Thursday 08 February 2018 03:09 PM IST : By സ്വന്തം ലേഖകൻ

ഹിജാബ് അണിഞ്ഞ് സുന്ദരി ബാർബി!

hijab

ബാർബി ഡോളുകളുടെ കൂട്ടത്തിലേക്ക് ഹിജാബ് അണിഞ്ഞ് ഒരു സുന്ദരിപ്പാവ കൂടി വന്നെത്തി. വാൾപയറ്റിലെ ഒളിമ്പിക്സ് താരമായ മുസ്ലീം വനിത ഇബ്തിഹാജ് മുഹമ്മദിന്‍റെ രൂപത്തിലാണ് പുതിയ ബാർബി അംഗം കമ്പനി പുറത്തിറക്കിയത്. ബാർബിയുടെ നിർമാതാക്കൾക്ക് നന്ദിയുണ്ടെന്നും ഹിജാബ് അണിഞ്ഞ പാവക്കുട്ടി ഇനി ലോകം മുഴുവനും ശ്രദ്ധിക്കപ്പെടുമെന്നും താരം തന്നെയാണ് തന്റെ ട്രിറ്ററിലൂടെ പങ്കുവച്ചത്.

മാറ്റൽ എന്ന കമ്പനിയാണ് അമേരിക്കൻ വാൾപയറ്റ് താരം ഇബ്തിഹാജ് മുഹമ്മദിന്‍റെ ഹിജാബ് അണിഞ്ഞ രൂപം കുഞ്ഞുപാവയായി എത്തിച്ചത്. കഴിഞ്ഞ റിയോ ഒളിമ്പിക്സിലാണ് 31കാരിയായ ഇബ്തിഹാജ് ഹിജാബ് അണിഞ്ഞ് പോരാട്ടത്തിനിറങ്ങിവാർത്തകളിൽ ഇടം നേടിയത്. പാവ രൂപകൽപ്പന ചെയ്യാനുള്ള ശ്രമത്തിൽ ഇബ്​തിഹാജ് കമ്പനിയുമായി പൂർണമായും സഹകരിച്ചുപ്രവർത്തിച്ചു.

ബാർബി പാവകളുടെ ഷെറോ ഇനത്തിലാണ് ഇബ്തിഹാജിന്‍റെ പാവയെ ഉൾപ്പെടുത്തിയിരിക്കുന്നത്. പ്രമുഖ മോഡൽ ആയ ആഷ്ലി ഗ്രഹാം, അമേരിക്കൻ നടിമാരായ സെൻഡേയ, ക്രിസ്റ്റിൻ കെനോവത് തുടങ്ങിയവരും നേരത്തെ ഷെറോ പാവകളുടെ ശ്രേണിയിൽ ഉൾപ്പെട്ടിട്ടുണ്ട്.

താരത്തിന്‍റെ രൂപഭംഗിയിൽ തന്നെ പാവ രൂപപ്പെടുത്താനുള്ള കമ്പനിയുടെ ശ്രമത്തിനൊപ്പം അവർ നിൽക്കുകയായിരുന്നു. തന്‍റെ കുട്ടിക്കാലത്തെ ആഗ്രഹമാണ് പൂവണിഞ്ഞതെന്നും താൻ ഫെൻസിങ് യൂണിഫോമിൽ നിൽക്കുന്നതിന്റെ രൂപം പാവയിലൂടെ കാണാനായത് ഏറെ ആഹ്ലാദകരമാണെന്ന് ഇബ്തിഹാജ് പറഞ്ഞു.