Tuesday 23 January 2018 05:38 PM IST : By പ്രിയദർശിനി പ്രിയ

കരളു നോവും ഈ കഥ കേട്ടാൽ!!

bindhu-pradeep.jpg.image.784.410

ഉറങ്ങി കിടക്കുകയാണെന്നേ അവളെ കണ്ടാൽ തോന്നൂ... മാലാഖയെ പോലെ നിഷ്കളങ്കമായ മുഖം. ചുവന്നു തുടുത്ത കവിളുകൾ അൽപം കരിവാളിച്ചിട്ടുണ്ടോ? എങ്കിലും റോസ് ഉടുപ്പിൽ ആ മൂന്നു വയസുകാരിയുടെ ഭംഗി ഒന്നു കാണേണ്ടതായിരുന്നു. വാരിപ്പുണർന്ന് ഉമ്മ വയ്ക്കാൻ തോന്നും, ആ കൊച്ചുസുന്ദരിയെ കണ്ടാൽ. പുഴ അവളുടെ ജീവൻ കവർന്നെടുത്തു എന്നറിയുന്ന നിമിഷം വരെ!

സ്ത്രീകൾ അധികം കടന്നുചെല്ലാത്ത മേഖലയായ ക്രൈം ഫൊട്ടോഗ്രഫിയിൽ പ്രവർത്തിക്കുന്ന അപൂർവം വനിതകളിൽ ഒരാളായ ബിന്ദു പ്രദീപിന് ഇത് ഒറ്റപ്പെട്ട കാഴ്ചയല്ല. ചോരയിൽ കുളിച്ചു കിടക്കുന്ന മനുഷ്യ ശരീരങ്ങൾ, വെട്ടിമാറ്റപ്പെട്ട ശിരസ്സ്, അഴുകിയ മൃതശരീരങ്ങൾ... ബിന്ദുവിന്റെ കാമറയിൽ പതിഞ്ഞിട്ടുള്ള ചിത്രങ്ങളിൽ ഏറിയ പങ്കും ഇത്തരത്തിലാണ്. ബിന്ദു ആദ്യമായി എടുത്ത മൃതശരീരത്തിന്റെ ചിത്രം ആ കുഞ്ഞിന്റേതായിരുന്നു.

"റോസ് ഉടുപ്പിട്ട് കമിഴ്ന്നു കിടന്നുറങ്ങുന്ന അവളുടെ ദയനീയ ചിത്രമാണ് ഞാൻ ആദ്യമായി എടുക്കുന്നത്. അന്ന് ഫോട്ടോയെടുക്കാൻ വണ്ടിയിൽ നിന്നിറങ്ങുമ്പോൾ എന്റെ കൈകാലുകൾ വിറയ്ക്കുകയായിരുന്നു. ഞാനിത് ആഗ്രഹിച്ചതല്ല, ഇങ്ങനെയൊരു ജോലി തിരഞ്ഞെടുക്കണമെന്നത് ഈശ്വര നിയോഗമാണ്. ഒരിക്കലും ഫൊട്ടോഗ്രഫർ ആവുമെന്ന് കരുതിയിരുന്നതല്ല, ചെന്നെത്തിപ്പെട്ട ജോലി ജീവിത മാർഗ്ഗമാക്കുകയായിരുന്നു,"– 37 വയസ്സിനിടെ ജീവിതം ഒരുപാട് കണ്ണീരു കുടിപ്പിച്ച ബിന്ദുവിന്റെ മുന്നിൽ ഓർമകൾ ബ്ലാക് ആൻഡ് വൈറ്റ് ചിത്രം പോലെ തെളിഞ്ഞുവന്നു.



കൊടുങ്ങല്ലൂർ പൊലീസ് സ്‌റ്റേഷനിൽ കുറ്റവാളികളുടെയും മൃതശരീരങ്ങളുടെയും ഫോട്ടോ പകർത്തി നൽകുകയാണ് ബിന്ദുവിന്റെ ജോലി. 2002 ലായിരുന്നു പൊലീസിന്റെ ഫൊട്ടോഗ്രഫറായി ജോലി ആരംഭിക്കുന്നത്. ആണുങ്ങൾ പോലും ചെയ്യാൻ മടിക്കുന്ന ജോലി, രണ്ടുംകല്പിച്ചു കുടുംബത്തിനുവേണ്ടി ഏറ്റെടുത്തു. ഇന്ന് പറക്കമുറ്റാത്ത രണ്ടു പെൺകുഞ്ഞുങ്ങളുടെയും അമ്മായിയമ്മയുടെയും ഏക അത്താണിയാണ് ബിന്ദു. അമ്മയായും മരുമകളായും തന്റേടിയായ ഫൊട്ടോഗ്രഫറായുമെല്ലാം ജീവിതത്തിൽ നെട്ടോട്ടമോടുന്ന അവർക്ക് പങ്കുവയ്ക്കാൻ ഒരു സങ്കടക്കടൽ തന്നെയുണ്ട്.

bindhu2.jpg.image.784.410

സ്റ്റാർട്ട് കാമറ...

തൃശൂർ മതിലകം കടപ്പുറത്തായിരുന്നു വീട്. അച്ഛൻ വേലായുധനും അമ്മ തങ്കമ്മയും കൂലിപ്പണിക്കാരായിരുന്നു. ഞങ്ങൾ ആറു മക്കൾ. അഞ്ചു പെൺകുട്ടികളും ഒരു ആൺകുട്ടിയും. ഞാൻ നാലാമത്തെ കുട്ടിയാണ്. സാമ്പത്തികമായി വളരെ മോശം അവസ്ഥയിലായിരുന്നു ഞങ്ങൾ. ഒരു വലിയ കുടുംബത്തിന്റെ മുഴുവൻ ബാധ്യതയും അച്ഛന്റെയും അമ്മയുടെയും ചുമലിലായിരുന്നു. ഞാൻ പ്രീഡിഗ്രി വരെ പഠിച്ചു. തുടർന്ന് പഠിക്കാൻ സാമ്പത്തിക പരിമിതികൾ അനുവദിച്ചില്ല. എല്ലാവർക്കും പ്രാഥമിക വിദ്യാഭ്യാസം നൽകണമെന്ന് അച്ഛന് നിർബന്ധമായിരുന്നു. ഒന്നിനു പിന്നാലെ ഒന്നായി മക്കളെയെല്ലാം സ്കൂളിൽ വിട്ടു. ഒരാൾ അടുത്ത ഘട്ടത്തിലേക്ക് പോയാൽ പിന്നാലെ വരുന്നവരുടെ പഠിത്തം മുടങ്ങും. അതുകൊണ്ട് ഉന്നത വിദ്യാഭ്യാസം എന്ന സാഹസത്തിന് ആരും മുതിർന്നില്ല.

മക്കളിൽ ഞാൻ മാത്രമാണ് ബഹളക്കാരി. മറ്റെല്ലാവരും സൈലന്റ്. എങ്കിലും അച്ഛന്റെയും അമ്മയുടെയും കഷ്ടപ്പാടുകൾ കണ്ടു വളർന്നതുകൊണ്ടു ഒരു കാര്യത്തിനും നിർബന്ധം പിടിച്ചിരുന്നില്ല. സ്‌കൂളിൽ നിന്ന് ടൂർ പോവുമ്പോഴെല്ലാം ഞാൻ ഒഴിവാകും. വീട്ടിലെ സാഹചര്യം എന്താണെന്ന് എനിക്ക് നന്നായി അറിയാമായിരുന്നു. എന്റെ ആവശ്യങ്ങൾ അവരെ വിഷമിപ്പിക്കാനല്ലാതെ മറ്റൊന്നിനും ഉപകരിക്കില്ല. ചില ദിവസങ്ങളിൽ പട്ടിണിയാണ് വീട്ടിൽ. കഞ്ഞി വെക്കാനുള്ള സാഹചര്യം പോലും ഉണ്ടാവില്ല. ഇഷ്ടങ്ങളെ എപ്പോഴും ഉള്ളിൽ ഒതുക്കി വയ്ക്കാറേയുള്ളൂ. സ്റ്റു‍ഡിയോയിൽ ജോലി സംഘടിപ്പിച്ചത് വീട്ടിലെ പട്ടിണി മാറ്റാൻ കൂടിയാണ്. ചേട്ടൻ എതിർത്തു. സഹോദരി ജോലിക്കു പോകുന്നത് അദ്ദേഹത്തിന് ഇഷ്ടമില്ലായിരുന്നു. എങ്കിലും എന്റെ വാശിക്കു മുന്നിൽ മുട്ടുമടക്കി. വീടിനടുത്തുള്ള ഷാഹുലിക്കയുടെ സ്റ്റുഡിയോയിൽ റിസപ്‌ഷനിസ്റ്റായി ജോലിക്ക് കയറുമ്പോൾ ഫൊട്ടോഗ്രഫി പഠിക്കണമെന്ന ഉദ്ദേശ്യം ഉണ്ടായിരുന്നില്ല. എന്തെങ്കിലും ശമ്പളം കിട്ടുകയാണെങ്കിൽ അതു നമ്മുടെ കാര്യത്തിനെങ്കിലും ഉപകാരപ്പെടുമല്ലോ എന്നു മാത്രമായിരുന്നു ചിന്ത.



സ്മൈൽ പ്ലീസ്..

ആദ്യമൊന്നും ഫോട്ടോ എടുക്കുന്ന ഭാഗത്തേക്ക് ഞാൻ പോകാറേയില്ലായിരുന്നു. പിന്നെ പതുക്കെ ക്യാമറയൊക്ക തൊട്ടുനോക്കാൻ തുടങ്ങി. ക്ലോസപ്പ്, പാസ്‌പോർട്ട് സൈസ് ഫോട്ടോയൊക്കെ എടുത്തുപഠിച്ചു തുടങ്ങി. അങ്ങനെ മുന്നോട്ടുപോയി കൊണ്ടിരിക്കുമ്പോഴാണ് ആദ്യമായി ഫോട്ടോയെടുക്കാനുള്ള സാഹചര്യം ഉണ്ടാവുന്നത്. അന്നേദിവസം സ്റ്റുഡിയോയിൽ ഞാൻ മാത്രമായിരുന്നു. അപ്പോഴാണ് മതിലകം പൊലീസ് സ്റ്റേഷനിൽ നിന്ന് ഒരു ഫോൺകോൾ എത്തുന്നത്. ഒരു പ്രതിയെ കൊണ്ടുവന്നിട്ടുണ്ട്, ഫോട്ടോ എടുക്കാൻ ആളെ വിടണമെന്നാണ്‌ ആ പൊലീസുകാരൻ ആവശ്യപ്പെട്ടത്. ഇവിടെ ആരുമില്ല എന്നു പറഞ്ഞപ്പോള്‍ ‘കുട്ടി ക്യാമറയുമായിട്ട് വാ’ എന്നായിരുന്നു മറുപടി. പേടിച്ചിട്ടാണെങ്കിലും ഞാൻ ക്യാമറയുമായി പൊലീസ് സ്റ്റേഷനിലെത്തി.

bindhu3.jpg.image.784.410

മാല മോഷണക്കേസിൽ അറസ്റ്റിലായ ഒരു സ്ത്രീയായിരുന്നു പ്രതി. ഞാനവരുടെ പടങ്ങൾ എടുത്തു, തിരിച്ചു സ്റ്റുഡിയോവിൽ എത്തിയപ്പോഴാണ് ക്യാമറയുടെ ഫ്ലാഷ് ഓണാക്കാതെയാണല്ലോ ഫോട്ടോ എടുത്തതെന്ന് ഓർത്തത്. പിന്നെ തിരിച്ചൊരു ഓട്ടമായിരുന്നു. ഓടി കിതച്ചു വീണ്ടും പൊലീസ് സ്റ്റേഷനിൽ ചെല്ലുമ്പോൾ പ്രതിയേയും കയറ്റി ജീപ്പ് കോടതിയിലേക്ക് പുറപ്പെടാൻ നിൽക്കുകയാണ്. പിന്നെ പോലീസുകാരോട് കാര്യം പറഞ്ഞ്, അവരെ ഇറക്കി വീണ്ടും ഫോട്ടോ എടുത്തു. അങ്ങനെ 22ാം വയസിൽ ഞാൻ ഫൊട്ടോഗ്രഫറുടെ വേഷം എടുത്തണിഞ്ഞു. റിസപ്‌ഷനിസ്റ്റ് ജോലി നിർത്തി. ഫൊട്ടോഗ്രഫറായി സ്ഥാനക്കയറ്റം ലഭിച്ചു. കല്യാണ വർക്കുകൾക്കും പോയിത്തുടങ്ങി.

ചിരിക്കാത്ത ചിത്രങ്ങൾ

പൊലീസിന്റെ ആവശ്യങ്ങൾക്കു വേണ്ടിയാണ് ഞാനാദ്യമായി മൃതദേഹങ്ങളുടെ ഫോട്ടോ എടുത്തുതുടങ്ങിയത്. സ്റ്റുഡിയോയുടെ ഉടമസ്ഥനായ ഷാഹുലിക്കയാണ് മൃതദേഹങ്ങളുടെ ഫോട്ടോ എടുക്കുന്ന വിധം പഠിപ്പിച്ചുതന്നത്. ആരെങ്കിലും കരയുന്നത് തന്നെ എനിക്ക് സഹിക്കാൻ കഴിയുമായിരുന്നില്ല. അപ്പോഴാണ് രക്തം ഒഴുകി കിടക്കുന്നതൊക്കെ ക്യാമറയിൽ ഫോക്കസ് ചെയ്യേണ്ടി വരുന്നത്. രക്തം കണ്ടാൽ ശരീരം മരവിക്കുമായിരുന്നു. അങ്ങനെയുള്ള ഞാൻ കഷ്ണം കഷ്ണമായി നുറുക്കിയ മൃതദേഹങ്ങളുടെ ഫോട്ടോ വരെ എടുത്തിട്ടുണ്ട്. മറവുചെയ്ത ശരീരം ദിവസങ്ങൾക്ക് ശേഷം വീണ്ടും പുറത്തെടുത്തു ഫോട്ടോ എടുത്തിട്ടുണ്ട്. അഴുകിയ നിലയിൽ പുഴുക്കൾ അരിക്കുന്ന മൃതദേഹത്തിന്റെ ചിത്രമെടുക്കാൻ ചെല്ലുമ്പോൾ നാറിയിട്ട് അടുക്കാൻപോലും പാറ്റാത്ത അവസ്ഥയിലാവും. ഇതൊക്കെ കണ്ടു കഴിഞ്ഞു ഭക്ഷണം കഴിക്കാൻ ഇരുന്നാലോ ഛർദ്ദിക്കാൻ വരും. രണ്ടുമൂന്നു ദിവസത്തോളം ഈ അസ്വസ്ഥതയുണ്ടാവും. തുടക്കത്തിൽ ഏറെ ബുദ്ധിമുട്ടി. എങ്ങോട്ടെങ്കിലും ഓടിയൊളിക്കാൻ തോന്നിയ സന്ദർഭങ്ങളും ഉണ്ടായിട്ടുണ്ട്. വർഷങ്ങൾ കൊണ്ട് എല്ലാ തരത്തിലുള്ള മൃതദേഹങ്ങളും കണ്ടിട്ടുണ്ട്. എന്നാലും ജോലിയോട് മടുപ്പൊന്നും തോന്നിയിട്ടില്ല. ഇന്നത് ജീവിതത്തിന്റെ ഭാഗമായി തീർന്നു.



പണ്ടുണ്ടായിരുന്ന ധാരണയാണ് പൊലീസുകാർ മോശമാണെന്നത്. ഇന്ന് അങ്ങനെയല്ല. അവരുടെ കൂടെ ജോലി ചെയ്യാൻ ഒരു ബുദ്ധിമുട്ടും തോന്നിയിട്ടില്ല. മാന്യമായ പെരുമാറ്റവും സഹകരണവും എല്ലാം അവരുടെ ഭാഗത്തുനിന്നുണ്ട്. ആത്മാർത്ഥതയുള്ളവരാണ് ഒട്ടുമിക്ക പൊലീസുകാരും. ചിലപ്പോൾ രാത്രിയിലും ഫോട്ടോ എടുക്കാൻ പോകേണ്ടതായി വരും. മടി തോന്നാറില്ല. ഇതുവരെ മോശമായ ഒരനുഭവവും പൊലീസിൽ നിന്ന് ഉണ്ടായിട്ടില്ല. നമുക്ക് നമ്മുടെ ജോലി, അങ്ങനെ മുന്നോട്ടുപോകുന്നു. ഓരോരുത്തരും ഓരോ സ്വഭാവക്കാരായിരിക്കും. നമ്മൾ നന്നായി പെരുമാറിയാൽ അവരും ആ ബഹുമാനം തിരിച്ചുതരും.

കണ്ണീർ ഫ്രെയിം

bindhu4.jpg.image.784.410

വിവാഹം കഴിയുന്നതുവരെ ഞാൻ സ്റ്റുഡിയോയിൽ ജോലി തുടർന്നു. വിവാഹം കഴിഞ്ഞശേഷം ജോലി ഉപേക്ഷിച്ചു ഭർത്താവിനൊപ്പം ബെംഗളൂരു പോയി. അവിടെ ഭർത്താവിനും മക്കൾക്കുമൊപ്പം എട്ടു വർഷത്തോളം ജീവിച്ചു. രണ്ടു മക്കളുണ്ടായി, വിഷ്ണുപ്രിയയും ശ്രീലക്ഷ്മിയും. അതിനുശേഷം തിരിച്ചു ഞങ്ങൾ കൊടുങ്ങല്ലൂരിൽ എത്തി. അതുവരെയുണ്ടായിരുന്ന സന്തോഷം ജീവിതത്തിൽ നിന്ന് പതിയെ അപ്രത്യക്ഷമായി തുടങ്ങി. ഭർത്താവ് പ്രദീപിന് മറ്റൊരു സ്ത്രീയുമായി അടുപ്പമായി. അദ്ദേഹം എന്നെയും മക്കളെയും ഉപേക്ഷിച്ചുപോയി. ഇപ്പോൾ മക്കളെ കാണാനൊന്നും വരാറില്ല. എവിടെയുണ്ടെന്നും നിശ്ചയമില്ല. കുഞ്ഞുങ്ങളെ പട്ടിണിക്കിടാൻ പറ്റില്ലല്ലോ. അറിയാവുന്ന തൊഴിൽ ഫോട്ടോഗ്രാഫി മാത്രം. അങ്ങനെ അടുത്തുള്ള ഒരു സ്റ്റുഡിയോയിൽ വീണ്ടും ജോലിക്ക് പോയിത്തുടങ്ങി.

എന്നെ ഞെട്ടിച്ചത് രണ്ടാമത്തെ മോൾക്ക് ഓട്ടിസമാണെന്ന അറിവായിരുന്നു. ഞാനാകെ തകർന്നുപോയി. ആറു മാസമായിട്ടും കുട്ടി തിരിഞ്ഞും മറിഞ്ഞും കിടക്കാതായപ്പോഴാണ് ശ്രദ്ധിച്ചുതുടങ്ങിയത്. ന്യൂറോ സർജനെ കാണിച്ചപ്പോഴാണ് കുഞ്ഞിന്റെ തലച്ചോറിന് വളർച്ചക്കുറവുണ്ടെന്ന് അറിയുന്നത്. അതിന്റെ ഭാഗമായി കുറേ ട്രീറ്റ്മെന്റുകൾ ചെയ്തു. ഇപ്പോഴവൾക്ക് എട്ടു വയസ്സായി. സ്‌പെഷ്യൽ സ്‌കൂളിൽ വിടാറുണ്ടെങ്കിലും അവർക്കവളെ മാനേജ് ചെയ്യാൻ ബുദ്ധിമുട്ടാണ്. മോൾക്ക് ഭക്ഷണമൊക്കെ കൊടുത്ത് ഷാൾ കൊണ്ട് അരയിൽ കെട്ടിയിട്ടു കട്ടിലിൽ കിടത്തിയാണ് ഞാൻ ജോലിക്ക് പോകാറ്. കെട്ടിയിട്ടില്ലെങ്കിൽ അവൾ ഇറങ്ങിയോടും. പെട്ടെന്ന് അക്രമാസക്തയാകും. ചികിത്സയ്ക്കായി അവളെ അമൃത ഹോസ്പിറ്റലിൽ കൊണ്ടുപോകുന്നത് തന്നെ വലിയ ബുദ്ധിമുട്ടാണ്. പലതരത്തിലുള്ള ഫിക്സ് ആണ് വരുന്നത്. അത് കൺട്രോൾ ചെയ്യാനും ഭയങ്കര ബുദ്ധിമുട്ടാണ്. ഞാനില്ലാത്തപ്പോൾ മൂത്തമോളാണ് ചെറിയ കുട്ടിയെ നോക്കുന്നത്. അവളിപ്പോൾ അഞ്ചിൽ പഠിക്കുന്നു. എന്റെ അമ്മായിയമ്മയും ഇപ്പോൾ ഞങ്ങളുടെ കൂടെയുണ്ട്.

ഞാൻ വെറുതെ വീട്ടിൽ ഇരുന്നാൽ എന്റെ കുഞ്ഞുങ്ങൾ പട്ടിണിയിലാകും. സ്വന്തമായി വീടില്ല, വാടക വീട്ടിലാണ് താമസം. ഒരു വർഷം മുൻപാണ് ലോൺ എടുത്തു സ്വന്തമായി ഒരു ക്യാമറ വാങ്ങുന്നത്. വാടകയും ലോണും വീട്ടിലെ ചിലവുമെല്ലാം നോക്കണം. ചില മാസങ്ങളിൽ കല്യാണ വർക്കൊന്നും ഉണ്ടാവില്ല. കുടുംബച്ചെലവ് നടന്നുപോകും എന്നുമാത്രം. എപ്പോഴാ തളർന്നു വീഴുക എന്നറിയില്ല. ഞാനൊരു മനുഷ്യ സ്ത്രീയാണ്... ഞാനൊന്ന് വീണുപോയാൽ മക്കളുടെ കാര്യം ആരാ നോക്കുക എന്ന പേടിയാണ്...  ജീവിതത്തിന്റെ വ്യൂ ഫൈൻഡറിലെ കാഴ്ചകൾ നിറം മങ്ങിയതാണെങ്കിലും ബിന്ദുവിന് തളർന്നിരിക്കാൻ കഴിയില്ല. കാരണം അവളെടുക്കുന്ന ചിത്രങ്ങൾ പോലെത്തന്നെയാണ് ജീവിതവും, അതൊരിക്കലും അവളെ നോക്കി ചിരിക്കാറില്ല...  

ബിന്ദുവിന് ഒരുകൈ സഹായം നൽകാം... South Indian Bank A/c No: 0020053000060494, IFSC Code: SIBL0000020