Thursday 08 February 2018 02:12 PM IST : By ബി. ശ്രീരേഖ

ഇത് കോപ്പിയല്ല, ഇന്‍സ്പിറേഷന്‍! എല്ലാം തുറന്നു പറഞ്ഞ് ഗോപി സുന്ദര്‍

gopi01 ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

ചില നേരത്ത് ജനലരികിൽ വിരിയുന്ന പുതുമന്ദാരം പോലെയാണ് ഗോപിസുന്ദറിന്റെ പാട്ടുകൾ. ഹൃദയവാതിലിന്റെ പഴുതിലൂടെ ഒഴുകി വരുന്ന ഈണം. പുതുമഴമലരുകൾ വിതറിയ കുറുമൊഴിത്തെന്നൽ പോലെ... അല്ലെങ്കിൽ, ചെഞ്ചുണ്ടിൽ ചേരുന്ന, പാതിയിൽ പാടാത്ത തേനൂറും ഇശലിന്റെ നാദം പോലെ....

ചില നേരത്ത് വട്ടായിപ്പോയെന്നും ജീവിതം തുന്തനാനാനാ എന്നും നെ ഞ്ചിടിപ്പു കൂട്ടുന്ന അടിപൊളി താളം! മറ്റു ചിലപ്പോൾ ‘എന്തൂട്ടാ ഇത്’ എന്ന് മൂളുന്ന നാടൻ പാട്ടിന്റെ ഈണം. ഈ വ്യത്യസ്തത തന്നെയാണ് ഗോപി സുന്ദറിനെ മറ്റു സംഗീത സംവിധായകരിൽ നിന്നും വേറിട്ടു നിർത്തുന്നത്. ഒപ്പം, ബാക്ക് ഗ്രൗണ്ട് സ്കോറിലും ഗോപിസുന്ദറിന്റെ കൈയ്യൊപ്പ് സിനി മയെ സംഗീതത്തിന്റെ മാജിക്കിലൂടെ മറ്റൊരു തലത്തിലെത്തിക്കുന്നു. നാ ഷനൽ അവാർഡിന്റെ നേട്ടം, കൈ നിറയെ സിനിമകൾ... ഗോപിസുന്ദറിനെ സംബന്ധിച്ച് കരിയറിലെ ഏറെ തിളക്കമുള്ള സമയമാണിപ്പോൾ.

പക്ഷേ, ഹിറ്റുകൾക്കൊപ്പം വിവാദങ്ങളുമുണ്ട് പിന്നാലെ. ഗോപിയുടെ ചില ഈണങ്ങൾ കോപ്പി ആണെന്ന് ട്രോളർമാർ വാദിക്കുന്നു. ട്രോളുകൾ വിടാതെ പിന്തുടരുമ്പോൾ ഗോപി ഫെയ്സ്ബുക്കിലിട്ട പോസ്റ്റിന്റെ പേ രിലും ചൂടൻ ചർച്ചകൾ കത്തിപ്പടർന്നു. ചീത്തവിളികളും നല്ല വാക്കുകളുമെല്ലാം സ്പോർട്സ്മാൻ സ്പിരിറ്റിലെടുത്ത് മനസ്സു തുറക്കുകയാണ് മ ലയാള സിനിമയിലെ താര പരിവേഷമുള്ള യുവസംഗീതസംവിധായകൻ. ‘സംഗീതത്തെ കുറിച്ച് മാത്രം സംസാരിക്കാം നമുക്ക്’ എന്ന മുഖവുരയോടെ ഗോപിസുന്ദർ വനിതയോട്:

വിജയങ്ങളുടെ കാലമാണ് ഗോപിസുന്ദറിന്. കരിയറിലെ ഭാഗ്യ സമയമായി എന്ന തോന്നലുണ്ടോ?

ഭാഗ്യം, സമയം അതിലൊന്നും വിശ്വസിക്കുന്നില്ല. കഠിനാധ്വാനമാണ് വിജയത്തിന്റെ പിന്നിൽ. കഴിഞ്ഞ കുറേ വർഷമായി ഇൻഡസ്ട്രിയുടെ പല മേ ഖലകളിലായി ജോലി ചെയ്യുകയായിരുന്നു. തബലിസ്റ്റ് ആയി, ഔസേപ്പച്ചൻ സാറിന്റെ അസിസ്റ്റന്റ് ആയി, കീ ബോർ‍ഡ് പ്രോഗ്രാമറായി, പരസ്യ ചിത്രങ്ങൾ ചെയ്ത്... ഇത്രയും കാലം ഈ മേഖലകളിലെ പരിചയം വളരെ വലിയ അനുഭവമാണ്. 12 വർഷം ജോലി ചെയ്ത ശേഷമാണ് ഞാൻ റോഷൻ ആൻഡ്രൂസിന്റെ ‘നോട്ട് ബുക്കി’ലൂടെ പശ്ചാത്തല സംഗീതം ചെയ്ത് സിനിമയിലെത്തുന്നത്. അതു വരെ ചെയ്തുകൊണ്ടിരുന്ന ജോലി യിലും ഞാൻ ഏറെ സംതൃപ്തനായിരുന്നു. തുടക്കത്തിൽ കുറച്ച് പടങ്ങളേ ചെയ്തിരുന്നുള്ളൂ. പരസ്യ മേഖലവിട്ട് പൂർണമായും വരാൻ പറ്റില്ലായിരുന്നു. വന്നാലും ഇവിടെ തുടർച്ചയായി അവസരങ്ങൾ കിട്ടുമോയെന്നുറപ്പില്ല.

‘അൻവറി’നു ശേഷമാണ് ഹിറ്റുകളുടെ കാലം വരുന്നത്. ഇപ്പോൾ കുറേ ഹിറ്റുകൾ സൃഷ്ടിക്കാൻ കഴിഞ്ഞു. അത് ഭാഗ്യമാണെന്ന് ഞാൻ കരുതുന്നില്ല. കുറേ വർഷം നമ്മൾ ഒരു മേഖലയിൽ തന്നെ അർപ്പണത്തോടെ ജോലി ചെയ്യുന്നു. മനസ്സും ശരീരവും ആത്മാവും സമയവും എല്ലാം അർപ്പിച്ച്. അപ്പോൾ സ്വാഭാവികമായും നമ്മുടേതായ ഒരു നേരം വന്നു ചേരും.

ഹിറ്റ് പാട്ട് സൃഷ്ടിക്കുന്നതിനൊരു രഹസ്യമുണ്ടോ?

ഞാനൊരു സാധാരണക്കാരനാണ്. സാധാരണക്കാരുടെ മനസ്സിന്റെ പൾസ് അറിയാം. അതുകൊണ്ടാണ് അവർക്കൊരു സാന്ത്വനമായി, അവർക്ക് പ്രണയിക്കുമ്പോൾ ഏറ്റുപാടാനായി, വിനോദത്തിനായി ഹിറ്റ് പാട്ടുകൾ ഉണ്ടാക്കാൻ പറ്റുന്നത്.

ഈണങ്ങളുടെ പ്രചോദനമെന്താണ്?

പ്രചോദനം കഥയും സ്ക്രിപ്റ്റും തന്നെയാണ്. കഥ നമ്മെ വൈകാരികമായി സ്പർശിച്ചാൽ അപ്പോൾ തന്നെ ട്യൂൺ പാടിക്കൊടുക്കാൻ സാധിക്കാറുണ്ട്. വളരെ പെട്ടെന്നാണ് ഞാൻ ട്യൂണുണ്ടാക്കുക. ആത്മീയമായി, ദൈവവുമായി ബന്ധപ്പെടാനാവുന്ന നിമിഷത്തിലാണ് നല്ലൊരു ട്യൂൺ പിറക്കുന്നത്. മനസ്സ് വളരെ തെളിമയോടെയിരിക്കുമ്പോൾ ഈണം വന്നു നിറ യും. മുമ്പൊക്കെ മൂഡ് വരുമ്പോഴേ പാട്ട് ചെയ്യാൻ പറ്റൂ. പക്ഷേ, ഇപ്പോഴൊക്കെ ആര് കമ്പോസ് ചെയ്യാൻ പറഞ്ഞാലും പെട്ടെന്ന് ആ മാനസികാവസ്ഥയിലേക്കെത്തി കമ്പോസ് ചെയ്യാൻ പറ്റാറുണ്ട്. മുക്കത്തെ പെണ്ണേ, ഖൽബിലെത്തീ... അതൊക്കെ അങ്ങനെ വളരെ വേഗം ഒരുക്കിയ ഈണങ്ങളാണ്.

ഹിറ്റുകൾക്കൊപ്പം വിവാദങ്ങളും കൂടെയുണ്ടല്ലോ? ട്രോളർമാർ ‘കോപ്പി സുന്ദർ’ എന്ന് കളിയാക്കുമ്പോൾ?

ഞാൻ സ്പോർട്സ്മാൻ സ്പിരിറ്റിലെടുക്കുന്നു. ഒരു തരത്തിൽ പബ്ലിസിറ്റിയുമാണല്ലോ. കുറേ നല്ല പാട്ടുകൾ ചെയ്തിട്ട് ആരും തിരിഞ്ഞു നോക്കുന്നില്ലെങ്കിൽ എന്താണ് കാര്യം? സിനിമാ സംഗീതം ബിസിനസ് കൂടിയാണ്. ബിസിനസ് തീരെയില്ലെങ്കിൽ ഞാൻ പ്രതിഫലം വാങ്ങാതെ ശുദ്ധസംഗീതം മാത്രം ചെയ്യണം. അപ്പോൾ ഞാൻ മാത്രമേയുണ്ടാകൂ കേൾക്കാൻ.

ഈണം മോഷ്ടിക്കാറുണ്ടോ?

ഈണം മോഷ്ടിക്കുകയല്ല. ‘ഇൻസ്പയേർഡ്’ ആയി ചെയ്യുന്നു. ഡിറ്റോ ആയി അങ്ങനെ കോപ്പിയടിച്ചാൽ എനിക്കാണ് പ്രശ്നം. കേസ് കൊടുത്താൽ ഞാൻ കോടികളുടെ നഷ്ടപരിഹാരം നൽകേണ്ടി വരും. ആരുമിതുവരെ എനിക്കെതിരെ കേസൊന്നും ഫയൽ ചെയ്തിട്ടില്ല. കാരണം, ഞാനത് ഇൻസ്പയേർഡ് ആയാണു ചെയ്തിരിക്കുന്നതെന്ന് ഒറിജിനലി അതു ചെയ്തവർക്ക് കേട്ടാലറിയാം. കോടതിയിൽ കേസ് വാദിക്കുകയാണെങ്കിൽ പല കാര്യങ്ങളുമുണ്ട്. നൊട്ടേഷൻ ഒരേ പോലെ ആയിരിക്കണം. എന്റെ പാട്ടിന്റെ നൊട്ടേഷൻ വേറെ ആണ്. എനിക്ക് മനഃസാക്ഷിക്കുത്തുണ്ടാകരുതല്ലോ. അതുകൊണ്ട് ഇന്ന പാട്ടാണ് ഇൻസ്പേയേർഡ് ആയി ചെയ്തിരിക്കുന്നതെന്ന് ഞാൻ തുറന്ന് പറയാറുണ്ട്. കോപ്പിയടിക്കാത്ത പാട്ടുകളും ഞാൻ ചെയ്തിട്ടുണ്ട്.

gopi3

ഒരു സിനിമയ്ക്ക് അതിന്റെ സംവിധായകനും നിർമാതാവും ആവശ്യപ്പെടുന്ന രീതിയിൽ ജോലി ചെയ്യുകയാണ് എന്റെ രീതി. അവർ ഇന്ന ഫീൽ വേണം എന്ന് പറയുമ്പോൾ അതു ചെയ്തുകൊടുക്കേണ്ടി വരും. ട്രോളുകാർക്ക് ഉത്തരം നൽകേണ്ടി വന്നാൽ നമ്മൾ അതിനായി മാത്രം ഇരിക്കേണ്ടി വരും. എന്നെ സംബന്ധിച്ച് എന്നിൽ വിശ്വാസമർപ്പിച്ച് ട്യൂൺ ചെയ്യിക്കാൻ വരുന്നവരോട് ഉത്തരവാദിത്തമുണ്ട്. ഒരു നിർമാതാവ് ഇവിടെ വന്നാൽ സന്തോഷമായി തിരിച്ചിറങ്ങണം. ആ ഉത്തരവാദിത്തത്തിന്റെ മുന്നിൽ ഈ ട്രോളർമാരൊന്നും ഒന്നുമല്ല.

ട്രോളുകൾ നോക്കാറുണ്ടോ?

ഞാൻ എല്ലാം കാണാറുണ്ട്. എനിക്ക് ഇഷ്ടമാണവ നോക്കാ ൻ. ഇത്രയും കാലമായി ഇവർ ട്രോളുകൾ എഴുതാറുണ്ടല്ലോ. ആർക്കെങ്കിലും സിനിമയിലെ എന്റെ അവസരങ്ങൾ കുറയ്ക്കാൻ സാധിച്ചിട്ടുണ്ടോ? എല്ലാ ആഴ്ചയിലും ഞാൻ രണ്ടോ മൂന്നോ പടങ്ങൾ വീതം കമിറ്റ് ചെയ്യുന്നു. ഈ വർഷം 26 സിനിമകളാണ് ഏറ്റെടുത്തിരിക്കുന്നത്. തെലുങ്കിൽ മൂന്ന് സിനിമ കമിറ്റ് ചെയ്തിട്ടുണ്ട്. 2014 – ൽ എന്റെ 22 സിനിമകൾ റിലീസ് ചെയ്തിരുന്നു. 2015–ൽ കുറേ തെലുങ്കു ചിത്രങ്ങൾ ചെയ്തതിനാൽ മലയാളത്തിൽ 17 പടമേ ചെയ്തുള്ളൂ. ട്രോളേഴ്സ് അവരുടെ ജോലി ചെയ്യുന്നു. ഞാൻ എന്റെ ജോലിയും. ട്രോളേഴ്സിനു വേണ്ടി ഞാൻ ഒരു താങ്ക്സ് പാർട്ടി നടത്താനുദ്ദേശിക്കുന്നുണ്ട്.

കോപ്പിയടി എന്നു പറയുമ്പോൾ വിഷമം തോന്നുന്നില്ലേ?

ഒരു പാട്ടിന്റെ റിഥം മാത്രം നമ്മൾ വേറൊരു പാട്ടിന്റെ എടുക്കുകയും അതിലൊരു പുതിയ ട്യൂൺ കമ്പോസ് ചെയ്യുകയും ചെയ്യുമ്പോൾ ആ റിഥം ഒരുപോലെയായിപ്പോയതിന്റെ കാരണത്താൽ ആ പാട്ട് കോപ്പിയാണ് എന്നു പറയുന്ന പ്രവണതയുണ്ട്. അതു മനസ്സിലാക്കാതെ ഞാൻ എന്തു ചെയ്താലും കോപ്പി ആണെന്ന് പറയുന്നത് അനാവശ്യമായ കാര്യമാണ്. സെ ൻസിബിൾ ആയി പറയുമ്പോഴെനിക്ക് പ്രശ്നമില്ല.

സത്യ’ എന്ന സിനിമയിലെ പാട്ട് വിവാദമായല്ലോ?

നല്ലൊരു പാട്ട് വേണം എന്ന് എന്നോടു പറഞ്ഞിട്ട് ഞാൻ ചെ യ്തു കൊടുത്തതാണ് ‘സത്യ’ എന്ന സിനിമയിലെ ‘ചിലങ്കക ൾ’ എന്ന സോങ്. പക്ഷേ, ഇത്രയും ഹെവി സ്റ്റെപ്്സ് ഉള്ള ഡാൻസാണ് സീനിലെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ആ സിനിമയുടെ സംവിധായകൻ അന്തരിച്ചു. പാട്ടുരംഗത്തെ കുറിച്ച് അതിന്റെ ഡാൻസ് കൊറിയോഗ്രാഫറോടാണു ചോദിക്കേണ്ടത്.

ഒാലാഞ്ഞാലി കുരുവീ’, ‘പുലി മുരുകാ’ ഈ പാട്ടുകളുടെ ഈണം കോപ്പീഡ് ആണെന്ന വിവാദം?

‘ഒാലാഞ്ഞാലികുരുവീ’ ഇൻസ്പയേർഡ് ആണെന്നു പറഞ്ഞിട്ടുള്ളതാണ്. കോപ്പിയല്ല. കോപ്പി ആണെങ്കിൽ ‘മൗനം പോലും മധുരം’ തന്നെ കേട്ടാൽ മതിയല്ലോ. ‘പുലി മുരുകാ’ ഭക്തിര സുപ്രധാനമായ മന്ത്രങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ചെയ്തിരിക്കുന്നത്. സംഗീതത്തിൽ എല്ലാം ഒന്നിൽ നിന്നുണ്ടാകുന്നതാണ്. ഒന്നും പുതുതായുണ്ടാകുന്നില്ല. പുതിയ രീതിയിൽ അവതരിപ്പിക്കുന്നുവെന്നേയുള്ളൂ. ഏഴു സ്വരങ്ങൾ അല്ലെങ്കിൽ പന്ത്രണ്ട് നോട്ട്സേയുള്ളൂ. ഈ പന്ത്രണ്ട് നോട്ട്സ് അങ്ങോട്ടുമിങ്ങോട്ടും വച്ചിട്ടുള്ള പരിപാടിയാണ്. പഴയ കാലം തൊട്ടേ എല്ലാ സംഗീതജ്ഞന്മാരുമിങ്ങനെ പ്രചോദനമുൾക്കൊണ്ടിട്ടുണ്ട്. കല്യാണീ രാഗത്തിലുള്ള ഒരു കച്ചേരി അരമണിക്കൂർ നേരം കേട്ടു കൊണ്ടിരുന്നാൽ പല മലയാള ഗാനങ്ങളുടെയും സാദ‍ൃശ്യം തോന്നാം. അത് ആ രാഗത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് ചെയ്തിരിക്കുന്നതിനാലാണ്.

പുതിയ സംഗീത സംവിധായകരുമായി മൽസരമുണ്ടോ?

എനിക്ക് ആരുമായും മൽസരമില്ല. പക്ഷേ, എന്റെ അറിവിൽ, എന്നെപ്പോലെ പുതുതായി വന്ന മ്യൂസിക് ഡയറക്ടേഴ്സിലാർക്കും തന്നെ എന്റെ അത്രയും എക്സ്പീരിയൻസ് ഈ രം ഗത്തുണ്ടാവുമെന്ന് തോന്നുന്നില്ല. ഞാൻ വന്നിട്ട് 22 വർഷമായി. 17 വയസ്സിൽ തുടങ്ങിയതാണ് ഈ ജോലി. സംഗീത മേഖല ഞാൻ വളരെ ചെറുപ്പത്തിലേ എന്റെ മേഖലയാണെന്ന് തിരിച്ചറിഞ്ഞ് ഇവിടെയെത്തിയതാണ്. ദൈവം എനിക്ക് അങ്ങനെ ഒരവസരം ഉണ്ടാക്കി തന്നു. പത്താം ക്ലാസ് തോൽപിച്ചു തന്നു. സംഗീതം ചെയ്യാൻ വേണ്ടിയാണ് ജനിച്ചതെന്ന രീതിയിലാണ് ഞാൻ ജോലി ചെയ്തുകൊണ്ടിരുന്നത്.

എന്താണ് ഗോപിയുടെ വിജയ രഹസ്യം?

എല്ലാ തരം സിനിമകളും ഞാൻ ചെയ്യാറുണ്ട്. അതിലെല്ലാം പല തരം മ്യൂസിക് ആണ് ചെയ്യുന്നത്. കർണാട്ടിക്, ഫോക്ക്, അടിപൊളി,മെലഡി... എന്തും ഒരുക്കാൻ തയാറാണ്. അയാം ലൈ ക് വാട്ടർ. ഇന്ന ടൈപ്പ് മ്യൂസിക് മാത്രമേ ഞാൻ ചെയ്യൂ എന്നില്ല. എല്ലാ തരം സിനിമകളോടും എല്ലാ സംഗീത ശൈലികളോടും എനിക്ക് ഒരേ അളവിൽ ബഹുമാനമുണ്ട്. ഞാൻ മെറ്റൽ സോങ്സ് കേൾക്കും. ആഫ്രിക്കൻ, ലാറ്റിൻ സംഗീതം കേൾക്കും. സ്പാനിഷ് മ്യൂസിക് കേൾക്കും. നമ്മുടെ കർണാട്ടിക് മ്യൂസിക്, കഥകളിപ്പദങ്ങൾ, ഒാട്ടൻ തുള്ളൽ, ചാക്യാർ കൂത്ത്, ഇതെല്ലാമിഷ്ടമാണ്. എന്റെ സ്വന്തം അറിവ് ഞാനിടുന്ന ട്യൂണിൽ അടിച്ചേൽപിക്കാൻ ശ്രമിക്കാറില്ല.

ഇത്രയും തിരക്കിൽ ജോലി ചെയ്യുന്ന ആൾക്ക് പാട്ട് കേൾക്കാൻ നേരം കിട്ടുമോ?

പാട്ട് കേൾക്കൽ എന്റെ ദിനചര്യയുടെ ഭാഗമാണ്. ഞാൻ രാ വിലെ ആറുമണിക്ക് എഴുന്നേൽക്കും. അടുത്തുള്ള പാടത്തിന്റെ അരികിലൂടെ കുറേ ദൂരം നടക്കാൻ പോകും. പാട്ടു കേട്ടു കൊണ്ടാണ് നടപ്പ്. വീട്ടിൽ വരുമ്പോൾ റേഡിയോ മുഴുവൻ നേരം ഒാണായിരിക്കും. അടുക്കളയിൽ പഴയ മലയാളം പാട്ട് പ്ലേ ചെയ്യുന്നുണ്ടായിരിക്കും. വേൾഡ് റേഡിയോയിൽ എല്ലാ തരം മ്യൂസിക്കും ഉണ്ടാകും. രാത്രി വൈകി ഇരുന്ന് ജോലി ചെയ്യുന്നത് അപൂർവമാണ്. ജോലി ചെയ്ത് ക്ഷീണിക്കുമ്പോൾ ഇടയ്ക്ക് ഇടവേളയ്ക്കായി യാത്രകൾ പോകും. യാത്രയിൽ മുഴുവൻ നേരവും കാറിൽ പാട്ടു കേൾക്കും. തിരിച്ച് വരുന്നത് ജോലി ചെയ്യാനുള്ള പുതിയ എനർജിയുമായിട്ടാവും. പിന്നെ, ജോലി ചെയ്യുന്നത് വളരെ സ്പീഡിലാണല്ലോ. അങ്ങനെ ചെയ്യാൻ പറ്റുന്നത് ദൈവാനുഗ്രഹം.

വലിയ ദൈവ വിശ്വാസിയാണോ?

മാനസികമായി വലിയ, അതിതീവ്രമായ വിശ്വാസിയാണ്. ഇന്ന ദൈവം എന്നല്ല. ഈ പ്രപഞ്ചശക്തിയിൽ വിശ്വസിക്കുന്നു. മനസ്സ് ഒരു പരവതാനി പോലെ വിരിച്ചിരിക്കുന്ന സമയത്താണ് സംഗീതം വരുന്നത്. അപ്പോ ഒട്ടും പിയാനോ വായിക്കാത്ത ഞാൻ നന്നായി പിയാനോ വായിക്കും. ‘നാഗവല്ലി കേറിയ പോലെ’ എന്ന് കൂടെയുള്ളവർ കളിയാക്കും. ഒരു കോമ്പോസിഷൻ പെട്ടെന്ന് ചെയ്യാൻ കഴിയുമ്പോൾ ഞാൻ ദൈവത്തിന് നന്ദി പറയാറുണ്ട്. അതുപോലെ, പല ദുർഘടാവസ്ഥയിലും ഞാൻ പള്ളിയിലോ അമ്പലത്തിലോ ഒക്കെ പോയി ദൈവമേ എന്നെ കാത്തോളണേ എന്നുപാർഥിക്കും. ‘ബാംഗ്ളൂർ ഡെയ്സി’ലെ പാട്ടിന്റെ ഈണം ആദ്യമൊരുക്കിയപ്പോൾ പ്രതീക്ഷിച്ചതു പോലെ ആയിരുന്നില്ല. അന്ന് ഞാൻ കലൂർ പള്ളിയിൽ പോയി മനസ്സുരുകി പ്രാർഥിച്ചു. തിരിച്ചു പോകുന്ന വഴിക്കാണ് ‘ഏതു കരിരാവിലും’ എന്ന ട്യൂൺ പെട്ടെന്ന് തോന്നിയ ത്. വീട്ടിലെത്തിയപ്പോഴേക്കും ‘തുമ്പിപ്പെണ്ണേ’യുടെ ഈണം ചുണ്ടിലെത്തി. അങ്ങനെ അതിലെ ട്യൂണുകളെല്ലാം അനായാസം ഒന്നൊന്നായി മനസ്സിലേക്ക് വരികയായിരുന്നു.

gopi2

പണ്ട് പഠിക്കാത്ത കുട്ടിയെന്ന് പറഞ്ഞ് ഗോപിയെ പരിഹസിച്ചവർ ഇന്ന് എന്തു പറയുന്നു?

എല്ലാവർ‍ക്കും അഭിമാനമുണ്ട് ഇപ്പോൾ. എന്റെ നാട് തൃശൂരാണെങ്കിലും ഞാൻ ജനിച്ചു വളർന്നത് എറണാകുളം ഇടപ്പള്ളിയിലാണ്. ഇവിടെ എന്നെ പറഞ്ഞു വിടാത്ത സ്കൂളുകളില്ല. പറഞ്ഞു വിട്ട സ്കൂളുകളിൽ ചിലതിൽ ഞാൻ ചീഫ് ഗെസ്റ്റ് ആയി പോയിട്ടുണ്ട്. അവിടെ ചെല്ലുമ്പോഴൊക്കെ ഞാൻ രക്ഷിതാക്കളോടു പറയുന്നത് നിങ്ങളുടെ കുട്ടികളുടെ ഭാവി നിങ്ങളായി തീരുമാനിക്കരുതെന്നാണ്. അവർക്കെന്താണ് താൽപര്യം അതു കണ്ടെത്തി അതിലേക്ക് വഴി തിരിച്ചു വിട്ടാൽ മതി. നാഷനൽ അവാർഡ് കിട്ടിയപ്പോ ഞാൻ എസ്.എസ്.എൽ.സി. തോറ്റതിന്റെ പേജ് ഫെയ്സ് ബുക്കിലിട്ടിരുന്നു. ചിലരൊക്കെ ചീത്ത വിളിച്ചു. കുറച്ചു കുട്ടികൾക്ക് പ്രചോദനം ആകട്ടെയെന്ന് കരുതിയാണ് ചെയ്തത്. പരീക്ഷയിലെ മാർക്ക് മാത്രമല്ല ജീവിതത്തിൽ എല്ലാം എന്നാണ് ഞാനതുകൊണ്ടുദ്ദേശിച്ചത്.

അഭിനയിക്കാൻ താൽപര്യമുണ്ടോ?

ഒരുപാട് വർഷം മുമ്പ് ‘എന്റെ ജാനകിക്കുട്ടി’ എന്ന സിനിമയിൽ നായകനായി ഹരിഹരൻ സാർ വിളിച്ചിരുന്നു. അന്ന് ഞാൻ സാറിനോട് പറഞ്ഞു: ‘എനിക്കഭിനയിക്കാൻ പറ്റില്ല.’ സ്ക്രീൻ ടെസ്റ്റ് നടത്തി നോക്കിയതാണ്. പക്ഷേ, സ്റ്റാർട്ട് ആക്‌ഷൻ പറഞ്ഞപ്പോഴേ ഡയലോഗ് മറന്നു. അഭിനയത്തിൽ നമ്മുടെ വ്യക്തിത്വത്തെ, ചേഷ്ടകളെ ഒക്കെ നിയന്ത്രിക്കാൻ സാധിക്കണം. എനിക്കാണെങ്കിൽ ചിരി നിയന്ത്രിക്കാനേ സാധിക്കില്ല.

ബാക്ക് ഗ്രൗണ്ട് സ്കോർ ചെയ്യുന്ന അനുഭവം?

അത് വേറൊരു അനുഭവം ആണ്. പാട്ടിന്റെ ഈണം ഒരുക്കുന്നതിനെക്കാൾ ഒരുപാട് അനുഭവസമ്പത്ത് വേണം പശ്ചാത്തല സംഗീതം ചെയ്യാൻ. ‘പുലിമുരുക’ന്റെ പശ്ചാത്തല സംഗീതം ചെയ്തതിനു പിന്നിൽ വലിയ മാസ്റ്റർ പ്ലാനുണ്ടായിരുന്നു. ‘എന്ന് നിന്റെ മൊയ്തീ’നും ഞാനാസ്വദിച്ചു െചയ്ത സിനിമയാണ്.‘1983’യിലെ ബാക്ക് ഗ്രൗണ്ട് സ്കോറിനാണ് എനിക്ക് നാഷനൽ അവാർ‍ഡ് കിട്ടുന്നത്. ആ സിനിമയ്ക്ക് സ്റ്റേറ്റിൽ നിന്നെനിക്ക് അവാർഡ് ഇല്ലായിരുന്നു. അന്ന് സത്യത്തിെലാരു തരം അന്ധാളിപ്പാണ് തോന്നിയത്. ഇവിടെ അവാർഡ് കിട്ടാതെ ദേശീയ അവാർഡ് കിട്ടുന്നതിന്റെ യുക്തി എനിക്ക് എത്ര ചിന്തിച്ചിട്ടും മനസ്സിലായില്ല.

gopi4

പക്ഷേ, പശ്ചാത്തലസംഗീതം ചെയ്തതിൽ എന്റെ മനസ്സിനോട് ഏറ്റവും ചേർന്നു നിൽക്കുന്നത് ‘ഉസ്താദ് ഹോട്ടൽ’ ആണ്. ആ സിനിമ ചെയ്തപ്പോൾ പലരും എന്നോടു പറഞ്ഞിരുന്നു, ഈ സിനിമയ്ക്ക് അവാർഡ് കിട്ടുമെന്ന്. എന്റെ ഗുരുനാഥൻ ഒൗസേപ്പച്ചൻ സാർ പറഞ്ഞു:‘ഇതിലും മികച്ചതായി ഈ സിനിമയുടെ ബിജിഎം ആർക്കും ചെയ്യാൻ പറ്റില്ല...’ ആ വാക്കുകളെക്കാൾ വലിയ അവാർഡ് എനിക്ക് കിട്ടാനില്ല. എന്തായാലും, എന്താണോ സംഭവിക്കുന്നത് അതിൽ തൃപ്തനാണ്.

ഈണം ചെയ്തതിൽ വ്യക്തിപരമായി ഏറ്റവും പ്രിയപ്പെട്ട പാട്ടുകൾ ഏതൊക്കെയാണ്?

‘വാതിലിൽ ഈ വാതിലിൽ’, ‘ഏതു കരിരാവിലും’. പിന്നെ, ‘ചാർലി’യിലെ പാട്ടുകളും പ്രിയപ്പെട്ടവയാണ്. ഞാൻ മലയാള ഭാഷയെ ഒരു പാട് സ്നേഹിക്കുന്ന വ്യക്തിയാണ്. ചില പാട്ടുകൾക്ക് വരികളെഴുതിട്ടുണ്ട്. വട്ടായിപ്പോയി, ജോണി മോനേ ജോണി, മെല്ലെ മെല്ലെ എന്നിൽ നിന്നകലും പ്രിയനേ തുടങ്ങിയ പാട്ടുകളിലെ ചില വരികളെഴുതിയിട്ടുണ്ട്. പാട്ട് ഹിറ്റാവുമോ എന്ന് അത് റെക്കോർഡ് ചെയ്യുന്ന സമയത്തേ തോന്നാറുണ്ട്. ആ തോന്നലൊരിക്കലും തെറ്റിയിട്ടില്ല. മനസ്സിലെ മ്യൂസീഷ്യന് അല്ല, ബിസിനസുകാരന് അതു മനസ്സിലാക്കാൻ കഴിയും.

മനസ്സിൽ വലിയൊരു ബിസിനസുകാരനുമുണ്ടോ?

എന്റെയുള്ളിൽ മ്യൂസീഷ്യനെ പോലെ തന്നെ അതേ അളവിലൊരു ബിസിനസുകാരനുമുണ്ട്. നമ്മൾ എന്തുണ്ടാക്കിയാലും അതു വിറ്റില്ലെങ്കിൽ കാര്യമില്ല. പാട്ടുണ്ടാക്കുന്ന സമയത്ത് ബിസിനസിനെ കുറിച്ച് ചിന്തിക്കാറില്ല. അതുണ്ടാക്കിക്കഴിഞ്ഞാണ് എങ്ങനെ വിൽക്കാമെന്നാലോചിക്കുന്നത്. ഹിറ്റ് ആയ എ ല്ലാ പാട്ടും മികച്ചത് എന്നൊന്നും ഞാൻ കരുതുന്നില്ല. ഭൂരിഭാഗം ഇഷ്ടപ്പെടുന്നതെന്നേ അർഥമുള്ളൂ. കലാമൂല്യമുള്ള എത്രയോ ഗംഭീരഗാനങ്ങൾ ആളുകൾ കേൾക്കാതെ പോകുന്നു! പിന്നെ, ബിസിനസ് സിനിമാസംഗീതത്തിന്റെ ഭാഗമാണ്. പണമില്ലാത്തവൻ പിണം എന്ന് പഴയ ആളുകൾ പറയില്ലേ?

എന്താണ് പണത്തിനേ കുറിച്ച് ഇത്രയേറെ ചിന്ത?

നമ്മുടെ കാരണവന്മാരായി ഒരുപാട് സമ്പാദിച്ചു കൂട്ടിയിട്ടുണ്ടെങ്കിൽ, വിൽക്കാൻ ഒരു നുള്ള് സ്ഥലമെങ്കിലുമുണ്ടെങ്കി ൽ നമുക്ക് പറയാം. പണമൊന്നും എനിക്കത്ര വലുതല്ലെന്ന്. പ ക്ഷേ, എന്റെ കാര്യം അങ്ങനെയല്ല. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം ഇപ്പോഴിതാണ്: നല്ല പ്രതിഫലം കിട്ടുന്ന, എണ്ണത്തിൽ കുറച്ചു സിനിമകൾ ചെയ്യുക. അങ്ങനെ, ആ പ്രോജക്ടുകളിൽ നല്ല ‘റിച്ച്’ ആയ, ലോകനിലവാരത്തിലേക്ക് ഉയരും വിധത്തിലുള്ള സംഗീതമൊരുക്കുക.

സംഗീതം കൊണ്ട് ജീവിക്കണം, നന്നായി ജീവിക്കണമെന്ന ആഗ്രഹം എനിക്ക് ആദ്യം തൊട്ടേയുണ്ടായിരുന്നു. കാരണം, ഞാൻ കണ്ടിട്ടുള്ള പഴയ പല സംഗീതജ്ഞരും വളരെ കഷ്ടപ്പെട്ട് ജീവിച്ചവരായിരുന്നു. പേരും പ്രശസ്തിയുമുണ്ടാവും. പക്ഷേ, വീട്ടിൽ അടുപ്പെരിയുന്നുണ്ടാകില്ല. ആ അവസ്ഥ ഒരു സംഗീതജ്ഞനും ഉണ്ടാകരുതെന്നാണ് ആഗ്രഹം. ജീവിതത്തിന് എപ്പോഴും ഒരു വളർച്ച വേണമല്ലോ. ആ മോഹത്തിന്റെ പേരിലാണ് ഞാൻ സ്വന്തമായി മ്യൂസിക് കമ്പനി തുടങ്ങിയത്. എന്റെ പേരിൽ സ്വന്തമായി ഒാഡിയോ ലേബൽ ഉണ്ട്. ഇപ്പോൾ സ്വന്തമായി ഫിലിം പ്രൊഡക്ഷൻ കമ്പനിയും തുടങ്ങാനുള്ള ഒരുക്കത്തിലാണ്. (സിനിമാബന്ധമുള്ള കുടുംബമാണ് ഗോപിസുന്ദറിന്റേത്. അച്ഛന്റെ അമ്മാവനാണ് രാമു കാര്യാട്ട്. അച്ഛന്റെ ജ്യേഷ്ഠനാണ് നടൻ ദേവൻ. സംവിധായകൻ കെ. എസ്. സേതുമാധവൻ അടുത്ത ബന്ധുവാണ്.)

വിജയത്തിൽ അഹങ്കാരം തോന്നാറുണ്ടോ?

ഞാൻ കടന്നു വന്ന വഴികളിൽ ഒരുപാട് വിഷമിച്ചും കണ്ണീരു പൊഴിച്ചും നിന്ന നിമിഷങ്ങളുണ്ട്. ആ വഴികളിലൊരിടത്തും എ ന്നെ അഹങ്കാരിയാക്കുന്ന ഒരു കാഴ്ചയും ഒരിക്കലും കണ്ടിട്ടില്ല. ഒാരോ പാട്ടും ദൈവത്തെ ധ്യാനിച്ചാണ് ചെയ്യുന്നത്. സംഗീതത്തിൽ എന്നെക്കാളും കഴിവും പ്രതിഭയും ആത്മാർപ്പണവുമൊക്കെയുള്ള എത്രയോ ചെറുപ്പക്കാർ ഈ രംഗത്തേക്ക് കടന്നു വരാനാശിച്ചിട്ടും അതിനു സാധിക്കാതെ വേറെ പല ജോലിയും ചെയ്ത് നിരാശയോടെ കഴിയുന്നുണ്ട്. അവർക്കും കൂടിയുള്ള സമർപ്പണമാണ് എന്റെ ഒാരോ പാട്ടും.