Thursday 25 January 2018 04:46 PM IST

വീട് ചെറുതാണെങ്കിലും ഇഷ്ടം പോലെ സ്‌പെയ്‌സ്!

Roopa Thayabji

Sub Editor

int-space4

പുതിയ വീടു വയ്ക്കുമ്പോൾ കൂടെ ഫർണിച്ചറും പെയിന്റിങ്ങും കർട്ടനുമൊക്കെ വാങ്ങിനിറയ്ക്കും മിക്കവരും. താമസിച്ചു തുടങ്ങുമ്പോഴാകും  ഇവയൊന്നുമിടാൻ സ്ഥലം തികയില്ലെന്ന തിരിച്ചറിവുണ്ടാകുക. ചെറിയ വീടു പണിതതിനെ കുറിച്ചുള്ള പരാതിയാകും പിന്നെ. വീട് ചെറുതാണെങ്കിലും അതു സ്വപ്നവീടു പോലെയാക്കാനും ഉള്ളിൽ സ്ഥലമുണ്ടെന്നു തോന്നിക്കുവാനും വഴികളുണ്ട്.

സ്ഥലം കടം വാങ്ങാം

∙ മുറിക്ക് വലുപ്പം കുറവാണെങ്കിൽ പുറത്തുനിന്ന് സ്ഥലം  കടം വാങ്ങാം. ഓപ്പണിങ് വലുതാക്കുന്നതാണ് ഇതിനുള്ള വഴി. മുറിയിലേക്കുള്ള കാഴ്ച തടസ്സപ്പെടുത്താത്ത ഓപണിങ്ങ് ആണ് ചെറിയ മുറിയെ വിസ്താരമുള്ളതാക്കാൻ നല്ലത്.

∙ ലിവിങ് റൂമും ഡൈനിങ് ഏരിയയും തമ്മിൽ വേർതിരിക്കാൻ ഭിത്തി വേണമെന്നില്ല. ഓപൺ സ്പേസ് വലുപ്പം കൂട്ടി കാണിക്കുമെന്നു മാത്രമല്ല, യൂട്ടിലിറ്റി ഏരിയയും കൂടുതൽ നൽകും.

∙ ഒരേ വിസ്തീർണമുള്ള മുറിയാണെങ്കിൽ പോലും ആകൃതി മാറ്റിയാൽ വലുപ്പം തോന്നിക്കും. സമചതുരാകൃതിയെക്കാൾ ദീർഘചതുരാകൃതിയിലുള്ള മുറികൾക്കാണു വലുപ്പം തോ  ന്നിക്കുക എന്നതിനാൽ പ്ലാൻ വരയ്ക്കുമ്പോഴേ ശ്രദ്ധിക്കുക.

∙ പ്രകാശം കടക്കുന്ന തരത്തിലാകണം ജനാലകൾ സജ്ജീകരിക്കാൻ. വെളിച്ചം കുറഞ്ഞ മുറി ഇടുങ്ങിയതായി തോന്നും.

∙ റെയിൽസ് ഘടിപ്പിച്ച് ആർഭാടത്തോടെ സ്ഥാപിക്കുന്ന കർട്ടനുകൾ സ്ഥലം കൂടുതലെടുക്കും. ജനലിനുള്ളിൽ തന്നെ നി ൽക്കുന്ന കനം കുറഞ്ഞ കർട്ടനാണ് മുറിയുടെ വലുപ്പം കൂട്ടിക്കാണിക്കാൻ നല്ലത്.

∙ ചെറിയ സ്പേസിൽ ചെടികൾ വയ്ക്കണമെന്നുള്ളവർക്ക് വെർട്ടിക്കൽ ഗാർഡൻ പരീക്ഷിക്കാം. ഇന്റീരിയറിന്റെ ഭംഗി മാത്രമല്ല, വലുപ്പം കൂട്ടിക്കാണിക്കാനും ഇതു നല്ലതാണ്.
ഫർണിച്ചർ ബുദ്ധിപൂർവം

int-space2

∙ ചെറിയ സ്ഥലത്ത് ആവശ്യത്തിനു മാത്രം ഫർണിച്ചർ ഇടുന്നതാണ് നല്ലത്. ഫർണിച്ചർ കുത്തിനിറച്ചിടുന്നതും ടേബിളിനു മുകളിലും ടീപ്പോയിലും സാധനങ്ങൾ വലിച്ചുവാരിയിടു    ന്നതും സ്ഥലക്കുറവ് തോന്നിപ്പിക്കും.

∙ വിലകൂടിയ വലിയ സോഫ ആഢ്യത്തം കൂട്ടുമെങ്കിലും മുറിയുടെ വലുപ്പം കുറച്ച് കാണിക്കും. മുറിയുടെ വിസ്തീർണമ   നുസരിച്ചുള്ള സോഫയും സെറ്റിയും തിരഞ്ഞെടുക്കാം. ഒതുങ്ങിയ, സൗകര്യമുള്ള ഫര്‍ണിച്ചർ നോക്കി വാങ്ങുക.

∙ ഹാൻഡ് റെസ്റ്റ് ഇല്ലാത്ത കസേരകളും ചെറിയ മേശകളും ഒതുങ്ങിയ സോഫാസെറ്റും കൂടുതൽ സ്ഥലം  ഒഴിച്ചിടുന്നതിനാൽ മുറികൾ കൂടുതൽ  വിശാലമായി തോന്നിക്കും.

∙ ഒരെണ്ണം കൊണ്ടുതന്നെ പല ഉപയോഗങ്ങൾ സാധ്യമാകുന്ന ‘ടു ഇൻ വൺ’ ഫർണിച്ചറാണ് മുറിയുടെ വലുപ്പക്കുറവ് പ രിഹരിക്കാൻ നല്ല വഴി. സോഫ കം ബെഡ്, പുഷ് അപ് ബെഡ് കം സെറ്റി, സ്റ്റോറേജുള്ള കട്ടിൽ തുടങ്ങിയവ ഉദാഹരണം.

∙ ഫര്‍ണിച്ചർ ചുമരിനോട് ചേര്‍ത്ത് ഇടുമ്പോള്‍ കൂടുതല്‍ സ്ഥലം തോന്നിക്കും. കൊത്തുപണികൾ കുറഞ്ഞ സിംപിൾ ഫർണിച്ചറാണ് മുറിക്ക് ഒതുക്കം തോന്നിപ്പിക്കാൻ നല്ലത്.
നിറങ്ങളുടെ മാജിക്

∙ ചെറിയ മുറിക്ക് കൂടുതൽ വലുപ്പം തോന്നിപ്പിക്കാന്‍ ഇളം    നിറങ്ങളുള്ള പെയിന്റ് ഉപയോഗിക്കാം. വെള്ള, ഇളം മഞ്ഞ, പിങ്ക്, ഇളം നീല പോലുള്ള നിറങ്ങള്‍ വെളിച്ചത്തെ  പ്രതിഫലിപ്പിക്കുന്നതിനാൽ മുറിക്ക് കൂടുതൽ ഇടം തോന്നിക്കും.

∙ പെയിന്റിന്റെ അതേ ഷെയ്ഡുകളിൽ തന്നെ സോഫ്റ്റ് ഫർണിഷിങ് തിരഞ്ഞെടുക്കുക. കാര്‍പെറ്റിനും കര്‍ട്ടനും സോഫയുടെ ചെയർ ബാക്കിനും ഒരേ നിറത്തിന്റെ വിവിധ ഷെയ്ഡുകള്‍ നല്‍കാം. പല നിറങ്ങളേക്കാൾ ഒരു നിറത്തിന്റെ വിവിധ ഷേഡുകൾ തന്നെ തിരഞ്ഞെടുക്കുന്നതാണ് നല്ലത്.

∙ പെയിന്റിങ്ങിനു യോജിച്ച ക്യൂരിയോസ് ഉപയോഗിച്ചാൽ ചെറിയ മുറിക്ക് വലുപ്പം തോന്നിക്കും. കർട്ടനുകളിലും വലിയ പ്രിന്റുകളും ഡിസൈനുകളും വേണ്ട. ചെറിയ പ്രിന്റുകളോ ബോർഡറിൽ മാത്രം ചെറിയ വർക്കുകളോ വരുന്ന കർട്ടനുകളോ ആണ് മുറിക്ക് വലുപ്പം തോന്നിപ്പിക്കാൻ നല്ലത്.

∙ ചുമരുകളില്‍ രണ്ടുമീറ്റർ ഉയരത്തിനുള്ളിലേ പെയിന്റിങ്ങുകളും ചിത്രങ്ങളും തൂക്കാവൂ. ഒരുപാട് ഉയരത്തിൽ വയ്ക്കുന്ന പെയിന്റിങ്ങുകൾ മുറിയുടെ വലുപ്പം കുറച്ചുകാണിക്കും. പെയിന്റിങ്ങുകളും ആർട് പീസുകളും വലുപ്പത്തിലുള്ളതായാലും മുറി വളരെ ചെറുതായി തോന്നും.

∙ ഫ്ലോറിങ് ചെയ്യുമ്പോൾ വലിയ ബോർഡറുകൾ നൽകുന്നത് മുറിയുടെ വലുപ്പം കുറച്ചുകാണിക്കും. ബോർഡറില്ലാത്ത, ഗ്ലോസി ഫിനിഷുള്ള വെളിച്ചം പ്രതിഫലിപ്പിക്കുന്ന ഫ്ലോറാണ് വലുപ്പം കൂടുതലുണ്ടെന്ന ഫീലുണ്ടാക്കാൻ നല്ലത്.

സ്റ്റോറേജിൽ സ്ഥലം ലാഭിക്കാം

∙ സിറ്റ് ഔട്ടിൽ ഇൻ ബിൽറ്റ് സീറ്റിങ് നൽകി സ്ലൈഡിങ് ഡോർ പിടിപ്പിച്ചാൽ ഷൂറാക്ക് അതിനുള്ളിൽ സെറ്റ് ചെയ്യാം.

∙ ടീപ്പോയുടെ അടിയിൽ മാഗസിൻ റാക്കും സോഫയുടെ  അടിയിൽ സ്റ്റോറേജുമുള്ള മോഡലുകൾ വിപണിയിലുണ്ട്. സ്ഥലപരിമിതിയുള്ളിടത്ത് ഏറ്റവും നന്നായി യോജിക്കുന്നവയാണ് ഇവ. ഡൈനിങ് ടേബിളിനടിയിൽ സ്പൂണും ഫോർക്കും അച്ചാറുമൊക്കെ വയ്ക്കാൻ സ്പേസ് ഒരുക്കാം.

int-space3

∙ കട്ടിലിനടിയിലുള്ള അലമാര ഒട്ടും സ്ഥലം എടുക്കില്ലെന്നു മാത്രമല്ല, വസ്ത്രങ്ങളും  മറ്റും  സൂക്ഷിക്കാനും  കട്ടിലിനടിയിൽ പൊടി പിടിക്കുന്നത് ഒഴിവാക്കാനും  നല്ലതാണ്.

∙ ബെഡ്റൂമിലെ സൈഡ് ടേബിളിനു പുൾ ഔട്ട് സ്റ്റോറേജ് നൽകിയാൽ അത്യാവശ്യമുള്ള മരുന്നുകളും മൊബൈൽ ചാ ർജറുമൊക്കെ അതിനുള്ളിൽ സൂക്ഷിക്കാം.

∙ അലമാര വേണമെന്നു നിർബന്ധമുള്ളവർക്ക് സീലിങ് മുതൽ ഫ്ലോർ വരെയുള്ളവ പണിയാം. ഇതു മുറിക്ക് വലുപ്പം കൂടുതലുണ്ടെന്നു തോന്നിപ്പിക്കാൻ നല്ലതാണ്.
അടുക്കളയിൽ ആഘോഷമാകാം

∙ അടുക്കളയിൽ കയ്യെത്തും ദൂരത്ത് എല്ലാ കാര്യങ്ങളും നടത്തിയെടുക്കാൻ വലുപ്പം കുറവുള്ള കാബിനറ്റാണ് നല്ലത്.  അ ടുക്കളയുടെ വലുപ്പവും സൗകര്യങ്ങളും പ്ലാനിങ് ഘട്ടത്തിൽ തന്നെ തീരുമാനിക്കണം.

∙ ഗ്യാസ് അടുപ്പും ഇൻഡക്ഷൻ കുക്കറും മാത്രം വേണ്ടവർക്ക് ചെറിയ അടുക്കള തന്നെ ധാരാളം. പ്ലേറ്റുകൾ കഴുകാനുള്ള ചെറിയ സിങ്കു മതി ഇവിടെ. വിറകടുപ്പിനു വർക്ക് ഏരിയയിൽ സ്ഥലം കണ്ടെത്താം. വലിയ പാത്രങ്ങൾ കഴുകാനുള്ള സിങ്കും അവിടെ സെറ്റ് ചെയ്യാം.

∙ പുൾ ഔട്ട് ഡ്രോയറുകളിൽ സാധനങ്ങൾ അടുക്കാമെന്നു മാത്രമല്ല, തിരഞ്ഞെടുക്കാനും സൗകര്യമാണ്.

∙ പാചകപാത്രങ്ങളും മറ്റും ഉപയോഗശേഷം കഴുകി ഷെൽഫിൽ ഒതുക്കിവയ്ക്കണം. കൗണ്ടർ ടോപ്പ് വൃത്തിയാക്കിയിട്ടാൽ അടുക്കും ചിട്ടയും മാത്രമല്ല, അടുക്കളയ്ക്ക് വലുപ്പവും തോന്നിക്കും.

∙ പാസേജിലോ ഒഴിഞ്ഞയിടങ്ങളിലോ ഫ്രിഡ്ജ് വച്ചാൽ സ്ഥലക്കുറവ് എടുത്തറിയും. കിച്ചൻ ഹോബും സിങ്കും ഫ്രിഡ്ജും ഉൾപ്പെടുന്ന വർക്ക് ട്രയാങ്കിൾ കൃത്യമാകുന്ന തരത്തിൽ ഫ്രിഡ്ജിനുള്ള ഇടം കണ്ടെത്തണം.

∙ വലുപ്പം കുറവുള്ള അടുക്കളയ്ക്ക് ‘യു’ ഷേപ്പിലുള്ള  കിച്ചൺ കാബിനറ്റ് നൽകുന്നതിലും നല്ലത് ‘എൽ’ ഷേപ്പാണ്. ചെറിയ സ്ഥലത്ത് ഏറ്റവും ഉപയോഗക്ഷമമായി കൈകാര്യം ചെയ്യാമെന്നു മാത്രമല്ല, വലുപ്പക്കുറവ് എടുത്തറിയുകയുമില്ല.

വിവരങ്ങൾക്കു കടപ്പാട്: സോണിയ ലിജേഷ്, ആർക്കിടെക്ട്, ക്രിയേറ്റീവ് ഇന്റീരിയോ, കൊടകര, തൃശൂർ.

int-space1