Wednesday 24 January 2018 02:20 PM IST : By സ്വന്തം ലേഖകൻ

മണ്ണിന്റെ മണമുള്ള 'പുലരി' വീട്!

rammed-earth-home.jpg.image.784.410.jpg.image.784.410

പച്ചയായി പറഞ്ഞാൽ സിമന്റും കോൺക്രീറ്റുമൊന്നും കുത്തിനിറയ്ക്കാതെ, മണ്ണിന്റെ മണവും നിറവുമൊക്കെയുള്ള വീട് വേണം എന്നായിരുന്നു സജിന്റെയും ജിഷയുടെയും മോഹം. പലരെയും സമീപിച്ചെങ്കിലും അവർ കാണിച്ച മാതൃകകൾക്കൊന്നും മനസ്സിലെ വീടുമായി സാമ്യമുണ്ടായിരുന്നില്ല. അങ്ങനെയിരിക്കുമ്പോഴാണ് ഇവരുടെ വീടിനടുത്തായി ഒരു മൺവീടിന്റെ പണിതുടങ്ങുന്നത്. ആർക്കിടെക്ട് ഹസൻ നസീഫായിരുന്നു അതിന്റെ ശിൽപി. പച്ചമണ്ണ് ഇടിച്ചുറപ്പിച്ചുണ്ടാക്കുന്ന ‘റാംഡ് എർത്’ ശൈലിയിലുള്ള വീടിന്റെ നിർമാണഘട്ടങ്ങളെല്ലാം സസൂക്ഷ്മം വീക്ഷിച്ച സജിനും ജിഷയും മൺവീടിനെ മനസ്സാ വരിച്ചു. നസീഫിനെ തന്നെ നിർമാണച്ചുമതല ഏൽപ്പിക്കുകയും ചെയ്തു. അങ്ങനെയാണ് മണ്ണും ഇഷ്ടികയും കൊണ്ടുള്ള ഭിത്തികളുള്ള ‘പുലരി’ എന്ന വീടിന്റെ പിറവി.

rammed-earth-home4.jpg.image.784.410.jpg.image.784.410



∙ ‘നേർരേഖകളുടെയും വളവുകളുടെയും സമന്വയം’ എന്ന ആശയമായിരുന്നു രൂപകൽപനയുടെ അടിസ്ഥാനം. അതിനാൽ, ‘ബോ ഹൗസ്’ അഥവാ ‘വളഞ്ഞ വീട്’ എന്നാണ് ആർക്കിടെക്ട് ഈ വീടിനു നൽകിയിരിക്കുന്ന പേര്. ഉള്ളിലെ കോർട്‌യാർഡിൽ നിന്ന് ഉറപൊട്ടി ലിവിങ് സ്പേസും സിറ്റ്ഔട്ടും വഴി വിരിഞ്ഞു തെളിയുന്ന ‘വളവിടം’ അഥവാ ‘curved space’ ആണ് വീടിന്റെ ഹൃദയം. ഇതിന് നാല് ചുറ്റുമായാണ് കിടപ്പുമുറികളും അടുക്കളയും അടക്കം മറ്റിടങ്ങളെല്ലാം വരുന്നത്.

home1mud.jpg.image.784.410

∙ ചുവരിന്റെയും തറയുടെയുമൊക്കെ പ്രതലം സ്വാഭാവിക രീതിയിലുള്ളതായിരിക്കണം എന്നായിരുന്നു വീട്ടുകാരുടെ ആഗ്രഹം. മണ്ണിന്റെയും ഇഷ്ടികയുടെയും മേൽ സിമന്റ് തേക്കാതെ ചുവരൊരുക്കിയത് ഈ പശ്ചാത്തലത്തിലാണ്. മുറികൾക്കുള്ളിൽ വെളിച്ചം കുറയാൻ സാധ്യതയുള്ള ഇടങ്ങളിൽ മാത്രമേ ചുവരിൽ സിമന്റ് പൂശുകയും പെയിന്റ് അടിക്കുകയും ചെയ്തിട്ടുള്ളൂ.

∙ പകൽസമയത്ത് സ്വാഭാവിക വെളിച്ചം കൊണ്ടുതന്നെ കാര്യങ്ങളെല്ലാം ചെയ്യാനാകും വിധമാണ് വീടിന്റെ രൂപകൽപന. ഡബിൾ ഹൈറ്റിലുള്ള നടുമുറ്റമാണ് ഇക്കാര്യത്തിൽ മുഖ്യ പങ്കുവഹിക്കുന്നത്. ഇതുകൂടാതെ, വീടിന്റെ എലിവേഷന്റെ തന്നെ ഭാഗമായ ഗ്രില്‍ ഡിസൈനും ജനാലകൾക്കു മുകളിലുള്ള അലുമിനിയം ലൂവറുകളും വെളിച്ചമെത്തിക്കാൻ ഏറെ സഹായിക്കുന്നുണ്ട്. വീട് അടച്ചിടുമ്പോൾ പോലും ക്രോസ് വെന്റിലേഷനിലൂടെ കാറ്റിന്റെ കയറിയിറക്കം ഉറപ്പാക്കാനും സാധിക്കുന്നുണ്ട്.

rammed-earth-home2.jpg.image.784.410.jpg.image.784.410



∙ 12 സെന്റിലാണ് വീടിരിക്കുന്നത്. സാമാന്യം ഉറപ്പുള്ള സ്ഥലമായതിനാൽ സാധാരണ അടിത്തറയേ ആവശ്യമായി വന്നുള്ളൂ.

∙ മണ്ണു കൊണ്ടുള്ള ‘റാംഡ് എർത്’ ഭിത്തികളും ഇഷ്ടിക കൊണ്ടുള്ള ഭിത്തികളുമാണ് വീടിനുള്ളത്. വേണമെങ്കിൽ വീട് വയ്ക്കുന്ന പറമ്പിലെ മണ്ണുകൊണ്ടു തന്നെ റാംഡ് എർത് ഭിത്തി നിർമിക്കാം. ഇവിടത്തെ മണ്ണിൽ മണലിന്റെ അളവ് കൂടുതലായതിനാൽ എട്ട് കിലോമീറ്റർ അകലെ ആറ്റിങ്ങലിൽ നിന്ന് 30 ലോഡ് മണ്ണ് എത്തിച്ചായിരുന്നു ഭിത്തി നിർമാണം. മണ്ണിനൊപ്പം അഞ്ച് ശതമാനം സിമന്റ് കൂടി ചേർത്ത് ഇടിച്ചുറപ്പിച്ചാണ് ഭിത്തി നിർമിച്ചിരിക്കുന്നത്. ഭിത്തിയുടെ കനത്തിനനുസരിച്ച് സ്റ്റീല്‍ ഫ്രെയിം വച്ച ശേഷം അതിനുള്ളിലേക്ക് മണ്ണിട്ട് വലിയ ഉലക്ക കൊണ്ട് ഇടിച്ചുറപ്പിക്കുകയാണ് ചെയ്യുന്നത്. എട്ട് അടി നീളവും നാല് അടി പൊക്കവുമായിരിക്കും ഫ്രെയിമിനുണ്ടാകുക. മണ്ണ് ഉറച്ചു കഴിഞ്ഞാല്‍ ഫ്രെയിം അഴിച്ചെടുത്ത് ഉറച്ച മണ്ണിന് മുകളിലായി പിടിപ്പിച്ച് വീണ്ടും മണ്ണിട്ട് ഇടിച്ചുറപ്പിക്കും. ഫ്രെയിമിനുള്ളിൽ മണ്ണ് നിക്ഷേപിക്കാനുള്ള വിടവിന് സാധാരണഗതിയിൽ 22 സെന്റീമീറ്റർ കനമാണുണ്ടാകുക. അതിനാൽ ഭിത്തി പൂർത്തിയാകുമ്പോൾ ഇഷ്ടികയും വെട്ടുകല്ലുമൊക്കെ ഉപയോഗിച്ച് നിർമിക്കുന്ന ഭിത്തിയുടെ അതേ കനം തന്നെ ലഭിക്കും. വളഞ്ഞ ചുവര് കെട്ടാനായി ഇഷ്ടികയാണ് ഉപയോഗിച്ചത്. ഇതിൽ സിമന്റ് തേച്ചിട്ടില്ല.

mud2.jpg.image.784.410



∙ മണ്ണിന്റെയും ഇഷ്ടികയുടെയും ചുവരുകളെ ബന്ധിപ്പിച്ചു കൊണ്ട് കനം കുറ‍ഞ്ഞ ‘കോൺക്രീറ്റ് ടൈ ബീം’ നൽകിയ ശേഷം അതിനു മുകളിലായാണ് മേൽക്കൂര നിർമിച്ചിരിക്കുന്നത്. ചെലവും ഭാരവും കുറയ്ക്കുന്നതിനായി ഇടയ്ക്ക് മേച്ചിൽ ഓട് വച്ച് വാർക്കുന്ന രീതിയിലാണ് (ഫില്ലർ സ്ലാബ്) മേൽക്കൂര തയാറാക്കിയത്.

∙ ആർക്കിടെക്ടിന്റെ മേൽനോട്ടത്തിൽ സ്ട്രക്ചർ പൂർത്തിയാക്കിയ ശേഷം ‘ലേബർ കോൺട്രാക്ട്’ മാത്രം നൽകിയാണ് ബാക്കി പണികൾ പൂർത്തിയാക്കിയത്. വീട്ടുകാർ നേരിട്ട് സാധനങ്ങൾ വാങ്ങിയതിനാൽ ഫ്ലോറിങ്, സാനിറ്ററി‌വെയർ എന്നിവയുടെയെല്ലാം കാര്യത്തിൽ ഗുണനിലവാരമുള്ള സാധനങ്ങൾ കുറഞ്ഞ വിലയിൽ വാങ്ങാനായി.

Project Facts: Area: 2800 Sqft, Architect: ഹസൻ നസീഫ്, ഉർവി സസ്റ്റൈനബിൾ ഡെവലപ്പേഴ്സ്, തിരുവനന്തപുരം, hasannaseef@gmail.com, Owner: എൻ. എസ്. സജിൻ & ജിഷ, പുലരി, പെരുമാതുറ, ചിറയിൻകീഴ്

ASK AN EXPERT

You can ask your questions regarding construction.

ASK NOW
POST YOUR 3D PLAN
POST YOUR 3D PLAN

Can view 3 dimensional view of plans by prominent architects.

POST NOW

VIEW GALLERY

U & YOUR HOME
U & YOUR HOME

Share your own experiance

POST NOW

View Gallery