Thursday 25 January 2018 02:14 PM IST : By സ്വന്തം ലേഖകൻ

അതിഥിയല്ല അവാർഡ്! കുമരകത്തെ ഈ ഹോം സ്റ്റേയ്ക്ക് പിന്നിൽ ഒരു കഥയുണ്ട്

home_stay

പത്ത് വർഷം മുമ്പത്തെ കഥയാണ്. കുമരകം നസ്രേത്ത് പള്ളിക്ക് തൊട്ടടുത്തുള്ള പൊന്നാട്ടുശേരിൽ വീടിന് അന്ന് 60 വയസ്സായിരുന്നു പ്രായം. മക്കൾ രണ്ടുപേരുടെയും വിവാഹമടുത്തതോടെ അറ്റാച്ഡ് ബാത്റൂം സൗകര്യമുള്ള രണ്ട് കിടപ്പുമുറികൾകൂടി പണിയാനായിരുന്നു വീട്ടുകാരായ ബാബു ഏബ്രഹാമിന്റെയും റെജിനയുടെയും തീരുമാനം. ഹോട്ടൽ മാനേജ്മെന്റും എംബിഎയുമൊക്കെ കഴിഞ്ഞ് ദുബായിൽ ജോലി നോക്കുകയായിരുന്ന മകൻ ഉല്ലാസാണ് അപ്പോൾ പുതിയൊരു ഐഡിയ മുന്നോട്ടുവച്ചത്.

‘‘വർഷത്തിൽ കഷ്ടിച്ച് ഒരു മാസമേ ഞങ്ങൾ വീട്ടിൽ നിൽക്കൂ. ബാക്കി സമയത്തെല്ലാം ഈ മുറികൾ വെറുതേ പൊടിപിടിച്ച് കിടക്കും. എന്നാൽപിന്നെ ഹോം സ്റ്റേ സൗകര്യമൊരുക്കാൻ കഴിയുംവിധം മുറികൾ നിർമിച്ചാലോ?’’

അതിൽ കാര്യമുണ്ടെന്ന് ബാബുവിനും തോന്നി. കുമരകത്ത് കായലിൽനിന്ന് വിളിപ്പാടകലെ കണ്ണായ സ്ഥലത്താണ് വീട്. നാല് ഏക്കർ പുരയിടവും അതിനുള്ളിലൂടെ ചെറിയ കൈത്തോടുമൊക്കെയുണ്ട്. സഞ്ചാരികളെ ആകർഷിക്കാനാകുമെന്ന് ഉറപ്പ്. ഏതായാലും അരക്കൈ നോക്കാൻ തന്നെ ബാബു തീരുമാനിച്ചു. രണ്ടിനു പകരം മൂന്ന് കിടപ്പുമുറി പണിതു. അറ്റാച്ഡ് ബാത്റൂമിനൊപ്പം ഡൈനിങ് ഏരിയ, അടുക്കള, വരാന്ത എന്നീ സൗകര്യങ്ങളെല്ലാമായി. അതും പഴയ വീടിന്റെ ഭാഗം തന്നെയെന്ന് തോന്നിക്കുംവിധം അതേ ഡിസൈനിൽ.

സംഗതി ക്ലിക്കായെന്ന് പറയേണ്ടതില്ലല്ലോ. പത്ത് വർഷത്തിനുള്ളിൽ സംസ്ഥാന സർക്കാരിന്റെ മികച്ച ഹോം സ്റ്റേയ്ക്കുള്ള അവാർഡ് നാലു തവണയാണ് ഈ പടി കയറിയെത്തിയത്. ദേശീയ അവാർഡുമെത്തി മൂന്നു തവണ.

കൈപ്പുണ്യം, കരുതൽ

കൊഞ്ചും കരിമീനും പാലപ്പവും സ്റ്റൂവും എന്തായാലും റെജിനയുടെ കൈകൊണ്ട് വച്ചാൽ അതിന്റെ രുചി ഇരട്ടിക്കും. വല്ല്യമ്മച്ചിമാരിൽനിന്ന് പാരമ്പര്യമായി പകർന്നുകിട്ടിയതാണ് ഈ കൈപ്പുണ്യം. ബാബുവാകട്ടെ, ആരോടും സൗമ്യമായേ പെരുമാറൂ. അമ്മയുടെ കൈപ്പുണ്യവും അപ്പന്റെ കരുതലുമായിരുന്നു ഹോം സ്റ്റേ തുടങ്ങാൻ ധൈര്യം നൽകിയ മൂലധനമെന്ന് ഉല്ലാസ് പറയുന്നു. കായൽ, പക്ഷിസങ്കേതം, ഡ്രിഫ്റ്റ്‌വുഡ് മ്യൂസിയം തുടങ്ങിയവയൊക്കെ അടുത്തുള്ളതും ഗുണം ചെയ്യുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. അതേതായാലും വെറുതെയായില്ല. വർഷം ശരാശരി അറുന്നൂറിനും എഴുന്നൂറിനും ഇടയിൽ ആൾക്കാരാണ് ഇവിടെ താമസത്തിനെത്തുന്നത്. 60 ശതമാനം ഇന്ത്യക്കാർ, 40 ശതമാനം വിദേശികൾ എന്നതാണ് സന്ദർശകരുടെ അനുപാതം.

home_stay3

കുവൈറ്റിൽ വേറെ ജോലിയുണ്ടെങ്കിലും ഉല്ലാസ് തന്നെയാണ് ഹോം സ്റ്റേയുടെ മാർക്കറ്റിങ് സംബന്ധിച്ച കാര്യങ്ങളെല്ലാം നോക്കിനടത്തുന്നത്. ഹോം സ്റ്റേയ്ക്ക് ‘കോക്കനട്ട് ക്രീക്ക്’ എന്നു പേരിട്ടതും ഉല്ലാസ് തന്നെ. സ്വന്തമായി വെബ്സൈറ്റും ഓൺലൈൻ ബുക്കിങ് സൗകര്യവുമുണ്ട്. ഇതുകൂടാതെ, പ്രശസ്തമായ ട്രാവൽ ഏജൻസികളുടെയും വെബ്സൈറ്റുകളുടെയും പിന്തുണയും തേടാറുമുണ്ട്.

ലളിതം സുന്ദരം

ലളിതമാണ് ഹോം സ്റ്റേയിലെ ക്രമീകരണങ്ങളെല്ലാം. ഒരിടത്തുപോലും ആർഭാടം കാണാനില്ല. എഴുപത് വർഷം പഴക്കമുള്ള തറവാട്ടിലുള്ളതെല്ലാം പഴയ ഫർണിച്ചർ തന്നെ. എല്ലാം വൃത്തിയായും വെടിപ്പായും സൂക്ഷിച്ചിരിക്കുന്നു എന്നുമാത്രം. തറയിലെ ഓക്സൈഡ് മാറ്റി ടൈൽ വിരിച്ചതൊഴികെ മറ്റൊന്നിലും പാരമ്പര്യത്തനിമ കൈവിട്ടിട്ടില്ല. പുതിയതായി കൂട്ടിച്ചേർത്ത മൂന്ന് കിടപ്പുമുറികളിലും അത്യാവശ്യം വേണ്ട സൗകര്യങ്ങളിൽക്കവിഞ്ഞ് മറ്റൊന്നും ഉൾപ്പെടുത്തിയിട്ടില്ല. പഴയ മുറവും അടച്ചൂറ്റിപ്പലകയും പങ്കായവുമൊക്കെ ചുവരലങ്കാരമായി സ്ഥാനം പിടിച്ചിട്ടുമുണ്ട്.

home_stay2

‘‘വളരെ ആർഭാടം നിറഞ്ഞ അന്തരീക്ഷമല്ല സന്ദർശകർ ഹോം സ്റ്റേയിൽ പ്രതീക്ഷിക്കുന്നത്. വീടിന്റേതായ അന്തരീക്ഷമാണ് അവർക്കു വേണ്ടത്. പിന്നെ, ഭക്ഷണം നല്ലതായിരിക്കണം. ബാക്കി കാര്യങ്ങളൊക്കെ പിന്നീടേ വരുന്നുള്ളൂ.’’ സന്ദർശകർക്കു വേണ്ടത് കൃത്യമായി മനസ്സിലാക്കിയാണ് ബാബുവും റെജിനയും കാര്യങ്ങളൊരുക്കുന്നത്.

home_stay5

വീടിനോട് ചേർന്നുള്ള പുരയിടത്തിൽ പാർക്കിങ്ങിനും കുട്ടികൾക്ക് കളിക്കാനും എല്ലാം സൗകര്യമൊരുക്കിയിട്ടുണ്ട്. ഇവിടെയുള്ള കൈത്തോട്ടിലൂടെ വള്ളം തുഴയുകയും മീൻപിടിക്കുകയുമൊക്കെയാകാം.

‘‘പലതരത്തിലുള്ള ആളുകളായിരിക്കും താമസത്തിനെത്തുക. ഓരോരുത്തർക്കും എന്താണ് വേണ്ടത് എന്ന് തിരിച്ചറിയാനാകുന്നതാണ് നമ്മുടെ വിജയം. അതിന് സൈക്കോളജിയും ഹോം സയൻസുമൊക്കെ അൽപാൽപം അറിഞ്ഞിരിക്കണം.’’ ബാബുവും റെജിനയും പറയുന്നു. മനസ്സറിഞ്ഞുള്ള ഈ പരിചരണം തന്നെയാണ് പൊന്നാട്ടുശേരിൽ ഹോംസ്റ്റേയെ പൊന്നാക്കി നിർത്തുന്നതും.

home_stay6

വിജയരഹസ്യം

∙ ഹോം സ്റ്റേ ഒരു സൈഡ് ബിസിനസായി കാണരുത്. മുഴുവൻ കാര്യങ്ങളും നേരിട്ട് ശ്രദ്ധിക്കാനുള്ള മനസ്സും സമയവും വേണം.

∙ പെട്ടന്ന് അധികലാഭം പ്രതീക്ഷിക്കരുത്. ദീർഘകാലാടിസ്ഥാനത്തിലുള്ള വിജയത്തിന് മുൻ‌ഗണന നൽകണം.

∙ താമസക്കാരോട് സ്നേഹത്തോടെ പെരുമാറാനുള്ള കഴിവ് അത്യാവശ്യമാണ്. ആതിഥ്യമര്യാദകൾ ശീലിക്കണം.

∙ നമ്മുടെ മാത്രമല്ല, മറ്റ് ജോലിക്കാരുടെ പെരുമാറ്റവും വളരെ പ്രധാനമാണ്. ഇതിനു വേണ്ട പരിശീലനം നൽകണം.

home_stay4