Thursday 08 February 2018 05:14 PM IST : By സ്വന്തം ലേഖകൻ

വെറും നിറമല്ലല്ലോ ഞാന്‍...! വനിത ‘ഹു കെയേഴ്സ് കളര്‍’ ക്യാംപെയിൻ

who_cares ചിത്രം: ശ്യാം ബാബു

ഓർത്തു നോക്കൂ... നിറത്തിന്‍റെയും രൂപഭംഗിയുടെയും വസ്ത്രത്തിന്റെയും പേരിലുള്ള കുത്തുവാക്കുകൾ എപ്പോഴെങ്കിലും  മുറിപ്പെടുത്തിയിട്ടുണ്ടോ?.  ഈ ‘നഗര ജാതീയത’യ്ക്കും വിവേചനങ്ങൾക്കുമെതിരേ ശബ്ദമുയർത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. നിർദോഷമെന്നു തോന്നിക്കുന്ന ചില പരാമർശങ്ങൾ കേൾക്കുന്നവരുടെയുള്ളിൽ ഉണ്ടാക്കുന്ന മുറിവിനെക്കുറിച്ച്  ചിന്തിച്ചിട്ടുണ്ടോ?

‘ആ കറുത്ത കുട്ടി’ എന്ന വിശേഷണം, ‘കറുത്തു പോയല്ലോ’ എന്ന അന്വേഷണം,   ‘കുട്ടി ഇരുണ്ടിട്ടാണല്ലേ ’ എന്ന കൂട്ടിച്ചേർക്കൽ ഇതൊക്കെ പലപ്പോഴും നിങ്ങളും കേട്ടിട്ടുണ്ടാകും. പക്ഷേ, അത്തരം പരാമർശങ്ങളിൽ ഇനി പതറരുത്. മനസ്സ് നോവരുത്. ആരെയും അങ്ങനെ പറഞ്ഞ് നോവിക്കരുത്. ചില ചോദ്യങ്ങൾ സ്വയം ചോദിക്കുക.
ആരാണു  പറഞ്ഞത്   സൗന്ദര്യത്തിന്റെ അളവുകോല്‍ നിറമാണെന്ന് ? ആരാണ്  അ ങ്ങനെ തീരുമാനിക്കുന്നത്? ഒറ്റ ഉത്തരമേയുള്ളു.  അത് നിങ്ങൾ തന്നെയാണ്. നിങ്ങളുടെ വ്യക്തിത്വമാണ്  നിങ്ങളുടെ ആത്മവിശ്വാസം, സൗന്ദര്യം, അഭിമാനം.

കറുപ്പഴകിനെക്കുറിച്ചു പറയാൻ, കറുപ്പിനൊപ്പം  നിൽക്കാൻ ഏറെ ക്യാംപെയിനുകൾ നടക്കുന്നുണ്ട്.  ഡാർക്  ഈസ് ബ്യൂട്ടിഫുൾ, വൈനോട്ട്  ബ്ലാക്  തുടങ്ങി അപകർഷതാ ബോധത്തിന്റെ കനലുകൾ ചവിട്ടിക്കെടുത്താനുള്ള കൈകോർക്കലുകൾ ലോകത്തെങ്ങും നടക്കുന്നു. 

ഇതാ, വനിതയും ആ  മുന്നേറ്റത്തിനൊപ്പം ചേരുന്നു. നിറമല്ല സൗന്ദര്യത്തിന്റെ മാനദണ്ഡമെന്ന്  വിളിച്ചു പറയുന്ന #whocarescolour എന്ന ഹാഷ്ടാഗ്  ക്യാംപെയിനിലൂടെ നിറത്തിന്റെ പേരിലുള്ള പരിഹാസങ്ങൾക്കു നേരെ വനിത കൈ ഉയർത്തുന്നു. മുഖചിത്രത്തിലും ഫീച്ചറുകളിലും ആ സന്ദേശം ഞങ്ങൾ പകർത്തിവച്ചിരിക്കുന്നു. 

ഈ ക്യാംപെയിനിൽ അണിചേരാൻ എല്ലാ വായനക്കാരെയും വനിത ക്ഷണിക്കുന്നു. വിദേശത്തു മാത്രമല്ല വർണവെറി, പല ഭാവങ്ങളില്‍ രൂപങ്ങളിൽ കേരളത്തിലും  അത് തെളിയുന്നുണ്ട്. അത്തരം  അനുഭവങ്ങളിലൂടെയുള്ള യാത്ര ഈ ലക്കത്തിലുണ്ട്.  അതി ൽ നിന്നെല്ലാം തെളിയുന്നത് ഒരേയൊരു കാര്യം. സ്നേഹിക്കേണ്ടത് നിറത്തെയല്ല, നിങ്ങളെത്തന്നെയാണ്.