Thursday 08 February 2018 02:56 PM IST : By സ്വന്തം ലേഖകൻ

‘പ്രൗഡ് ഓഫ് യു’ എന്ന് ലാലേട്ടൻ, ഒരുപാട് നന്ദിപറഞ്ഞ് ബാഡ്മിന്റന്‍ താരം പി വി സിന്ധു

mohanlal_sindhu

വീണ്ടും ഇന്ത്യക്കാർക്ക് മുഴുവൻ അഭിമാനമായി കൊറിയന്‍ സൂപ്പര്‍ സീരീസില്‍ സ്വര്‍ണ്ണം നേടിയിരിക്കുകയാണ് ബാഡ്മിന്റൻ താരം പി വി സിന്ധു. കാത്തിരുന്നു കിട്ടിയ സ്വര്‍ണ്ണതിളക്കത്തില്‍ ഇന്നലെ സിന്ധു മതി മറന്നപ്പോൾ ഒരു നാട് മുഴുവനാണ് കൂടെ ചേർന്നത്. ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ഉൾപ്പെടെ സച്ചിന്‍ ടെന്‍ടുല്കറും അമിതാഭ് ബച്ചനും തുടങ്ങി മോഹന്‍ലാല്‍ വരെ ഈ 22 കാരിയുടെ ഉജ്ജ്വല നേട്ടത്തില്‍ അഭിമാനം കൊണ്ടു. ഇവരെല്ലാം തന്നെ തങ്ങളുടെ ട്വിറ്റർ പേജിലൂടെ സിന്ധുവിനെ പ്രശംസിക്കുകയും ചെയ്തു.

അഭിനന്ദനങ്ങള്‍ക്ക് ഓരോരുത്തരോടായി നന്ദി അറിയിക്കാനും സിന്ധു മറന്നില്ല. ‘പ്രൌഡ് ഓഫ് യു’ എന്ന് പറഞ്ഞ ലാലേട്ടനോട് ‘താങ്ക് യൂ’ എന്ന് നീട്ടിപ്പിടിച്ചൊരു നന്ദി രേഖപെടുത്തി ബാഡ്മിന്‍റെനിലെ ഇന്ത്യയുടെ അഭിമാനം.

തന്നെ ഒരു ഇതിഹാസം എന്ന് വിശേഷിപ്പിച്ച വിരേന്ദര്‍ സെവാംഗിനോട് ‘എന്‍റെ കരിയര്‍ മികച്ചതാക്കാന്‍ ശ്രമിക്കും’ എന്നാണ് സിന്ധു പറഞ്ഞത്.‘ഇനിയും അനുഗ്രഹമുണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു’ എന്നാണ് ഉപരാഷ്ടപതിയുടെ അനുമോദനത്തിനോട് സിന്ധു പ്രതികരിച്ചത്.

സച്ചിന്‍ തെണ്ടുൽക്കറിന്റെ വാക്കുകള്‍ തന്നെ സ്പര്‍ശിച്ചു എന്നും അവയ്ക്ക് തന്നെ വളരെക്കാലം ഉത്സാഹിപ്പിക്കാന്‍ സാധിക്കട്ടെ എന്നും സിന്ധു കുറിച്ചു. വാവ് സിന്ധു അഭിമാനിച്ച കൂട്ടുകാരി ജ്വാല ഗുട്ടയ്ക്ക് സിന്ധുവിന്റെ മറുപടി ഉമ്മയായിരുന്നു.