Thursday 08 February 2018 05:27 PM IST : By സ്വന്തം ലേഖകൻ

വനിത വീട് പ്രദർശനം ഒക്ടോബർ ഏഴ് മുതൽ

veedu_new

കൊച്ചി: നൂറിലധികം സ്റ്റാളുകളിലായി നിർമാണ മേഖലയിലെ പുതുമകളെല്ലാം സമ്മേളിക്കുന്ന വനിത വീട് പ്രദർശനം ഒക്ടോബർ ഏഴ് മുതൽ പത്ത് വരെ മറൈൻ‍ഡ്രൈവ് ഗ്രൗണ്ടിൽ നടക്കും. വനിത വീട് മാസികയും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിടെക്ട്സ് കൊച്ചി സെന്ററും സംയുക്തമായാണ് കേരളത്തിലെ ഏറ്റവും വലിയ ആർക്കിടെക്ചർ ആൻഡ് ഡിസൈൻ എക്സിബിഷൻ സംഘടിപ്പിക്കുന്നത്. പ്രമുഖ സാനിറ്ററിവെയർ ബ്രാൻഡ് സെറ ആണ് പ്രദർശനത്തിന്റെ മുഖ്യ പ്രായോജകർ. സ്റ്റോറീസ് ഗ്ലോബൽ ഹോം കോൺസെപ്റ്റ്സ് ആണ് സഹ പ്രായോജകർ.

വീടുനിർമാണവുമായി ബന്ധപ്പെട്ട മുഴുവൻ ഉൽപന്നങ്ങളും സേവനങ്ങളും ഒരു മേൽക്കൂരയ്ക്കു കീഴിൽ അണനിരക്കുന്ന രീതിയിലാണ് പ്രദർശനം ഒരുക്കിയിട്ടുള്ളത്. ഏറ്റവും പുതിയ നിർമാണവസ്തുക്കളും ശൈലികളുമൊക്കെ അടുത്തറിയാൻ പ്രദർശനം അവസരമൊരുക്കും. ഫ്ലോറിങ് മെറ്റീരിയൽ, റൂഫ് ടൈൽ, സാനിറ്ററിവെയർ, ലൈറ്റ് ഫിറ്റിങ്സ്, ഫർണിച്ചർ, മോഡുലാർ കിച്ചൻ, സുരക്ഷാ ഉപകരണങ്ങൾ എന്നിങ്ങനെ വീടു നിർമിക്കാനും വീടൊരുക്കാനും വേണ്ട മുഴുവൻ വിഭവങ്ങളും പ്രദർശനത്തിലുണ്ടായിരിക്കും.

ഏഴിന് രാവിലെ 11 മുതൽ ആർക്കിടെക്ചർ വിദ്യാർഥികൾക്കായി വിവിധ മത്സരങ്ങൾ ഉണ്ടായിരിക്കും. വിജയികൾക്ക് സർട്ടിഫിക്കറ്റും കാഷ് അവാർഡും ലഭിക്കും. ശനി, ഞായർ, തിങ്കൾ ദിവസങ്ങളിൽ രാജ്യാന്തര പ്രശസ്തരായ ആർക്കിടെക്ടുമാർ നയിക്കുന്ന സെമിനാറുകളും ഉണ്ടായിരിക്കും. വീടുനിർമാണവുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് മറുപടി ലഭിക്കുന്ന കൺസൽട്ടേഷൻ ഡെസ്ക്കും പ്രദർശനത്തിന്റെ സവിശേഷതയാണ്. ഐഐഎ കൊച്ചി സെന്ററിലെ വിദഗ്ധരായ ആർക്കിടെക്ടുമാരുടെ നേതൃത്വത്തിലാണ് കൺസൽട്ടേഷൻ ഡെസ്ക് പ്രവർത്തിക്കുന്നത്.

പൂർണമായും ശീതികരിച്ച വേദിയിലാണ് പ്രദർശനം. പ്രവേശനം സൗജന്യമാണ്.