Thursday 08 February 2018 02:06 PM IST : By സ്വന്തം ലേഖകൻ

ജൂൺ 30ന് രാവിലെ ഒമ്പതരയ്ക്കും പത്തേകാലിനും ഇടയ്ക്ക്! സബ് കലക്ടറുടെ കഴുത്തിൽ എംഎൽഎ മിന്നുകെട്ടും

sabari-divya

കേരളം കാത്തിരുന്ന വിവാഹത്തിന്റെ തീയതി ഔദ്യോഗികമായി പുറത്തുവിട്ടു. കെ.എസ്.ശബരീനാഥൻ എം.എൽ.എയും തിരുവനന്തപുരം സബ് കളക്ടർ ദിവ്യ.എസ്.അയ്യരും തമ്മിലുള്ള വിവാഹം ജൂൺ 30ന് നടക്കും. രാവിലെ 09.30നും 10.15 നും മദ്ധ്യേയുള്ള മുഹൂർത്തത്തിൽ തക്കല ശ്രീ കുമാര സ്വാമി ക്ഷേത്രത്തിൽ (കുമാര കോവിൽ) വച്ചാണ് താലി കെട്ട് ചടങ്ങ്. തുടർന്ന് തിരുവനന്തപുരത്തും അരുവിക്കര നിയോജക മണ്ഡലത്തിലും വിവാഹ സൽക്കാരം ഒരുക്കിയിട്ടുണ്ട്.

ജൂൺ30ന് വൈകുന്നേരം 04 മണി മുതൽ നാലാഞ്ചിറ ഗിരിദീപം കൺവെൻഷൻ സെന്ററിലും ജൂലൈ 02ന് ആര്യനാട് വി.കെ.ഓഡിറ്റോറിയത്തിലുമായാണ് വിവാഹ സൽക്കാരം ഒരുക്കുന്നത്. നേരത്തേ ദിവ്യ എസ് അയ്യർ തെരുവിന്റെ മക്കൾക്ക് ആദ്യവിവാഹക്ഷണക്കത്ത് നൽകിയത് വാർത്തകളിൽ ഇടംപിടിച്ചിരുന്നു. ലോക വിശപ്പ് ദിനത്തില്‍ ട്രിവാന്‍ഡ്രം ഹോട്ടലില്‍ അനാഥര്‍ക്കൊപ്പം ഭക്ഷണം കഴിച്ചാണ് വിവാഹക്ഷണക്കത്ത് നൽകിയത്. അശ്വതി ജ്വാലയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ജ്വാല ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച തെരുവ് വിരുന്നിലാണ് സബ്കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യരും പങ്കെടുത്തത്.

തെരുവിന്റെ മക്കൾക്ക് ഭക്ഷണം വിളമ്പി നൽകി ഒപ്പം തന്റെ വിവാഹവും ക്ഷണിച്ച് അവർക്കൊപ്പമിരുന്ന് ഭക്ഷണവും കഴിച്ചാണ് ദിവ്യ പിരിഞ്ഞത്. തെരുവില്‍ അലയുന്ന അനാഥര്‍ക്ക് ഭക്ഷണവും മറ്റ് സൗകര്യങ്ങളും മുടങ്ങാതെ എത്തിച്ചുകൊണ്ട് സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന സംഘടനയാണ് ജ്വാല ഫൗണ്ടേഷന്‍.