Thursday 08 February 2018 02:39 PM IST : By സ്വന്തം ലേഖകൻ

ഫെയർ മാത്രമല്ല, ‘ലവ്‌ലിയും ഹാൻഡ്സമും! നിറത്തിന്റെ പേരിൽ നേരിട്ട അധിക്ഷേപങ്ങൾ തുറന്നു പറഞ്ഞ് തമിഴ്നാട്ടിൽ നിന്നുള്ള ഇന്ത്യൻ ക്രിക്കറ്റ് താരം

abhnv

ഫെയർ മാത്രമല്ല, ‘ലവ്‌ലിയും ഹാൻഡ്സമു’മെന്നും ക്രിക്കറ്റ് താരം അഭിനവ് മുകുന്ദ്. നിറത്തിന്റെ പേരിൽ നേരിടേണ്ടി വന്ന അധിക്ഷേപങ്ങളെക്കുറിച്ച് എഴുതിയ അനുഭവക്കുറിപ്പിലാണ് ഈ തുറന്നുപറച്ചിൽ. നിറം കറുത്തതായതിന്റെ പേരിൽ വംശീയമായി അധിക്ഷേപിക്കപ്പെട്ട സംഭവങ്ങള്‍ ഓര്‍ത്തെടുക്കുകയാണ് ഇന്ത്യന്‍ ടെസ്റ്റ് ടീം ഓപ്പണർ. പത്താം വയസിൽ ക്രിക്കറ്റ് കളിച്ചു തുടങ്ങിയതാണ് ഞാൻ. പടിപടിയായി ചവിട്ടിക്കയറിയാണ് ഇന്നത്തെ നിലയിൽ എത്തിയത്. രാജ്യത്തെ പ്രതിനിധീകരിക്കുക എന്നത് മറ്റാരെയും പോലെ അഭിമാനം തുളുമ്പുന്നതാണ്. ഞാനീ എഴുതുന്നത് ആരുടെയെങ്കിലും അനുകമ്പ പിടിച്ചു പറ്റുന്നതിനുവേണ്ടിയല്ല, ഈ കുറിപ്പുകൊണ്ട് ആരുടെയെങ്കിലും മനോഭാവം മാറുമെങ്കിൽ അതിനു വേണ്ടിയാണ് എന്ന ആമുഖത്തോടെയാണ് അഭിനവ് എഴുതിത്തുടങ്ങുന്നത്.

15ാമത്തെ വയസ് മുതല്‍ ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി ഞാന്‍ ധാരാളം സഞ്ചരിച്ചിട്ടുണ്ട്. എല്ലായിടത്തും ആളുകൾ കറുത്ത നിറം അവജ്ഞയോടെയാണ് കാണുന്നത്. ആളുകള്‍ എന്തിനാണ് എന്റെ ശരീരത്തിന്റെ നിറത്തെ കുറിച്ച് ഇങ്ങനെ വേവലാതിപ്പെടുന്നത് എന്ന് എന്നെ എപ്പോഴും അത്ഭുതപ്പെടുത്തി. ഇന്ത്യയിലെ തന്നെ ഏറ്റവും ചൂടു കൂടിയ നഗരങ്ങളിലൊന്നായ ചെന്നെ ആണ് എന്റെ നാട്. എന്റെ യൗവനത്തിന്റെ നല്ല ഒരു സമയം ഞാന്‍ ക്രിക്കറ്റ് മൈതാനത്താണ് ചെലവിട്ടത്. രാത്രിയും പകലും സൂര്യന് കീഴെയും അല്ലാതെയും ഞാന്‍ ക്രിക്കറ്റ് കളിച്ചിരുന്നു. അതെന്റെ നിറത്തിൽ കുറവു വരുത്തിയിട്ടുണ്ടാകാം. ക്രിക്കറ്റിനെ കുറിച്ച് അറിയുന്ന ഏതൊരാള്‍ക്കും മനസിലാക്കാവുന്നതേയുള്ളൂ. ഞാന്‍ ആഗ്രഹിച്ചത് നേടിയെടുക്കുന്നതിന് വേണ്ടി അത്യന്തം ഞാന്‍ പരിശ്രമിച്ചു.

അത് ഞാന്‍ ഇഷ്ടപ്പെടുന്നു

പല പേരുകളിട്ട് ആളുകൾ എന്നെ വിളിച്ചിരുന്നു. എന്റെ ലക്ഷ്യം മറ്റൊന്നായിരുന്നു. അതുകൊണ്ടുതന്നെ അതൊന്നും ഞാൻ കാര്യമാക്കിയില്ല. ഈ അധിക്ഷേപങ്ങള്‍ എന്നെ ബാധിക്കരുത് എന്ന് ഞാന്‍ തീരുമാനിച്ചിരുന്നു. പ്രതികരണത്തിന് പോലും അവയ്ക്ക് അര്‍ഹതയില്ലെന്ന് ഉറപ്പിച്ച് ഞാന്‍ അവ അവഗണിച്ചിരുന്നു. പക്ഷെ ഇന്ന് ഞാന്‍ സംസാരിക്കും. എനിക്ക് വേണ്ടിയല്ല. തൊലി നിറത്തിന്റെ പേരില്‍ ഇത്തരം അധിക്ഷേപങ്ങള്‍ നിരന്തരം നേരിടുന്ന നിരവധി പേര്‍ക്ക് വേണ്ടിയാണ് ഞാനിത് പറയുന്നത്. സമൂഹ മാധ്യമങ്ങളുടെ വരവോടെ അധിക്ഷേപങ്ങള്‍ക്ക് മേല്‍ യാതൊരു നിയന്ത്രണവുമില്ലാതായി. സൗന്ദര്യമെന്നാല്‍ വെളുത്ത നിറം മാത്രമല്ല. ആത്മവിശ്വാസത്തോടെ ലക്ഷ്യത്തിലേക്ക് സഞ്ചരിക്കുക, സ്വന്തം നിറത്തിൽ അഭിമാനം കൊള്ളുക.

കുറിപ്പിന് പിന്നാലെ നിരവധി പേരാണ് അഭിനവിന് പിന്തുണയുമായെത്തുന്നത്. വംശീയ അധിക്ഷേപങ്ങള്‍ അഭിനവിനെ ബാധിക്കാതിരിക്കട്ടെ എന്ന് ആശംസിക്കുകയാണ് ഇവര്‍. സ്വന്തം അനുഭവങ്ങള്‍ തുറന്ന് പറഞ്ഞും, വംശീയതയെ എതിര്‍ത്തും ട്വീറ്റുകള്‍ നിറയുകയാണ്. അതിനിടെ കുറിപ്പ് സ്വന്തം അനുഭവം മാത്രമാണെന്നും ടീമിലെ ആരെയും ഉദ്ദേശിച്ചുള്ളതല്ല എന്നും അഭിമന്യു മുകുന്ദ് പിന്നീട് വിശദീകരണവുമായി എത്തി. ഏഴ് ടെസ്റ്റിൽ ഇന്ത്യയെ പ്രതിനിധീകരിച്ച മുകുന്ദ് 321 റണ്‍സാണ് നേടിയത്. ശ്രീലങ്കയ്ക്കെതിരേയുള്ള ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ അർധസെഞ്ചുറിയും നേടിയിരുന്നു.