Wednesday 24 January 2018 02:16 PM IST : By സ്വന്തം ലേഖകൻ

കളിവീടല്ല; ഇതാണ് കിടിലൻ മൺവീട്

mavelikkara-soil-house5.jpg.image.784.410.jpg.image.784.410

പരിസ്ഥിതിക്കും കാലാവസ്ഥയ്ക്കും യോജിച്ച രീതിയിലുള്ള വീട് വേണം എന്നായിരുന്നു മാവേലിക്കര തഴക്കര സ്വദേശിയായ കുര്യൻ ഫിലിപ്പിന്റെയും കുടുംബത്തിന്റെയും ആഗ്രഹം. ‘സിഎസ്ഇബി’ (കംപ്രസ്ഡ് സ്റ്റെബിലൈസ്ഡ് എർത് ബ്ലോക്ക്) എന്ന മൺകട്ടയെപ്പറ്റി മനസ്സിലാക്കി, അതുപയോഗിച്ച് വീടുപണിയണം എന്ന ആശയവുമായാണ് കുര്യന്‍ ഫിലിപ്പ് സമീപിക്കുന്നത്. ഇക്കാര്യങ്ങളെല്ലാം അക്ഷരംപ്രതി പാലിച്ചായിരുന്നു വീടിന്റെ രൂപകൽപനയും നിർമാണവും.

കാർ പോർച്ചിന്റെ ചുവരായി ആരംഭിച്ച് വീടിനു മുഴുവൻ തണലേകുന്ന ഒരു കുട കണക്കെ മേൽക്കൂരയിലേക്ക് വ്യാപിക്കുന്ന ‘വോൾട്ട്’ (vault) ആണ് പ്രധാന ആകർഷണം. കോൺക്രീറ്റും കമ്പിയുമൊന്നും ഉപയോഗിക്കാതെ മൺകട്ടകൾ കൊണ്ടുമാത്രമാണ് 16.5 മീറ്റർ നീളമുള്ള ഈ വോൾട്ട് നിർമിച്ചത്. ഒൻപതിനായിരത്തിലധികം കട്ട ഇതിനു വേണ്ടിവന്നു. തെക്കുപടിഞ്ഞാറു ഭാഗത്താണ് ഈ വോൾട്ട് വരുന്നത്. അതിനാൽ, കഠിനമായ വെയിലിൽനിന്നും ചൂടിൽനിന്നും കെട്ടിടത്തിന് സംരക്ഷണം ലഭിക്കും. ഈ വോൾട്ടിന് കീഴിലായാണ് കാർപോർച്ച് വരുന്നത്.

mavelikkara-soil-house2.jpg.image.784.410.jpg.image.784.410



തിരയുടെ അലകൾ പോലെ ഒഴുക്കൻ രൂപത്തിലുള്ള ‘സൈനുസോയ്ഡൽ’ ഭിത്തികളാണ് (sinusoidal wave like wall) വീടിനുള്ളിലേക്ക് സ്വാഗതമേകുന്ന കാഴ്ച. ഒന്നിടവിട്ടുള്ള ഇത്തരം ഭിത്തികൾ കമനീയത പകരുന്നതിനൊപ്പം ജനാലയുടെ ദൗത്യം കൂടി നിർവഹിക്കുന്നുണ്ട്. രണ്ട് ഭിത്തികൾക്കിടയിലുള്ള ത്രികോണാകൃതിയിലുള്ള വിടവിൽ ജനാല പിടിപ്പിച്ചിരിക്കുന്നതിനാൽ ഇതുവഴി കാറ്റും വെളിച്ചവും വീടിനുള്ളിലെത്തും. പുറത്ത് നിൽക്കുന്നവർക്ക് ഉള്ളിലെ കാഴ്ചകൾ വ്യക്തമായി കാണാൻ സാധിക്കാത്ത രീതിയിലാണ് ചുവരുകളുടെ ക്രമീകരണം. അതിനാൽ സാധാരണ ജനാലകളേക്കാൾ സ്വകാര്യത ഇവ നൽകുന്നു. ഇത്തരത്തിലുള്ള നാല് ചുവരുകളാണ് ഇവിടെയുള്ളത്. ഉറുഗ്വേയിലെ വിഖ്യാതനായ ആർക്കിടെക്ട് എലാദിയോ ഡയസ്റ്റയാണ് ‘സൈനുസോയ്ഡൽ’ ഭിത്തിയുടെ പ്രചാരകൻ. ഒട്ടും കോൺക്രീറ്റ് ഇല്ലാതെ മൺകട്ട കൊണ്ടു തന്നെയാണ് ഇവിടെ ‘തിരമാലഭിത്തി’ പൂർത്തിയാക്കിയത്.

mavelikkara-soil-house4.jpg.image.784.410.jpg.image.784.410



വീടിന് സമീപത്തായുള്ള കുര്യൻ ഫിലിപ്പിന്റെ തന്നെ മറ്റൊരു പുരയിടത്തിൽ നിന്ന് ശേഖരിച്ച മണ്ണാണ് ‘സിഎസ്ഇബി’ (മൺകട്ട) നിർമിക്കാൻ കൂടുതലായും ഉപയോഗിച്ചത്. വീട് പണിയുന്ന പുരയിടത്തിൽ വച്ചു തന്നെയായിരുന്നു കട്ടനിർമാണം. ചുടുകട്ട നിർമിക്കുന്നതിന്റെ നാലിലൊന്ന് ഊർജം മാത്രമേ ഇത്തരം മൺകട്ട നിർമിക്കാൻ ആവശ്യമുള്ളൂ. മറ്റൊരിടത്തു നിന്ന് കട്ട കൊണ്ടുവരുന്നതിന് വേണ്ടിവരുന്ന ഇന്ധനം, അധ്വാനം എന്നിവയൊന്നും ആവശ്യമായി വരുന്നുമില്ല.

mavelikkara-soil-house3.jpg.image.784.410.jpg.image.784.410



ചതുരക്കട്ടയ്ക്കുള്ളിൽ മുറികളെല്ലാം നിരത്തുന്ന സാമ്പ്രദായിക ശൈലിയിൽ നിന്ന് വേറിട്ട സമീപനമാണ് രൂപകൽപനയുടെ കാര്യത്തിൽ പിന്തുടർന്നത്. പ്ലോട്ടിന്റെ പ്രത്യേകതകളും സൂര്യന്റെയും കാറ്റിന്റെയും സഞ്ചാരപാതകളും കണക്കിലെടുത്താണ് മുറികളുടെയെല്ലാം സ്ഥാനം നിശ്ചയിച്ചിരിക്കുന്നത്. ‘ഫ്ലോ ഓഫ് സ്പേസ്, ഫ്രീ സ്പേസ്, പ്രൈവസി’ എന്നീ മൂന്ന് ഘടകങ്ങൾക്കും അർഹിക്കുന്ന പരിഗണന നൽകിയായിരുന്നു രൂപകൽപന. പുറത്തെ കാഴ്ചകൾ ആസ്വദിക്കാനും ഒപ്പം കാറ്റും വെളിച്ചവും കയറിയിറങ്ങാനുമായി കാസ്റ്റ് അയണും ജിഐയും കൊണ്ട് നിർമിച്ച വലിയ ജനാലകൾ പൊതു ഇടങ്ങളില്‍ നൽകിയിട്ടുണ്ട്. പഴയ ഫർണിച്ചർ ഉപയോഗിക്കാൻ കഴിയണം എന്ന ആഗ്രഹം വീട്ടുകാർ പങ്കുവച്ചിരുന്നു. ഇക്കാര്യവും പരിഗണിച്ചാണ് മുറികളുടെ അളവും വലുപ്പവും നിശ്ചയിച്ചത്.

mavelikkara-soil-house.jpg.image.784.410.jpg.image.784.410



ഡൈനിങ് സ്പേസിനു സമീപത്തുള്ള സ്റ്റെയർകെയ്സ് ആണ് ഇന്റീരിയറിലെ ശ്രദ്ധാകേന്ദ്രം. നേരത്തേതന്നെ തയാറാക്കി വയ്ക്കുന്ന ‘പ്രീ കാസ്റ്റ്’ കോൺക്രീറ്റ് സ്ലാബുകളാണ് പടികളായി ഉപയോഗിച്ചിരിക്കുന്നത്. മൺകട്ട കൊണ്ട് ഭിത്തി കെട്ടുന്ന സമയത്ത് തന്നെ ഇത്തരം സ്ലാബുകൾ കൂടി ചുവരിൽ ഉറപ്പിച്ചാണ് സ്റ്റെയർകെയ്സ് നിർമിച്ചത്. സാധാരണപോലെയുള്ള കൈവരികളില്ല എന്നതും പ്രത്യേകതയാണ്.

മൺചുവരുകളോട് ഇണങ്ങുംവിധം തറയോട് കൊണ്ടാണ് ബാത്റൂം ഒഴികെയുള്ള മുറികളുടെയെല്ലാം ഫ്ലോറിങ്. ബാത്റൂമിൽ മാത്രം ടൈൽ ഉപയോഗിച്ചു. സ്ഥിരമായി വെള്ളം വീഴുമെന്നതിനാൽ ബാത്റൂമുകളുടെ ചുവരിൽ സിമന്റ് പ്ലാസ്റ്റർ ചെയ്തു. കൊടുംവേനലിലും വെള്ളം വറ്റാത്ത ഒരു കിണർ പുരയിടത്തിലുണ്ടായിരുന്നു. അർഹിക്കുന്ന ബഹുമാനത്തോടെ ഈ കിണർ പരിരക്ഷിച്ചാണ് പുതിയ വീടിന് സ്ഥാനം കണ്ടത്. അതിനാൽ കൊടുംവേനലിലും വീട്ടുകാരുടെ വെള്ളംകുടി മുട്ടുന്നില്ല. കൂടാതെ വീടിനുള്ളിൽ നല്ല തണുപ്പുമുണ്ട്.

ASK AN EXPERT

You can ask your questions regarding construction.

ASK NOW
POST YOUR 3D PLAN
POST YOUR 3D PLAN

Can view 3 dimensional view of plans by prominent architects.

POST NOW

VIEW GALLERY

U & YOUR HOME
U & YOUR HOME

Share your own experiance

POST NOW

View Gallery