Thursday 08 February 2018 05:25 PM IST : By അമ്മു ജൊവാസ്

അകത്തളങ്ങൾക്ക് നൽകാം കംപ്ലീറ്റ് മേക്കോവർ; നിങ്ങളുടെ വീട് വ്യത്യസ്തമാകട്ടെ

inte06

പുതുവർഷത്തിൽ മേക്കോവർ നടത്താൻ മടിക്കാത്തവരാണ് നമ്മളെല്ലാം. ഈ മേക്കോവർ വീടിനും നടത്തിയാലോ. പുതിയ പെയിന്റിങ്സ് വാങ്ങി തൂക്കിയാലും സോഫ്റ്റ് ഫർണിഷിങ് മാറ്റിയാലും മാത്രം മതി വീടിനെ അടിമുടി മാറ്റാൻ. പക്ഷേ, കണ്ടംപററി സ്റ്റൈൽ വീടിനുള്ളിൽ മ്യൂറൽ പെയിന്റിങ് തൂക്കിയാലോ.. വീടിന്റെ ടോട്ടൽ തീം നോക്കാതെ മേക്കോവറിന്റെ പേരിൽ ഇങ്ങനെ എന്തെങ്കിലുമൊക്കെ ചെയ്താൽ ഉള്ള ലുക്ക് കൂടി പോയിക്കിട്ടും. വീടിനു പുതിയ മുഖം നൽകാൻ ഇതാ പത്തു കിടിലൻ ഐഡിയകൾ.

നിറങ്ങൾ പെയ്തിറങ്ങിയ അകത്തളങ്ങൾ

പഴയ വീടിന് പുത്തൻ ചായം പൂശിക്കഴിയുമ്പോൾ വീടിന്റെ മനസ്സിൽ മാത്രമല്ല, വീട്ടുകാരുടെ മനസ്സിലും സുഖം നിറയും. ഇതിനായി ഇന്റീരിയറിൽ നിറങ്ങൾ കൊണ്ടൊരു ജാലവിദ്യ നടത്തിയാലോ?

∙ നിറങ്ങളെ വീട്ടിലേക്കു കൂട്ടാനുള്ള എളുപ്പവഴി സോഫ്റ്റ് ഫർണിഷിങ് ആണ്. കുഷൻ കവറുകളും കർട്ടനുകളും ബെഡ് സ്പ്രെഡും മാറ്റി ഇട്ടാൽ തന്നെ വീടിന് പുതുമ തോന്നും.

∙ അടുക്കളയ്ക്കായി അധികമാരും തിരഞ്ഞെടുക്കാത്ത നിറമായിരുന്നു വെളുപ്പ്. എന്നാൽ ഇന്നു കഥ മാറി. അടുക്കളയുടെ വെളുത്ത  ഓപന‍്‍ ഷെൽഫുകളിൽ നീല നിറമുള്ള ആകർഷകമായ ക്രോക്കറി നിരന്നിരുന്നാൽ എങ്ങനെയുണ്ടാവും. നൈസ് അല്ലേ? ഇത്തരത്തിൽ എല്ലാ മുറികളിലും കോൺ‌ട്രാസ്റ്റ് നിറങ്ങൾ കൊണ്ടു പരീക്ഷണമാകാം.

∙ ഒരു മുറിയുടെ ഇളം നിറം മാറ്റി ചാർക്കോൾ നിറം നൽകാം. ഇതിന്റെ തന്നെ മൂന്നു ഷേഡുകൾ ഭിത്തിയിലും സീലിങ്ങിലും തറയിലും നൽകുക. ഫർണിച്ചറുകൾക്കും ചാരനിറത്തിന്റെ ഇരുളിമ വേണം. കുഷൻ, ലാമ്പ് ഷേഡ്, ക്യൂരിയോസ് എന്നിവയിലെല്ലാം മജന്ത, ഓറഞ്ച് പോലുള്ള ഇടിവെട്ടു നിറങ്ങൾ കൊടുത്താൽ മുറിയിൽ കളർഫുൾ എലമന്റ്സുമായി. നിറങ്ങൾ എടുത്തുകാണിക്കുന്ന തരത്തിലും ആവശ്യത്തിന് വെളിച്ചം ലഭിക്കുന്ന തരത്തിലും ലൈറ്റിങ് നൽകിക്കോളൂ.

ഉള്ളിൽ നിറയ്ക്കാം പ്രകൃതി

അകത്തളങ്ങളിലും പ്രകൃതിയെ കൂട്ടുപിടിക്കാൻ ചെടികൾ വച്ചാൽ മാത്രം പോരാ. കല്ലും മണ്ണുമൊക്കെ ഉള്ളിൽ നിറച്ചും പ്രകൃതിയുടെ ഒരു തുണ്ട് വീട്ടിലൊരുക്കാം.

∙ കോർട്‌യാർഡുകളെ സുന്ദരമാക്കാൻ മാത്രമായിരുന്നു മിക്കവരും പെബിൾസ് ഉപയോഗിച്ചിരുന്നത്. ഇന്ന് കഥ മാറി. സ്റ്റെയർകെയ്സിന്റെ അടിഭാഗം, മുറികളുടെ മൂലകൾ, വാഷ് ഏരിയ, പേവ്മെന്റ് എന്നിവിടങ്ങളൊക്കെ പെബിൾസ് നിറച്ച് ഭംഗിയാക്കാം. വെറുതേ പെബിൾസ് നിരത്തി ഗ്ലാസ് കവറിങ് വച്ച് ലൈറ്റിങ് നൽകിയാൽ വീടിന്റെ ലുക്ക് തന്നെ ആകെ മാറും.

∙ വീട്ടിലെ അലങ്കാരങ്ങൾക്ക് മണ്ണിന്റെ മണമുണ്ടായാലോ? ക്രിസ്റ്റലും മെറ്റലും കൊണ്ടു നിർമിച്ച ക്യൂരിയോസ് മാറ്റി മണ്ണിൽ തീർത്ത ശിൽപങ്ങളും അലങ്കാര വസ്തുക്കളും വച്ചോളൂ. ടെറാക്കോട്ടയിൽ തീർത്ത വാൾ ഹാങ്ങിങ്ങുകൾ ഭിത്തിക്ക് അലങ്കാരമാക്കാം.

∙ ചെറിയ വാട്ടർ ഫൗണ്ടനുകൾ വാങ്ങി വയ്ക്കാം. ലിവിങ് ഏരിയയെ കൂടുതൽ ലൈവ് ആക്കാൻ ഇവയ്ക്കു കഴിയും. 

നൽകൂ ചെറിയ മാറ്റങ്ങൾ

കാലങ്ങളായി കാണുന്ന കസേരയും മേശയും മനസ്സു മടുപ്പിക്കുന്നുണ്ടെങ്കിലും പെട്ടെന്നങ്ങു മാറ്റി വാങ്ങാൻ പറ്റില്ലല്ലോ. പക്ഷേ, ഇവയ്ക്കൊക്കെ രൂപമാറ്റം നൽകാം.

∙ ലിവിങ് റൂമിൽ ഫ്ളവർവേസ് വച്ചിരുന്ന പൊക്കമുള്ളൊരു സ്റ്റൂളില്ലേ. ഈ സ്റ്റൂൾ കോണോടുകോണായി രണ്ടാക്കി മുറിച്ച് രണ്ടു സ്ഥലങ്ങളിലായി ഇടാം. ലിവിങ് റൂമിൽ ഫോട്ടോസ്റ്റാൻഡ് ആക്കാനും ബെഡ് റൂമിലെ ഡ്രസിങ് ടേബിളാക്കാനും അടുക്കളയിലെ ബ്രേക്ക് ഫാസ്റ്റ് കൗണ്ടറാക്കാനും ഇതുമതി. മൂന്നുകാലുള്ള സ്റ്റൂളാണെങ്കിൽ കമഴ്ത്തി വച്ച് പെയിന്റടിച്ചു കുട സ്റ്റാൻഡുമാക്കാം.

∙ മൂന്നു മാസം കൂടുമ്പോള്‍ ഫർണിച്ചറിന്റെ അറേഞ്ച്മെന്റ്സിൽ മാറ്റം വരുത്താം. ഓരോ മുറിയിലേയും ഫർണിച്ച‌റിന്റെ മൂന്ന് അറേഞ്ച്മെന്റ്സ് എങ്കിലും മനസ്സിലാക്കി വയ്ക്കുക.

സ്വകാര്യ ഇടം ഒരുക്കാം

വീടെന്ന കൂട്ടിൽ നിങ്ങൾക്കു മാത്രമായി സ്വകാര്യ ഇടം ഒരുക്കിയെടുക്കാം. അൽപം മൂഡോഫായാൽ ഫുൾ ഓൺ എനർജി തരാൻ കഴിയുന്ന തരത്തിലായിരിക്കണം ഇവിടം.

∙ സ്വസ്ഥമായി വായിക്കാനും ടാബിൽ ഒരു സിനിമ കാണാനും ഈ ഇരിപ്പിടത്തിലെത്താം. വീട്ടിലെ ഒഴി‍ഞ്ഞ മൂലകൾക്കു നൽകാന്‍ കഴിയുന്ന ഏറ്റവും നല്ല മേക്കോവറാണിത്.

∙ വായന ഇഷ്ടമുള്ളവർക്ക് പുസ്തകങ്ങൾ സൂക്ഷിക്കാൻ ഭിത്തിയിൽ തന്നെ ‘എൽ’ ഷേപ്പിൽ ഇൻ ബിൽറ്റ് ഷെൽഫ് നിർമിക്കാം. കസേരയും ലാംപും കൂടിയായാൽ സംഗതി ഉഷാർ. ജനാലയോടു ചേർന്നു വരുന്ന ഭാഗമായാൽ കൂടുതൽ ഭംഗിയായിരിക്കും.

∙ അതിഥികളെത്തുന്ന ഫോർമൽ ലിവിങ് ഏരിയ ഒഴിച്ച് എവിടെ വേണമെങ്കിലും പ്രൈവറ്റ് സ്പേസ് സജ്ജമാക്കാം. ചാരുബെഞ്ചും സുഗന്ധം പരത്തുന്ന പൂച്ചെടികളുമുള്ള ബാൽക്കണിയെയും ഇത്തരത്തിൽ മാറ്റിയെടുക്കാവുന്നതാണ്.

കൈയൊപ്പ് ചാർത്താം

വീടിന് ന്യൂ ലുക്ക് നൽകാൻ കാശു മുടക്കാതെ തന്നെ ചില മാറ്റങ്ങൾ വരുത്താം. നിങ്ങളുടെ കൈയൊപ്പ് ചാർത്തിയ ഒരിടം വീട്ടിലുണ്ടാകട്ടെ.

∙ ലിവിങ് റൂമിലെ ഭിത്തിക്ക് അലങ്കാരമാക്കാൻ നിങ്ങൾ തന്നെ വരച്ച ചിത്രങ്ങൾ തൂക്കാം. വരയ്ക്കാൻ അറിയില്ലെങ്കിലും ടെൻഷൻ വേണ്ട. കീറിപ്പോയതും പാകമാകാത്തതുമായ വസ്ത്രങ്ങള്‍ വെട്ടി കഷണങ്ങളാക്കുക. ഇവ യോജിപ്പിച്ചാൽ വ്യത്യസ്തമായ ഒരു ആർട്പീസ് കിട്ടും. പഴയ പട്ടുസാരിയുടെ മുന്താണിയിലെ മോട്ടിഫ് ചതുരാകൃതിയിൽ വെട്ടിയെടുത്ത് ഫ്രെയിം ചെയ്താൽ ഒരു യുണീക്ക് ആർട്പീസ് നിങ്ങൾക്കുമുണ്ടാക്കാം.

∙ മക്കളുടെ ആദ്യ കുട്ടിയുടുപ്പ് അമ്മമാർ നിധി പോലെ സൂക്ഷിക്കും. അലമാരയിൽ മടക്കിവച്ചു മുഷിച്ചുകളയാതെ ഗ്ലാസ് പെട്ടിയിലാക്കി ഭിത്തിയിൽ പിടിപ്പിച്ചാലോ? കുഞ്ഞിന്റെ ആദ്യ ചെരിപ്പും കളിപ്പാട്ടവുമൊക്കെ ഇങ്ങനെ ഫ്രെയിം ചെയ്തു സൂക്ഷിക്കാം.

∙ അടുക്കളയാണ് വീട്ടമ്മമാരുടെ പ്രിയ ഇടം. തിരക്കിട്ട അടുക്കളപ്പണിയിലും നിങ്ങൾക്ക് ഊർജം പകരാൻ ജീവിതത്തിലെ കുറച്ചു നല്ല നിമിഷങ്ങളുടെ ഫോട്ടോകൾ ഫ്രെയിം ചെയ്തുവയ്ക്കാം. ഫ്രിഡ്ജിന്റെ ഡോറിലോ ഒഴിഞ്ഞ ഭിത്തിയിലോ ഇവ ക്രമീകരിക്കാം.

inte08

ആവശ്യകത പരിഗണിച്ച്

ഇന്റീരിയർ ഒരുക്കുമ്പോഴും മാറ്റി പണിയുമ്പോളുമെല്ലാം ഭംഗി മാത്രം കണക്കിലെടുത്താൽ പോരാ. നിങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നുണ്ടോ എന്നുകൂടി നോക്കണം.

∙ വാർഡ്രോബാണ് മിക്ക വീടുകളിലെയും പ്രശ്നക്കാരൻ. വീട്ടുകാരുടെ ആവശ്യത്തിനനുസരിച്ച് അലമാര തീർക്കാത്തതാണ് പരാതിക്ക് കാരണം. സാരി ഉടുക്കുന്ന വീട്ടമ്മയുടെ അലമാരയിൽ ഹാങ്ങറിൽ സാരി തൂക്കിയിടാൻ പാകത്തിൽ തട്ടുകൾ നിർമിക്കണം. കുട്ടികളുടെ ഉടുപ്പ് തരംതിരിച്ചു വയ്ക്കാനും ഇടം വേണം.

∙ സ്റ്റോറേജിന് പുതിയ ഇടങ്ങൾ കണ്ടെത്തിയാൽ സൗകര്യവും അഴകും കൂടെവരും. അടുക്കളയിൽ മസാലപ്പൊടികളും മറ്റും വയ്ക്കാൻ ഷെൽഫിനുള്ളിൽ സ്ലൈഡിങ് സ്റ്റാൻഡ് പിടിപ്പിക്കുക. വെറും തട്ടുകളിൽ മുന്നിലിരിക്കുന്ന ജാർ മാറ്റിയാലേ പുറകിലത്തേത് എടുക്കാൻ കഴിയൂ എന്ന പരാതി ഇതോടെ തീരും. സ്റ്റെയർ കേയ്സിന്റെ താഴ്‌വശം വെറുതേ ഇടാതെ സ്റ്റോറേജാക്കാം. മാസികകൾ, പത്രം എന്നിവ വയ്ക്കാം. അല്ലെങ്കിൽ ചെരിപ്പ്, കുട, വണ്ടിയുടെ താക്കോൽ, ഹാൻഡ് ബാഗ് എന്നിങ്ങനെ പുറത്തേക്കു പോകുമ്പോൾ കരുതേണ്ട വസ്തുക്കൾ ഇവിടെ വയ്ക്കാം. പിന്നെ അവശ്യസാധനങ്ങൾ മറക്കുമെന്നു പേടിക്കേണ്ടല്ലോ.

∙ ഫർണിച്ചറുകൾ മാറ്റിവാങ്ങുന്നുവെങ്കിൽ അവ മൾട്ടിഫങ്ഷനൽ ആക്കാം. ഉള്ളിൽ സ്റ്റോറേജ് ഉള്ള തരത്തിലും ഇരിപ്പിടം കിടക്കയായി മാറ്റാവുന്ന തരത്തിലുമുള്ള  ധാരാളം ഫർണിച്ചറുകൾ ഇന്നു ലഭ്യമാണ്.   

പാർട്ടീഷൻ വോൾ തീർക്കാം

വീട്ടിൽ അതിഥിയെത്തിയാൽ ഒന്നു ടിവി കാണാനോ ഊണുമേശയിലിരുന്നു ഭക്ഷണം കഴിക്കാനോ കഴിയാത്ത രീതിയിലാണ് മിക്ക വീടുകളുടേയും നിർമാണം. സ്വകാര്യതയെ ബാധിക്കുന്ന ഈ പ്രശ്നത്തെ മറികടക്കാനുള്ള കിടിലൻ ഐഡിയയാണ് പാർട്ടീഷൻ വോൾ.

∙ കാഴ്ചയ്ക്ക് മനോഹരവും ഉപയോഗപ്രദവുമാകുന്ന രീതിയിൽ പാർട്ടീഷൻ വോൾ പണിതെടുക്കുന്നതിലാണ് മിടുക്ക്. വോളിനെ ക്യൂരിയോസ് സ്റ്റാൻഡ് ആക്കാം. രണ്ടുവശത്തും ബീമുകൾ തീർത്ത് ഗ്ലാസ് തട്ടുകൾ നൽകി ക്യൂരിയോസ് അടുക്കി ലൈറ്റിങ് ചെയ്തുനോക്കൂ. അകത്തളത്തിനു ഭംഗിയും സ്വകാര്യതയും കൂടും.

∙ പാർട്ടീഷൻ വോൾ ലൈബ്രറി ആക്കിയാലോ? ഫാമിലി ലിവിങ്ങിന്റേയോ ഡൈനിങ് ഏരിയയുടേയോ വശത്ത് ഫോൾഡിങ് ടേബിളും രണ്ടു ചെയറും കൂടി നൽകിയാൽ വായിച്ചിരിക്കാനും സ്ഥലമായി.

∙ ഭിത്തിയുടെ മുക്കാൽ ഭാഗവും കവർ ചെയ്യുന്ന രീതിയിലാണ് ഇന്നത്തെ അക്വേറിയങ്ങൾ. ഇത് പാർട്ടീഷൻ വോളിൽ സെറ്റ് ചെയ്യാം.

ഋതുക്കൾ മാറും വീടുകൾ

സീസണലായി വീടിനു മേക്കോവർ നൽകാൻ ഈ വഴികൾ നോക്കാം.

∙ ഒരു മുറിക്ക് സ്പ്രിങ് സീസൺ തീമിൽ ഫ്ലോറൽ പ്രിന്റുള്ള കുഷൻ കവറുകളും കർട്ടനും ബെഡ് സ്പ്രെഡും നൽകാം. മുറിയിലാകെ വസന്തം നിറയട്ടെ.

∙ മഴക്കാലമാകുമ്പോൾ അന്തരീക്ഷമാകെ മൂടിക്കെട്ടും. ഈ സമയത്ത് നീലയും വെള്ളയും തീമിൽ സോഫ്റ്റ് ഫർണിഷിങ് നൽകാം. കനം കുറഞ്ഞ തുണി കൊണ്ടുള്ള കർട്ടനുകൾ വാങ്ങിയിട്ടാൽ വെളിച്ചം കൂടുതൽ ഉള്ളിലെത്തും. ചാറ്റലടിച്ച് നനഞ്ഞാലും വേഗത്തിൽ ഉണങ്ങിക്കിട്ടും.

∙ വേനൽ കാലത്ത് ഓറഞ്ച്, മഞ്ഞ എന്നിവയുടെ ഇളം ഷെയ്ഡുകളും ഓഫ് വൈറ്റ് നിറവും തീമാക്കാം. തണുപ്പുകാലം ക്രിസ്മസ് കൂടിയാണ്. അപ്പോൾ റെഡ് ആൻഡ് വൈറ്റ് തീം തിരഞ്ഞെടുക്കാം. പുതുവർഷം കൂടിയെത്തുന്ന ഈ കാലത്ത് വെള്ള നിറത്തിനോട് ഗോൾഡൻ നിറവും ചേർക്കാം.

∙ ഓരോ ആഘോഷങ്ങൾക്കും ഇണങ്ങും വിധം ക്യൂരിയോസും കുഷൻ കവറുകളും കർട്ടനുകളും വാങ്ങി വച്ചാൽ വീടും ആഘോഷിക്കും വിശേഷാവസരങ്ങൾ.

കോർട്‌യാർഡ് മേക്കോവർ

‘സുഹൃത്തിന്റെ വീട്ടിൽ കണ്ടപ്പോൾ ഒരു ഗമയ്ക്കു കോർട്‌യാർഡ് പണിതതാ. പക്ഷേ, ഇപ്പോൾ ആകെ ചൂട്. വണ്ടും പ്രാണികളും വീടിനുള്ളിലേക്ക് പറന്നിറങ്ങുന്നു.’ പരാതി പറഞ്ഞു മടുത്തവർക്ക് ഇതാ ചില പോംവഴികൾ.

∙ കോർട്‍‌യാർഡുകളെ ഇന്റിമേറ്റ് സ്പേസ് ആക്കാം. തറ നികത്തി, വുഡൻ ഫ്ളോറിങ് നൽകി ടീപ്പോയും രണ്ടു കസേരകളും ഇട്ടോളൂ. ഇടനേരങ്ങളിൽ ചെസ് കളിക്കാനും കാരംസ് കളിക്കാനുള്ള ഗെയിം സോണായും ഇവിടം ഉപയോഗിക്കാം.

∙ അമൂല്യമായ കൗതുക വസ്തുവിനായി സ്പെഷൽ സ്പേസ് തന്നെ വേണ്ടേ ? പാരമ്പര്യമായി കൈമാറി കിട്ടിയ പുരാതന ശിൽപങ്ങളും അലങ്കാരങ്ങളുമൊക്കെ ഈ സ്പെയ്സിൽ വയ്ക്കാം.

∙ കോർട്‌യാർഡിന്റെ തറ നികത്തിയെടുക്കുമ്പോൾ ഫ്ലോറിങ് ട്രെൻഡിയാക്കണം. തടി വട്ടത്തിൽ മുറിച്ച് കൊത്തിയെടുത്ത് നിരത്തി അടിയിൽനിന്നു ലൈറ്റിങ് കൂടി നൽകിയാൽ വീടിന്റെ പ്രധാന ആകർഷണമായി ഇവിടം മാറും.

ലൈറ്റിങ്

മുറിയുടെ ലുക്ക് മാറ്റുന്നതിൽ പ്രധാന പങ്കു വഹിക്കുന്ന ഘടകമാണ് ലൈറ്റിങ്.

∙ ഒരു ട്യൂബ് ലൈറ്റ് മാത്രം വെളിച്ചം നല്‍കുന്ന കാലമൊക്കെ പോയി. ഫോൾസ് സീലിങ്ങിനുള്ളിൽ നിന്ന് മുറിയാകെ വെളിച്ചം നിറയുകയാണിന്ന്. നാലു മീറ്റർ വീതിയും അഞ്ചു മീറ്റർ നീളവുമുള്ള ഒരു മുറിയുടെ സീലിങ്ങിൽ 60 സെന്റിമീറ്റർ തള്ളി ചുറ്റോടുചുറ്റും ഫോൾസ് സീലിങ് നൽകി സ്പോട്ട് ലൈറ്റ് പിടിപ്പിക്കാം. ഓരോ മീറ്റർ അകലത്തിൽ എൽഇഡി ബൾബുകൾ നല‍്‍കിയാൽ മതി.

∙ ലൈറ്റിങ് നൽകുമ്പോൾ ശ്രദ്ധിക്കേണ്ടത് മുറിയുടെ നിറമാണ്. നീല, പച്ച എന്നിങ്ങനെയുള്ള നിറങ്ങളാണ് മുറിക്ക് നൽകിയിരിക്കുന്നതെങ്കിൽ വെള്ള വെളിച്ചം തരുന്ന ലൈറ്റ് ഉപയോഗിക്കുക. ഐവറി, മഞ്ഞ, ഓറഞ്ച് പോലുള്ള വാം നിറങ്ങളാണ് മുറികൾക്കെങ്കിൽ മഞ്ഞ വെളിച്ചം തരുന്ന ലൈറ്റ് തിരഞ്ഞെടുക്കാം.

interior09

വിവരങ്ങൾക്കും ചിത്രങ്ങൾക്കും കടപ്പാട് : പി.ആർ. ജൂഡ്സൺ, ഇന്റീരിയർ ഡിസൈനർ, ജൂഡ്സൺ അസോഷ്യേറ്റ്സ്, എറണാകുളം ആൻഡ് ദുബായ്.