Thursday 08 February 2018 12:45 PM IST : By സ്വന്തം ലേഖകൻ

വിഷമം തോന്നുമ്പോൾ നമ്മളെന്താണ് ചെയ്യാറ്? ഈ ആൽബം അതിനുള്ള ഉത്തരം തരും

amrutha_suresh

വിഷമം തോന്നുമ്പോൾ നമ്മളെന്താണ് ചെയ്യാറ്. ചിലർ മിണ്ടാതെ മുറിയടച്ചിരിക്കും, മറ്റുചിലർ അലറിക്കരയും. പക്ഷേ, ‘കരയാതെയുണരൂ വൈകാതെ വീണ്ടും, ഈ വനിയിൽ വിരിയൂ നീ പനിനീർപ്പൂവേ...’ എന്ന് പെൺകുട്ടികളോടു ആഹ്വാനം ചെയ്യുകയാണ് ഗായികയും അഭിനേത്രിയുമായ അമൃത സുരേഷ്. ‘അണയാതെ...’ എന്നുപേരിട്ട പുതിയ ആൽബത്തിൽ പാടിയഭിനയിച്ചാണ് അമൃത പുതിയ തുടക്കമിട്ടിരിക്കുന്നത്.

കാടിന്റെ പശ്ചാത്തലത്തിൽ നോവിൽ വിങ്ങുന്ന മനസ്സുമായി ഒരു പെൺകുട്ടി. കണ്ണീരിറ്റുന്ന അവളുടെ നൊമ്പരത്തിന് ആശ്വാസമായി ആരും തുണയില്ല. വിഷാദം മുറ്റിയ കാറ്റിനൊടുവിൽ നറുവെളിച്ചമായി ഒരു അപ്പൂപ്പൻതാടി അവളെ തേടിയെത്തുന്നു. ആ തലോടലിൽ അവളുണരുകയാണ്. അണയാൻ വെമ്പിനിന്ന തിരിനാളം പുതുവെളിച്ചമായി തെളിയുന്നു. അവൾ പുഞ്ചിരിയോടെ തലയുയർത്തുന്നു.

‘നെഞ്ചം വിങ്ങും നോവിൻ ഈണം പോലെ മാറും പെണ്ണേ...’ എന്നു തുടങ്ങുന്ന ഗാനം രചിച്ചിരിക്കുന്നത് ആർ. വേണുഗോപാലാണ്. ഈണമിട്ടതും പാടിയതും അമൃതയാണ്. വിപിൻ ദാസാണ് ആൽബം സംവിധാനം ചെയ്തിരിക്കുന്നത്. മൈഐ ഫിലിംസിന്റെ ബാനറിൽ അമൃത തന്നെയാണ് ആൽബം നിർമിച്ചിരിക്കുന്നതും.