Thursday 08 February 2018 12:26 PM IST : By ശ്യാമ

തലവര മാറ്റിയ ആ ഫൊട്ടോയെക്കുറിച്ച് നടി രേണു സൗന്ദർ പറയുന്നു

renu1 ഫോട്ടോ: സരിൻ രാംദാസ്

നടി രേണു സൗന്ദറിന്റെ മനസ്സിൽ സിനിമ അല്ലാതെ മറ്റൊരു മോഹം കൂടിയുണ്ട്...

ചിത്രകാരിയായ നടിയായി അറിയപ്പെടണമെന്നാണ് രേണു സൗന്ദറിന്റെ മോഹം. കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ എംഎഫ്എ രണ്ടാം വർഷ വിദ്യാർഥിനിയാണ് ‘കറുത്ത മുത്ത്’ സീരിയലിലെ നായികയായ ഈ വെളുത്ത മുത്ത്. തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്ര മേളയിൽ മികച്ച നവാഗത സംവിധായികയ്ക്കുള്ള രജത ചകോരവും മികച്ച മലയാള സിനിമയ്ക്കുള്ള ഫ്രിപസി പുരസ്കാരവും നേടിയ വിധു വിൻസെന്റ് സംവിധാനം ചെയ്ത ‘മാൻഹോൾ’ എന്ന സിനിമയിലെ നായിക രേണുവായിരുന്നു. ചിത്രകാരിയാകണമെന്ന് സ്വപ്നം കണ്ടുനടന്ന കാലത്ത് പ്രതീക്ഷിക്കാതെയാണ് രേണു ക്യാമറയ്ക്കു മുന്നിലെത്തുന്നത്. തിരുവനന്തപുരം വിഴവൂർകാരി രേണു സൗന്ദറിന്റെ വിശേഷങ്ങൾക്കൊപ്പം.

അഭിനയിക്കാൻ ആദ്യചാൻസ് കിട്ടിയതെങ്ങനെയാണ് ?

സുഹൃത്തിന്റെ കല്യാണത്തിനു പോയപ്പോൾ എടുത്ത എന്റെയൊരു ഫോട്ടോ കൂട്ടുകാരി  മലയാള മനോരമ ദിനപത്രത്തിന്റെ മെട്രോ ക്വീൻ മത്സരത്തിനു അയച്ചു കൊടുത്തു. പത്രത്തിൽ ഫോട്ടോ അച്ചടിച്ചു വന്നപ്പോൾ ആദ്യം തോന്നിയത് അമ്പരപ്പാണ്. സത്യം പറഞ്ഞാൽ ആ ഫോട്ടോയാണ് എന്റെ തലവര മാറ്റിയത്. പെയിന്റിങ് ആയിരുന്നു പ്രിയപ്പെട്ട മേഖല. സ്കൂളിൽ പഠിക്കുന്ന കാലം തൊട്ടെ ചിത്രരചനയിൽ താൽപര്യം ഉണ്ടായിരുന്നു. പ്ലസ്ടുവിനു ശേഷം ടൂൺസ് അനിമേഷൻ അക്കാദമിയിൽ ഒരു കൊല്ലത്തെ ഡിപ്ലോമ കോഴ്സ് ചെയ്തു. അതു കഴിഞ്ഞ് ബിഎഫ്എയും, എംഎഫ്എയുമായി ഈ ക്യാംപ സിൽ എന്റെ അഞ്ചാമത്തെ വർഷമാണ്. അഭിനയവും പഠനവും ഒരുമിച്ച് കൊണ്ട് പോകാൻ പറ്റുമോയെന്നായിരുന്നു ആദ്യഅവസരം വന്നപ്പോൾ ചിന്ത. ആലോചിച്ചൊടുവിൽ അഭിനയിക്കാൻ തീരുമാനിച്ചു. അച്ഛനും അമ്മയും ഒപ്പം നിന്നു. ഒറ്റപുത്രിയായതു കൊണ്ടാകാം എന്റെ ഇഷ്ടങ്ങൾക്കാണ് അച്ഛനും അമ്മയും ഒന്നാമത്തെ പരിഗണന നൽകുന്നത്.

പത്രത്തിൽ വന്ന ചിത്രം കണ്ടാണ് ‘കഴിഞ്ഞകാലം’ എന്ന ആർട്ട് ഫിലിമിലേക്കു ക്ഷണം വന്നത്. അങ്ങനെ ആദ്യ സിനിമ ചാരുഹാസനൊപ്പം. സ്വാതന്ത്ര്യ സമരസേനാനിയായ കെ.പി. കേശവമേനോന്റെ ജീവിതത്തെ ആ സ്പദമാക്കിയ സിനിമയായിരുന്നു. നാലു വർഷം മുമ്പായിരുന്നു അത്. ചാരു ഹാസൻ സാറിനെപ്പോലെ സീനിയറായ ഒരാളോടൊപ്പം അഭിനയിക്കാൻ അവസരം കിട്ടിയതിന്റെ ത്രില്ലുണ്ട്, ഒപ്പം പേടിയും. പേടിച്ചാണ് ആദ്യം സംസാരിച്ചതു പോലും. പിന്നെ, കൂട്ടായി. വലിയൊരു അനുഭവമായിരുന്നു. ഇസബല്ല, കർച്ചീഫ്, യൂ ടേൺ എന്നിങ്ങനെ ചില ഷോ ർട്ട് ഫിലിമുകളിലും പരസ്യ ചിത്രങ്ങളിലും പിന്നീട് അഭിനയിച്ചു.

കറുത്ത മുത്തിലേക്ക് എത്തുന്നത് എങ്ങനെയാണ്?

നടിയായ സുരഭി ചേച്ചി ഈ കോളജിലാണ് പഠിക്കുന്നത്. ഞങ്ങൾ ഒരുമിച്ച് കോളജ് നാടകങ്ങളിലും മറ്റും അഭിനയിക്കാറുണ്ട്. ചേച്ചി വഴിയാണ് ‘കറുത്തമുത്തി’ലേക്കുള്ള വരവ്. സീരിയലിൽ പ്രധാനകഥാപാത്രം ചെയ്യാൻ നടിയെ നോക്കുന്നു എന്നറിഞ്ഞ് സുരഭി ചേച്ചിയാണ് എന്റെ കാര്യം നടൻ കിഷോർ സത്യയോടു പറയുന്നത്. ഇതിനു മുമ്പും സീരിയലിൽ നിന്ന് ഓഫറുകൾ വന്നിരുന്നു, പക്ഷേ, അതൊന്നും എനിക്ക് പറ്റുന്നതായി തോന്നിയില്ല. ഈ അവസരം വന്നപ്പോൾ സുരഭി ചേച്ചി പറഞ്ഞു. ‘നല്ല കഥാപാത്രമാണ്, നിനക്കിതു നന്നായി ചെയ്യാൻ സാധിക്കും’ ആ ധൈര്യത്തിലാണ് സീരിയലിൽ അഭിനയിക്കുന്നത്. എന്തുകൊണ്ട് കറുത്ത നായിക ഉണ്ടാകുന്നില്ല, എന്താ വെളുത്തവരെ മാത്രം സുന്ദരികൾ എന്ന് വിളിക്കുന്നത് എന്നൊക്കെ ഞാനും മുമ്പ് ചിന്തിച്ചിട്ടുണ്ട്. കറുപ്പിന് അതിന്റേതായ ഭംഗിയുണ്ടെന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. നിറത്തെ കുറിച്ച് ചർച്ച ചെയ്യുന്നതുകൊണ്ടു കൂടിയാണ് ഈ സീരിയൽ എനിക്ക് ഇഷ്ടമായത്.

ഞാൻ ചെയ്യുന്ന ആദ്യത്തെ സീരിയലാണ് കറുത്തമുത്ത്.  നല്ലൊരു ടീമാണ് പിന്നിൽ. തുടക്കത്തിലെ പിഴവുകൾ തിരുത്തിത്തന്നതിനു നന്ദി പറയുന്നത് സംവിധായകൻ പ്രവീൺ കടയ്ക്കാവൂരിനോടാണ്. കിഷോർ ചേട്ടനും ശോഭ ആന്റിയും അർച്ചനയും ലക്ഷ്മിയുമൊക്കെയായും നല്ല കൂട്ടാണ്. ഞാൻ അവതരിപ്പിക്കുന്ന കാർത്തിക എന്ന കഥാപാത്രത്തിന്റെ മകളായി അഭിനയിക്കുന്ന അക്ഷരയാണ് സെറ്റിലെ താരം.

അവൾ വന്നാൽ എല്ലാവരും ഉഷാറാകും. കളിയും ചിരിയും ഒക്കെയായി ഓടി നടന്ന് എല്ലാവരെയും ആക്ടീവാക്കും. ഒരു കുട്ടിയുടെ അമ്മയായി അഭിനയിക്കുക എന്ന് കേട്ടപ്പോൾ ആദ്യം രസമായിട്ട് തോന്നി. സ്കൂളിൽ പഠിക്കുമ്പോൾ പെയ്ന്റിങ് മത്സരങ്ങൾക്കാണ് സ്ഥിരമായി പങ്കെടുത്തിരുന്നത്. അഭിനയം ചിന്തയുടെ ഏഴയലത്തു കൂടി പോയിട്ടില്ല. പക്ഷേ, കോളജിൽ വന്ന് നാടകത്തിൽ അഭിനയിച്ചു തുടങ്ങിയപ്പോൾ മുതൽ അഭിനയത്തോടു ക്രെയ്സ് ആയി. എങ്കിലും നടിയാകുമെന്ന് കരുതിയിരുന്നില്ല. പല കഥാപാത്രങ്ങളായി ജീവിക്കാൻ പറ്റുന്നത് രസമല്ലേ?.

പകരക്കാരിയായി അഭിനയിക്കാൻ വരുമ്പോൾ ടെൻഷൻ ഉണ്ടായിരുന്നോ?

പ്രേമി വിശ്വനാഥാണ് ‘കറുത്തമുത്തി’ലെ കാർത്തിക എന്ന കഥാപാത്രത്തെ ആദ്യം അവതരിപ്പിച്ചിരുന്നത്. ഒരാൾ ചെയ്ത കഥാപാത്രം ഏറ്റെടുക്കുക എന്നത് വെല്ലുവിളി തന്നെയായിരുന്നു. പുതിയ കഥാപാത്രം ചെയ്യുന്നത് പോലെയല്ല അത്. പ്രേക്ഷകർ കണ്ടു പരിചയിച്ച മുഖത്തിനു പകരമായി വേണം എന്നെ കാണാൻ. കാർത്തിക എന്ന കഥാപാത്രം നല്ലതായതു കൊണ്ടാകണം ആളുകൾ എന്നെയും സ്വീകരിച്ചത്. സീരിയൽ അമ്മമാർക്കും അമ്മൂമ്മമാർക്കും അപ്പൂപ്പന്മാർക്കും ഒക്കെ വലിയ ഇഷ്ടാണ് എന്നോട്. സുഹൃത്തുക്കളുടെ ബന്ധുക്കളൊക്കെ നമ്പർ തപ്പിപ്പിടിച്ച് വിളിച്ച് അഭിനന്ദിക്കുമ്പോൾ നല്ല സന്തോഷമുണ്ട്. അവരുടെ വീട്ടിലെ കുട്ടിയായാണ് അവർ എന്നെ കാണുന്നത്.

ചിത്രകലയിലെ ഇഷ്ടങ്ങൾ?

പെയ്ന്റിങ്ങാണ് ഞാൻ പഠിക്കുന്നത്. നമ്മുടെ മനസ്സും ചിന്തകളും കാൻവാസിലേക്ക് പകർത്തുന്നത് തന്നെയാണ് ഏറ്റവും സന്തോഷമുള്ള കാര്യം. അതു മറ്റുള്ളവരിലേക്കും എത്തുന്നുവെന്നറിയുമ്പോൾ ആ സന്തോഷം ഇരട്ടിയാകും.  വുമൺ ആർട്ടിസ്റ്റുകളുടെ വർക്കുകളാണ് ഞാൻ കുടുതലും പിന്തുടരുന്നത്.

സിനിമയിലെ അഭിനയ അനുഭവങ്ങൾ?

‘ആന, മയിൽ, ഒട്ടകം’ എന്ന സിനിമയ്ക്കു ശേഷമാണ് വിധു വിൻസെന്റിന്റെ ‘മാൻഹോൾ’ എന്ന സിനിമയിലെ കേന്ദ്രകഥാപാത്രമായ ശാലിനിയെ അവതരിപ്പിക്കാൻ അവസരം കിട്ടിയത്. ചലച്ചിത്രമേളയിൽ കിട്ടിയ അംഗീകാരത്തോടെ സിനിമ ഏറെശ്രദ്ധിക്കപ്പെട്ടു. വിധുചേച്ചി ആദ്യം തന്നെ സ്ക്രിപ്റ്റ് വായിക്കാൻ തന്നു. സിനിമയിലെ കഥാപാത്രങ്ങളായ മനുഷ്യരുടെ ജീവിതത്തെക്കുറിച്ചുള്ള അറിവ് വിധുചേച്ചിയിലൂടെയാണ്  എനിക്ക് കിട്ടുന്നത്.

ജീവൻ പണയം വച്ച്, റോഡുകളിലെ മാൻഹോളുകൾ വൃത്തിയാക്കാൻ വിധിക്കപ്പെട്ട മനുഷ്യരുടെ ജീവിതമാണ് ഈ സിനിമ. കൊല്ലത്തായിരുന്നു ഷൂട്ടിങ്. ഒപ്പം അഭിനയിച്ചവരിൽ മിക്കവരും ഈ തൊഴിൽ ചെയ്യുന്നവർ തന്നെയാണ്. അവരുടെ ഇടയിൽ നിന്ന് എൽഎൽബി പഠിച്ച് അവർക്ക് വേണ്ടി വാദിക്കുന്ന ശാലിനി എന്ന പെൺകുട്ടിയാണ് എന്റെ കഥാപാത്രം. പ്ലസ്ടു മുതൽ അഭിഭാഷകയാകുന്നതു വരെയുള്ള കാലഘട്ടങ്ങളിലൂടെ എന്റെ കഥാപാത്രം കടന്നു പോകുന്നുണ്ട്. ഇതുവരെ അഭിനയിച്ചതിൽ ഏറ്റവും ഇഷ്ടം തോന്നിയ കഥാപാത്രവും ശാലിനിയാണ്.

പ്രണയം, വിവാഹം?

വിവാഹത്തെക്കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നേയില്ല. പ്രണയം അത്ര എളുപ്പത്തിൽ തോന്നുന്ന കാര്യമല്ല എനിക്ക്. എടുത്തുചാടി ചെയ്യാനുള്ളൊരു കാര്യമല്ല. പക്വതയും കുസൃതിയും ചേരുന്നൊരു സംഗതിയാണത്. ഇപ്പോൾ ജോലിക്കും പഠിത്തത്തിനും ഇടയിലുള്ള ഓട്ടത്തിനിടയിൽ അതൊന്നും ശരിയാവില്ലെന്നേയ്. സിനിമയിൽ നല്ല കഥാപാത്രങ്ങൾ ചെയ്യണം. പിന്നെ, സോളോ ചിത്രപ്രദർശനം നടത്തണം. ഈ മോഹങ്ങൾ മാത്രമേയുള്ളൂ ഇപ്പോൾ മനസ്സിൽ.

renu-family