Tuesday 23 January 2018 05:33 PM IST : By രൂപാ ദയാബ്ജി

ഈ ദൂരം നിന്റെ കൈപിടിച്ച്; തനിയെ നടക്കാൻ കഴിയാതായ ഭർത്താവിന് താങ്ങും കരുത്തുമായ മമിതയുടെ കഥ

mamitha ഫോട്ടോ: ശ്രീകുമാർ എരുവെട്ടി

നേരം പുലർന്നാൽ പിന്നെ മമിതയ്ക്ക് മൂന്നു പേരെ റെഡിയാക്കണം. ആദ്യത്തെ രണ്ടുപേരെ വിളിച്ചുണർത്തുന്ന ജോലിയേ ഉള്ളൂ, പല്ലുതേപ്പും കുളിയും കാപ്പികുടിയുമൊക്കെ കഴിഞ്ഞ് അവർ തനിയെ തയാറായിക്കോളും. പക്ഷേ, അവരെക്കാൾ കരുതലോടെയും ക്ഷമയോടെയും തയാറാക്കേണ്ട മറ്റൊരാൾ കൂടി വീട്ടിലുണ്ട്, ഭർത്താവ് നാരായണൻ.

‘മസ്കുലർ ഡിസ്ട്രോഫി’ രോഗം ബാധിച്ച് നടക്കാൻ ശക്തിയില്ലാതായ നാരായണന് കിടപ്പിൽ നിന്ന് എഴുന്നേൽക്കുന്നതു മുതൽ വസ്ത്രം ധരിക്കുന്നതിനും ടോയ്‌ലറ്റിൽ പോകുന്നതിനും വരെ മമിതയുടെ സഹായം വേണം. രോഗം വേദനയുടെ വേരുകളാഴ്ത്തിയ ജീവിതത്തിലും ചിരിയോടെ കൈപിടിക്കാൻ മമിത കൂട്ടുവന്നപ്പോൾ രോഗക്കിടക്കയിൽ നിന്ന് നാരായണൻ ഉയിർത്തെഴുന്നേൽക്കുകയായിരുന്നു. കാസർകോട് ജില്ലാപഞ്ചായത്തിലെ ജൂനിയർ സൂപ്രണ്ടായ നാരായണന്റെയും ഭാര്യ മമിതയുടെയും ആ കഥ കേൾക്കാം.

നടന്നു നടന്നു നടന്ന്...

കാസർകോട് പുത്തിഗെ പ‍ഞ്ചായത്തിൽ ക്ലർക്കായിരുന്നു നാരായണന്റെ അച്ഛൻ. രണ്ടു സഹോദരിമാരുടെ ലാളനയേറ്റുവളർന്ന ബാല്യം. ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ സൈക്കിൾ ചവിട്ടിയതും ക്രിക്കറ്റു കളിച്ചതുമെല്ലാം നാരായണന് ഓർമയുണ്ട്. ‘‘ഞാൻ പ്രീഡിഗ്രി ഫസ്റ്റ് ഇയർ പഠിക്കുമ്പോഴാണ് അച്ഛൻ പക്ഷാഘാതം വന്ന് കിടപ്പിലായത്. മൂന്നുവർഷം അതേ കിടപ്പുകിടന്നു. അച്ഛൻ മരിച്ച് ഒരു വ ർഷം കഴിഞ്ഞ് എൻമകജെ പഞ്ചായത്തിൽ ക്ലർക്കായി ജോയിൻ ചെയ്തു, അന്ന് എനിക്ക് 20 വയസ്സാണ്. അതിനുശേഷമാണ് അനിയത്തിയുടെ വിവാഹം നടത്തിയത്. അന്നൊക്കെ എല്ലാ കാര്യത്തിനും ഞാൻ മുന്നിലുണ്ടായിരുന്നു.’’ ഓർമകൾ ഇരച്ചുകയറി ഒരു വിങ്ങൽ നാരായണന്റെ തൊണ്ടയിൽ തടഞ്ഞു.

ടാക്സ് കലക്‌ഷനാണ് അന്ന് നാരായണന്റെ പ്രധാന ജോലി. ഗ്രാമപ്രദേശത്തെ ഓരോ വീടും കയറിയിറങ്ങി നികുതി പിരിക്കണം. സൈക്കിളിലാണ് പോയിവന്നിരുന്നത്. പിന്നീട് ബദിയഡുക്കയിലും പുത്തിഗെയിലും ബെള്ളൂരിലും ജോലി നോക്കി. ബദിയടുക്കയിൽ ജോലി ചെയ്യുന്നതിനിടയിലാണ് രോഗത്തിന്റെ ലക്ഷണങ്ങൾ ആദ്യം കണ്ടുതുടങ്ങിയത്. ‘‘നടക്കുമ്പോൾ എവിടെയെങ്കിലും തട്ടിയാൽ താഴെ വീഴും. പടി കയറുന്നതിന് ആരെങ്കിലും കൈ പിടിക്കണം. ഇരുന്നാൽ കസേരയുടെ കൈപ്പിടിയിൽ രണ്ടുകൈയും കൊണ്ട് ബലമായി പിടിച്ചുവേണം എഴുന്നേൽക്കാൻ. ബസിൽ കയറാൻ ആരെങ്കിലും ഉന്തിത്തരണമായിരുന്നു.

രാവിലെ 8 ന് വീട്ടിൽ നിന്നിറങ്ങും. പതിയെ നടന്ന് ബസ് സ്റ്റോപ്പിൽ പോയി നിൽക്കും. ബസ് സ്റ്റോപ്പിലെ കടയിലേക്ക് വരുന്ന സ്വർണപ്പണിക്കാരനും തയ്യൽക്കാരനും ഇറങ്ങുമ്പോൾ ഒഴിയുന്ന സീറ്റ് എനിക്കുകിട്ടും. അവർ തന്നെയാണ് ബസിലേക്ക് കയറാൻ സഹായിക്കുന്നതും.

വൈകിട്ട് ഇതേ ബസിൽ തന്നെ തിരികെ വരും. നാലഞ്ചുവർഷം അങ്ങനെ ജോലി ചെയ്തു. രോഗം വല്ലാതെ ബുദ്ധിമുട്ടിക്കാൻ തുടങ്ങിയപ്പോൾ കോയമ്പത്തൂരിൽ ആയുർവേദ ചികിത്സ നോക്കി. രക്തക്കുഴലുകളുടെ പ്രവർത്തനക്ഷമതക്കുറവിൽ പേശികളുടെ ബലമില്ലായ്മ കൊണ്ടുണ്ടാകുന്ന മസ്കുലർ ഡിസ്ട്രോഫിയാണ് രോഗമെന്നും ചികിത്സ കൊണ്ട് രോഗം മാറ്റാനാകില്ലെന്നും അറിഞ്ഞു.’’

നാരായണൻ നിർത്തിയിടത്തു നിന്ന് പറഞ്ഞുതുടങ്ങിയത് മമിതയാണ്. ‘‘എന്റെ അച്ഛന്റെ ചേച്ചിയാണ് ഇദ്ദേഹത്തിന്റെ അമ്മ. ബ്രാഹ്മണ സമുദായമായ എമ്പ്രാന്തിരിമാരാണ് ഞങ്ങൾ. പൂജ ചെയ്യാനും മറ്റും ഞങ്ങളുടെ പൂർവികർ കാസർകോടു നിന്നാണ് പാലക്കാട്ടേക്ക് എത്തിയത്. പക്ഷേ, ബന്ധം പരസ്പരം നിലനിർത്താനായി അവർ ഒരു വഴി കണ്ടുപിടിച്ചു. കുടുംബത്തിലെ മൂത്ത പെൺകുട്ടിയെ മുറച്ചെറുക്കനെ കൊണ്ടേ കല്യാണം കഴിപ്പിക്കൂ.

എനിക്ക് കല്യാണപ്രായമായപ്പോൾ നാരായണേട്ടന്റെ ആലോചന വന്നു. ചെറിയ ബുദ്ധിമുട്ടുകൾ ഏട്ടനുണ്ടെന്ന് അറിയാം. പക്ഷേ, ആ കൈപിടിച്ച് കൂടെ നിൽക്കണമെന്ന് തോന്നി. അന്നു നന്നായി നടക്കുകയും വണ്ടിയോടിക്കുകയുമൊക്കെ ചെയ്യുമായിരുന്നു. ആ സമയത്ത് ഗുരുവായൂരിൽ വച്ചുനടന്ന ഒരു ബന്ധുവിന്റെ വിവാഹത്തിന് ഞങ്ങൾ പോയത് നാരായണേട്ടൻ ഓടിച്ച മാരുതി വാനിലായിരുന്നു. മക്കളൊക്കെ ഉണ്ടായ ശേഷമാണ് അസുഖം വല്ലാതെ ബുദ്ധിമുട്ടിക്കാൻ തുടങ്ങിയത്.’’

വീഴ്ചകൾ പതിവാകുന്നു

അന്ന് മമിതയും നാരായണനും താമസിച്ചിരുന്നത് കട്ടത്തടുക്കയിലുള്ള തറവാട്ടിലാണ്. ബസ് സ്റ്റോപ്പിൽ നിന്ന് 15 മിനിറ്റ് നടക്കണം വീട്ടിലേക്ക്. ഓഫിസിൽ നിന്നിറങ്ങും മുമ്പ് നാരായണൻ വിളിക്കും. കൃത്യം 25 മിനിറ്റിനുള്ളിൽ വീട്ടിലെത്തിയില്ലെങ്കിൽ മമിത ബസ് സ്റ്റോപ്പിലേക്ക് ചെല്ലും. അന്നേരം വഴിയിൽ എവിടെയെങ്കിലും വീണുകിടക്കുകയാവും നാരായണൻ. ‘‘ചെറിയ കല്ലിലോ വള്ളിയിലോ തട്ടിയാൽ മതി ബാലൻസ് തെറ്റി വീഴാൻ. തനിയെ ടോയ്‌ലറ്റിൽ പോകുമ്പോൾ മിക്കവാറും വീഴും. അങ്ങനെ വീണ് പൊട്ടിയതാ താടിയിലെ ഈ പാട്...’’ നാരായണൻ താടി ഉയർത്തിക്കാണിച്ചു.

ജോലി ചെയ്യാൻ തുടങ്ങിയാൽ പിന്നെ നാരായണൻ അവശതയൊന്നും കണക്കിലെടുക്കില്ല. അഞ്ചുമണി എന്ന സർക്കാർ ടൈംടേബിൾ പ്രശ്നമേയല്ല. ചെയ്യാനുള്ള ജോലികൾ മുഴുവൻ തീർത്തിട്ടേ ഓഫിസിൽ നിന്നിറങ്ങൂ. വൈകിയിറങ്ങുമ്പോൾ മമിതയ്ക്ക് ഉള്ളിൽ തീയാണ്. ഇരുട്ടു വീണാൽ പന്നിയുടെ ശല്യമുണ്ട് വഴിയിൽ. അങ്ങനെ റോഡ് സൈഡിലേക്ക് പുതിയ വീടെടുത്ത് താമസം മാറി.

mamitha2 മമിതയുടെ കൈപിടിച്ച് ഓഫിസിന്റെ വരാന്തയിലൂടെ...

പക്ഷേ, ജീവിതം ഇരുട്ടിലാക്കിയ വീഴ്ച വരാനിരിക്കുന്നതേ ഉണ്ടായിരുന്നുളളൂ. ‘‘ഇരുന്നാൽ പിന്നെ എഴുന്നേൽക്കാൻ പാടായതു കൊണ്ട് മിക്കവാറും ഓഫിസിൽ നിന്നുകൊണ്ടു തന്നെയാണ് ജോലികൾ ചെയ്തിരുന്നത്. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുന്നതും നിന്നുതന്നെ. കൈകഴുകി ബാത്റൂമിൽ പോയി സീറ്റിൽ വന്നിരുന്നാൽ പിന്നെ വൈകിട്ട് ഇറങ്ങാൻ നേരത്തേ എണീക്കൂ.

ഓഡിറ്റിങ് നടക്കുന്ന ദിവസം. അടുത്ത മേശയിലിരുന്ന ഒരു ഫയലെടുക്കാനായി നടന്നതാണ്. ടെലഫോൺ കേബിൾ നീണ്ടുകിടന്നത് ശ്രദ്ധയിൽപ്പെട്ടില്ല. കാലുകുരുങ്ങി വീഴാൻ പോയി. വീഴുന്നതിനു മുമ്പുതന്നെ കസേരയിൽ പിടിച്ച് കാലുകുത്തി തറയിലേക്കിരുന്നു. പക്ഷേ, രോഗം ബാധിക്കാത്ത വലതുകാലിൽ ബലം മുഴുവൻ കൊടുത്തപ്പോൾ മറ്റൊരു അപകടം സംഭവിച്ചു, വലതുകാൽ തുടയിലേക്ക് ഉറച്ചിരിക്കുന്ന ഭാഗം തിരിഞ്ഞുപോയി.’’

കഠിനമായ വേദനയോടെ ആശുപത്രിയിലെത്തിച്ച നാരായണന്റെ വലതുകാലിൽ പൊട്ടലുണ്ടെന്ന് കണ്ടു. മംഗലാപുരത്തെ ആശുപത്രിയിൽ നടത്തിയ ഓപ്പറേഷനിൽ തുടയെല്ലിൽ സ്റ്റീൽ റോഡ് പിടിപ്പിച്ചു. അതോടെ ആരോഗ്യമുണ്ടായിരുന്ന വലതുകാലിനും ബലം കുറഞ്ഞു. ആശുപത്രിയിൽ നിന്നെത്തി മൂന്നുമാസം വിശ്രമം. വാക്കറിൽ നടക്കാമെന്നായെങ്കിലും മുന്നിലെ വലിയ ഇരുട്ടിനെ ഭയന്ന നാരായണന് മുന്നിൽ മമിത നറുവെളിച്ചമായി.

‘‘ഇവളാണ് ശക്തി പകർന്നത്. രാവിലെ എഴുന്നേൽക്കുന്നതുമുതൽ എല്ലാ കാര്യവും ചെയ്തുതരും. പാന്റ് ഇട്ടുതരുന്നതും ടോയ്‍‌ലറ്റിൽ കൊണ്ടുപോകുന്നതുമെല്ലാം മമിതയാണ്. ഓഫിസിൽ കൊണ്ടുപോയി സീറ്റിലിരുത്തിയ ശേഷം അവൾ വീട്ടിലേക്ക് തിരികെ പോകും. ഭക്ഷണമുണ്ടാക്കി ഉച്ചനേരത്ത് വരും. കഴിപ്പിച്ച് കൈകഴുകി ബാത്റൂമിൽ കൊണ്ടുപോയ ശേഷം പോകും. വൈകിട്ട് വിളിച്ചുകൊണ്ടുപോകാൻ വീണ്ടും വരും. അന്ന് ഓട്ടോറിക്ഷയിലാണ് പോയി വന്നിരുന്നത്. മമിതയുടെ ബുദ്ധിമുട്ട് കണ്ടപ്പോൾ ഓഫിസിലുണ്ടായിരുന്ന അറ്റന്റർ ഇടപെട്ടു. രാവിലെ കൊണ്ടുവിട്ടാൽ ഉച്ചയ്ക്ക് ബാത്റൂമിൽ കൊണ്ടുപോകുന്നതിനൊക്കെ അദ്ദേഹം സഹായിക്കും. വൈകിട്ട് ഓട്ടോയിൽ കയറ്റിവിടും. അതോടെ അവൾക്ക് ശ്വാസംവിടാമെന്നായി.’’ നാരായണന്റെ കണ്ണിൽ സ്നേഹം തിളങ്ങി.

ജില്ലാ പഞ്ചായത്തിലേക്ക്...

രോഗത്തിന്റെ മുറിവുകൾക്കിടയിലും നാരായണനെ വിഷമിപ്പിക്കുന്ന ഓർമകൾ പലതുണ്ട്. മുമ്പ് വീട്ടിൽ എന്തെങ്കിലും ചടങ്ങ് നടന്നാൽ നാരായണൻ മാറിനിൽക്കുമായിരുന്നു. തന്റെ കുറവ് മറ്റുള്ളവർ അറിയുമെന്ന വിഷമം. ബന്ധുക്കളുടെ വിവാഹത്തിനോ മറ്റോ പോയാൽ ഏറ്റവും പിന്നിലേ ഇരിക്കൂ. പക്ഷേ, ഇപ്പോൾ അങ്ങനെ വിഷമിക്കാൻ മമിത സമ്മതിക്കാറില്ല.

‘‘എവിടെ പോകണമെങ്കിലും കൊണ്ടുപോകും. ഇരുത്താനും എഴുന്നേൽപ്പിക്കാനും ഞാനുള്ളപ്പോൾ എന്തിനാണു വിഷമിക്കുന്നത്. വിഷമം വന്നാൽ ഉള്ള ധൈര്യം കൂടി പോകുമെന്നാണ് ഡോക്ടർ പറഞ്ഞിരിക്കുന്നത്. എപ്പോഴും ധൈര്യം കൊടുത്ത് കൂടെ നിൽക്കുന്നതും അതുകൊണ്ടാണ്.’’ കൺകോണിലെ നനവ് നാരായണൻ കാണാതെ മമിത തുടച്ചു.

ഡിപ്പാർട്ടുമെന്റ് പരീക്ഷയെഴുതാൻ പോകാൻ സാധിക്കാത്തതു കൊണ്ട് നാരായണന് വൈകിയാണ് പ്രമോഷൻ കിട്ടിയത്. ‘‘ഹെഡ്ക്ലർക്കായി പ്രമോഷനായി, പക്ഷേ, ആറളത്താണ് പോസ്റ്റിങ്. പോയിവരാൻ ബുദ്ധിമുട്ടായതുകൊണ്ട് തിരുവനന്തപുരത്ത് പോയി ഓർഡർ ക്യാൻസൽ ചെയ്യിച്ചു. പക്ഷേ, ഓർഡർ ക്യാൻസൽ ചെയ്തതിനൊപ്പം പ്രമോഷനും ക്യാൻസലായി. പിന്നെയും വർഷങ്ങൾ കഴിഞ്ഞാണ് അടുത്ത പ്രമോഷൻ വന്നത്. ജൂനിയർ സൂപ്രണ്ടായി കാസർകോട് കലക്ട്രേറ്റിലെത്തിയിട്ട് മൂന്നുവർഷമായി. നാട്ടിൽ നിന്ന് വിട്ടുനിൽക്കുന്നതിന്റെ പ്രയാസമുണ്ടായിരുന്നു. ഇപ്പോൾ കസേരയിലേക്ക് പിടിച്ചിരുത്തിയാൽ വൈകുന്നേരം വരെ വേണമെങ്കിലും ജോലി ചെയ്യും. എഴുന്നേൽപ്പിക്കാൻ മമിത വരണം. നടക്കുന്നത് അവളുടെ കൈപിടിച്ചാണ്, നടപ്പെന്ന് പറയാനാകില്ല. കാലുകൾ നിലത്തുകൂടി നിരക്കിനിരക്കി ഒരു പോക്ക്.

സഹപ്രവർത്തകർക്കെല്ലാം നല്ല സ്നേഹമാണ്. കുറവുകൾ അറിഞ്ഞ് പെരുമാറും. വാതിലിന് തൊട്ടടുത്ത് തന്നെ സീറ്റ് നൽകി. പഞ്ചായത്ത് സെക്രട്ടറി വന്നാലും അടുത്ത് ഇരിക്കാൻ പ്രത്യേകം കസേര ഇട്ടിട്ടുണ്ട്. ഇനിയുള്ള ഉദ്യോഗക്കയറ്റം സെക്രട്ടറി ആയാണ്. അതും നടക്കുമെന്ന് ഉറപ്പുണ്ട്, മമിത കൂടെയുണ്ടല്ലോ.’’ നാരായണൻ ചിരിച്ചു.

mamitha3 മമിത, നാരായണൻ, രശ്മി, മീരാലക്ഷ്മി

വീടിന്റെ ശക്തി

രണ്ടു മക്കളാണ് നാരായണനും മമിതയ്ക്കും, ഡിഗ്രി ഒന്നാം വർഷക്കാരി രശ്മിയും മൂന്നാം ക്ലാസുകാരി മീരാലക്ഷ്മിയും. അച്ഛന്റെ കാര്യങ്ങളെല്ലാം നോക്കാൻ മക്കൾക്കും ഉത്സാഹം തന്നെ. ഭർത്താവിനെ ഇഷ്ടമുള്ളിടത്തെല്ലാം കൊണ്ടുപോണമെങ്കിൽ സ്വന്തമായി വണ്ടിവേണ്ടതുകൊണ്ട് മമിത ഡ്രൈവിങ് പഠിച്ചു. മൂകാംബികയിലും രാമേശ്വരത്തും നാരായണനെയും കൊണ്ട് മമിത പോയി. ഈ ഓണത്തിന് പാലക്കാട്ടെ തറവാട്ടിലേക്ക് പോകാൻ കാത്തിരിക്കുകയാണ്. ‘‘ഓണത്തിന് എല്ലാവരും ഒന്നിച്ചുകൂടുമ്പോൾ, ആ സന്തോഷം അറിയണമെങ്കിൽ ഒന്നിച്ചുതന്നെ പോണമല്ലോ...’’ മമിത നാരായണന്റെ കൈകളിൽ മുറുക്കെ പിടിച്ചു, ഒരു ഉറപ്പ് നൽകും മട്ടിൽ. അവിടെ ചുറ്റിനിന്ന കാറ്റിനുപോലും അന്നേരം ഉള്ളു തണുത്തു.