Thursday 25 January 2018 12:22 PM IST : By രാഹുൽ രവീന്ദ്ര

കൽപണിക്ക് പേരുകേട്ട തമിഴ്നാട്ടിലെ മൈലാടിയെന്ന ഗ്രാമത്തിന്റെ വിശേഷങ്ങളിലേക്ക്..

mailadi9 ചിത്രങ്ങൾ: ഹരികൃഷ്ണൻ

മികച്ച നിർമാണ സാമഗ്രികളുടെ അഭാവമാണ്  ഇന്ന് വീട് വയ്ക്കാനിറങ്ങുന്ന പലരുടേയും തലവേദന. നിർ‌മാണ വിദഗ്ധരെ ആരെയെങ്കിലും കൂടെക്കൊണ്ടുപോയില്ലെങ്കിൽ രണ്ടാം കിട ഉത്പന്നങ്ങളാകും വാങ്ങേണ്ടി വരിക. കേരളത്തിൽ മികച്ച നിർമാണ സാമഗ്രികളെവിടെയെല്ലാം ലഭിക്കുമെന്ന വിവരങ്ങളടങ്ങിയ ലേഖനം പ്രസിദ്ധീകരിച്ചത് ഈയൊരവസ്ഥയെത്തുടർന്നാണ്. ആ അന്വേഷണം കേരളത്തിന് പുറത്തേക്ക് വ്യാപിപ്പിച്ച ഞങ്ങൾ എത്തിയത് മൈലാടിയിലാണ്. കന്യാകുമാരിയിൽ നിന്ന് 15 കിലോമീറ്റർ അകലെയുള്ള മൈലാടി കരിങ്കൽ കൊത്തുപണിക്ക് പേരുകേട്ട നാടാണ്. കേരളത്തിൽ വീടുകളിലും ക്ഷേത്രങ്ങളിലും കാണപ്പെടുന്ന ഒട്ടുമിക്ക കരിങ്കൽശില്പങ്ങൾക്കും ജന്മം നല്കിയത് മൈലാടിയിലെ കലാകാരൻമാരാണ്.

മൈലാടിയെന്ന കൊച്ചുഗ്രാമത്തിലെത്തുന്നതിനു മുൻപേ കേൾക്കാം ഉളിയുടെ സീൽക്കാരവും ചുറ്റികയുടെ താളവും കാതിലെത്തും. കൽപ്രതിമകൾ അടുക്കി വച്ചിരിക്കുന്ന കടകളാണ് ആദ്യം കണ്ണിൽപ്പെടുക. മിക്ക കടകളോടും ചേർന്ന് പണിശാല ഉണ്ടാകും. ക്ഷേത്രങ്ങളിലേക്കുള്ള വിഗ്രഹങ്ങളാണ് ഇവിടെ ഏറ്റവും കൂടുതൽ നിർമിക്കപ്പെടുന്നത്. അതുപോലെ വീട്നിർമാണത്തിനും അലങ്കാരത്തിനുമുള്ള വസ്തുക്കളും കല്ലിൽ കൊത്തിയെടുക്കുന്നുണ്ട്. കൽപ്പണിക്കാർ ചേർന്ന് രൂപീകരിച്ച സഹകരണസംഘത്തിലേക്ക്  ഞങ്ങൾ കയറിച്ചെല്ലുമ്പോൾ അവിടെ സംഘം പ്രസിഡണ്ടിന്റെ അനുജൻ മുരുകനുണ്ട്, മൈലാടിയുടെ ചരിത്രവും വർത്തമാനവും പറഞ്ഞു തരാൻ.

mailadi7

ചരിത്രം പറയുമ്പോൾ

‘‘824 എഡിയിലാണ് മൈലാടിയിലേക്ക് ആദ്യമായി കൽപ്പണിക്കാർ കടന്നുവരുന്നത്. ഏറ്റവും ഉയർന്ന നിലവാരത്തിലുള്ള കല്ലും ഗ്രാനൈറ്റും   ലഭിക്കുന്ന സ്ഥലമാണെന്ന് മനസ്സിലാക്കിയാണ് സംഘം ഇവിടെയും ചുറ്റുമുള്ള ഗ്രാമങ്ങളിലുമായി തമ്പടിച്ചത്.’’ തങ്ങളുടെ പൂർവ്വികരുടെ കഥയിലേക്ക് മുരുകൻ ഞങ്ങളെ കൂട്ടിക്കൊണ്ടു പോയി. പിന്നെ ചോളരാജാവിന്റെ സൈന്യത്തിനൊപ്പം മറ്റൊരു സംഘം എത്തിച്ചേർന്നു. അവരുടെ അനന്തര തലമുറയാണ് ഞങ്ങൾ.’’  നൂറ് തലമുറകൾക്കിപ്പുറവും മൈലാടിയുടെ ശില്പകലാചാതുര്യത്തിന് ഒട്ടും മങ്ങലേറ്റിട്ടില്ല.

mailadi8 ’’ മൈലാടിയിലെ നൂറോളം പണിശാലകളിലായി ഒരു ദിവസം 50 ലക്ഷം രൂപയുടെ വ്യാപാരം നടക്കുന്നുണ്ട് ’’- മുരുകൻ

നമ്മുടെ കരിങ്കല്ലിന് അവിടെ പേര് കൃഷ്ണൻകല്ല് എന്നാണ്. ബ്ലൂ സ്റ്റോൺ എന്നും പറയും. കേരളത്തിൽ നിന്നുള്ള ബിസിനസ്സാണ് മൈലാടിയുടെ ജീവൻ നിലനിർത്തുന്നത്. നേരിട്ടെത്തുന്ന വീട്ടുകാരെ കൂടാതെ ആർക്കിടെക്ടുമാരും ഡിസൈനർമാരും  മൈലാടിയുടെ വൈഭവം തേടിയെത്താറുണ്ട്. കൽത്തൂണുകൾ, കൽവിളക്ക്, അമ്മിക്കല്ല്, വേലിക്കല്ല്, ഗണപതിവിഗ്രഹങ്ങൾ, ഉരൽ, തുളസിത്തറ എന്നിങ്ങനെ പോകുന്നു മലയാളികളുടെ ആവശ്യങ്ങൾ. കേരളത്തിലേതിനെ അപേക്ഷിച്ച് വിലകുറവാണെന്നതിനൊപ്പം ഗുണമേന്മ ഉറപ്പു വരുത്താനും  സാധിക്കും.  മൈലാടിയിൽ മാത്രമായി നൂറ് കണക്കിന് കല്പണിശാലകളുണ്ട്. ഇവിടെയെലലാമായി ഒരു ദിവസം നടക്കുന്നത് 50 ലക്ഷം രൂപയുടെ വ്യാപാരം! ഇതിന്റെ 75 ശതമാനവും കേരളത്തിൽ നിന്ന്.

mailadi6 "പുതിയ തലമുറയിലെ ചെറുപ്പക്കാർക്ക ്കല്പണിയോട് താത്പര്യം കുറവാണ്."- ലക്ഷ്മി

പത്തടി നീളവും  അഞ്ചടി കനവുമുള്ള  കഷ്ണങ്ങളായിട്ടാണ് പണിശാലകളിൽ പാറഎത്തിക്കുക. ആധുമിക യന്ത്രങ്ങളുടെ വരവോടെ പണി കൂടുതൽ എളുപ്പമായിട്ടുണ്ടെന്ന് മുരുകൻ സാക്ഷ്യപ്പെടുത്തുന്നു. മുമ്പ് ഒരാഴ്ച്ചയെടുത്തിരുന്ന ജോലികൾ പലതും ഇപ്പോൾ രണ്ട് ദിവസം കൊണ്ട് തീർക്കാം. എന്നാൽ സൂക്ഷ്മമായ ഡിസൈനുകവ്‍ കൊത്തിയെടുക്കാൻ ഇപ്പോഴും കൈപ്പണി തന്നെയാണ് നല്ലതെന്ന കാര്യത്തിൽ ആർക്കും വ്യത്യസ്ത അഭിപ്രായമില്ല.

ഉരുണ്ട കൽത്തൂണിനാണ് കേരളത്തിൽ നിന്ന് ഏറ്റവും കൂടുതൽ ഒാർഡർ ലഭിക്കുന്നത്. ആറടി നീളമുള്ള തൂണിന് 18,000 രൂപയാകും. അമ്മിക്കല്ലിനും ആവശ്യക്കാരേറെയുണ്ട്. വലുപ്പത്തിനനുസരിച്ച് 1,600 മുതൽ മുകളിലേക്കാണ് അമ്മിക്കല്ലിന്റെ വില. മിക്സിയുടെ വരവോടെ ഉരലിനും ആട്ടുകല്ലിനും ഡിമാൻഡ് കുത്തനെ ഇടിഞ്ഞെങ്കിലും ഇന്റീരിയർ അലങ്കാരവസ്തുവെന്ന ലേബലിൽ ചില്ലറ വിറ്റുവരവുണ്ട്. കൽവിളക്കാണ് മലയാളികളുടെ മറ്റൊരു പ്രിയതാരം. ആറടിയുള്ള വിളക്കിന് ആറായിരമാണ് വില. ഇവ നാലു ഭാഗങ്ങളായി ഇളക്കിമാറ്റാം എന്ന സൗകര്യവുമുണ്ട്.  ഡിസൈനിനനുസരിച്ച് വിലയിൽ വ്യത്യാസമുണ്ടാകും.

mailadi4

വിഗ്രഹങ്ങളുടെ കൂട്ടത്തിൽ  ഏറ്റവും കൂടുതൽ ഗണപതിയാണ്. കാരണം മറ്റൊന്നുമല്ല, ഗണപതിയൊഴിച്ചുള്ള ദേവീദേവൻമാരുടെ വിഗ്രഹങ്ങൾ വീടിനകത്തു വയ്ക്കാൻ പാടില്ലെന്നാണ് വിശ്വാസം. പല വലുപ്പത്തിലുള്ള ഗണപതികൾ എല്ലാ കടകളിലെയും കാഴ്ചയാണ്. പല പുതിയ പരീക്ഷണങ്ങൾക്കും പണിശാലകൾ വേദിയാകാറുണ്ട്. കരിങ്കല്ല് കൊണ്ടുള്ള അക്വേറിയമാണതിലൊന്ന്. ഇതിന്റെ ഒരു വശത്ത് മാത്രം ഗ്ലാസ് പിടിപ്പിക്കും. ഹൃദയാകൃതിയിലുള്ള വിളക്ക്, ചെറിയ ഉരൽ തുടങ്ങി കല്ല് കൊണ്ട് പല ഷോപീസുകളും ഇവർ ഉണ്ടാക്കുന്നുണ്ട്.

ഗ്രാനൈറ്റിന് കൽകുറിച്ചി

മൈലാടിയിൽ നിന്ന് ഒരു മണിക്കൂർ അകലെയുള്ള കൽക്കുറിച്ചിയിൽ ഗ്രാനൈറ്റാണ് താരം.  ബാംഗ്ലൂരിൽ നിന്നും മറ്റും വരുന്ന ഗ്രാനൈറ്റുകൾ പല ഉത്പന്നങ്ങളായി രൂപം മാറ്റുന്ന നിരവധി വർക്ഷോപ്പുകൾ ഇവിടെക്കാണാം.  ഡൈനിങ്ടേബിളിന്റെ ടോപ് ആണ് മിക്ക ഇടങ്ങളിലെയും പ്രധാന ഉത്പന്നം. ഗ്രാനൈറ്ര് മുറിക്കാനും മിനുക്കാനും അരികുകഴ്‍ ഉരുട്ടിയെടുക്കാനും വേണ്ട എല്ലാതരം യന്ത്രസഹായവും ഉണ്ട്. അതിവേഗത്തിൽ മണൽത്തരികഴ്‍ തെറിപ്പിച്ചു കൊണ്ടുള്വ സാൻഡ്ബ്ലാസ്റ്റിങ് (sandblasting) ശക്തിയിൽ വെള്ളം ചീറ്റിക്കുന്ന വാട്ടർജെറ്റ് (waterjet) തുടങ്ങിയ സാങ്കേതിക വിദ്യകളിലൂടെയാണ് ഗ്രാനൈറ്റിൽ ഡിസൈനുകൾ വിരിയിക്കുന്നത്.
ക്രിസ്ത്യൻ പള്ളികളിലേക്കുള്ള കല്ലറകൾ, അടുക്കളയിലേക്കുള്ള  പാതകം, എന്നിവയ്ക്കും ആവശ്യക്കാരേറെയുണ്ട്. 

mailadi2

ആശങ്കകൾ ഒഴിയാതെ

മൈലാടിക്കുമേൽ ഇടിത്തീയായി ഒരു സർക്കാർ ഉത്തരവ് വന്ന് വീണത് മൂന്ന് വർഷം മുമ്പാണ്. പരിസ്ഥിതിപരമായ കാരണങ്ങൾ  മുൻനിർത്തി സ്ഥലത്തെ ക്വാറികളെല്ലാം അടച്ചുപൂട്ടാൻ സർക്കാർ ഉത്തരവിട്ടു. ഇതോടെ കല്ലിന്റെ ലഭ്യത പ്രതിസന്ധിയിലായി. ഇപ്പോൾ തിരുനെൽവേലി , കരുകുളം തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുമാണ് കല്ലെത്തുന്നത്. എന്നാൽ ഗുണമേന്മയിൽ ഇവ മൈലാടിയിലെ കൃഷ്ണൻകല്ലുകളോട് കിട പിടിക്കും.

mailadi3

പണിശാലകളിൽ കൂടുതലും കാണാനാവുക പ്രായമേറിയവരെയും മദ്ധ്യവയസ്ക്കരെയുമാണ്. ചെറുപ്പക്കാരുടെ എണ്ണം തുലോം കുറവ്.  തലമുറകളായി കൽപ്പണി ചെയ്യുന്ന ഗണേഷും ഭാര്യ ലക്ഷ്മിയും ചില ആശങ്കകൾ പങ്കു വച്ചു. ‘‘ മൈലാടിയുടെ കലാവൈഭവം ഇനി എത്ര നാൾ നിലനില്ക്കുമെന്ന് പറയാനാകില്ല. പുതിയ തലമുറ കല്പണിയോട് പുറം തിരിഞ്ഞു നില്ക്കുകയാണ്. ഒരുപക്ഷേ ഞങ്ങളുടേതായിരിക്കാം മൈലാടിയിലെ കല്പണിക്കാരുടെ  അവസാന തലമുറ.’’  കൽത്തൂണിലേക്ക് ഉളിയാള്ത്തുമ്പോൾ ചിരിയോടെ ഗണേഷ് പറഞ്ഞു.
എത്ര വലിയ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പഠിച്ചാലും ലഭിക്കാത്ത പാഠങ്ങളാണ് മൈലാടി തലമുറകളായി കൈമാറി വന്നത്. അതുകൊണ്ട് ഗണേഷിന്റെ പ്രവചനം യാഥാർത്ഥ്യമാകരുതേയെന്ന് നമുക്ക് പ്രാർത്ഥിക്കാം.

How to reach

നാഗർകോവിലാണ് ഏറ്റവുമടുത്ത റെയിൽവേസ്റ്റേഷൻ.  ഇവിടെ നിന്ന് 12 കിലോമീറ്റർ ബസ്, കാർ മാർഗ്ഗങ്ങളിലൂടെ എത്താം.

mailadi1