Thursday 08 February 2018 03:10 PM IST : By സ്വന്തം ലേഖകൻ

ഡോക്ടറെ കാണാന്‍ ഇനി മണിക്കൂറുകള്‍ കാത്തുനില്‍ക്കേണ്ട!

docs_app

ഡോക്ടറെ കാണാന്‍ ഇനി മണിക്കൂറുകള്‍ നീളുന്ന കാത്തിരിപ്പ് വേണ്ട. രാജ്യത്തെ പ്രശസ്തരായ ഡോക്ടര്‍മാരുമായി ഓണ്‍ലൈനില്‍ നിങ്ങളുടെ പ്രശ്‌നങ്ങള്‍ സംസാരിച്ചശേഷം ഉപദേശം സ്വീകരിക്കാനും അവശ്യമെങ്കില്‍ നേരിട്ടു കാണാനും അവസരമൊരുക്കുന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ ‘ഡോക്സ് ആപ്പ്’എത്തി. സതീഷ് കണ്ണൻ, എൻബശേഖർ എന്നിവരുടെ നേതൃത്വത്തില്‍ 2015 ൽ പുറത്തിറക്കിയ ഡോക്സ്ആപ്പ് ഇപ്പോള്‍ ഐഓഎസ് ഉപയോക്താക്കൾക്കു വേണ്ടി ആപ്പിള്‍ സ്വന്തമാക്കിയിരിക്കുകയാണ്. ലോകമെമ്പാടുമുള്ള അഞ്ച് ലക്ഷത്തിലധികം പേർ ഇപ്പോൾ തന്നെ ഈ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്തു കഴിഞ്ഞുവെന്നാണ് ആപ്പിൾ അവകാശപ്പെടുന്നത്. അടിയന്തര ശ്രദ്ധവേണ്ടതടക്കമുള്ള എല്ലാത്തരം ചികിത്സകളും പരിശോധനകളും ഉള്‍ക്കൊള്ളിച്ചുള്ള 24X7 വൈദ്യസഹായമാണ് ഇത് ഉറപ്പുനല്‍കുന്നത്.

docs_app

ഓരോ അസുഖത്തിനും പ്രത്യേകം വിഭാഗം ഡോക്ടർമാരുടെ സേവനം ലഭ്യമാണ്. ഐഓഎസ് ആപ്പ് സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്ത ആപ്പിൽ കയറുമ്പോൾ തന്നെ വിരൽ തുമ്പിൽ ലൈവ് ഡോക്ടർ എത്തും. ഡോക്ടറുമായി രോഗിക്ക് നേരിട്ടു സംസാരിക്കാമെന്നതാണ് ഇതിന്റെ പ്രത്യേകത. സംശയങ്ങള്‍ ദൂരീകരിച്ച്, ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ചറിഞ്ഞ്, നിര്‍ദേശങ്ങള്‍ സ്വീകരിച്ച്, മുന്‍കരുതലുകളെടുത്ത് വിശദമായ ചികിത്സ വേണ്ടതല്ലെങ്കിൽ മരുന്നു എഴുതി ലഭിക്കാനും ഇത് ഉപകരിക്കും.  ഓൺലൈൻ കൺസൾട്ടേഷനായി 1500 ലധികം ഡോക്ടർമാരാണ് ഈ ആപ്ലിക്കേഷനിൽ ഉള്ളത്.

രോഗലക്ഷണങ്ങൾ, ചിത്രങ്ങൾ എന്നിവ പങ്കുവയ്ക്കാനുള്ള സൗകര്യവും ആപ്ലിക്കേഷൻ ഒരുക്കിയിരിക്കുന്നു. ഡൽഹി, ബംഗലുരു, മുംബൈ എന്നിവിടങ്ങളിലെ എംഡി ഡോക്ടേഴ്സ് ആണ് എല്ലാവരും തന്നെ. തുടക്കത്തിൽ എമർജൻസി കെയറിനായും ലാബ് ടെസ്റ്റുകൾക്കായുമുള്ള സേവന ദാതാക്കളും വീട്ടുപടിക്കലെത്താൻ ഈ മൂന്നു സ്ഥലങ്ങളിലും സൗകര്യവുമൊരുക്കിയിട്ടുണ്ട്.