Thursday 08 February 2018 12:41 PM IST : By സ്വന്തം ലേഖകൻ

ഇന്ത്യയിലെത്തിയ ജസ്റ്റിൻബീബറിന് കാവൽ സൽമാൻഖാന്റെ കരിമ്പൂച്ചകൾ; കാത്തിരുന്ന ബീബർ ഷോ ഇന്ന്

bieber

ന്യൂഡല്‍ഹി: ഇന്ത്യയിലെ സംഗീത പ്രേമികൾ കാത്തിരുന്ന സംഗീത ഷോയ്ക്കായി വിഖ്യാത പാട്ടുകാരന്‍ ജസ്റ്റിന്‍ ബീബര്‍ ഇന്ത്യയില്‍ എത്തി. ഇന്ന് പുലർച്ചെ 1.30 ന് മുംബൈയിലെ കലീന വിമാനത്താവളത്തില്‍ ബീബറിന്റെ ചാര്‍ട്ടേഡ് വിമാനം ഇറങ്ങിയപ്പോള്‍ പോപ്പ് താരത്തിന്റെ സംരക്ഷണയ്ക്കായി എത്തിയത് ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാന്റെ ബോഡിഗാര്‍ഡ് സംഘമായ ഷേരയാണ്. വിമാനത്താവളത്തിന് പുറത്ത് ബീബറെ കാണാന്‍ അനേകം ആരാധകരാണ് ഇന്നലെ മുതൽ തടിച്ചു കൂടിയത്. ബീബര്‍ മുംബൈ നഗരത്തില്‍ വരുന്നുണ്ടെന്ന വാർത്തയെ തുടര്‍ന്ന് ഇന്നലെ മുതൽ എല്ലാവരും കാത്തിരുന്നിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ വരവിനെ കുറിച്ചോ താമസത്തെ കുറിച്ചോ സംഘാടകര്‍ യാതൊരു വിവരവും പുറത്തുവിട്ടിരുന്നില്ല.

വിമാനത്താവളത്തില്‍ നിന്നും പുറത്തെ റോള്‍സ്‌റോയ്‌സ് കാറിലേക്കും അവിടെ നിന്നും ലോവര്‍ പാരലിലെ പഞ്ചനക്ഷത്ര ഹോട്ടലിലേക്കും സല്‍മാന്റെ ബോഡി ഗാര്‍ഡുകള്‍ ബീബറെ അനുഗമിച്ചു. ഇന്ന് രാത്രിയിലാണ് തന്റെ പുതിയ ആല്‍ബമായ പര്‍പ്പസിന്റെ പ്രചരണാര്‍ത്ഥം നടത്തുന്ന ടൂറിന്റെ ഭാഗമായി ബീബർ എത്തിയത്. മുംബൈയില്‍ ഇന്ന് രാത്രി താരം പരിപാടി അവതരിപ്പിക്കും. യുവ ബിസിനസുകാരനായ അർജുൻ ജെയ്ൻ നയിക്കുന്ന വൈറ്റ് ഫോക്സ് ഇന്ത്യയാണ് കോടികൾ പ്രതിഫലം നൽകി ബീബറെ പാടിക്കുന്നത്.

പരിപാടി നടക്കുന്ന നവി മുംബൈയിലെ ഡി വൈ പാട്ടീല്‍ സ്‌റ്റേഡിയത്തിലെ സംഗീതവേദിയിലേക്ക് താരം ഹെലികോപ്റ്ററിലായിരിക്കും ഇറങ്ങുക. രാത്രി എട്ടു മണിക്കാണ് പരിപാടിയെങ്കിലും വേദിയിലേക്ക് രാവിലെ 11 മണിക്ക് തന്നെ പ്രവേശനം നല്‍കും. താരത്തിന്റെ സംരക്ഷണയ്ക്കായി 500 പോലീസുകാരെയും സ്‌റ്റേഡിയത്തില്‍ വിന്യസിപ്പിച്ചിട്ടുണ്ട്. ദുബായില്‍ പരിപാടി നടത്തിയ ശേഷമാണ് താരം മുംബൈയിലേക്ക് എത്തിയത്.

Also Read : ജസ്റ്റിൻ ബീബറെ 26 കോടി മുടക്കി ഇന്ത്യയിൽ എത്തിച്ചത് ഈ ‘പയ്യൻ’! പാട്ടും പാടി ലാഭമുണ്ടാക്കിയ ബുദ്ധിരാക്ഷസൻ

ആദ്യമായിട്ടാണ് ജസ്റ്റിന്‍ ഇന്ത്യയില്‍ സംഗീത പരിപാടി അവതരിപ്പിക്കുന്നത്. മൂന്ന് ദിവസത്തെ സന്ദർശനമാണ് ബീബർ പദ്ധതിയിട്ടിരിക്കുന്നത്. ദില്ലിയും ജയ്പുരും താജ്മഹലും സന്ദര്‍ശിക്കാനാണ് താരത്തിന്റെ തീരുമാനം. ബീബറിന്റെ പരിപാടിയുടെ ഭാഗമായി കനത്ത സുരക്ഷയാണ് മുംബൈ നഗരത്തില്‍ ഒരുക്കിയിരിക്കുന്നത്. ഇതിനോടകം 66,000ത്തോളം പേര്‍ പങ്കെടുക്കുന്ന പരിപാടിയുടെ മുഴുവൻ ടിക്കറ്റുകളും വിറ്റഴിച്ച് കഴിഞ്ഞുവെന്നാണ് പുറത്തു വരുന്ന വിവരം. 4,000 രൂപ മുതല്‍ 76,000 രൂപ വരെയാണ് ടിക്കറ്റ് നിരക്ക്.