Thursday 08 February 2018 03:01 PM IST

‘ഈ പാട്ടുകള്‍ വെറും പാട്ടല്ല, അനീതിക്കെതിരായ പോരാട്ടമാണ്.’ മ്യൂസിക് ബാൻഡ് ഊരാളിയുടെ വിശേഷങ്ങൾ

Nithin Joseph

Sub Editor

oorali1

മുടി നീട്ടിയവർ, താടി വളർത്തിയവർ, മുടിയിൽ പല നിറങ്ങൾ ചേർത്തവർ, കാതു കുത്തിയവർ, ദേഹമാകെ പച്ച കുത്തിയവർ, വ്യത്യസ്തമായ വസ്ത്രങ്ങൾ ധരിച്ചവർ, അങ്ങനെ ഒരു കൂട്ടം തൃശൂര്‍ തേക്കിൻകാട് മൈതാനത്തിന്റെ നടുവിലേക്കു നടന്നു കയറി. ചുറ്റും കൂടിയവരെല്ലാം കൗതുകത്തിന്റെ മിഴിമുന കൂർപ്പിച്ചു നോക്കി. കരുതലോടെ കാവൽ നിൽക്കുന്നു, രണ്ടു വണ്ടി പൊലീസ്.‘ആകെ മൊത്തം’ സംഘർഷ സാധ്യത കാണാം, പൊലീസിന്റെ മുഖം നിറയെ.

വന്നവർ തങ്ങളുടെ കൈയിലെ ബാഗുകൾ തുറന്ന് ഗിറ്റാറും തുത്രൂക്കയും ബോംബോയുമെല്ലാം പുറത്തെടുത്ത് വട്ടം കൂടിനിന്നു. എന്നിട്ടുറക്കെ പറഞ്ഞു. ‘അത് ആത്മഹത്യയല്ല, കൊലപാതകമാണ്.’ അവരുടെ വിരലുകൾ നീണ്ടത് പൊ ലീസിന്റെ നേരെ. പിന്നെ, ചുറ്റും കൂടി നിന്നവർക്കു നേരെ നീണ്ടു, പാട്ടിന്റെ ചൂണ്ടുവിരൽ. ഇലഞ്ഞിത്തറ മേളം കേട്ട് ഇരമ്പുന്ന പാരമ്പര്യമുള്ള തൃ ശൂർ നഗരം പുതുപാട്ടിന്റെ വീര്യത്തിൽ ഒന്നു ഞ ടുങ്ങി. പിന്നെ, പാട്ടിനു കാതോർത്തു. ഉറക്കെയുറക്കെ അവർ പാടി.

‘ഇന്നലെ നടന്നത് കഥയല്ല, കലയുമല്ല,
ഇന്നാട്ടിൽ മനുഷ്യർക്ക് വഴി നടക്കാൻ
പാടില്ലെന്നാ നിയമം പറയുന്നേ,
ഇന്നാട്ടിൽ തലയിലെ മുടിയിതു പോലെ
വളരാൻ പാടില്ലെന്നാ നിയമം പറയുന്നേ,
ഇന്നാട്ടിൽ നിന്റെ മുഖമിതു പോലെ
ഇരിക്കാൻ പാടില്ലെന്നാ
നിയമം പറയുന്നേ....’

എണ്ണത്തിലവർ വീണ്ടും വളർന്നു. ഒന്ന് പത്തായി, പത്ത് നൂറായി, നൂറ് ആയിരമായി. വെയിലിനേയും മഴയേയും അവഗണിച്ച്, നേരമിരുട്ടും വരെ അവരെല്ലാം ഒരുമിച്ചിരുന്ന് പാട്ടു പാടി, പടം വരച്ചു, പ്രസംഗിച്ചു. ഇടയ്ക്ക് വിരൽ ചൂണ്ടിക്കൊണ്ട് ഉറക്കെ പറഞ്ഞു കൊണ്ടിരുന്നു,‘വിനായകനെ കൊന്നത് നിങ്ങളാണ്.’

തൃശൂർ ഏങ്ങണ്ടിയൂർ സ്വദേശിയായ വി നായകനെ പൊലീസ് കസ്റ്റഡിയില്‍ എടുക്കു കയും മര്‍ദ്ദിക്കുകയും തുടര്‍ന്ന് വിനായകന്‍ ആത്മഹത്യ െചയ്യുകയും െചയ്ത സംഭവത്തിനെതിരെ ഒരുകൂട്ടമാളുകൾ പ്രതികരിച്ചത് ഇങ്ങനെയാണ്. പ്രതിഷേധിക്കാനുള്ള അവകാശത്തെ വിനിയോഗിക്കാൻ വഴികൾ പലതുണ്ട്. ചിലർ സമരം ചെയ്യുന്നു, ചിലർ ആയുധം കൈയിലെടുക്കുന്നു, മറ്റ് ചിലർ കണ്ടില്ലെന്ന് നടിക്കുന്നു. എന്നാൽ, ഇവരുടെ ആയുധം കലയാണ്. പാട്ടിന്റെ വാളും എഴുത്തിന്റെ തീപ്പന്തവുമാണ് കൈയിൽ. അനീതിക്കെതിരെ ആയിരം നാവുമായി അലറിപ്പാ ടുന്ന ഈ കൂട്ടരാണ് ‘ ഊരാളികൾ’. ലോകത്തോടു മുഴുവനാ യി  ‘ഊരാളി’ ഉറക്കെ പറഞ്ഞു, ‘അത് ആത്മഹത്യയല്ല, കൊല പാതകമാണ്’.

ആരാണീ ഊരാളി ?

തിരുനെറ്റിയിൽ കലയുടെ തീമുദ്ര അണിഞ്ഞ ഒരുസംഘം ചെ റുപ്പക്കാർ പണ്ട് ഒത്തുകൂടിയൊരു നാടകസംഘമുണ്ടാക്കി. പി ന്നെ, എല്ലാവർക്കും സമ്മതമായൊരു പേരിനു വേണ്ടിയുള്ള പാച്ചിലായിരുന്നു. പല വഴി പാഞ്ഞ്  ഒടുവിൽ ചെന്ന് നിന്നത് പടയണിപ്പാട്ടിന്റെ ചടുലതാളമുള്ള കടമ്മനിട്ടക്കവിതയുടെ മഞ്ഞൾക്കളത്തിൽ. പടയണിയിലെ കഥാപാത്രമാണ് ഊരാളി. ഊരാളുന്നവൻ ആരോ, അവന്‍ ഊരാളി. ദൈവത്തിനും മനുഷ്യനുമിടയിൽ വെളിച്ചപ്പാടെന്ന പോലെ മധ്യവർത്തിയായി നിലകൊള്ളുന്നവൻ. നാവില്ലാത്തവന്റെ നാവായി ഉറഞ്ഞുതുള്ളുന്നവന്‍. കുരുത്തോലക്കിരീടം പോലെ ആ പേര് അണിഞ്ഞ് ചെറുപ്പക്കാരുടെ സംഘം പൊതുസമൂഹത്തിലേക്കിറങ്ങി..

‘‘പൊട്ടിപ്പൊളിഞ്ഞ് കട്ടപ്പുറത്തായ പഴഞ്ചൻ ബസ്സിലാണ് ഊരാളി ജന്മം കൊണ്ടത്.’’ ബാന്‍ഡിന്‍റെ അമരക്കാരില്‍ ഒരാളായ മാർട്ടിൻ ജോൺ പറയുന്നു. ‘‘ഇന്റർനാഷനൽ തിയറ്റർ ഫെസ്റ്റിവൽ ഓഫ് കേരള’ക്ക് വേണ്ടി കേരളത്തിലേയും ലാറ്റിനമേരിക്കയിലേയും കലാകാരൻമാരെ ഒന്നിച്ചു ചേർത്ത് ‘ഓടിച്ചോടിച്ച്’ എന്നൊരു നാടകം അവതരിപ്പിച്ചായിരുന്നു തുടക്കം. നാടകത്തിൽ ഒരേ സമയം അരങ്ങും കഥാപാത്രവുമായിരുന്നു ഈ ബസ്സ്. ആദ്യകാലങ്ങളിൽ നാടകത്തിനിടയിൽ പാട്ടാണ് വന്നിരുന്നതെങ്കിൽ, ശേഷം പാട്ടിനിടയിൽ നാടകമായി. പിന്നീടിങ്ങോട്ട് പൂർണമായും മ്യൂസിക് ബാൻഡായി മാറി.’’

അതിനുശേഷമാണ് ഊരാളിപ്പാട്ടുകൾ കേരളമാകെ അലയടിച്ചു തുടങ്ങിയത്. ബാൻഡിന്റെ പാതിയും വേദിയുമായ ബസ്സും പാട്ടിന്റെ ശക്തിയിൽ കട്ടപ്പുറത്തു നിന്ന് താഴെയിറങ്ങി. ബുക്കും പേപ്പറും വന്നതോടെ മുട്ടയും പാലും കുടിച്ചിറങ്ങുന്ന നാട്ടുമല്ലനെ പോലെ ഒന്നു മുരണ്ട് ബസ് നിരത്തിലിറങ്ങി, നെറ്റിപ്പട്ടം പോലൊരു പേരുമായി. ഊരാളി എ ക്സ്പ്രസ്. പിന്നീട് നാടായ നാടെല്ലാം പാട്ടും പറച്ചിലുമായി പാറിനടക്കുകയാണീ ഊരാളിക്കൂട്ടം.

വേറിട്ട മാർഗം തിരഞ്ഞ് കഷ്ടപ്പെടുന്നതിനു പകരം പു തിയ വഴി വെട്ടിയൊരുക്കിയവർ. സെമിനാരി ജീവിതം പാതി വഴിയിൽ ഉപേക്ഷിച്ചാണ് മാർട്ടിൻ ജോൺ സ്കൂൾ ഓഫ് ഡ്രാമയിൽ നാടകം പഠിക്കാനെത്തിയത്. പഠനം കഴിഞ്ഞ് പുറത്തിറങ്ങി നേരെ വിട്ടത് ലാറ്റിൻ അമേരിക്കയിലേക്ക്. ഏഴു വർഷക്കാലം ബ്രസീൽ, അർജന്റീന, ചിലി, ബൊളീവിയ എ ന്നിങ്ങനെ പല ഊരുകളിൽ നാടകം കളിച്ച് ചുറ്റിത്തിരിഞ്ഞു. ഒടുക്കം തിരിച്ച് നാട്ടിലെത്തി.

കുറച്ച് നാളുകൾക്ക് മുമ്പ് മാർട്ടിനും കേരളാ പൊലീസി ന്റെ മര്യാദ പഠിപ്പിക്കൽ കോഴ്സിന് വിധേയനായിട്ടുണ്ട്. തൃശൂർ നഗരത്തിൽ വച്ച് മാർട്ടിനെ തടഞ്ഞു നിർത്തിയ പൊലീസു കാരന്റെ ആദ്യ ചോദ്യം ‘നീ കഞ്ചാവല്ലേ’ എന്നായിരുന്നു. വേ ഷവും നീണ്ട മുടിയും കാതിലെ കടുക്കനുമാണ് ചോദ്യത്തിന് കാരണം. കലാകാരനാണെന്നും പ്രോഗ്രാമുമായി ബന്ധപ്പെട്ടാണ് പോകുന്നതെന്നും പറഞ്ഞിട്ടും ‘സദാചാരത്തൊപ്പി സ്വയം തലയിലിട്ട പൊലീസ് കൈത്തരിപ്പ് തീർത്തു.

‘കുറച്ചു വർഷങ്ങൾക്കു മുൻപ് ലോ വെയിസ്റ്റ് ആയിരു ന്നു പ്രശ്നമെങ്കിൽ ഇന്നത് നീട്ടി വളർത്തിയ മുടിയും താടിയു മാണെന്ന് മാത്രം. നീട്ടിയ മുടിയും മയക്കുമരുന്നും തമ്മിൽ എന്താണ് ബന്ധം?’’ മാര്‍ട്ടിന്‍ ചോദിക്കുന്നു. ‘‘നിലവിലുള്ള ട്രെൻഡിൽനിന്ന് വ്യത്യസ്തമായി സ്വന്തം ഇഷ്ടം പോലെ നടക്കുന്നവരെയാണ് ഫ്രീക്കനെന്ന പേരിട്ട് വിളിക്കുന്നത്. എല്ലാവരും മുടി വളർത്താതിരിക്കുമ്പോൾ ചിലർ വളർത്തുന്നു. അവർക്കിഷ്ടമുള്ള രീതിയിൽ വസ്ത്രം ധരിക്കുന്നു. അത് അവരുടെ അവകാശമാണ്. സംശയത്തിന്റെ പേരിൽ ശരീരം നോവിക്കുന്നത് പൊലീസിന്റെ അധികാരമല്ല, അഹങ്കാരമാണ്. വലിയ കുറ്റങ്ങൾ ചെയ്ത എത്രയോ പേർ ഇവിടെ മാന്യൻമാരായി നടക്കുന്നു.’’

oorali2

മാർട്ടിന്റെ ചോദ്യങ്ങളെല്ലാം പൊലീസിനോടല്ല, സമൂഹത്തോടു മുഴുവനാണ്. പീഡനങ്ങള്‍ക്കെതിരെയുള്ള മാര്‍ട്ടിന്‍റെയും കൂട്ടരുെടയും പ്രതിഷേധം പാട്ടിലൂടെയാണ്. കടമ്മനിട്ട പാടുമ്പോൾ കടമ്മനിട്ടക്കവിതകളുടെ ആരാധകരാണ് ഊരാളി. കവിതകളി ലൂടെ ഊരാളി രൂപമെടുത്ത വ്യക്തിയാണ് അവർക്ക് കടമ്മനിട്ട. ചാക്കാല, തുമ്മരുത്, കുറത്തി  അങ്ങനെ പല കടമ്മനിട്ട കവിതകളും ഇവർ ഊരാളിപ്പാട്ടാക്കി മാറ്റി. ‘ഇഞ്ഞിം വേണം’ എന്ന പാട്ടോടെയാണ് ഊരാളി പാട്ടിഷ്ടക്കാരുടെ മനസ്സിൽ കുടിലു കെട്ടിയത്. സ്വാർഥതയെ ഹാസ്യത്തിൽ മുക്കി ചോദ്യം ചെയ്യുന്ന പാട്ട്. ഓരോ പാട്ടിലും ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും പോന്ന, കുറിക്കു കൊള്ളുന്ന വരികൾ എഴുതുന്നത് ബാൻഡിലെ എഴുത്താശാനായ ഷാജി.

ഊരാളിപ്പാട്ടിന്റെ സംഗീത ധമനിയാണ് സജി. നാടകത്തിൽ സംഗീത സംവിധായകനായാണ് തുടക്കം. കൂട്ടുകാർ ഒന്നിച്ചിരിക്കുമ്പോൾ പറയുന്നതും പാടുന്നതുമെല്ലാം ഊരാളിപ്പാട്ടാക്കി മാറ്റും സജി. നല്ല ശമ്പളം കിട്ടുന്ന കോർപറേറ്റ് ജോലി വലിച്ചെറിഞ്ഞാണ് കക്ഷി പാട്ടിന്റെ ചിലമ്പു കെട്ടിയി റങ്ങിയത്. നൂറുകണക്കിനു സ്പീക്കറുകളും ടെക്നോളജിയും ഉപയോഗിച്ച് ശബ്ദ കോലാഹലം സൃഷ്ടിക്കലല്ല സംഗീതമെ ന്ന് തെളിയിക്കുന്നു ഊരാളി. ഗിറ്റാറിനു പുറമെ പെറുവിൽ നിന്നുള്ള കഹോൺ പെറുവാനോ, ചിലിയിൽ നിന്നു കൊണ്ടു വന്ന കുഴലായ തുത്രൂക്ക, ആഫ്രിക്കയിൽ നിന്നുമുള്ള ഉദു എ ന്ന ഘടം, ബോംബോ എന്ന ലാറ്റിനമേരിക്കൻ വാദ്യം, ജിമ്പേ എന്ന ആഫ്രിക്കൻ വാദ്യം എല്ലാം ചേർന്നൊരുക്കുന്ന  പ്രകൃതി യുടെ സംഗീതം ഊരാളിക്ക് പാട്ട്. അതിൽ കാടനുഭവവും നാടനുഭവവുമുണ്ട്.

പാട്ടിനിടയിൽ പല രീതിയിലുള്ള കിളികളുടെ ശബ്ദങ്ങൾ കേൾപ്പിക്കുന്നത് പഹരീത്തോയെന്ന കൊളംബിയൻ സംഗീതോപകരണത്തിന്റെ സഹായത്താല്‍. പ്ളാസ്റ്റിക് ഉപയോഗിച്ചും കംപ്യൂട്ടർ ഗ്രാഫിക്സ് വാരി വിതറിയുമുള്ള സ്ഥിരം ട്രെ ൻഡുകൾ മാറ്റിനിർത്തി, പേപ്പറിൽ വരച്ചാണ് പരിപാടികളുടെ പോസ്റ്ററുകൾ തയാറാക്കുന്നത്. പ്രകൃതിക്ക് ദോഷം വരുത്താ ത്ത വസ്തുക്കൾ ഉപയോഗിച്ചുള്ള വരകളുടെ പിന്നിൽ ഫൈ ൻ ആർട്സ് കോളജ് വിദ്യാർഥിയായിരുന്ന സുധീഷാണ്. ബാ ൻഡിലെ വാദ്യസംഗീതജ്ഞൻ കൂടിയാണ് സുധീഷ്.

സിനിമയിലെ ഊരാളി

ട്രെൻഡ് ലിസ്റ്റിൽ ഇടം പിടിച്ച നേരം പോയ്, ഒന്നാം നാൾ, ചാക്കാല, വരിയിൽ നമ്മൾ, അദ്ഭുതലോകം എന്നീ പാട്ടുകൾക്കു ശേഷം ഊരാളി സിനിമിയിലും മുഖം കാട്ടി. ‘സർവോപരി പാലാക്കാരനി’ല്‍ തങ്ങളുടെ പുതിയ പാട്ടായ ‘നോട്ടം’ പാടി അഭിനയിച്ച ഊരാളികൾ അടുത്ത പാട്ടിന്റെ പണിപ്പുരയിലാണ്. ‘ആഭാസം’ എന്ന സിനിമയിലും ഇനി ഊരാളിയുടെ ശബ്ദം മുഴങ്ങും.

പാട്ടുകൾക്കിടയിൽ ഷാജിയും മല്ലുവും ചേർന്നവതരിപ്പിക്കുന്ന നാടകങ്ങളുമുണ്ട്. ബേസ് ഗിറ്റാറിസ്റ്റായ ജെയ്ജെയുടെ കൈകളിലാണ് ബാൻഡിന്റെ പബ്ലിക് റിലേഷൻ ജോലികൾ. തൃശൂർക്കാരൻ അർജുൻ ഗായകനും ഡിസൈനറും. അലക്സാണ്  സൗണ്ട് ഡിസൈനർ. ബാൻഡിലെ മറ്റൊരു ആർട്ടിസ്റ്റായ ജീസ് ഫൈൻ ആർട്സ് കോളജിൽ പിജി വിദ്യാർഥിയാണ്. ഇനി ഇവരെല്ലാം സ്റ്റേജിലെത്തി പാട്ടു പാടണമെങ്കിൽ സജിയേട്ടൻ തീരുമാനിക്കണം. ഊരാളി എക്സ്പ്രസ്സിന്റെ സാ രഥിയാണ് സജിയേട്ടൻ.

ഇതെല്ലാം കേട്ടിട്ടും ഊരാളി എന്താണെന്ന് ചോദിച്ചാൽ ഇപ്പോഴും കൃത്യമായ ഉത്തരം ഇവരുടെ പക്കൽ ഇല്ല. തുടക്ക ത്തിൽ സമര ബാൻഡായിട്ടാണ് ആളുകൾ ഊരാളിയെ കണ്ടിരുന്നത്. പിന്നീട് റോക് ബാൻഡായി കണ്ടു. നാടക ഗ്രൂപ്പായി കാണുന്നവര്‍ ഇപ്പോഴുമുണ്ട്. പാടുന്നു, കഥ പറയുന്നു, അഭിന യിക്കുന്നു, ചിത്രം വരയ്ക്കുന്നു. ഇതെല്ലാം ഊരാളികൾ ചെയ്യും. ചിലർക്കെങ്കിലും ഊരാളികളെന്നാൽ ഫ്രീക്കൻമാരാണ്. താടിയും മുടിയും കാടു പോലെ വളർത്തി, തോന്ന്യാസം വേഷമിട്ട് തോന്നണ മാതിരി നടക്കണ ഫ്രീക്കൻമാർ.

തേക്കിൻ കലാകാട്ടിൽ

രണ്ടു മാസം മുന്‍പും ഊരാളികളുെട േനതൃത്വത്തില്‍ നാടെങ്ങുമുള്ള ഫ്രീക്കൻമാരെല്ലാം കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനത്ത് അണിനിരന്നു, പാട്ടും ആട്ടവും വരയും പറച്ചിലുമൊക്കെയായി വടക്കുംനാഥ ക്ഷേത്രത്തിന്റെ മുന്നിലെ തേക്കിൻകാടിനെ ‘തേക്കിൻ കലാകാടാ’ക്കി. കലയുടെയും സംസ്കാരത്തിന്റെയും സൗഹൃദത്തിന്റെയുമെല്ലാം കേന്ദ്രമായിരുന്ന തേക്കിൻകാട്, മതാചാരങ്ങളുടെ മാത്രം ഭാഗമായി പ രിണമിക്കുന്നതിനോടുള്ള പ്രതിഷേധവും ഈ പേരിടീലിനു പിന്നിലുണ്ടായിരുന്നു.

ഊരാളിക്ക് പിന്തുണയുമായി സാംസ്കാരിക നായകരടക്കം ആയിരക്കണക്കിന് ആളുകൾ ‘തേക്കിൻ കലാകാട്ടിൽ’ എത്തി. അവർ ആർക്കെതിരെയും മുദ്രാവാക്യം വിളിച്ചില്ല, ആരെയും ഉപദ്രവിച്ചില്ല, ജനജീവിതം സ്തംഭിപ്പിക്കുന്ന സമര ങ്ങളോ ഹർത്താലോ നടത്തിയില്ല. ഒരു ദിവസം മുഴുവൻ ഒ ന്നിച്ചിരുന്ന് പാട്ടു പാടി, പടങ്ങൾ വരച്ചു, സംസാരിച്ചു. പ്രതിഷേധത്തിന്റെ പുതിയ മുഖം കേരളം കണ്ടു. കൊലയല്ല, കല യാണ് ആയുധമെന്ന സന്ദേശം.

ജനപ്രതിനിധികളും സന്നദ്ധസംഘടനകളും വിനായകന്റെ വീട് സന്ദർശിച്ചെങ്കിലും ആ കുടുംബത്തെ സഹായിക്കാൻ മുന്നോട്ട് വന്നതും പ്രശ്നം ജനമധ്യത്തിൽ എത്തിച്ചതും ഇതേ ആയുധം ഉപയോഗിച്ചാണ്. പ്രതിഷേധം ഇരമ്പുന്ന ഊരാളിപ്പാട്ടുകളുടെ ഭാഷ മലയാളത്തിൽ ഒതുങ്ങുന്നില്ല. സ്പാനിഷും ഇംഗ്ലിഷും എല്ലാം പാട്ടിന്റെ താളത്തിനൊപ്പം ചേരും. പാട്ട് ഏതായാലും ശ്രുതിയായ് മുഴങ്ങുന്നത് എതിര്‍പ്പിന്‍റെ ശബ്ദമാണ്. അതുകൊണ്ടാണ് ഊരാളിയുടെ പാട്ട് കേട്ട യുവതലമുറ ഒന്നാകെ പറയുന്നത് ‘ഇഞ്ഞീം വേണം’ ഈ പാട്ട് ‘ഇഞ്ഞീം വേണം.’

oorali3 അനസ്, എറണാകുളം, ഫയാസ്, കാസർകോട്, സഞ്ജയ്, തൃശൂർ.