Thursday 08 February 2018 12:30 PM IST : By ശ്യാമ

’നീർജ, നിനക്ക് ഞാനിതു സമർപ്പിക്കുന്നു...’

neerja ഫോട്ടോ: ശ്യാം ബാബു

ഫിലിംഫെയർ അവാർഡ് നിശയിൽ സോനം കപൂർ നായികയായ ’നീർജ’ എന്ന ചിത്രം ആറോളം അവാർഡുകളാണ് സ്വന്തമാക്കിയത്.  പ്രൊഡക്‌ഷൻ ഡിസൈനിങ്ങിലെ മികവിനുള്ള അവാർഡ് നീർജയുടെ പശ്ചാത്തലം ഗംഭീരമാക്കിയ അപർണ സൂദും അന്ന ഐപ്പും ഏറ്റുവാങ്ങി. ‘‘നീർജ ഭാനോട്ടിന്റെ  ജീവിതം തേടി മുപ്പതുവർഷം പിന്നിലേക്ക് നടക്കുകയായിരുന്നു ഞങ്ങൾ. ആ ദിനങ്ങളിൽ പലപ്പോഴും നീർജയും ഞങ്ങൾക്കൊപ്പമുണ്ടെന്നു തോന്നുമായിരുന്നു. അവളുടെ കഥയൊരുങ്ങുന്നതു കണ്ട് ഞങ്ങൾക്കൊപ്പം.’’ അന്ന ഐപ്പ് സിനിമയെ കുറിച്ചും കരിയറിനെക്കുറിച്ചും പറഞ്ഞുതുടങ്ങി.

‘‘നീർജ എനിക്ക് വളരെ പ്രിയപ്പെട്ട സിനിമയാണ്. 2014 ലിന്റെ തുടക്കത്തിൽ സംവിധായകൻ റാം മാധ്വനി ആദ്യമായി നീർജയെപ്പറ്റി പറയുന്നതു മുതൽ അവളെക്കുറിച്ച് അന്വേഷിച്ചു തുടങ്ങി. 1986ൽ നടന്ന സംഭവമാണത്. തീവ്രവാദികൾ റാഞ്ചിയ പാൻ അമേരിക്കൻ 73 ഫ്ലൈറ്റിലെ എയർഹോസ്റ്റസ് നീർജ തനിച്ച് ചെറുത്ത് 379ൽ 359 യാത്രക്കാരെ രക്ഷപ്പെടുത്തി. എല്ലാവരും ഇറങ്ങിയിട്ടും വിമാനത്തിൽ കുടുങ്ങിപ്പോയ മൂന്നു കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തുന്നതിനിടയിൽ നീർജയെ തീവ്രവാദികൾ വെടിവച്ചു വീഴ്ത്തി.

മരണാനന്തരം ധീരതയ്ക്കുള്ള അശോകചക്ര ബഹുമതി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞയാളും 22 വയസ്സു മാത്രമുണ്ടായിരുന്ന നീർജ തന്നെ. നീർജയെക്കുറിച്ചും അവൾ ജോലിചെയ്തിരുന്ന പാൻ അമേരിക്കൻ എയർലൈൻസിനെ കുറിച്ചുമൊക്കെയായിരുന്നു ആദ്യത്തെ അന്വേഷണം. അപകടത്തിന്റെ ദൃക്സാക്ഷികളെയാണ് പിന്നെ കണ്ടത്. മെല്ലെ മെല്ലെ നീർജ മാത്രമായി ചിന്തയിലും മനസ്സിലും. 2014 ഡിസംബർ ആയപ്പോഴേക്കും സിനിമ തുടങ്ങാനുള്ള എല്ലാ തയാറെടുപ്പുകളുമായി. ഏപ്രിൽ 19ന് തുടങ്ങിയ ഷൂട്ടിങ് ജൂൺ 18ാം തീയതി പൂർത്തിയായി. 

കേട്ടു മെനഞ്ഞ രൂപങ്ങൾ

എൺപതുകളിലെ ജീവിതം പുനർനിർമിക്കുക എന്നതായിരുന്നു ഞങ്ങളുടെ ടാസ്ക്. സെറ്റിന്റെ ഓരോ കോണും വളരെയധികം ശ്രദ്ധയോടെയാണ് ചെയ്തത്. മാസങ്ങളെടുത്താണ് ലോക്കേഷനുകൾ തീരുമാനിച്ചത്. കൃത്രിമത്വം തോന്നാതെ എന്നാൽ കാലഘട്ടത്തിന്റെ പഴമ ചോർന്നു പോകാതെ സെറ്റൊരുക്കി.
 
നീർജയ്ക്കിഷ്ടമുള്ള നിറങ്ങൾ, അവൾ കേട്ടിരുന്ന പാട്ടുകൾ, വായിച്ച പുസ്തകങ്ങൾ അത്തരം ചെറിയ കാര്യങ്ങൾ പോലും ശ്രദ്ധിച്ചിരുന്നു. നീർജയുടെ മുറി ഒരുക്കിയപ്പോൾ 1986നു മുമ്പുള്ള പുസ്തകങ്ങൾ വെച്ചു. ടൈപ്റൈറ്റർ, ടെലിഫോൺ, വാഹനങ്ങൾ, മാഗസിനുകൾ ഒക്കെയും സൂക്ഷിച്ചാണ് തിരഞ്ഞെടുത്തത്. സിനിമയിലുള്ള  തീവ്രവാദികളുടെ ഒളിത്താവളം, ഫ്ലൈറ്റ്, നീർജയുടെ വീടായ ഭാനോട്ട് ഹൗസ്, നീർജയുടെ അച്ഛൻ ഹരീഷ് ഭാനോട്ടിന്റെ ഓഫിസ്... ഇതൊക്കെ വളരെ തൻമയത്വത്തോടെ ചെയ്യാൻ കഴിഞ്ഞു.

ഇതിലെ ഓരോ കഥാപാത്രങ്ങൾക്കും അവരവരുടേതായൊരു കഥയുണ്ട്, അതു മനസ്സിലാക്കാൻ കഴിഞ്ഞതാണ്  ഞങ്ങളുടെ വിജയം. നീർജയുടെ സെറ്റ് ഒരുക്കിയ കാര്യങ്ങൾ ഒരു ബൈബിൾ പോലെ എഴുതി സൂക്ഷിക്കണം എന്നുണ്ട് എനിക്ക്. ഭാനോട്ട് കുടുംബത്തിലെ എല്ലാവരോടും നന്ദിയുണ്ട് നീര്‍ജയുടെ സഹോദരന്മാർ അവളെക്കുറിച്ചുള്ള കൊച്ചു കൊച്ചു കാര്യങ്ങൾ വരെ പറഞ്ഞുതന്നു. നീർജയുടെ  അമ്മ രമാ ഭാനോട്ടിനെ കാണാനും സംസാരിക്കാനും സാധിച്ചത് വലിയ ഭാഗ്യമായി തോന്നുന്നു.

ആ കറുത്ത സുന്ദരി

ഫിലിം ഫെയർ അവാർഡിനു നോമിനേഷനുണ്ടെന്ന് അറിഞ്ഞപ്പോൾ വളരെയധികം സന്തോഷം തോന്നി. അതിലേറെ സന്തോഷം നീർജയുടെ മുഴുവൻ ടീമുമായി ആ വേദിയിലിരിക്കാൻ കഴിഞ്ഞു എന്നതാണ്. ഇക്വിനോക്സ് ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പ്രൊഡക്‌ഷൻ ഹൗസിൽ പതിനൊന്നു വ ര്‍ഷമായി പ്രൊഡക്‌ഷൻ ‍‍‍ഡിസൈനറായി ജോലി നോക്കുകയാണ്. ഈ ജോലി എന്റെ പാഷനായതുകൊണ്ടു തന്നെ ഒരു നിമിഷം പോലും പാഴായി പോകാറില്ല. അഡ്വർടൈസിങ് ബിസിനസ് രംഗത്തുള്ള എന്റെ ഭർത്താവ് ഖവാഫറിനെ പരിചയപ്പെടുന്നതും ഇക്വിനോക്സിൽ വച്ചാണ്. കേരളത്തിലാണ് ജനിച്ചതെങ്കിലും പഠിച്ചത് ഡൽഹിയിലും ബെംഗളൂരുവിലുമായിരുന്നു. സോഷ്യോളജിയിൽ ഡിഗ്രി എടുത്തശേഷം  മുംബൈയിലെ സോഫിയ പോളിടെക്നിക് കോളജിലെ സോഷ്യൽ കമ്യൂണിക്കേഷൻസ് മീഡിയ ഡിപ്പാട്ട്മെന്റിൽ നിന്ന് ഒരു വർഷത്തെ ഡിപ്ലോമ ചെയ്തു.

അവാർഡിനു നീർജയ്ക്കു മൊത്തം 11 നോമിനേഷൻ ഉണ്ടായിരുന്നു. അതിൽ ആറ് അവാർഡുകൾ നീർജയ്ക്കു കിട്ടി. അപർണയ്ക്കൊപ്പം അവാർഡ് പങ്കിട്ടപ്പോൾ സത്യം പറഞ്ഞാൽ ഞാൻ മനസ്സുകൊണ്ടു തുള്ളിച്ചാടുകയായിരുന്നു. അത്രയ്ക്കും ടാലന്റഡാണ് അപർണയും ആ ടീമിലെ ഓരോരുത്തരും. നല്ല നടിക്കുള്ള ക്രിട്ടിക്സ് അവാർഡ് സോനം കപൂറിനും സഹനടിക്കുള്ളത് അമ്മയായി അഭിനയിച്ച ഷബാന ആസ്മിക്കുമാണ് കിട്ടിയത്. സംഭവകഥയായതു കൊണ്ടുതന്നെ ജീവിച്ചിരുന്ന വ്യക്തികളെ അതേപടി സ്ക്രീനിൽ എത്തിക്കാൻ ഇവർ രണ്ടാളും നന്നായി ഹോംവർക്ക് ചെയ്തിരുന്നു.  

അവാർഡ് ശിൽപം, ആ കറുത്ത സുന്ദരി വീട്ടിലെത്തിയ അന്നു രാത്രി ഉറക്കത്തിൽ പോലും എന്റെ മുഖത്ത് അഭിമാനത്തിന്റെ ചിരിയായിരുന്നു. ഇനിയും നന്നായി പ്രവർത്തിക്കാൻ കാഴ്ചയുടെ വിസ്മയങ്ങൾ തീർക്കാൻ കൂടുതൽ ശക്തി ലഭിച്ചതുപോലെ. നീർജ, നിനക്കു ഞാനിതു സമർപ്പിക്കുന്നു.