Thursday 08 February 2018 02:44 PM IST : By സ്വന്തം ലേഖകൻ

കുട്ടിക്കാലത്തെ ഓണമല്ലേ ഏറ്റവും മനോഹരം! ഓണക്കാലത്തിന്റെ ഓർമകളിലേക്ക് പെയ്തിറങ്ങി ഒരു ഗാനം

onam_song

മലയാളികൾക്കും മറുനാട്ടിലെ മലയാളികൾക്കും ഓണം എന്നത് സ്വന്തം നാടിന്റെ പൈതൃക ഉത്സവമാണ്, ജാതിമതഭേദമന്യേ ആഘോഷമാക്കുന്ന ഒത്തൊരുമയുടെ പൊന്നോണം. മലയാളിയുടെ മനസ്സില്‍ ഓര്‍മ്മകള്‍ പൂക്കളം തീര്‍ത്ത് ഒരു പൊന്നോണം കൂടി എത്തുമ്പോൾ നമ്മൾ കുട്ടിക്കാലം മുതൽ കേട്ടു വളർന്ന മഹാബലിയുടെ കള്ളവും ചതിയുമില്ലാത്ത ആ കാലം പോലെ നമ്മുടെ കുട്ടിക്കാലവും കടന്നു വരും. തുമ്പപ്പൂവിന്റെ നൈര്‍മ്മല്യവും ഗ്രാമത്തിന്റെ പച്ചപ്പും ചിങ്ങനിലാവിന്റെ ലഹരിയും വിളവെടുപ്പ് കാലത്തിന്റെ പ്രതീക്ഷകളുമെല്ലാം ഓര്‍മ്മകളില്‍ തളിര്‍ക്കും. ഓണം ഓർക്കുമ്പോൾ ഗ്രാമങ്ങളിലെ വിശുദ്ധിയും ഓണപ്പൂക്കൾ പൂവിട്ട നാട്ടു വഴികളുമാണ് എല്ലാവരുടെയും ഉള്ളിലേക്ക് വന്നു നിറയുന്ന ഓണക്കാഴ്ച.

ഇതാ നമുക്ക് നഷ്ടമായ ആ കുട്ടിക്കാല ഓണം ഓർമകളിലേക്ക് നിലാവ് പോലെ വെയിലിലെ മനോഹരമായ ചാറ്റൽമഴ പോലെ ഒരുപാട്ട്. ഓണവില്ലിൻ എന്ന മ്യൂസിക് ആൽബമാണ് നമ്മെ കുട്ടിക്കാലത്തിന്റെ ആ പഴയ ഓണക്കാല ഓർമകളിലേക്ക് കൂട്ടിക്കൊണ്ട് പോകുന്നത്. ദക്ഷിണാമൂർത്തി സ്വാമിയുടെ ശിഷ്യനായ മിഥുൻ ജയരാജ് ഈണമിട്ട് സുധീരൻ പ്രയാറിന്റെ മനോഹരമായ വരികളിലെത്തുന്ന ‘ഓണ വില്ലിൻ...’ എന്ന ഗാനം ഉദയ് രാമചന്ദ്രൻ പാടി ആവിഷ്കാരം നൽകിയിരിക്കുന്നു. ഇതാ ഓണപ്പൂവിളിയുമായി ഓണവില്ലിൻ ഗാനം... കേൾക്കാം...കാണാം...