Thursday 08 February 2018 12:24 PM IST : By രാജശ്രി സത്യപാൽ

സ്വന്തമായി കാശുമുടക്കി സൂപ്പർസ്റ്റാറാകാൻ ഞാനില്ല: റോൺസൺ വിൻസന്റ്

ronson

സീരിയൽ രംഗത്തു നിന്ന് സിനിമാ ലോകത്ത് എത്തിയ ഒരുപാടു നടീനടന്മാരെ നമുക്കറിയാം. എന്നാൽ തിരിച്ച് സിനിമയിൽ നിന്ന് സീരിയലിലെത്തിയവർ കുറവായിരിക്കും. അത്തരത്തിലൊരാളാണ് ഭാര്യ എന്ന സീരിയലിലെ നായകൻ റോൺസൺ വിൻസന്റ്. ഭാര്യയെ മാത്രം വിശ്വസിച്ചു വെട്ടിലായ നന്ദേട്ടന് ആരാധകരും ഏറെയുണ്ട്. റോൺസൺ തന്റെ സീരിയൽ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു.

എങ്ങനെയാണ് ഭാര്യ എന്ന സീരിയലിൽ എത്തുന്നത്?

ഞാൻ ആദ്യം സീരിയലിൽ തുടങ്ങിയ ആളാണ്. പിന്നീട് സീരിയലിൽ നിർത്തിയിട്ട് തെലുങ്ക് സിനിമയിലേക്ക് പോയി. ഇതൊരു തിരിച്ചു വരവാണ്. അഞ്ചു വർഷം മുമ്പ് ഡോ. ജനാർദനന്റെ വിഗ്രഹം എന്ന സീരിയലിലെ നായകനായിരുന്നു. അന്ന് ഹിറ്റായി ഒാടിയ സീരിയലാണ് വിഗ്രഹം. സീരിയലിൽ അഭിനയിച്ചാൽ സിനിമയിൽ ചാൻസുകിട്ടില്ല എന്നു കരുതിയാണ് മിനി സ്ക്രീനിനോട് വിടപറഞ്ഞത്. സീരിയൽ രംഗത്തെ പല സീനിയർ നടന്മാരും സിനിമയിൽ അഭിനയിക്കാതിരിക്കുന്നതും അവഗണിക്കപ്പെടുന്നതും കണ്ടാണ് സീരിയലിൽ നിന്ന് മാറി നിൽക്കാൻ തീരുമാനിച്ചത്. എന്റെ മുഖം സീരിയൽ പ്രേക്ഷകർ മറന്നാലേ സിനിമയിൽ ചാൻസുകിട്ടു എന്ന് വിചാരിച്ച് മാറി നിന്നതാണ്. വരുമാനം വച്ച് നോക്കുമ്പോൾ സീരിയൽ ലാഭകരമാണ്.

ഇപ്പോൾ സിനിമാ മോഹമില്ലേ?

ഞാൻ യഥാർഥത്തിൽ ബിസിനസുകാരനാണ്. കോഴിക്കോട് രണ്ട് ഹെൽത്ത് ക്ലബ് നടത്തുന്നുണ്ട്. ഭാര്യ സീരിയലിന്റെ പിആർഒ എന്റെ സുഹൃത്താണ്. അദ്ദേഹം വീണ്ടും വിളിച്ചപ്പോൾ ബന്ധം പുതുക്കാമെന്ന രീതിയിൽ വീണ്ടും അഭിനയിക്കാൻ പോയതാണ്. എന്റെ ബിസിനിസിന് ഇതൊരു പരസ്യം പോലെയാണ്. എന്നെ കാണാൻ വേണ്ടി ഹെൽത്ത് ക്ലബിൽ ചേരുന്നവരുണ്ട്.

ronson2

ഇപ്പോൾ സീരിയലിലാണ് ആളുകൾ കൂടുതൽ തിരിച്ചറിയപ്പെടുന്നത്. ഞാൻ സിനിമാ നടനാണ് എന്നു പറഞ്ഞ് മറ്റുള്ളവരോട് പരിചയപ്പെടുത്തേണ്ട അവസ്ഥയാണെങ്കിൽ സിനിമയിൽ അഭിനയിച്ചിട്ട് കാര്യമില്ല. എനിക്ക് പണ്ടുമുതലേ അഭിനയിക്കാൻ താൽപര്യമില്ലായിരുന്നു. ജിമ്മും ബിസിനസുമൊക്കെ വച്ച് ഞാൻ മോഡലിങ്ങിൽ സജീവമായിരുന്നു. അങ്ങനെയാണ് അഞ്ച് തെലുങ്കു സിനിമകൾ ചെയ്യുന്നത്. 2010ൽ‍ എനിക്ക് ഭരതമുനി അവാർഡ് കിട്ടി. എല്ലാം എന്റെ ശരീരം കൊണ്ട് ലഭിച്ചതാണ്.

ഇപ്പോൾ മലയാള ചിത്രങ്ങളിൽ ഫോക്കസ് ചെയ്യുന്നില്ല. തമിഴോ തെലുങ്കോ ആണെങ്കിൽ നോക്കാം. ഒന്നോ രണ്ടോ മലയാളസിനിമയിൽ അഭിനയിച്ചവരെ പിന്നെ കാണാനില്ല. ഞാൻ ഇന്ന സിനിമയിൽ അഭിനയിച്ചിട്ടുണ്ട് എന്നു പറഞ്ഞ് പരിചയപ്പെടുത്താനും താൽപര്യമില്ല. മലയാളസിനിമയിൽ ഇന്ന് സ്വന്തമായി കാശുമുടക്കിയാൽ മാത്രമേ നിലനിൽപുള്ളൂ. പല പ്രമുഖ നടന്മാരും ചിത്രങ്ങൾ നിർമിക്കുന്നത് കണ്ടിട്ടില്ലേ? സ്വന്തമായി കാശുമുടക്കി സൂപ്പർസ്റ്റാറാകാൻ ഞാനില്ല.

അടുത്തിടെ മലയാളത്തിലെ ഒരു ഹിറ്റുസിനിമയിലേക്ക് അവസരം തരാമെന്ന് പറഞ്ഞ് വിളിച്ചു. പക്ഷെ ഷെയർ ഇടണം. പത്തുലക്ഷം രൂപ നൽകിയാൽ അഭിനയിക്കാം. സിനിമ വിജയിച്ചാൽ ലാഭവും കിട്ടും. സിനിമയിൽ അ‍ഞ്ചാറ് പയ്യന്മാരുണ്ട്, അതിലെ ശ്രദ്ധേയമായ വേഷമുണ്ട്. എന്നൊക്കെ പറഞ്ഞു. അങ്ങനെ അങ്ങോട്ട് കാശുകൊടുത്ത് അഭിനയിക്കാനൊന്നും എന്നെ കിട്ടില്ല.

ഇൗ മസിലിന്റെ രഹസ്യം?

എന്റെ പാഷനാണ് എന്റെ മസിലും ശരീരവുമൊക്കെ. സിനിമാതാരമാവണമെന്നില്ല നമ്മൾ ശ്രദ്ധിക്കപ്പെടണമെങ്കിൽ. ഞാൻ എന്റെ ഹെൽത്ത് ക്ലബിൽ വരുന്ന കുട്ടികളോട് പറയാറുണ്ട് സിനിമാമോഹം മാത്രം കൊണ്ടു നടന്നാൽ രക്ഷപെടണമെന്നില്ല. ‍ഒരു ഉദാഹരണം പറയാം ഞാൻ ഒരിക്കൽ കൊച്ചിയിൽ റെയിൽവെ സ്റ്റേഷനിൽ എന്റെ മാസ്റ്ററുമൊത്ത് നിൽക്കുകയാണ്. അദ്ദേഹം മിസ്റ്റർ ഇന്ത്യയാണ്. പക്ഷെ അദ്ദേഹത്തെ ആർക്കും അറിയില്ല. എന്നാൽ അദ്ദേഹം സ്റ്റേഷനിൽ നിൽക്കുന്നത് കണ്ട് ഒരുപാടുപേർ വന്ന് എന്നോട് ചോദിച്ചു അദ്ദേഹം ആരാണെന്ന്്. അദ്ദേഹത്തിന്റെ കൂടെ നിന്നൊരു ഫോട്ടോ എടുത്തോട്ടെ എന്ന്? അതായാത് നമ്മുടെ ശരീരത്തിന് എന്തെങ്കിലും പ്രത്യേകത ഉണ്ടെങ്കിൽ നമ്മൾ ശ്രദ്ധിക്കപ്പെടും.

ronson3

ആരാധക ശല്യം ഉണ്ടോ?

ഫേസ്ബുക്കിലൂടെ എല്ലാവരും ചോദിക്കും ഇത് നന്ദേട്ടനല്ലേ എന്ന്. ചിലർ വന്ന് പറയും നീ നന്ദനല്ലെടാ, മണ്ടാനാണെന്ന്. നിന്റെ ഭാര്യ നിന്നെ ചതിക്കുകയാണെന്നൊക്കെ കുറെ അമ്മമാരൊക്കെ വന്നു പറയും. നമ്മുടെ അഭിനയത്തിനുള്ള അംഗീകരാമായിട്ട് ഇതിനെയൊക്കെ കാണുന്നു. ഇന്ന് എല്ലാ ചാനലുകാരും മത്സരിച്ച് അവാർഡു കൊടുക്കുകയല്ലേ, പണ്ടൊക്കെ ഒരു സംസ്ഥാന അവാർഡും ഒരു ദേശീയ അവാർഡുമൊക്കെ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിന് അതിന്റേതായ പ്രാധാന്യവും ഉണ്ടായിരുന്നു.

പഴയ നടൻ വിൻസന്റിന്റെ മകനാണോ?

എന്റെ അച്ഛൻ ചില്ല് സിനിമയിലെ നായകൻ വിൻസന്റാണ്. ഛായാഗ്രാഹകൻ വിൻസന്റ് മാഷിന്റെ സഹോദരന്റെ മകനാണ് ഞാൻ. ചിലർ പണ്ടത്തെ നടൻ വിൻസന്റിന്റെ മകനാണെന്ന് തെറ്റിദ്ധരിക്കപ്പെടുന്നുണ്ട്. എട്ടോളം സിനിമകളിൽ അച്ഛൻ നായകനായി അഭിനയിച്ചിട്ടുണ്ട്. എനിക്ക് അഭിനയിക്കാൻ താൽപര്യമില്ലായിരുന്നു. പിന്നെ എന്റെ അച്ഛൻ പറ‍ഞ്ഞു. വിൻസന്റ് ഫാമിലിയിലെ ആണുങ്ങൾ സിനിമ ഇന്റസ്ട്രിയിൽ ഒന്നു കൈവയ്ക്കണമെന്നുണ്ട്. അങ്ങനെ എത്തിയതാണ്. ജയൻ വിന്‍സന്റ്, അജയൻ വിൻസന്റ് , സാബുസിറിൽ എല്ലാവരും എന്റെ കസിൻസാണ്.

കുടുംബം?

കോഴിക്കോടാണ് വീട്. വീട്ടിൽ അച്ഛൻ, അമ്മ. എനിക്കൊരു ചേച്ചിയുണ്ട്. ചേച്ചി വിവാഹം കഴിച്ച് ദുബായിൽ കഴിയുന്നു.

കൂടുതല്‍ വായനയ്ക്ക്