Tuesday 23 January 2018 05:37 PM IST : By രൂപാ ദയാബ്ജി

അന്ധതയെ പാടിതോൽപ്പിച്ച സീനത്തിന്റെ കഥ; ചുരമിറങ്ങി കയറിയത് ജീവിത വിജയത്തിലേക്ക്

seenath ഫോട്ടോ: പി.ടി ബാദുഷ

വിരലുകൾ കൊണ്ട് മീട്ടിയുണർത്തുന്നത് ജീവിതത്തിന്റെ തന്ത്രികളാകുമ്പോൾ ആ പാട്ടിന് മധുരമേറും. വയനാട്ടിലെ ഗായിക സീനത്തിന്റെ ജീവിതത്തിലൂടെ...

മഞ്ഞും മഴയും തണുപ്പും ഒരു വലിയ ഹോ ൺ മുഴക്കത്തിലൂടെ മുറിച്ചാണ് കൽപ്പറ്റ ബ സ് സ്റ്റാൻഡിലേക്ക് ആ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ് വന്നുനിന്നത്. സമയം രാവിലെ ആറുമണി. ഞായറാഴ്ചയുടെ അവധിക്കു ശേഷം മയക്കത്തിൽ നിന്ന് മടിച്ചുമടിച്ച് ഉണർന്നുതുടങ്ങിയിട്ടേ ഉള്ളൂ നഗരം.

ചായ കുടിച്ച് മടങ്ങിയെത്തിയ ഡ്രൈവർ സീറ്റിലിരുന്ന് ഒന്നു തല പുറത്തേക്കിട്ടു നോക്കി. സ്റ്റാ ൻഡിലേക്കു കയറുന്ന വഴിയിൽ തട്ടമിട്ട പെൺമുഖം തെളിഞ്ഞു. ഓരോ ചുവടും പതിയെപ്പതിയെ വച്ച് നടന്നുവരുന്നു, സീനത്ത്. ഡ്രൈവർ ഹോൺ മുഴക്കി ഹലോ പറഞ്ഞു. സീനത്ത് ബസിലേക്ക് കയറി. കഴിഞ്ഞ ഒമ്പത് വർഷമായി ആറുമണിയുടെ കോഴിക്കോട് ബസ് കൽപ്പറ്റ സ്റ്റാൻഡിൽ നിന്ന് പുറപ്പെടുന്നത് സീനത്തിനെയും കൊണ്ടാണ്. കോഴിക്കോട് കൊളത്തറ സ്പെഷ്യൽ സ്കൂളിലെ സംഗീതാധ്യാപികയായ സീനത്തിന്റെ കണ്ണുകളിൽ നിന്ന് കാഴ്ച മറഞ്ഞത് വെറും രണ്ടു മാസം പ്രായമുള്ളപ്പോൾ.

seenath1 5.30 AM സഹോദരനൊപ്പം സ്റ്റാൻഡിലേക്ക്

വിധി വിരിച്ച കറുത്ത മറ നീക്കി ദൈവം തുണ നിന്നപ്പോൾ കർണാടക സംഗീതം പഠിക്കാനും ടീച്ചറാകാനും സീനത്തിനായി. ആ കഥ കേൾക്കുമ്പോൾ ഓർമകളുടെ ചുരമിറങ്ങി മനസ്സിൽ തണുപ്പ് കൂടുകൂട്ടാൻ തുടങ്ങും.

തേടുവതാരെ, ശൂന്യതയിൽ...

‘‘ഉപ്പ കുഞ്ഞഹമ്മദിനും ഉമ്മ പാത്തുവിനും ഞങ്ങ ൾ അഞ്ചുമക്കളാണ്. ജനിച്ചു രണ്ടുമാസം പ്രായമുള്ളപ്പോൾ എനിക്ക് ഒരു പനി വന്നു. ഇടതുകണ്ണിൽ പഴുപ്പ് ബാധിച്ചു. പിന്നീടത് വലതു കണ്ണിലേക്കും പടർന്ന് രണ്ടു കണ്ണിന്റെയും കാഴ്ച പോയി. വാപ്പ കൊണ്ടുപോകാത്ത ആശുപത്രികളില്ല. കാഴ്ച ഇല്ലാത്തത് ഓർത്ത് കുഞ്ഞിലേ ഞാൻ ഏറെ വിഷമിച്ചിരുന്നു.’’

seenath2 6.00 AM കൽപറ്റ ബസ് സ്റ്റാൻഡിൽ

ബസ് ഒമ്പതാമത്തെ വളവുചുറ്റി ചുരമിറങ്ങി തുടങ്ങി. പുറത്ത് പെയ്യുന്ന മഴയുടെ ചാറ്റൽ മുഖത്തു വീഴുമ്പോൾ സീനത്തിന്റെ മുഖത്ത് കുസൃതിയുള്ളൊരു ചിരി വിരിഞ്ഞു. കാഴ്ചയില്ലാത്തതുകൊണ്ട് സീനത്തിനെ സ്കൂളിൽ ചേർത്തിരുന്നില്ല. ഏഴു വയസ്സുള്ളപ്പോഴാണ് ആദ്യത്തെ ട്വിസ്റ്റ്. അബ്ദുറഹ്മാൻ എന്ന മാഷാണ് അതിനു കാരണം. ‘‘കൊളത്തറ, കാലിക്കറ്റ് സ്കൂൾ ഫോർ ദ ഹാൻഡിക്യാപ്ഡിലെ മാഷായിരുന്നു അദ്ദേഹം. സ്കൂളിലേക്ക് കുട്ടികളെ അന്വേഷിച്ച് വന്ന മാഷിനോട് ആരോ എന്റെ കാര്യം പറഞ്ഞു. ഏഴാം ക്ലാസ് വരെ അവിടെ പഠിച്ചു. ബ്രെയിൽ ലിപിയിലാണ് പഠനം. പിന്നീട് വയനാട് മുട്ടിൽ ഓർഫനേജ് ഹൈസ്കൂളിൽ നിന്ന് സാധാരണ കുട്ടികൾക്കൊപ്പം പഠിച്ച് ഫസ്റ്റ് ക്ലാസിൽ പത്താം ക്ലാസ് പാസായി.’’

seenath3 6.45 AM പാട്ടിൽ സ്വയമലിഞ്ഞ് ചുരമിറങ്ങുന്നു

പാട്ടിൽ ഈ പാട്ടിൽ...

വീട്ടിൽ ചേച്ചിമാരൊക്കെ പാടും. അങ്ങനെ ഞാ നും പാട്ടുകളെ സ്നേഹിച്ചുതുടങ്ങി. പാട്ടിന്റെ കഥ പറഞ്ഞു തുടങ്ങുമ്പോൾ ബസിനുള്ളിലേക്കും ചുരമിറങ്ങി ഒരു പാട്ടുവന്നു. ‘‘ആദ്യമായി സ്റ്റേജിൽ പാടിയത് ഒരു വികലാംഗദിനത്തിലാണ്. അന്ന് തേർഡ് പ്രൈസ് കിട്ടി. പക്ഷേ, അതിനെക്കാൾ ഓർമയിൽ തങ്ങിനിൽക്കുന്നത് അനശ്വരനടൻ പ്രേംനസീറിനു മുന്നിൽ പാടിയതാണ്, രണ്ടാംക്ലാസിൽ പഠിക്കുമ്പോൾ. പ്രേംനസീർ ആരാണെന്നൊന്നും അറിയില്ല. സ്കൂളിലേക്ക് ഏതോ വലിയ ആൾ വരുന്നു എന്നേ അറിയൂ. എന്നോട് പാടാൻ പറഞ്ഞു. ‘പള്ളിപ്പറമ്പിലെ കാട്ടിനുള്ളിൽ... എത്ര പേരുണ്ടാ കൂരിരുട്ടിൽ... അവരാരെന്ന് ഓർക്കാറുണ്ടോ നമ്മൾ... അവിടെച്ചെന്നൊരു തുള്ളി കണ്ണീരൊഴുക്കാറുണ്ടോ...’ പാട്ട് കേട്ട് നസീർ കരഞ്ഞു. അന്ന് വലിയ തുക സ്കൂളിന് സംഭാവന നൽകിയിട്ടാണ് അദ്ദേഹം പോയത്.’’ ഓർമകളിൽ പാട്ടിന്റെ അലയൊലികൾ ഉയർന്നത് ആഴമറിയാത്ത കണ്ണുകൾ കൊണ്ട് സീനത്ത് പറഞ്ഞുതന്നു, ആ കൺപോളകൾ വിറച്ചു.

seenath4 8.00 AM കോഴിക്കോട് ബസ് സ്റ്റാൻഡിൽ

സംഗീതമേ നിന്റെ ദിവ്യപ്രകാശം...

ഉപ്പയാണ് സീനത്തിന് എല്ലാ കാര്യത്തിനും തുണ നിന്നത്. വീട്ടിൽ ഏത് അതിഥി വന്നാലും മോളുടെ പാട്ട് കേൾപ്പിക്കാതെ ഉപ്പ വിടില്ലായിരുന്നു. ഉപ്പയുടെ വിളി കേൾക്കാൻ അടുക്കളപ്പുറത്ത് കാത്തിരുന്ന കുട്ടിയുടെ കൗതുകം തന്നെയായിരുന്നു ആദ്യമായി ആകാശവാണിയിൽ പാടാൻ അവസരം ലഭിച്ചപ്പോഴും സീനത്തിന്. ‘‘ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ ബാലലോകത്തിൽ പാടി. കുഞ്ഞുമോൾ ടീച്ചറാണ് പാട്ട് പഠിപ്പിച്ചുതന്നത്. റേഡിയോയിൽ കേട്ട പാട്ട് അനിയൻ കസറ്റിലേക്ക് റെക്കോർഡ് ചെയ്തു തന്നു. പാട്ട് വെളുക്കുവോളം കേട്ടുകൊണ്ടു കിടന്നു. സ്പെഷൽ സ്കൂൾ കലോത്സവത്തിൽ സബ് ജില്ലയിൽ കലാതിലകമായിരുന്നു. കേരള ഫെഡറേഷൻ ഓഫ് ദ് ബ്ലൈൻഡ് നടത്തിയ സംസ്ഥാന കലോത്സവത്തിൽ മൂന്നു പ്രാവശ്യം കലാതിലകമായി. ’’

പാലക്കാട് ചെമ്പൈ സ്മാരക സംഗീത കോളജിൽ ഗാനഭൂഷണം കോഴ്സിന് ചേരാനുള്ള തീരുമാനമായിരുന്നു സീനത്തിന്റെ ജീവിതം മാറ്റിയത്. ചുരമിറങ്ങി, നിളയുടെ നാട്ടിലേലേക്ക് സീനത്ത് നടന്നുചെന്നത് മനസ്സു തുറന്നുപിടിച്ചായിരുന്നു.‘‘ഉപ്പ മരിച്ചതോടെ പാട്ട് പഠിക്കുന്നതിന് മറ്റുള്ളവർക്ക് ചെറിയ എതിർപ്പൊക്കെ ഉണ്ടായിരുന്നു. പക്ഷേ, അതൊക്കെ ദൈവമായിട്ട് മാറ്റിത്തന്നു. റൂംമേറ്റ്സ് വളരെ നല്ലവരായിരുന്നു. പയ്യന്നൂരുകാരി മിനി, കൊയിലാണ്ടിക്കാരി അജിത, കുന്ദമംഗലംകാരി സ്വരൂപ, വടകരക്കാരി ലീന. അഞ്ചുപേരും സിനിമ കാണാനും ഡാം കാണാനും പുറത്ത് ഭക്ഷണം കഴിക്കാനും പോകും. എനിക്ക് ഒരു കുറവുണ്ടെന്ന് കരുതാതെ എല്ലാത്തിനും കൂടെക്കൂട്ടി. ‘പപ്പയുടെ സ്വന്തം അപ്പൂസ്’ ആണ് ആദ്യം കണ്ട സിനിമ. സ്ക്രീനിൽ കളിച്ച സിനിമ ഞാൻ മനസ്സുകൊണ്ട് കണ്ടു.

പിന്നണിഗായിക ലതിക അവിടെ ടീച്ചറായിരുന്നു. ഏതെങ്കിലും സമ്മാനം കിട്ടിയെന്നറിഞ്ഞാൽ ടീച്ചർ ക്ലാസിൽ വന്ന് പ്രത്യേകം അഭിനന്ദിക്കും. ഒരു രാമസ്വാമി സാർ ഉണ്ടായിരുന്നു. സാറിന്റെ വീട്ടിൽ ത്യാഗരാജ ആരാധന നടക്കുമ്പോൾ ക്ഷണിക്കും. ആ കാലത്താണ് ആകാശവാണിയുടെ ഓഡിഷനിൽ പ ങ്കെടുത്തത്. ലൈറ്റ് മ്യൂസിക്കിൽ ബി ഗ്രേഡ് ആർട്ടിസ്റ്റായി. പഠിത്തം കഴിഞ്ഞ് മലപ്പുറത്ത് കേരള സ്കൂൾ ഫോർ ദി ബ്ലൈൻഡിൽ മൂന്നുവർഷം ജോലി ചെയ്തു. വീട്ടിലും കുട്ടികളെ പാട്ടു പഠിപ്പിച്ചു. ചില ഗാനമേള ട്രൂപ്പുകളിൽ പാടുമായിരുന്നു. ആജാരേ.. പർദേശീ, ഉണരൂ വേഗം നീ സുമറാണി, സന്ധ്യേ, കണ്ണീരിതെന്തേ.. ഒക്കെയായിരുന്നു പ്രിയപ്പെട്ട പാട്ടുകൾ. 2007 ൽ കൊളത്തറയിൽ ഞാൻ പഠിച്ച സ്കൂളിൽ തന്നെ ടീച്ചറായി ജോയിൻ ചെയ്തു.’’ സീനത്തിന്റെ ഓർമകൾ ചുരമിറങ്ങി അടിവാരത്തെത്തി നിന്നു. ഇനി മുന്നിൽ നീണ്ടുനിവർന്ന വഴിയാണ്.

വേദനയെപ്പോലും വേദാന്തമാക്കുന്ന...

‘‘ആദ്യം പാർട്‌ടൈം ആയിരുന്നു ജോലി, ആഴ്ചയിൽ മൂന്നുദിവസം. ബാക്കി മൂന്നു ദിവസം അവിടെതന്നെ നിൽക്കുന്നതിന്റെ മടുപ്പ്. വീട്ടിൽ നിന്ന് ആരെങ്കിലും വന്നാലേ തിരിച്ചുവരാനാകൂ. നമുക്ക് ബസിൽ സീറ്റ് കിട്ടിയാലും തുണ വരുന്നയാൾ നിൽക്കേണ്ടി വരും. അതൊക്കെ വിഷമമായി. പണ്ടു പരിമിതിയായി തോന്നിയിട്ടുള്ളത് സ്വന്തമായി യാത്ര ചെയ്യാനാകില്ല എന്നതായിരുന്നു. സ്കൂളിൽ പഠിപ്പിച്ചിരുന്ന സി.കെ. അബൂബക്കർ സാർ ഒറ്റയ്ക്ക് യാത്ര ചെയ്യാൻ ധൈര്യം തന്നു. അങ്ങനെ തനിയെ യാത്ര ചെയ്യാൻ തീരുമാനിച്ചു. ഇപ്പോൾ പാറയ്ക്കൽ പരിയാരത്തെ വീട്ടിൽ നിന്ന് കൽപറ്റ ബസ് സ്റ്റാൻഡ് വരെ ആരെങ്കിലും കൊണ്ടുവിടും. പിന്നെ, തനിച്ചാണ് യാത്ര.

കോഴിക്കോട് നിന്ന് മാനാഞ്ചിറയ്ക്കുള്ള ബസിൽ ആരോടെങ്കിലും ചോദിച്ചു കേട്ട് കയറും. അവിടെ നിന്ന് അടുത്ത ബ സിൽ. തിരിച്ചുള്ള യാത്രയും അങ്ങനെ തന്നെ. ഇടയ്ക്ക് ഒറ്റയ്ക്കുള്ള ദൂരയാത്രകളുമുണ്ട്. മലപ്പുറം, കണ്ണൂർ, തൃശൂർ... ജോലിക്ക് പോകുന്നതുകൊണ്ട് ഇപ്പോൾ യാത്രകളും കുറഞ്ഞു.’’ സീനത്ത് യാത്രയ്ക്കൊന്നു സഡൻ ബ്രേക്കിട്ടു. ബസ് കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിലെത്തി. ഇനി ഇവിടെ നിന്ന് മാനാഞ്ചിറയ്ക്ക് ബസ് പിടിക്കണം.

പലവട്ടം പൂക്കാലം വഴിതെറ്റി പോയിട്ടും...

മാനാഞ്ചിറയിൽ നിന്ന് ബസിൽ കയറിയിരുന്ന സീനത്തിന്റെ ഫോൺ ബെല്ലടിച്ചു. വിളിക്കുന്ന ആളെ അറിയാന‍്‍ സഹായിക്കുന്ന സ്ക്രീൻ റീഡർ സോഫ്റ്റ്‌വെയർ സഹോദരന്റെ പേരു വിളിച്ചു, സീനത്ത് ഫോണെടുത്തു. ‘‘കാൾ വന്നാലും മെസേജ് വന്നാലും ആരാണ് എന്ന് കേൾക്കാം. മെസേജ് വായിച്ചുകേൾക്കാനും സാധിക്കും. പത്രവും പുസ്തകവുമെല്ലാം ഫോണിൽ വായിച്ചുകേൾക്കും. കാഴ്ചയില്ലാത്തവർക്കും പുസ്തകം വായിക്കാൻ പറ്റുന്ന സോഫ്റ്റ്‌വെയറുകളുള്ളത് വലിയ ആശ്വാസമാണ്. ലാപ്ടോപ്പ് ഉപയോഗിക്കാനറിയാം, നന്നായി മലയാളം ടൈപ്പ് ചെയ്യും.’’

സന്തോഷങ്ങൾ പറഞ്ഞുനിർത്തും മുമ്പ് സങ്കടം നിറഞ്ഞ ഒരു കാര്യം കൂടി സീനത്ത് പറഞ്ഞു. ‘‘നേരത്തേ കല്യാണാലോചനയൊക്കെ വന്നിരുന്നു. പക്ഷേ, കണ്ണുകാണാത്ത പെണ്ണിനെ വിവാഹം കഴിക്കുന്നതോർത്ത് വന്നവരൊക്കെ അവസാന നിമിഷം ഒഴിഞ്ഞുമാറി. ഇങ്ങനെയുള്ളവർ വന്നാൽ വീടൊക്കെ നോക്കിനടത്താൻ പറ്റുമോ എന്നു സംശയം. പലരും നന്നായി ജീവിക്കുന്നുണ്ടെങ്കിലും അമ്മമാർക്ക് പേടി കൂടുതൽ കാണും, മോളെ അവർ നന്നായി നോക്കുമോ എന്ന്. എനിക്ക് ഇപ്പോൾ ജോലിയുണ്ട്, സ്വന്തം കാലിൽ നിൽക്കുന്നു. 42 വയസ്സായി. നല്ല ആലോചന വരുമെങ്കിൽ വരട്ടെ. പഠിപ്പിക്കുന്ന കുട്ടികളോടും പറയാറുണ്ട്, ആദ്യം നോക്കേണ്ടത് സ്വന്തം കാലിൽ നിൽക്കാനാണ്. അതുകഴിഞ്ഞു മതി കല്യാണം. പഠനം മുടങ്ങിയാൽ പിന്നെ, പൂർത്തിയാക്കാനാകില്ല. കല്യാണം പിന്നെയായാലും കഴിക്കാം.’’

ബസിറങ്ങി സീനത്ത് ഓട്ടോ പിടിച്ചുകഴിഞ്ഞു. കൊളത്തറ സ്പെഷ്യൽ സ്കൂൾ മുറ്റത്ത് ചെന്നിറങ്ങും മുമ്പ് ഒരു മോഹം കൂടി പറഞ്ഞു, ‘‘വൈക്കം വിജയലക്ഷ്മിക്കൊപ്പം ഒരു സ്റ്റേജിൽ പാടിയിട്ടുണ്ട്. അന്നു മുതൽ തോന്നിയ മോഹമാണ്. ദൈവം അനുഗ്രഹിച്ചാൽ അറിയപ്പെടുന്ന പാട്ടുകാരിയാകണം.’’ ഉറച്ച ചുവടുകളോടെ സീനത്ത് സ്കൂൾമുറ്റത്തേക്കിറങ്ങി. ആ മുറ്റവും വരാന്തയും ചിരപരിചിതയെ പോലെ സീനത്തിനെ എതിരേറ്റു... പശ്ചാത്തലത്തിൽ ഒരു പാട്ടിന്റെ വരികൾ മുഴങ്ങി.

‘‘സ്വർണമുകിലേ... സ്വർണമുകിലേ...

സ്വപ്നം കാണാറുണ്ടോ നീയും

സ്വപ്നം കാണാറുണ്ടോ...’’