Tuesday 23 January 2018 05:17 PM IST : By സ്വന്തം ലേഖകൻ

അവർക്ക് മനസിലായി, തങ്ങൾ മൃഗങ്ങളല്ല മനുഷ്യരെന്ന് ! ബീഹാറിലെ മുഹസറുകളുടെ അമ്മ ’വനിത വുമൺ ഓഫ് ദി ഇയർ’

sis1

കോട്ടയം: ഈ വർഷത്തെ വനിത വുമൺ ഓഫ് ദി ഇയർ പുരസ്കാരം സിസ്റ്റർ സുധാ വർഗീസിന്. വർഷങ്ങളായി പട്ടിണിയിലും അവഗണനയിലും കഴിഞ്ഞിരുന്ന ബീഹാറിലെ മുസഹർ വിഭാഗത്തിനും അവരുടെ ഗ്രാമത്തിനും സേവന പ്രവർത്തനങ്ങളിലൂടെ പുതുജീവൻ പകർന്ന നന്മയാണ് സിസ്റ്റർ സുധാ വർഗീസിനെ അവാർഡിന് അർഹയാക്കിയത്. ആതുര സേവനം, വിദ്യാഭ്യാസം, വൈദ്യം തുടങ്ങി വിവിധ മേഖലകളിൽ നിസ്വാർഥ സേവനം ചെയ്യുന്ന മലയാളി വനിതകളെ ആദരിക്കുന്നതിന് ഇന്ത്യയിലേറ്റവും പ്രചാരമുള്ള വനിത മാസികയായ വനിത നൽകുന്ന പുരസ്കാരമാണ് വനിത വുമൺ ഓഫ് ദി ഇയർ. ഒരു ലക്ഷം രൂപയും മെമന്റോയുമാണ് ജേതാവിനു ലഭിക്കുക.

കോട്ടയം കാഞ്ഞിരത്താനം ചേന്നംപറമ്പിൽ കർഷകനായ എബ്രഹാം വർക്കിയുടെയും ഏലിക്കുട്ടിയുടെയും എട്ടു മക്കളിൽ മൂത്തയാളായിരുന്നു സുധാ വർഗീസ്. കുറവിലങ്ങളാട് സെന്റ് മേരീസ് ഹൈസ്കൂളിലെ വിദ്യാഭ്യാസ കാലത്തു തന്നെ സുധയുടെ മനസ്സിൽ സേവനം എന്ന വാക്ക് ഇടം തേടി. കരുണയും അന്യന്റെ ദു:ഖം കഴുകിക്കളയാനുള്ള സന്നദ്ധതയുമാണ് പത്താം ക്ലാസ് കഴിഞ്ഞ ഉടൻതന്നെ സുധാ വർഗീസിനെ പട്നയിലെ നോത്ദ്രാം സഭയിലേക്കെത്തിച്ചത്. അവിടുത്തെ പഠനത്തിനു ശേഷം പത്തു വർഷത്തോളം അധ്യാപന ജീവിതം നയിച്ചെങ്കിലും അനാഥർക്കും അശരണർക്കുമായി ജീവിക്കാനാവുന്നില്ല എന്ന വേദന സുധാ വർഗീസിന്റെ മനസ്സിൽ എന്നുമുണ്ടായിരുന്നു.

ആ ചിന്തയാണ് സുധാ വർഗീസിനെ മുഹസറുകൾക്കിടയിലേക്കെത്തിക്കുന്നത്. ബീഹാറിലെ മഹാദളിത് വിഭാഗമായ മുഹസറുകൾ മൃഗസമാനമായ ജീവിതം നയിക്കുന്നവരായിരുന്നു. ശൈശവ വിവാഹവും സ്ത്രീപീഡനങ്ങളും പതിവായിരുന്നു. അടിമകളെ പോലെയാണ് ഉയർന്ന ജാതിക്കാർ ഇവരോടു പെരുമാറിയിരുന്നത്. 21 വർഷം ജംസത്ത് ഗ്രാമത്തിലെ ഒറ്റമുറി വീട്ടിൽ സിസ്റ്റർ ജീവിച്ചത് ആ നാടിനു വേണ്ടിയായിരുന്നു.

sis3

1987 ൽ മുസഹർ സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമിച്ച് സന്നദ്ധസംഘടനയായ നാരിഗുഞ്ജൻ തുടങ്ങി വിദ്യാലയങ്ങളും സ്ത്രീകൾക്കായി സ്വയം തൊഴിൽ യൂണിറ്റുകളും ആരംഭിച്ചു. പലപ്പോഴും ജീവനു തന്നെ ഭീഷണിയുണ്ടായെങ്കിലും നിശബ്ദം ജീവിക്കുന്ന ഒരു വിഭാഗത്തിന്റെ ശബ്ദമായി സുധാ വർഗീസ്. ആ മനക്കരുത്തിന്റെ ഉത്തരമാണ് ഇന്ന മുഹസറുകളുടെ ജീവിതം.

മുസഹർ പെൺകുട്ടികൾക്ക് പത്താം ക്ലാസുവരെ താമസിച്ചു പഠിക്കാൻ ദാനാപ്പൂർ ലാൽകോട്ടിയിലും ഗയയിലും തുടങ്ങിയ ബാലികാ വിദ്യാലയങ്ങൾ, മാതാ സമിതി എന്ന പേരിലുള്ള അമ്മമാരുടെ സമിതി, ബീഹാറിലാകെയുള്ള നാൽപത് അംഗൻവാടികൾ, തെരുവിലെത്തിപ്പെടുന്ന പെൺകുട്ടികൾക്കും വയോജനങ്ങൾക്കുമുള്ള സംരക്ഷണ കേന്ദ്രങ്ങൾ, സ്ത്രീകൾക്കായി ലഘുഭക്ഷണ നിർമാണ കേന്ദ്രങ്ങളും നാപ്കിൻ നിർമാണ പരിശീലനവും തുടങ്ങി ഒട്ടേറെ പ്രവർത്തനങ്ങൾക്ക് ഇന്ന് സിസ്റ്റർ സുധാ വർഗീസ് നേതൃത്വം നൽകുന്നുണ്ട്.

നിസ്വാർഥ സേവനത്തിന് 2006ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. മൗലാന അബ്ദുൽ കലാം ശിക്ഷ എജ്യുക്കേഷൻ അവാർഡ്, ഗൊഡ്ഫ്രെ ഫിലിപ്സ് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്, ഐക്കൺ ഓഫ് ബീഹാർ അവാർഡ്, ഗുഡ്സമരിറ്റൻ അവാർഡ് എന്നീ പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. സിസ്റ്റർ സുധാ വർഗീസിനെക്കുറിച്ചുള്ള വിശദമായ ഫീച്ചർ മാർച്ച് രണ്ടാം ലക്കം വനിതയിൽ.

sis4