കൈലാഷിനു പെട്ടെന്നു മിന്നിയ ഒരു ആശയമാണ്. എക്സ്റ്റീരിയറിന്റെ ഭംഗി കൂട്ടുന്ന പ്രധാന താരങ്ങൾ അവരാണെന്ന് ആരും സമ്മതിക്കും. ലിവിങ്റൂം, ഡൈനിങ് റൂം, പ്രെയർ ഏരിയ, രണ്ട് കിടപ്പുമുറികൾ, അടുക്കള, വർക്ഏരിയ എന്നിവയാണ് താഴത്തെ നിലയിലുള്ളത്.

kailash7.jpg.image.784.410



ഒരു നിലയായിരുന്നു ആദ്യം പ്ലാൻ ചെയ്തത്. എന്നാൽ മുകളിലെ നിലയിൽ ‘മജ്‌ലിസ്’ പോലൊരു ഇടം എന്നത് എന്റെ മനസ്സിലുണ്ടായിരുന്നു. പക്ഷേ, ഞാനെത്ര പറഞ്ഞിട്ടും വീട്ടുകാർക്കും ഹരീഷിനും ഞാനുദ്ദേശിച്ചത് പിടികിട്ടിയില്ല. ഒരിക്കൽ കൊച്ചിയിലെ ഒരു റസ്റ്ററന്റിൽ ഞാനുദ്ദേശിച്ച സംഭവത്തിന്റെ ഒരു ചെറിയ പതിപ്പ് കണ്ടു. ഇത് ദിവ്യയെയും ഹരീഷിനെയും കാണിച്ചു. അങ്ങനെയാണ് മുകളിലെ നിലയ്ക്ക് പച്ചക്കൊടി കിട്ടുന്നത്.’’ കഥ അവിടംകൊണ്ടു തീരുന്നില്ല.

kailash2.jpg.image.784.410



‘‘അപ്പോഴേക്കും താഴത്തെ നില ഏകദേശം പൂർത്തിയായിരുന്നു. പിന്നീട് പുറകിലേക്ക് ഇറക്കി സ്റ്റെയർകെയ്സ് നൽകി. തൂണുകളൊന്നും നൽകാതെ ചുവരിലാണ് ഇരുമ്പു ഗോവണി ഉറപ്പിച്ചത്. തൂണുകൾ ഊണുമുറിയിലെ സ്പേസ് അപഹരിക്കുമെന്നതു കൊണ്ടാണ് ഒഴിവാക്കിയത്. ഇതും ഹരീഷിന്റെ മിടുക്കാണ്. ഗോവണിയോടു ചേർന്നുള്ള വാഷ് ഏരിയയും പിറകിലേക്ക് ഇറക്കി. തല ഗോവണിയിൽ തട്ടാതിരിക്കാൻ വാഷ് ഏരിയ അല്പം താഴ്ത്തി നൽകി.’’

kailash3.jpg.image.784.410

ഗോവണിയെക്കുറിച്ചു പറഞ്ഞപ്പോള്‍ ഡിസൈനർ ഹരീഷ് ഇടയ്ക്കുകയറി. ‘‘സ്റ്റെയറിന് എന്തെങ്കിലും ‘റഫറൻസ്’ ഉണ്ടോ എന്നു ചോദിച്ചപ്പോൾ 50 ചിത്രങ്ങളാണ് അപ്പോൾത്തന്നെ കൈലാഷ് എനിക്കയച്ചു തന്നത്.’’

kailash5.jpg.image.784.410

മുകളിലെ നിലയാണ് ഗൃഹപ്രവേശത്തിനെത്തിയവരുടെ എല്ലാം മനസ്സുകവർന്നത്. കൂട്ടുകാരുമൊത്ത് വർത്തമാനം പറഞ്ഞിരിക്കാനും ടിവി കാണാനും ഒരിടം എന്ന നിലയ്ക്കാണ് മജ്‍‌ലിസ് കൈലാഷിനെ അനുരാഗവിലോചനനാക്കിയത്. ആറടി പൊക്കമേയുള്ളൂ ഇതിന്റെ ചുവരുകൾക്ക്. സീലിങ്ങിൽ ജിപ്സം ലൈനിങ് നൽകി വിരസത ഒഴിവാക്കി.

kailash4.jpg.image.784.410

തടിക്കഷണത്തിൽ ബൾബുകൾ പിടിപ്പിച്ച ലൈറ്റ് മുകൾനിലയുടെ ഹൈലൈറ്റ് ആണ്. കുറഞ്ഞ ചെലവിൽ സ്വന്തമായി നിർമിച്ചെടുത്തതാണിത്. ഇവിടത്തെ ചുവരിലെ സംഗീത സ്വരങ്ങളുടെയും കിടപ്പുമുറിയിലെ ഏഴ് കിളികളുടെ ചിത്രവുമെല്ലാം ഓമനക്കുട്ടൻ എന്ന ചിത്രകാരന്റെ വിരൽത്തുമ്പിൽ വിരിഞ്ഞതാണ്.

kailash6.jpg.image.784.410



കൈലാഷും ദിവ്യയും മകൾ അവന്തിയും കൊച്ചിയിലാണ് താമസം. വീട് ഒരുക്കുന്നതിൽ ദിവ്യയും ഒട്ടും പിന്നിലല്ല. അടുക്കളയുടെ ഡിസൈനും ഇന്റീരിയർ ഭംഗിയാക്കാനുള്ള ചില ഓൺലൈൻ ഉൽപന്നങ്ങളും പൊടിക്കൈകളും ദിവ്യയുടെ വകയായുണ്ട്. 

വലിയ മതിൽകെട്ടി വീട് തിരിച്ചിട്ടില്ല. മതിലിനു പകരം ഉയരം കുറഞ്ഞ റെയിലുകളാണ് നൽകിയത്. കാരണം, ആളുകളെ സ്വാഗതം ചെയ്യുന്നതാകണം വീട് എന്നതാണ് നിറയെ സുഹൃത്തുക്കളുള്ള കൈലാഷിന്റെ സങ്കൽപം. ഗൃഹപ്രവേശത്തിനെത്തിയവർ വീണ്ടും വീടു കാണാനെത്തുന്നതിന്റെ സന്തോഷത്തിലാണ് കൈലാഷ്.

വീടു പൂർത്തിയായപ്പോൾ പപ്പയോടും മമ്മിയോടും ഒന്നേ കൈലാഷ് ആവശ്യപ്പെട്ടുള്ളൂ. വെള്ളനിറമാണ്; സൂക്ഷിക്കണം. 

kailash12.jpg.image.784.410
ASK AN EXPERT

You can ask your questions regarding construction.

ASK NOW
POST YOUR 3D PLAN
POST YOUR 3D PLAN

Can view 3 dimensional view of plans by prominent architects.

POST NOW

VIEW GALLERY

U & YOUR HOME
U & YOUR HOME

Share your own experiance

POST NOW

View Gallery