Thursday 08 February 2018 03:06 PM IST : By സ്വന്തം ലേഖകൻ

ക്രിക്കറ്റിൽ ഫിറ്റ്നസ് കാത്തുസൂക്ഷിക്കാൻ കോഹ്ലി വേണ്ടെന്നു വച്ചത് ഏറ്റവും കൊതിയുള്ള ഒന്ന്!

kohli

ക്രിക്കറ്റ് താരങ്ങളെപ്പോലെ ജീവിതം ആസ്വദിക്കുന്നവർ വേറെയില്ലെന്നാണ് പലരുടെയും ധാരണ. എന്നാൽ ഫിറ്റ്നസ് കാത്തു സൂക്ഷിക്കാൻ എത്രമാത്രം ബുദ്ധിമുട്ടാണെന്ന് അവർക്കു മാത്രമേ അറിയൂ. ഇപ്പോഴിതാ ബർത്ത്ഡേ ബോയ് വിരാട് കോഹ്ലിയുടെ ഡയറ്റിനെക്കുറിച്ചുള്ള വിവരം പുറത്തുവന്നിരിക്കുകയാണ്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ കോഹ്ലി തന്നെയാണ് ഡയറ്റ് വെളിപ്പെടുത്തിയത്. മുൻപ് വയറൊക്കെ ചാടി ഒരു ചോക്ലേറ്റ് ബോയ് ആയിരുന്നു കോഹ്ലി. ഇങ്ങനെ പോയാൽ ശരിയാകില്ലെന്ന് സ്വയം തോന്നിയിടത്തായിരുന്നു കോഹ്ലി എന്ന ക്രിക്കറ്റ് താരത്തിന്റെ പിറവി.

പ്രൊഫഷണൽ ക്രിക്കറ്റർ ആയതോടെ ഏറ്റവും ഇഷ്ടമുള്ള ബട്ടൻ ചിക്കൻ വരെ പടിക്കു പുറത്തു നിർത്തേണ്ട ഗതികേടാണ് കോഹ്ലിക്ക്. നാലുവര്‍ഷമായിട്ട് ബട്ടര്‍ ചിക്കന്‍ അല്‍പ്പം പോലും കഴിച്ചിട്ടില്ല. ക്രിക്കറ്റില്‍ എന്നും ഫിറ്റായിരിക്കാന്‍ കോഹ്ലിക്ക് ചില ചിട്ടകളൊക്കെയുണ്ട്. അതുവിട്ടൊരു കളിയില്ല. പ്രഭാതഭക്ഷണം തുടങ്ങുന്നത് ഒരു ഓംലെറ്റിലാണ്. മൂന്ന് മുട്ടയുടെ വെള്ളയും ഒരു മുട്ടപൂര്‍ണ്ണമായും ചേര്‍ത്താണ് തയാറാക്കുന്നത്. ഓംലറ്റില്‍ ചീരയും കുരുമുളകും നന്നായി ചീസും ചേര്‍ക്കും. ഫ്രൈഡ് ചിക്കനും, കെഎഫ്‌സിയും, ജങ്ക് ഫുഡ്‌സും പൂര്‍ണമായും ഒഴിവാക്കി.

ഗ്രില്‍ചെയ്ത ഇറച്ചിയോ സാല്‍മണ്‍ മത്സ്യമോ ഉണ്ടാകും. ഇതിലേതെങ്കിലും ഒന്നായിരിക്കും കഴിക്കുന്നത്. തണ്ണിമത്തന്‍ പോലെയുള്ള ജലാംശം കൂടിയ പഴങ്ങള്‍ ഏതെങ്കിലും. നാരങ്ങചേര്‍ത്ത ഗ്രീന്‍ടീയും രണ്ട് ബ്രഡും കഴിക്കുന്നതോടെ പ്രഭാതഭക്ഷണം കഴിയും. ഉച്ചയ്ക്ക് ഗ്രില്‍ചെയ്ത കോഴിയിറച്ചിയും, പച്ചക്കറികള്‍, ഉടച്ച ഉരുളക്കിഴങ്ങ്. ചീര എന്നിവ നിര്‍ബന്ധമാണ്. അത്താഴത്തിന് പലതരത്തിലുള്ള മീനുകള്‍ മസ്റ്റാണ്, അല്‍പം പോലും ചോറുകഴിക്കില്ല.  ഡ്രൈഫ്രൂട്ട്സും നട്‌സും ബ്ലാക് കോഫിയും കൂടി ചേർന്നാൽ മെനു പൂർണമാകും.