Thursday 25 January 2018 02:16 PM IST : By സ്വന്തം ലേഖകൻ

150 വർഷം പഴക്കമുള്ള തറവാട് ന്യൂജെന്‍ ആയത് ചെറിയ മിനുക്കുപണികള്‍ കൊണ്ട്; കാണാം

pala_tharavadu1

പുതുക്കിപ്പണിത വീട് എന്നു കേട്ടപ്പോൾ ഉണ്ടായിരുന്ന മുൻധാരണകളൊക്കെയും വീടു കണ്ടപ്പോൾ പോയി. കാരണം, തിരിച്ചറിയാനാവാത്ത വിധം വീടിനെ മാറ്റിയെടുക്കുന്നവരാണ് അധികവും. എന്നാൽ, പാലായ്ക്കടുത്ത് കുറിഞ്ഞിയിലുള്ള കുഴിവേലിൽ തറവാട് ആ പതിവ് തെറ്റിച്ചിരിക്കുന്നു.കാലപ്പഴക്കത്തിന്റെ അടയാളങ്ങൾ മായ്ച്ചുകളഞ്ഞ്, മാറിയ ജീവിത സൗകര്യങ്ങൾക്കനുസരിച്ച് ചെറിയ ചില ക്രമീകരണങ്ങൾ നടത്തിയപ്പോൾ തറവാടിന് തേച്ചുമിനുക്കിയ നിലവിളക്കിന്റെ ശോഭ!

20 ഏക്കറിൽ സ്ഥിതി ചെയ്യുന്ന വീടിന് പുറമേനിന്നു നോക്കിയാൽ പെയിന്റടിച്ച് കുട്ടപ്പനായതല്ലാതെ മറ്റു മാറ്റമൊന്നുമില്ല. 150 വർഷം പഴക്കമുള്ള തറവാട് 70 വർഷം മുൻപ് ഒന്നു ചെറുതായി പുതുക്കിയിരുന്നു. ഓല മാറ്റി ഓടാക്കിയതും വരാന്ത, വടക്കിനി, കുളിപ്പുര എന്നിവയൊക്കെ പണിതതുമാണ് അന്നത്തെ പ്രധാന മാറ്റങ്ങൾ.

വീട്ടുകാരൻ സുരേഷിന്റെ ആശയങ്ങൾക്കനുസരിച്ചാണ് പുതുക്കിയത്. ‘വനിത വീട്’ പതിവായി വായിക്കാറുള്ളതു കൊണ്ടാണ് പ്ലാനിങ് സ്വയം നിർവഹിക്കാനുള്ള ധൈര്യം ലഭിച്ചതെന്ന് സുരേഷ് പറയുന്നു. സുരേഷ് കുടുംബസമേതം ഖത്തറിലാണ്. ഭാര്യ റാണിയുടെ തറവാടാണ് ഇത്. റാണിയുടെ അമ്മയാണ് ഇവിടെ താമസം.

pala4 പഴയ വീട്

വാസ്തുവിദഗ്ധനായ എം. പി. വിജയൻ ആചാരിയാണ് പ്ലാൻ തയാറാക്കിയത്. കുമ്മായ ഭിത്തി പൊളിഞ്ഞു തുടങ്ങിയതും തറയിലെ പൊട്ടലുകളും മച്ചിനു മുകളിൽ നിന്ന് പൊടി വീഴുന്നതുമെല്ലാമായിരുന്നു പുതുക്കിപ്പണിയാൻ കാരണമായത്. തെക്കിനി, തായ് ഗൃഹം, വടക്കിനി എന്നിവ ചേരുന്നതാണ് തറവാട്.

വടക്കിനിയുടെ ഭിത്തി പൊളിച്ച് സിമന്റ് പ്ലാസ്റ്റർ ചെയ്തു. തെക്കിനിയെ ഹോം തിയറ്റർ ആ ക്കാനുള്ള വയറിങ് വർക് ചെയ്തിട്ടുണ്ട്. മേൽക്കൂര പൊളിച്ച് ഓടിറക്കി പട്ടിക മാറ്റി വീണ്ടും ഓട് പാകി. പഴയ കുളിപ്പുര വാസ്തുപ്രകാരം ദോഷമായതിനാൽ പൊളിച്ചുമാറ്റി അവിടെ ഇരിപ്പിടവും പഴയ മൊസെയ്ക് മേശയുമൊക്കെ ഇട്ട് ‘ഗ സീബോ’ (പുറത്തെ മണ്ഡപം) ആക്കി മാറ്റി.

pala2

അകത്തേക്കു കയറുമ്പോൾ

സ്തീകൾക്ക് പ്രസവശേഷം കഴിയാനായി പ്രത്യേകം മുറിയുണ്ടായിരുന്നു. അതിന്റെ ഭിത്തി പൊളിച്ച് അടുത്ത മുറിയുമായി ചേർത്ത് വലിയ ഹാൾ ആക്കി മാറ്റി. ഇതിന്റെ പകുതി ഭാഗം ലിവിങ് റൂമും മറുപകുതി ഊണുമുറിയും ആയി ഉപയോഗിക്കുന്നു. പൊളിച്ച ഭിത്തിയുടെ മുകളിൽ ഉണ്ടായിരുന്ന മച്ചും അടുത്ത മുറിയുടെ മച്ചും തമ്മിലുള്ള ഉയരവ്യത്യാസം പരിഹരിക്കാൻ സ്റ്റീൽ ബീം കൊടുത്തു. പ്ലൈവുഡ് കൊണ്ട് ഈ ബീം മറച്ചപ്പോൾ മുറിക്ക് ഭംഗി കൂടി.

pala6 മറൈൻ പ്ലൈ കൊണ്ടാണ് അടുക്കളയിലെ കാബിനറ്റുകൾ, ലിവിങ് ഏരിയ (വലതു)

പഴയ അടുക്കള കിടപ്പുമുറിയാക്കി അറ്റാച്ഡ് ബാത്റൂമും നൽകി. വീടിനു പിന്നിലെ വരാന്ത ര ണ്ട് ബാത്റൂം ആയി. പഴയ ഊണുമുറി പുതിയ അ ടുക്കളയായും രൂപാന്തരം പ്രാപിച്ചു. മറ്റൊരു മുറി കിടപ്പുമുറി ആക്കി അതിനുള്ളിലെ അധികസ്ഥലത്ത് ചെറിയ ബാത്റൂം ഉണ്ടാക്കി.

pala5 കിടപ്പുമുറി , രണ്ടു മുറി കൂട്ടിച്ചേർത്ത പുതിയ ഹാൾ (വലത്)

അനുഭവത്തിൽനിന്ന്: പുതുക്കിപ്പണിയൽ ആയതിനാൽ ഉടമ്പടി പ്രകാരം പണി പൂർത്തീകരിക്കാൻ കോൺട്രാക്ടർക്ക് പ്രയാസമുണ്ടായി. പറഞ്ഞിരുന്നതിനേക്കാൾ യഥാർഥ പണിയും തുകയും തമ്മിൽ വലിയ അന്തരമുണ്ടായിരുന്നെന്ന് സുരേഷ് ഓർമിക്കുന്നു. അധികപ്പണിയും അതനുസരിച്ച് ചെലവും വന്നു. സൈറ്റ് മേൽനോട്ടത്തിനു വന്നയാൾക്ക് മുൻപരിചയം ഇല്ലാത്തതിനാൽ ധാരാളം പൊളിച്ചുപണി വേണ്ടിവന്നു.

pala3

എല്ലാ മുറികളിലെയും ഭിത്തി അലമാരകൾ പൊളിച്ച് അവിടെ ഭിത്തി കെട്ടി. ഈ തടി പുനരുപയോഗിക്കുകയും ഭാവി ആവശ്യങ്ങൾക്കായി സൂക്ഷിക്കുകയും ചെയ്യുന്നു. ഓടു മുഴുവൻ പൊളിച്ച് നിലത്തിറക്കി വൃത്തിയാക്കി പിടിപ്പിച്ചു. പട്ടിക നശിച്ചതിനാൽ പുതിയ തടി പട്ടികകളും സ്റ്റീൽ പട്ടികകളും പിടിപ്പിച്ചു. ഒപ്പം ചിതൽ വരാതിരിക്കാനുള്ള മരുന്ന് അടിച്ചു. മച്ചിൻപുറം വാക്വം ക്ലീൻ ചെയ്യാൻ കോൺട്രാക്ട് നൽകിയവർ വലിയ തുക പറഞ്ഞതിനാൽ സുരേഷിന്റെ മേൽനോട്ടത്തിൽ പണിക്കാരെ കൊണ്ട് ചെയ്യിച്ചു. അപ്പോൾ പകുതി തുകയേ ആയുള്ളു.

pala7 സുരേഷും കുടുംബവും