Wednesday 24 January 2018 02:43 PM IST : By രാഹുൽ രവീന്ദ്ര

’ജീവിതത്തിൽ ഇതുവരെ സംഭവിച്ചതെല്ലാം നിമിത്തങ്ങൾ’

lakshmi1

നിരവധി വാടകവീടുകളിൽ മാറിത്താമസിച്ചവരുടെ കഥകൾ ഇവിടെ വായിച്ചിട്ടുണ്ട്. എന്നാൽ, എന്റെ കാര്യം തുലോം വ്യത്യസ്തമാണ്. ഇത്രയും കാലത്തെ ജീവിതത്തിനിടയിൽ വെറും നാലുവർഷം മാത്രമാണ് ഞാൻ സ്വന്തം വീട് വിട്ടുനിന്നിട്ടുള്ളത്. അതുകൊണ്ടുതന്നെ വീട്ടുകാരേക്കാൾ അടുപ്പം എനിക്ക് തിരുവനന്തപുരം പദ്മ നഗറിലുള്ള 44–ാം നമ്പർ വീടിനോടാണ്.

നാലാം വയസ്സിലെ ഓർമകൾക്കൊപ്പം പത്മനാഭസ്വാമിയുടെ മടിത്തട്ടിലെ ആ വീടും തെളിയും. ഹൗസിങ് ബോർഡിന്റെ കോളനിയിലെ ഒരു വീട് അച്ഛൻ വാങ്ങുകയായിരുന്നു. ക്ഷേത്രങ്ങളാൽ ചുറ്റപ്പെട്ട സ്ഥലമാണത്. അടുത്ത് തന്നെ ബ്രാഹ്മണരുടെ അഗ്രഹാരങ്ങളുണ്ട്. കോട്ടയ്ക്കകം എന്നാണ് പറയുക. വീടുകളിരുന്ന സ്ഥലങ്ങളെല്ലാം പണ്ട് അനന്തൻ കാടായിരുന്നു. അമ്പലത്തിലേക്ക് ആവശ്യമുള്ള പൂക്കളും തുളസിയും മറ്റും ഇവിടെയാണ് നട്ടു വളർത്തിയിരുന്നത്. ഏജീസ് ഓഫിസിൽ ഉദ്യോഗസ്ഥയായ അമ്മ നല്ല ഭക്തയായിരുന്നു. എന്നെയും സഹോദരൻമാരെയും അങ്ങനെത്തന്നെ വളർത്തി. അച്ഛൻ നാരായണൻനായർ അഭിഭാഷകനായിരുന്നു. തിരുവനന്തപുരം പേരൂർക്കടയിലുള്ള ലോ അക്കാദമിക്ക് തുടക്കമിട്ടത് അദ്ദേഹമാണ്.

അച്ഛൻ വളരെ കർക്കശക്കാരനായിരുന്നു. അതിനാൽ വീട്ടിൽ ഞങ്ങൾക്ക് വലിയ സ്വാതന്ത്ര്യമൊന്നും അനുവദിക്കപ്പെട്ടിരുന്നില്ല. അയൽക്കൂട്ടത്തിൽ സമപ്രായക്കാരായ കുറേ കുട്ടികളുണ്ട്. ഞങ്ങളെല്ലാവരും കൂടെ അമ്പലത്തിലും പരിസരത്തുമൊക്കെയായി കറങ്ങി നടക്കും. ഓണക്കാലമായാൽ പൂക്കൾ തേടിയൊരിറക്കമാണ്. മതിലിനുമേലേക്കൂടെ റോഡിലേക്ക് തലനീട്ടുന്ന കോളാമ്പിപ്പൂവും മന്ദാരവും ചെമ്പകവുമെല്ലാം ഞങ്ങൾ കൈക്കലാക്കും. വീട്ടുമുറ്റത്ത് പേരയുണ്ടായിരുന്നു. ചെറിയ മധുരമുള്ള പേരയ്ക്കകൾ. രണ്ടാംനില വരെ വളർന്ന ആ പേരയിലായിരുന്നു ഞങ്ങൾ കുട്ടിസംഘത്തിന്റെ അഭ്യാസമെല്ലാം. അതില്‍ വലിഞ്ഞുകയറി അപ്പുറത്തെ വീടിന്റെ ബാൽക്കണിയിൽ വരെ ചാടിയിട്ടുണ്ട്!

ചൊട്ടയിലെ ശീലങ്ങൾ

റെസിഡൻസ് അസോസിയേഷനിൽ എല്ലാവരും സജീവമായിരുന്നു. എല്ലാ മാസവും ഒരാളുടെ വീട്ടിൽ അംഗങ്ങളെല്ലാം കൂടും. ഇപ്പോൾ പക്ഷേ, ഇതൊന്നുമല്ല കഥ. പഴയ വീട്ടുകാർ പലരും വിദേശത്ത് മക്കളുടെ അടുത്തേക്ക് പോയി. പല വീടും കടകളായി. അവിടെ ഏതു കട തുടങ്ങിയാലും വിജയിച്ച ചരിത്രമേ ഉള്ളു. അത് മനസ്സിലാക്കിയപ്പോൾ കടക്കാരുടെ തള്ളിക്കയറ്റമായി. അഗ്രഹാരത്തിലെ വീടുകളിൽ ഒന്നുപോലും ബാക്കിയില്ല. അങ്ങനെ തിരക്കേറിയപ്പോൾ സ്വകാര്യത നഷ്ടപ്പെട്ടു. കോളനിയിലെ റോഡുകളെല്ലാം പാർക്കിങ് സ്പേസായി. ഞങ്ങൾ അനുഭവിച്ച സുരക്ഷിതത്വമൊന്നും ഇന്നത്തെ കുട്ടികൾക്കില്ല.

പ്രീഡിഗ്രി സമയത്താണ് ആദ്യമായി വീട് വിട്ടു നിൽക്കുന്നത്. ഇനി ഒരു മാറ്റം വേണമെന്ന് എനിക്കും വീട്ടുകാർക്കും തോന്നിയിരുന്നു. ആദ്യത്തെ വർഷം നല്ല വിഷമമായിരുന്നെങ്കിലും പതിയെ പൊരുത്തപ്പെട്ടു. ആഴ്ചാവസാനമാകാൻ കാത്തിരിക്കും വീട്ടിലേക്ക് ഓടിയെത്താൻ.

ചെറുപ്പം മുതലേ ഞാൻ വീട്ടിലെ കാര്യങ്ങളിലെല്ലാം ശ്രദ്ധിച്ചിരുന്നു. പതിമൂന്ന് വയസ്സായപ്പോഴേക്കും പാചകമെല്ലാം പഠിച്ചു. അച്ഛന്റെ ഷർട്ടുകൾ ഇസ്തിരിയിട്ടു കൊടുത്തിരുന്നത് ഞാനാണ്. വീട്ടിലേക്ക് വേണ്ടുന്ന സാധനങ്ങളുടെ ലിസ്റ്റ് തയാറാക്കലും അവ കടയിൽ പോയി വാങ്ങുന്നതുമെല്ലാം എന്റെ ചുമതലയായിരുന്നു. ആ പ്രായത്തിൽ തന്നെ ജോലികളെല്ലാം ശീലിച്ചത് ഭാവിയിൽ എന്നെ ഒട്ടേറെ സഹായിച്ചു.

ഇത്രയും കാലത്തിനിടയ്ക്ക് പദ്മ നഗറിലെ വീട് വിട്ടുനിന്നത് വളരെ കുറച്ച് നാളുകളാണ്. പ്രീഡിഗ്രി കാലം കഴിഞ്ഞാല്‍ പിന്നെ മാറിത്താമസിക്കുന്നത് വിവാഹശേഷമാണ്. അതും മൂന്ന് വീട് അപ്പുറത്തേക്ക്! വിവാഹം നിശ്ചയിച്ച സമയത്ത് തന്നെ അച്ഛൻ ആ വീടിന്റെ മുകള്‍നില ഞങ്ങൾക്കായി പറ‍ഞ്ഞുവച്ചിരുന്നു. രണ്ട് വർഷത്തോളം അവിടെ താമസിച്ചെങ്കിലും കൂടുതൽ സമയവും സ്വന്തം വീട്ടിലായിരുന്നു. പിന്നീട് അച്ഛനും അമ്മയും കോളജിന്റെ ക്വാർട്ടേഴ്സിലേക്ക് മാറിയപ്പോൾ ഞങ്ങൾ സ്വന്തം വീട്ടിലേക്ക് വന്നു. അവിടെ വച്ചാണ് മകൾ ജനിക്കുന്നത്. ഞങ്ങൾ മൂന്ന് പേർക്ക് അത്രയും വലിയ വീടിന്റെ ആവശ്യമില്ലാതിരുന്നതു കൊണ്ട് മുകളിലെ നില വാടകയ്ക്ക് കൊടുത്തു. പുറത്തുകൂടിയൊരു സ്റ്റെയർകെയ്സും മുകളിൽ പുതിയൊരു കിച്ചനും പണിതു. പിന്നെ മകൻ കൂടി വന്നതോടെ വീട് പുതുക്കിപ്പണിതു. ബ്ലാക് ആൻഡ് വൈറ്റ് തീമിലാണ് വീടിനെ പുനഃസൃഷ്ടിച്ചത്.

ന്യൂജെൻ അടുക്കളകൾ

ജീവിതത്തിൽ ഇതുവരെ സംഭവിച്ചതെല്ലാം നിമിത്തങ്ങളാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. പദ്മ നഗറിൽ നൂറോളം വീടുകളുണ്ടായിരുന്നെങ്കിലും ഔട്ട്ഹൗസ് ഉണ്ടായിരുന്നത് ഞങ്ങളുടെ വീടിന് മാത്രമാണ്. വിവാഹശേഷം ഞാൻ കേറ്ററിങ് ബിസിനസ് തുടങ്ങിയപ്പോൾ ഈ ഔട്ട്ഹൗസിനെ അടുക്കളയാക്കി മാറ്റി.

ഇന്നത്തെ വീടുകളിൽ അടുക്കളയ്ക്ക് പ്രമുഖമായ സ്ഥാനമുണ്ട്. വീട്ടിലെ ഏറ്റവും മനോഹരമായ ഭാഗം അടുക്കളയായിരിക്കണം എന്ന് വീട്ടമ്മമാർക്ക് നിർബന്ധമുണ്ട്. അതുകൊണ്ടുതന്നെ പല വീടുകളിലും രണ്ട് അടുക്കള കാണും. ഒരെണ്ണത്തിൽ പാചകം നടക്കുമ്പോൾ പ്രധാന കിച്ചൻ പൊട്ടോ പൊടിയോ ഇല്ലാതെ സൂക്ഷിക്കും. ഇപ്പോൾ വീട്ടുകാരെല്ലാം ഒത്തുകൂടുന്ന ഇടം കൂടിയാണ് അടുക്കള. എന്റെ അടുക്കളയിൽ ഞാനിപ്പോൾ എസി വച്ചിട്ടുണ്ട്. ടിവിയും റേഡിയോയും സ്ഥാനം പിടിച്ചിട്ടുണ്ട്. ഇനിയിവിടെ ഒരു കട്ടിൽ കൂടെ ഇട്ടാൽ മതിയെന്നു പറഞ്ഞാണ് ഭർത്താവും മക്കളും കളിയാക്കുന്നത്!

ASK AN EXPERT

You can ask your questions regarding construction.

ASK NOW
POST YOUR 3D PLAN
POST YOUR 3D PLAN

Can view 3 dimensional view of plans by prominent architects.

POST NOW

VIEW GALLERY

U & YOUR HOME
U & YOUR HOME

Share your own experiance

POST NOW

View Gallery