Tuesday 23 January 2018 05:15 PM IST : By രാഖി പാര്‍വതി

വിശക്കുന്ന വയറുകൾക്ക് മിനുവിന്റെ നന്മമരം! ഭക്ഷണം പാഴാക്കുന്നവർ ഈ കഥ വായിക്കാതെ പോകരുത്

minu-paulin

ഒരിക്കൽ പോലും ഭക്ഷണം പാഴാക്കാത്തവരായിട്ട് ആരെങ്കിലുമുണ്ടാകുമോ. അധികമായാലും തികയാതെ വരരുത് എന്ന നമ്മുടെ ശീലം എത്രത്തോളം ഭക്ഷണമാണ് പാഴാക്കി കളയുന്നത്. അത്രമാത്രം ഭക്ഷണം കിട്ടിയാൽ ഒരു ദിവസത്തെ മുഴുവൻ വിശപ്പടക്കുന്ന പാവങ്ങളെക്കുറിച്ച് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? മിനു എന്ന പെൺകുട്ടി അങ്ങനെ ചിന്തിച്ചതോടെ കൊച്ചി നഗരത്തിലെ നിരവധി പട്ടിണി വയറുകളാണ് ഓരോ ദിവസവും വിശപ്പും തളർച്ചയും മറന്നുറങ്ങുന്നത്. 2013 മുതൽ വ്യത്യസ്ത രുചികളും തീമും ആയി എത്തിയ ‘പപ്പടവട’ എന്ന എറണാകുളം എംജി റോഡിലെ ഹോട്ടൽ ഭക്ഷണ പ്രിയർക്ക് പ്രിയങ്കരമാണ്.

മിനു പൗളിൻ ആണ് പപ്പടവടയുടെ ഓൾ ഇൻ ഓൾ. തന്റെ ചുമതലയിലുള്ള ഒരു സ്ഥാപനത്തിൽ നിന്ന് എത്രമാത്രം ഭക്ഷണമാണ് മാലിന്യമായി കൊച്ചിൻ കോർപ്പറേഷനിലേക്ക് പോകുന്നതെന്ന് മിനു ഒരിക്കൽ ചിന്തിച്ചു. അതിൽ നിന്നാണ് നന്മമരം എന്ന ആശയം മുള പൊട്ടുന്നത് എന്ന് മിനു പറയുന്നു. ‘‘ദിവസവും ഹോട്ടലിൽ നല്ല ഒരു ശതമാനം ഭക്ഷണ വസ്തുക്കൾ മിച്ചം വരാറുണ്ട്. ഒരോ ദിവസവും അന്നത്തേക്ക് തയാറാക്കി വയ്ക്കുന്ന ഭക്ഷണമാണ് വിൽക്കുന്നത്. മിച്ചം വന്നാൽ പിറ്റേന്ന് ഉപയോഗിക്കില്ല. അധികം ഭക്ഷണം വീട്ടിലേക്ക് കൊണ്ട് പോകാവുന്നതാണ്. പക്ഷെ പലപ്പോഴും കേരളീയരുടെ രീതി കളയാതിരിക്കുവാൻ വീട്ടിലെ അധിക ഭക്ഷണം കൂടെ കഴിച്ച് സ്ത്രീകൾ തടി വയ്ക്കുന്നതാണ്. ഇത്തരത്തിൽ വീട്ടിലേക്കും ഭക്ഷണം കൊണ്ടുപോകാതെ പിറ്റേന്ന് വരുന്ന കോർപ്പറേഷൻ വണ്ടിയിൽ ഭക്ഷണം നിറയാൻ തുടങ്ങി. അങ്ങനെ ഒരു ദിവസം രാത്രി കടപൂട്ടും മുൻപ് അന്നത്തെ മിച്ചം വന്ന ഭക്ഷണം വേസ്റ്റ് പാത്രത്തിൽ നിക്ഷേപിച്ച് വീട്ടിലേക്ക് ഡ്രൈവ് ചെയ്തപ്പോൾ കണ്ടകാഴ്ച ഞെട്ടിക്കുന്നതായിരുന്നു. ആർത്തിയോടെ മാലിന്യക്കൂമ്പാരത്തിൽ ഭക്ഷണത്തിനായി ഇരുട്ടിൽ തപ്പുന്ന ആളുകൾ. അന്ന് കുറ്റബോധം കൊണ്ട് ഉറങ്ങാൻ കഴിഞ്ഞില്ല. പിറ്റേന്ന് ഉച്ചയ്ക്കും അതേ കാഴ്ച കണ്ടു. എന്റെ ഉള്ളിൽ വല്ലാത്ത വേദന തോന്നി. ഇത്രയധികം ആളുകൾ പട്ടിണി കിടന്നപ്പോഴാണല്ലോ ഞാൻ ഭക്ഷണം ഇത്രമാത്രം പാഴാക്കുന്നതെന്ന്. അങ്ങനെയാണ് പാവങ്ങൾക്ക് കൂടി ഭക്ഷണമെത്തിക്കണമെന്ന് തോന്നിയത്’’.

നന്മമരം വളരുന്നു

പപ്പടവടയുടെ രണ്ടാമത്തെ ഔട്ട്ലെറ്റ് കലൂരിൽ തുടങ്ങിയപ്പോൾ മിനു ഉറപ്പിച്ചു. ഭക്ഷണം പാഴാക്കി കളയില്ല. ഓപ്പൺ റസ്റ്റോറന്റ് ആണ് ഇവിടുത്തെ ‌പപ്പടവട. മൺപാത്രങ്ങളിൽ ഭക്ഷണം വിളമ്പുന്ന, മൺപാത്രങ്ങളിൽ കുടിവെള്ളം നൽകുന്ന നല്ല വൃത്തിയുള്ള പപ്പടവടയുടെ തൊട്ടു മുന്നിൽ ഒരു മരത്തണലുണ്ട്. അവിടെ മിനു ഒരു ഫുഡ് വെൻഡിങ് മെഷിൻ വച്ചു. അതിന് പേരുമിട്ടു, ‘നന്മമരം’. കടയിൽ അധികം വരുന്ന ഭക്ഷണം പല പൊതികളിലാക്കി ഈ റെഫ്രിജിറേറ്ററിൽ വയ്ക്കും. കഴിക്കാൻ വരുന്നവർക്കും അധിക ഭക്ഷണം പായ്ക്ക് ചെയ്ത് അതിനുള്ളിൽ വയ്ക്കാം. വിശപ്പുള്ള പാവങ്ങൾക്ക് അതിനുള്ളിൽ നിന്ന് ഭക്ഷണം എടുത്ത് കഴിച്ച് വിശപ്പകറ്റാം. ഇന്ന് കൊച്ചി നഗരത്തിൽ അലഞ്ഞ് നടക്കുന്നവർക്ക് പലർക്കും അന്നദാതാവാണ് നന്മമരം.

minu_food നന്മമരത്തിലേക്ക് ഭക്ഷണം നിറയ്ക്കുന്ന മിനു

നല്ല ഭക്ഷണം എത്തേണ്ടവരുടെ കയ്യിൽ എത്തുന്ന സന്തോഷമാണ് മിനുവിന്. എല്ലാത്തിനും പ്രചോദമായി ഭർത്താവ് അമൽ നായരും അച്ഛൻ ആന്റണിയും അമ്മ സീനയും ഉണ്ട്. പാവങ്ങളുടെ കണ്ണീരൊപ്പുന്ന വിശപ്പടക്കുന്ന ഈ നന്മയുടെ അനുഗ്രഹമാണ് തന്റെ ജീവിതത്തിലുമുള്ളതെന്ന് മിനു പറയുന്നു. ‘‘നമ്മളെക്കൊണ്ട് ഈ രാജ്യത്തെ പട്ടിണിക്ക് ഒരു പരിഹാരവും ആകില്ലായിരിക്കും. എങ്കിലും നമ്മൾ കളയുന്ന ഓരോ വറ്റും ഒരാളുടെ വിശപ്പടക്കിയാൽ അതൊരു നന്മയാകില്ലേ?’ മിനു ചോദിക്കുന്നു.

minu_amal മിനു ഭര്‍ത്താവ് അമല്‍ നായര്‍, മകന്‍ മിലന്‍ എന്നിവരോടൊപ്പം

ഒരു പ്രമുഖ ദേശീയ ബ്രാൻഡ് രാജ്യത്തെ നന്മയുള്ള പ്രവൃത്തികൾ തിരഞ്ഞെടുത്ത് അഭിനന്ദിച്ചപ്പോൾ കേരളത്തിൽ നിന്ന് പാവങ്ങളുടെ വിശപ്പടക്കുന്ന മിനുവിന്റെ നന്മ മരവും ഫീച്ചർ ചെയ്യപ്പെട്ടു. ബോളിവുഡ് താരങ്ങളായ പ്രിയങ്ക ചോപ്രയും ഷാരൂഖും ചേർന്ന് അവതരിപ്പിച്ച വിഡിയോ ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ട ത്രില്ലിലാണ് മിനു. ബിസിനസും കാരുണ്യപ്രവർത്തനവും ഒപ്പം സൗഹൃദവും ഒക്കെ ഒരുപോലെ ആസ്വദിക്കുന്ന മിനുവിന് മിലൻ എന്ന രണ്ടര വയസുകാരൻ മകനും കൂടിയുണ്ട്.