Thursday 08 February 2018 03:07 PM IST : By സ്വന്തം ലേഖകൻ

എന്തിനാടാ ചക്കരേ നീ അച്ചന്‍ പട്ടത്തിന് പോയത്; സോഷ്യല്‍ മീഡിയയെ കണ്ണീരണിയിച്ച് ഒരു വ്യത്യസ്ത ഷോര്‍ട്ട് ഫിലിം

priest

ഭംഗിയുള്ളതെന്തും അതേ പോലെ നിൽക്കട്ടെ. പ്രണയിക്കുന്നതിനെയും ഇഷ്ടപ്പെടുന്നതിനെയും സ്വന്തമാക്കുന്നതല്ല, അതേ പോലെ നിലനിർത്തുന്നതിലാണ് സൗന്ദര്യം എന്ന സന്ദേശം പറഞ്ഞുകൊണ്ട് വേറിട്ട് നിൽക്കുന്നൊരു ഹ്രസ്വചിത്രം. ''എന്‍റെ ഹൃദയത്തിന്‍റെ വടക്ക് കിഴക്കേ അറ്റത്ത്'' എന്നു പേരിട്ടിരിക്കുന്ന ഈ ഹ്രസ്വ ചിത്രം  സോഷ്യല്‍മീഡിയയില്‍ സൂപ്പര്‍ ഹിറ്റ് ആയിരിക്കുകയാണ്.

ബന്ധങ്ങളുടെ മനോഹാരമായ ആവിഷ്കാരമാണ് ചിത്രം പ്രേക്ഷകർക്ക് പകരുന്നത്. നമ്മുടെ എല്ലാവരയുടെയും ഹൃദയത്തിൽ ഒരു വടക്ക് കിഴക്കേ അറ്റം ഉണ്ട്. നമ്മുടെ മധുര നൊംബരങ്ങളും, ആഗ്രഹങ്ങളും, പിന്നെ.....നടക്കാത്ത പ്രണയങ്ങളും ഒക്കെ സൂക്ഷിച്ചു വെച്ചിരിക്കുന്ന ഒരു മനോഹരമായ കോണ്. ആർക്കും പ്രവേശനം ഇല്ലാത്ത, നമുക്ക് മാത്രം ഇടയ്ക്കു കടന്നു ചെല്ലാൻ പറ്റുന്ന ഒരു കൊച്ചു കോണ്. ആ വടക്കു കിഴക്കേ അറ്റത്തേക്കുള്ള കൊച്ചു കോണിലേക്കുള്ള യാത്രയാണ് ഈ കൊച്ചു സിനിമ.



ബിബിൻ മത്തായി, അനീഷ ഉമ്മർ, വിഷ്ണു വിദ്യാധരൻ തുടങ്ങിയവര്‍ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ആനന്ദ് റോഷൻ, എം.ബി മനോജ്, സംഗീത് സോമൻ തുടങ്ങിയവരും മനോഹരമായ കാമ്പസ് പശ്ചാത്തലത്തില്‍ ചിത്രത്തിൽ എത്തുന്നു. പരസ്യചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അനൂപ് നാരായണനാണ് കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തില്‍ ഛായാഗ്രഹണം പ്രസാദ് യോഗി നിർവ്വഹിച്ചിരിക്കുന്നു. സംഗീതം ജോയൽ ജോൺസും സൗണ്ട് ഇഫക്ട് ജിബിൻ ജോർജ്ജും ഓഡിയോ മിക്സിങ്ങും മാസ്റ്ററിങ്ങും ഹാപ്പി ജോസും ആണ് ചെയ്തിരിക്കുന്നത്.