Tuesday 23 January 2018 05:14 PM IST : By രാഖി വി.എൻ

കൂട്ടുകാരിക്ക് എഴുതിയ കത്ത് ‘എന്റെ ആകാശ’മായി; മ്യൂസിക് ആൽബത്തെക്കുറിച്ച് ഗായിക സിതാര പറയുന്നു

sithara

ഈ വനിതാ ദിനത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട സംഗീത ആൽബമാണ് ഗായിക സിതാര കൃഷ്ണകുമാറിന്റെ രചനയിൽ സിതാര മനോഹരമായി ആലപിച്ച ‘എന്റെ ആകാശം’. ചിത്രീകരണത്തിലൂടെയും സ്ത്രീകളുടെ ജീവിതം മനോഹരമായി അവതരിപ്പിക്കാൻ സിതാരയ്ക്കും കൂട്ടർക്കും കഴിയുന്നുണ്ട്. ‘എന്റെ ആകാശം’എന്ന ആൽബത്തിന്റെ വരികളിലും സംഗീതത്തിലുമെല്ലാം പെൺജീവിതത്തിന്റെ നോവും ചിത്രം കടന്നുവരുന്നുണ്ട്. സ്ത്രീകൾക്ക് പ്രത്യേകിച്ച് ‘ഷീറോസ്’ന് ആദരവുമായാണ് സിതാര ഗാനം അവതരിപ്പിച്ചത്. രവിശങ്കർ, ബിലു ടോം മാത്യു, സൈജു ശ്രീധരൻ, ജഫ്രിൻ ജോസ് എന്നിവരാണ് ആൽബത്തിന്റെ അണിയറയിൽ. ആൽബത്തെക്കുറിച്ച് സിതാര വനിത ഓൺലൈനോട് പറയുന്നു.

കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ എം എയ്ക്ക് പഠിക്കുമ്പോൾ ഗായത്രി എന്നൊരു സുഹൃത്തുണ്ടായിരുന്നു. ഒരിക്കൽ വെറുതെ അവൾക്ക് കൊടുക്കാനുള്ളൊരു കത്തായി എഴുതിയതാണീ വരികൾ. കത്ത് ഇതുവരെ കൊടുത്തില്ല. കുറച്ചു ദിവസം മുമ്പ് ആ വരികൾ എടുത്തു നോക്കിയപ്പോൾ തോന്നി ഇത് ഏത് കൂട്ടുകാരിയോടും അല്ലെങ്കിൽ ഏത് സ്ത്രീയോടും പറയാവുന്ന ഒരു സന്ദേശമല്ലേ എന്ന്.

ആൽബം കാണാം.

സ്വന്തമായി ഒരു വിഡിയോ ചെയ്യണമെന്ന പ്ലാൻ നേരത്തേ മനസ്സിലുണ്ടായിരുന്നു. എന്നാൽ പിന്നെ ഇതു തന്നെ ആയിക്കോട്ടെ എന്നു കരുതി. സത്യത്തിൽ ഇത് സ്ത്രീശാക്തീകരണമോ ഒന്നും ലക്ഷ്യമിട്ട് തുടങ്ങിയതായിരുന്നില്ല. പക്ഷേ ഇപ്പോഴത്തെ സംഭവങ്ങളുടെ പശ്ചാത്തലത്തിലാകുമ്പോൾ കുറച്ചു കൂടി നല്ലതാകും എന്നു തോന്നി. രാത്രിയിലെ ആകാശക്കാഴ്ചകൾ പോലെ സ്ത്രീയ്ക്ക് നഷ്ടമാകുന്ന വേറെയും ആകാശങ്ങളുണ്ട്.

അതെല്ലാം ‘എന്റെ ആകാശം’ പറയുന്നുണ്ട്. ഒരു മാസം മുമ്പാണ് ഇതിന്റെ കമ്പോസിങും മറ്റും തുടങ്ങിയത്. ഇതിൽ പങ്കാളികളായ കലാകാരന്മാരെല്ലാം അതത് മേഖലയിൽ കഴിവു തെളിയിച്ചവരാണ്. റാണി പദ്മിനിയുടെ തിരക്കഥാകൃത്ത് കൂടിയായ രവിശങ്കർ എന്റെ സ്കൂൾ കാലം മുതലുള്ള സുഹൃത്താണ്. എന്റെ ആശയം പറഞ്ഞപ്പോൾ രവിയാണ് പറഞ്ഞത് ഇത് നന്നായി ചെയ്യാമെന്ന്. തൊഴിലിടങ്ങളിൽ നേരിട്ടു ചെന്നാണ് ഓരോ വിഷ്വലും എടുത്തത്. മൂന്നു രാത്രി കൊണ്ടാണ് ഷൂട്ട് ചെയ്തത്. എല്ലാം നമുക്കു ചുറ്റുമുള്ള പതിവുകാഴ്ചകൾ തന്നെ എങ്കിലും ഓർക്കാതെ പോകുന്ന ചിലത് ഓർമിപ്പിക്കാനും കൂടിയാണ് ‘എന്റെ ആകാശം’