Thursday 08 February 2018 02:08 PM IST : By ലക്ഷ്മി പ്രേംകുമാർ

ശ്രീനാഥിന്റെയും ഗൗതമിയുടെയും വിവാഹ വാർത്ത കേട്ട് പലരും ചോദിച്ചു, ‘ഇവർ പ്രണയത്തിലായിരുന്നോ?’

gauthami-nair1 ഫോട്ടോ : അരുൺ പയ്യടിമീത്തൽ

വിവാഹ ആഘോഷത്തിന്റെ അലകൾ കോഴിക്കോട് ബേപ്പൂരെ ശ്രേയസിൽ തുടരുകയാണ്. അതിനിടയിൽ സിനിമയിലെ പെൺകുട്ടി നാട്ടിൽ മരുമകളായി എത്തിയത് കാണാൻ വരുന്നവരുടെ തിരക്ക് വേറെ. എല്ലാവർക്കും മുന്നിൽ വിരിഞ്ഞ കണ്ണുകളുമായി നിറഞ്ഞ ചിരിയോടെ മലയാളികളുടെ പ്രിയപ്പെട്ട സുന്ദരിക്കുട്ടി ഗൗതമി.

ആദ്യ സിനിമയിലെ നായിക ജീവിതത്തിലെ നായികയായപ്പോൾ ?

ശ്രീനാഥ്: സെക്കൻഡ് ഷോ എന്ന സിനിമയാണ് ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവ്.  നായികയായി എത്തിയവള്‍  തന്നെ ഇപ്പോൾ ജീവിതത്തിലും നായിക. സിനിമയിലേതു പോലെ ഒരു ട്വിസ്റ്റ് അത്രേയുള്ളു. ഞങ്ങളുടെ ആഗ്രഹങ്ങളും അഭിപ്രായങ്ങളുമെല്ലാം ഒരുപരിധി വരെ ഒരുപോലെയാണ്. അത് കൊണ്ടാണ് ഒന്നിച്ച് ജീവിക്കാം ഇനിയുള്ള കാലമെന്ന് തീരുമാനമെടുത്തതും. വിവാഹം കഴിഞ്ഞത് കൊണ്ട് പ്രത്യേകിച്ച് മാറ്റമൊന്നും തോന്നുന്നില്ല. (നിനക്ക് എന്തേലും മാറ്റം തോന്നുന്നുണ്ടോടാ എന്ന് ചോദിച്ചു കൊണ്ട് ഗൗതമിയെ നോക്കുന്നു)

ഗൗതമി : സിനിമയുടെ ആദ്യ ദിനം മുതൽ ഞങ്ങളെല്ലാവരും നല്ല കൂട്ടുകാരായിരുന്നു. എല്ലാ കാര്യങ്ങളും ആദ്യം ഞാൻ അഭിപ്രായം ചോദിക്കുന്നതും പറയുന്നതും ശ്രീയോട് തന്നെ. ഇപ്പോഴും അങ്ങനെ തന്നെ. ഈ നിമിഷം എന്താണോ അത് ആഘോഷിക്കുന്നവരാണ് ഞങ്ങൾ രണ്ട് പേരും. അത് കൊണ്ട് ഭാവിയെക്കുറിച്ച് ടെൻഷനില്ല. കഴിഞ്ഞതിനെയോർത്ത് സങ്കടപ്പെടാറുമില്ല.  

പ്രണയത്തിൽ നിന്ന് വിവാഹിതരായപ്പോഴുള്ള മാറ്റം?

‘ഉത്തരം ഞാൻ പറയാം.’ ഗൗതമി ആദ്യമേ അവസരം ഏറ്റെടുത്തു. ‘പണ്ട് പ്രണയിച്ചോണ്ടിരിക്കുമ്പോൾ ഒന്നിച്ച് പുറത്ത് പോകുമ്പോഴും രണ്ട് പേരുടെയും  സുഹൃത്തുക്കളുടെ വീട്ടിൽ പോകുമ്പോഴുമെല്ലാം എന്തോ ഒരു ബുദ്ധിമുട്ട് ഉണ്ടായിരുന്നു. പരിചയപ്പെടുത്താനുള്ള ഒരു ചമ്മൽ. ചില പ്രായമായ ആളുകളൊക്കെ രൂക്ഷമായി നോക്കും. അങ്ങനെ ചെറിയ അസ്വസ്ഥതകള്‍. പക്ഷേ, വിവാഹ ശേഷം എവിടെ വേണേലും ധൈര്യമായി കേറി ചെല്ലാം. ഏത് സമയത്തും ഒന്നിച്ച് സഞ്ചരിക്കാം. പുറത്ത് കറങ്ങി നടക്കാം. കാരണം, ഞാനിപ്പോൾ ശ്രീയുടെ വൈഫാണല്ലോ.’

ശ്രീനാഥ്: നമ്മുടെ സമൂഹം നോക്കി കാണുന്നതിന്റെ പ്രശ്നമാണെല്ലാം. നമ്മൾ സ്ഥിരമായി തുടർന്നു പോരുന്ന ഓരോ രീതികളുണ്ട്. അത് അതേപോലെ നടന്നില്ലെങ്കിൽ എല്ലാവർക്കും ടെൻഷനാണ്. ഒന്നിച്ച് ജീവിക്കാം എന്ന് തീരുമാനിച്ച നിമിഷം മുതൽ ഗൗതമി എന്റെ മനസ്സിൽ ഭാര്യയാണ്. പക്ഷേ, കുറച്ച് ആളുകളെ വിളിച്ച് അവർക്ക് മുന്നിൽ താലി കെട്ടിയില്ല. മാലയിട്ടില്ല എന്നുള്ള കാരണങ്ങൾ കൊണ്ട് നമ്മൾ പെട്ടെന്ന് ഒറ്റപ്പെട്ടു പോകും. അത് പോലെ തന്നെ മാതാപിതാക്കളുടെ സന്തോഷങ്ങൾ ഇതെല്ലാം പരിഗണിക്കുമ്പോഴാണ് നമ്മൾ വിവാഹം  എന്നൊരു ഇൻസ്റ്റിറ്റ്യൂഷന്  വിധേയരാകുന്നത്. വിദേശ രാജ്യങ്ങളിലെ രീതി  നമ്മൾ പിന്തുടരണമെന്നാണ് എന്റെ അഭിപ്രായം.  

സുഹൃത്തിനപ്പുറം ഗൗതമി എന്ന ഭാര്യ ?

ശ്രീനാഥ്: തീർച്ചയായും നല്ല ഭാര്യയായിരിക്കും എന്നു തന്നെയാണ് വിശ്വാസം. ഗൗതമി ഇപ്പോഴും ഭയങ്കര ചൈൽഡിഷാണ്. എന്നാൽ  ചില സാഹചര്യങ്ങളിൽ വളരെ ബോൾഡായി ഇടപെടും. വളരെ പെർഫെക്ടായി തീരുമാനങ്ങളെല്ലാം എടുക്കുന്നതു കാണുമ്പോൾ അതിശയം തോന്നാറുണ്ട്.  പിന്നെ, പ്രണയിക്കുമ്പോള്‍ തന്നെ തീരുമാനിച്ചിരുന്നു പരസ്പരം ബാധ്യതയാകില്ലെന്ന്.

ഗൗതമി: എനിക്ക് എപ്പോഴും കുട്ടിയായിരിക്കാനാണ് ഇഷ്ടം. കാരണം എനിക്ക് ജീവിതത്തിൽ എപ്പോഴും സന്തോഷത്തോടെയിരിക്കണം. കുഞ്ഞുങ്ങൾ എപ്പോഴും സന്തോഷത്തിലായിരിക്കും. അവർക്ക്  ജീവിതത്തിൽ ടെൻഷനോ,  ഉൽകണ്ഠകളോ ഇല്ല. എന്ന് കരുതി എപ്പോഴും കുട്ടിക്കളി ബോറല്ലേ. കൃത്യമായ തീരുമാനങ്ങളെടുക്കാനും എനിക്കറിയാം.

പ്രണയം ഒളിപ്പിച്ച വഴികൾ എങ്ങനെയൊക്കെയാണ് ?

ഗൗതമി: അഞ്ചു വർഷമായി പ്രണയത്തിലായിരുന്നു. പക്ഷേ, വിവാഹം കഴിച്ച് ഫോട്ടോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചപ്പോഴാണ് എല്ലാവരും വിവരം അറിയുന്നത്. ഒന്നാമതേ ഞാനും ശ്രീയും സ്വകാര്യത ആഗ്രഹിക്കുന്നവരാണ്. പ്രണയം രഹസ്യമായിരിക്കണമെന്ന് നിർബന്ധമായിരുന്നു. ചിത്രങ്ങളിൽ പെടാതെയും പൊതുവേദികളിൽ ഒന്നിച്ച് പോകാതെയും പ്രത്യേകം ശ്രദ്ധിച്ചു.

ശ്രീനാഥ്: സ്വകാര്യതയ്ക്ക് കൂടുതൽ പ്രാധാന്യം നൽകുന്നവരാണ് ഞങ്ങളിരുവരും. അതുകൊണ്ട് പ്രണയ രഹസ്യം സൂക്ഷിക്കാൻ എളുപ്പമായി. പുറത്ത് പരിപാടികൾക്ക് പോകുമ്പോൾ ഞങ്ങള്‍ കൂട്ടമായി സുഹൃത്തുക്കൾക്കൊപ്പമാണ് പോകുന്നത്. അതുകൊണ്ട് ഗോസിപ്പിനുള്ള അവസരവും ലഭിച്ചില്ല.

gauthami-nair2

രണ്ട് പേരുടെയും സിനിമയിലേക്കുള്ള എൻട്രി ?

ശ്രീനാഥ്: ബിടെക്കിന് പഠിക്കുമ്പോഴാണ് സിനിമ ആവേശമായി മാറുന്നത്. ജയരാജ് സാറിന്റെ അസിസ്റ്റന്റായിരുന്നു. രണ്ട് പടം കഴിഞ്ഞപ്പോൾ സാറ് പറഞ്ഞു പോയി സിനിമ ചെയ്യാൻ. അങ്ങനെ സ്വതന്ത്ര സംവിധായകനായി. ‘സെക്കൻഡ് ഷോ’യുടെ ആദ്യഘട്ടത്തിൽ ദുൽഖർ എന്ന പേര് ഉണ്ടായിരുന്നില്ല. ആ സമയത്ത് ദുൽഖർ എൻട്രിക്കായി നിൽക്കുകയായിരുന്നു. നറുക്ക് എനിക്ക് വീണു. ദുൽഖറും സണ്ണിയും ഗൗതമിയും. അങ്ങനെ പുതുനിരയെ അവതരിപ്പിക്കാൻ കഴിഞ്ഞു.

ഗൗതമി: ഞാൻ അഭിനയ രംഗത്തേക്ക് വരണമെന്ന് ഒരിക്കൽ പോലും ആഗ്രഹിച്ചിട്ടില്ല. ആകെയുള്ള സിനിമാ പാരമ്പര്യം അപ്പച്ചിയാണ്. പഴയ നടി ജലജ. കസിനാണ് സെക്കൻഡ് ഷോയിലേക്ക് ഫോട്ടോകൾ അയച്ചത്. സെലക്ടായി  അന്ന് സെറ്റിൽ വരുമ്പോൾ മമ്മൂക്കയുടെ മകനാണ് നായകൻ എന്ന് പോലും അറിയില്ലായിരുന്നു.

ദുൽഖർ, ശ്രീനാഥിനെ തിരഞ്ഞെടുത്തത് എങ്ങനെ ?

പുതുമുഖ  സിനിമ എന്ന തീരുമാനത്തിലാണ് ‘സെക്കൻഡ് ഷോ’യുടെ തിരക്കഥ പൂർത്തിയാക്കിയത്. അവിചാരിതമായാണ് ദുൽഖർ എന്ന പേര് വന്നത്. ലൗഡ്സ്പീക്കറിൽ മമ്മൂക്കയോടൊത്ത് വർക്ക് ചെയ്ത പരിചയം വെച്ച് കാര്യം അവതരിപ്പിച്ചു. അദ്ദേഹം അത് ദുൽഖറിനോട് നേരിട്ട് പറയൂവെന്നാണ് പറഞ്ഞത്. ദുൽഖറിനെ കണ്ട് കഥ പറഞ്ഞു. കഥ സ്ട്രോങ്ങായതു കൊണ്ട് മാത്രമാണ് ദുൽഖർ വന്നത്.

സിനിമയിലെ  സുഹൃത്തുക്കൾ ?

ശ്രീനാഥ്: ഞങ്ങൾ രണ്ട് പേരും സിനിമയിൽ ഒരുപാട്  സൗഹൃ ദങ്ങൾ ഉള്ളയാളുകളല്ല. പക്ഷേ, കുറച്ചുപേരെ ഉള്ളെങ്കിലും അവർ സ്ട്രോങ്ങാണ്. ‘സെക്കൻഡ് ഷോ’ ടീം  എപ്പോഴും കൂടെയുണ്ട്. ദുൽഖർ, സണ്ണി വെയിൻ, തിരക്കഥാകൃത്ത് വിനി ഇവരെല്ലാം ഞങ്ങളുടെ കോമൺ ഫ്രണ്ട്സാണെന്നതാണ് ഏറ്റവും വലിയ  സന്തോഷം. ഗൗതമിയാണെങ്കിൽ സെക്കൻഡ് ഷോ കഴിഞ്ഞ് മൂന്ന് സിനിമകൾ കൂടി ചെയ്തു. അതിൽ കൂടെ വർക്ക് ചെയ്തവരും ഞങ്ങളുടെ നല്ല സുഹൃത്തുക്കളാണ്.

ഭാര്യ സെലിബ്രിറ്റിയാണ് ഇനി പ്രൈവസി പോകുമോ ?

ശ്രീനാഥ്: പുറത്തിറങ്ങുമ്പോൾ ആളുകൾ തിരിച്ചറിയുന്നതുംസംസാരിക്കുന്നതും സെൽഫി എടുക്കുന്നതും ഇഷ്ടപ്പെടുന്നവർ ഉണ്ടാകും. പക്ഷേ, എനിക്ക് അത് ഭയങ്കര ബുദ്ധിമുട്ടാണ്. നമ്മൾക്ക് നമ്മളായി ജീവിക്കാൻ പറ്റില്ല. പക്ഷേ, ഒരു നായികക്ക് അത്രയും പറ്റില്ല. ആളുകൾ തിരിച്ചറിയും. ഗൗതമി നാലാളുകൾ അറിയുന്ന ഇഷ്ടപ്പെടുന്ന നായികയാണെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണല്ലോ ഭാര്യയാക്കിയത്.

ഗൗതമി: വ്യക്തി സ്വാതന്ത്ര്യത്തിൽ വിശ്വസിക്കുന്നയാളാണ് ശ്രീ. അതിന്റെ  പ്രാധാന്യം അറിയുകയും ചെയ്യാം. അതുകൊണ്ട് ഒരിക്കലും എന്റെ കാര്യങ്ങളിൽ നിയന്ത്രണം  വയ്ക്കുകയോ അധികാരം സ്ഥാപിക്കുകയോ ഇല്ല. ഒരുമിച്ചുള്ള ജീവിതത്തിൽ അതൊരു നല്ല കാര്യമാണ്.

ഭാവി പരിപാടികൾ?

ഗൗതമി: സിനിമയും യാത്രയുമാണ് ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ ഇഷ്ടങ്ങൾ. ഇപ്പോൾ ശ്രീ ഒരു സിനിമയുടെ പ്രി പ്രൊഡക്‌ഷനിലാണ്. അത് എത്രയും നന്നായി ചെയ്യുകയാണ് ലക്ഷ്യം. യാത്രകൾ അങ്ങനെ പ്ലാൻ ചെയ്ത് പോകുകയൊന്നുമില്ല. കഴിഞ്ഞ ദിവസം ഞങ്ങൾ ബൈക്കിൽ നേരെ വയനാട് ചുരം കയറി. അവിടെ കാടിനുള്ളിൽ താമസം. നല്ല രസമായിരുന്നു. ഇന്ത്യയിൽ നിരവധി സ്ഥലങ്ങളുണ്ട്. അതൊക്കെ ആദ്യം കാണണം. പിന്നെ, ഒരു നോർത്ത് അമേരിക്കൻ ട്രിപ്പ്.   

ഗൗതമിയ്ക്കിഷ്ടം സർജനാകാൻ

പാചകം :  അത്യാവശ്യം  ജീവിച്ചു പോകാനുള്ള പണികൾ അറിയാം. ശ്രീയും അത്യാവശ്യം നന്നായി കുക്ക് ചെയ്യും. മീൻ വിഭവങ്ങളാണ് ചേട്ടന് കൂടുതൽ ഇഷ്ടം. എനിക്ക് കോഴിക്കോടിനോടുള്ള ഇഷ്ടത്തിന്റെ പ്രധാന കാരണം ഇവിടെ കിട്ടുന്ന ഭക്ഷണത്തിന്റെ രുചിയാണ്.

അഭിനയം : ഇനി അഭിനയിക്കില്ല എന്ന് പറയില്ല. നല്ല വേഷങ്ങൾ വന്നാൽ തീർച്ചയായും ചെയ്യും

പഠനം: സൈക്കോളജി പി.ജി. വിദ്യാർഥിയാണ്. വിവാഹം പ്രമാണിച്ച് കുറച്ച് അവധിയെടുത്തു. ഉടൻ തന്നെ ഇന്റേൺഷിപ്പിന് ചേരണം.

സ്വപ്നം : ഒരു കാർഡിയാക് സർജൻ ആവണമെന്നായിരുന്നു സ്വപ്നം. തൽക്കാലം ശ്രീനാഥിന്റെ ഹാർട്ടിന്റെ കാവൽക്കാരിയാകും.