Thursday 08 February 2018 02:15 PM IST

ഇതെങ്ങനെ തമാശയാകും? പരിധി ലംഘിക്കുന്ന ട്രോളുകളെക്കുറിച്ച് നടി ശരണ്യാ മോഹനും ഭർത്താവും

Nithin Joseph

Sub Editor

saranya07 ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

‘‘ചേട്ടാ, ട്രോള് കണ്ടോ?’’
‘‘കണ്ടു’’
‘‘പ്രതികരിക്കുന്നില്ലേ?’’
‘‘എന്തിന്?’’
‘‘ഇവൻമാരോട് നാല് വർത്തമാനം  പറയണം’’
‘‘ആവശ്യമില്ല  സഹോ. ഭാരതത്തിൽ ഒരുപാട് നീറുന്ന വിഷയങ്ങൾ ഉണ്ട്. എന്തായാലും എന്റെ ഭാര്യയുടെ വണ്ണം ആ പറയുന്ന വിഷയങ്ങളിൽ പെട്ടതല്ല.’’
‘‘എന്നാലും?’’
‘‘ഒരു എന്നാലും ഇല്ല. ഈ വണ്ണം എന്നത് വയ്ക്കാനും കുറയ്ക്കാനുമുള്ളത് ആണ്. ഇഷ്ടപ്പെട്ട മേഖല വേണ്ട എന്ന് വച്ച് നല്ല ഭാര്യയും പിന്നീട് നല്ല അമ്മയും ആകാൻ അവള്‍ കാണിച്ച മാസ്സ് ഒന്നും ഈ ട്രോള് ഉണ്ടാക്കിയവനും അത് വൈറൽ ആക്കിയ നല്ല മനസ്സുകാരും ചെയ്തിട്ടില്ല.’’

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറിയ കുറിപ്പാണിത്. ഇതൊരു മറുപടിയാണ്. അതിരു വിടുന്ന സോഷ്യൽ മീഡിയ തമാശകൾക്ക് സിനിമാതാരം ശരണ്യാ മോഹന്റെ ഭർത്താവ് ഡോക്ടർ അരവിന്ദ് നൽകിയ തക്ക മറുപടി.

ഇങ്ങനെയൊരു കുറിപ്പിനു പിന്നിലെ കഥയെന്താണ്?

ശരണ്യ:  ഞാൻ നാട്ടിൽ ഒരു ചടങ്ങിൽ പങ്കെടുത്തപ്പോൾ ആരോ എന്റെ ഫോട്ടോ എടുത്തു. അത് ഫോട്ടോഷോപ്പ് ചെയ്ത്, കുറച്ചുകൂടി വണ്ണം കൂട്ടി കുറേ കമന്റുകളും ചേർത്ത് ആരോ ഫെയ്സ്ബുക്കിലെ ട്രോള്‍ പേജുകളിൽ പോസ്റ്റ് ചെയ്തു. പിന്നീട് പലരും അതേറ്റു പിടിച്ചു. ഫോട്ടോയുടെ താഴെ വന്ന കമന്റുകൾ പലതും വളരെ മോശമായിരുന്നു. ലോകത്താദ്യമായി വണ്ണം വച്ച വ്യക്തിയാണ് ഞാൻ എന്ന രീതിയിലായിരുന്നു ചിലരുടെ പ്രതികരണങ്ങൾ വന്നത്.

അരവിന്ദ്: ട്രോളുകൾ ഞാനും ആസ്വദിക്കാറുണ്ട്. പക്ഷേ, ഇതൊരിക്കലും ട്രോളായി കാണാൻ സാധിക്കില്ല. ഒരാളുടെ രൂപത്തെയോ നിറത്തെയോ അധിക്ഷേപിച്ച് അതിൽ സന്തോഷം കണ്ടെത്തുന്നത് എങ്ങനെയാണ് തമാശയാകുന്നത്? ഇതൊരു തരത്തിലുള്ള മനോരോഗമാണ്. മരിയാ ഷറപ്പോവയുടെയും ഡോണാൾഡ് ട്രംപിന്റെയും നരേന്ദ്ര മോദിയുടെയും ഫെയ്സ്ബുക് പ്രൊഫൈലിൽ മലയാളത്തിൽ തെറിപ്പാട്ട് പാടുന്ന ടീംസാണ് നമ്മൾ. അഭിപ്രായ സ്വാതന്ത്ര്യത്തെ ഏറ്റവുമധികം ദുരുപയോഗം ചെയ്യുന്നതും നമ്മളാണ്. ഇങ്ങനെ ചെയ്യുന്നവർക്ക് എന്ത് സന്തോഷമാണ് കിട്ടുന്നതെന്ന് മനസ്സിലാകുന്നില്ല. ഒരു സിസേറിയന്റെ കോംപ്ലിക്കേഷനിലൂടെ കടന്നുപോയ സ്ത്രീയാണ് അപ്പു. ശരണ്യയെ വീട്ടിൽ ‘അപ്പു’ എന്നാണ് വിളിക്കുന്നത്. മരുന്നിന്റെയും വിശ്രമത്തിന്റെയും ഫലമായി സ്വാഭാവികമായും വണ്ണം വയ്ക്കും. അതിൽ കളിയാക്കാൻ എന്താണുള്ളത്? ഇത്തരത്തിൽ മോശമായി കമന്റ് ചെയ്തവരിൽ സ്കൂളിൽ പഠിക്കുന്ന കുട്ടികൾ വരെയുണ്ട്. അതിൽ ചിലരോടൊക്കെ ഞാൻ കാരണം ചോദിച്ചപ്പോൾ രസത്തിന് ചെയ്തതാണെന്ന മറുപടിയാണ് പലരും നൽകിയത്.

മുമ്പും ഇത്തരം അനുഭവം നേരിടേണ്ടി വന്നിട്ടില്ലേ?

ശരണ്യ: സെലിബ്രിറ്റി എന്നാൽ പൊതുമുതലാണെന്ന വിചാരമാണ് പലർക്കും. അതിലുപരി അവരും മനുഷ്യരാണെന്നോ, അവർക്കൊരു കുടുംബമുണ്ടെന്നോ ആരും ചിന്തിക്കാറില്ല. മോൻ ജനിച്ച സമയത്ത് ആ വിവരം ചേട്ടൻ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തു. അതിനു താഴെ വന്ന കമന്റുകളിൽ തൊണ്ണൂറ് ശതമാനവും അശ്ലീലമായിരുന്നു.

അരവിന്ദ്: അന്ന് അങ്ങേയറ്റം മോശമായി കമന്റ് ചെയ്ത ഒരാളുടെ പ്രൊഫൈലിൽ നോക്കിയപ്പോൾ അയാൾ രണ്ട് പെൺകുട്ടികളുടെ അച്ഛനാണെന്ന് മനസ്സിലായി. ‘താങ്കളുടെ മക്കൾക്ക് ഈ അവസ്ഥ വരാതിരിക്കാൻ ഞാനും ശരണ്യയും പ്രാർഥിക്കുന്നു’ എന്നു മാത്രമാണ് ഞാൻ കൊടുത്ത മറുപടി. ഇത്തരക്കാർ മനസ്സിലാക്കാത്ത ഒരു കാര്യമുണ്ട്, ഒരു സ്ത്രീ തന്റെ കുഞ്ഞിനെ പ്രസവിക്കുമ്പോൾ അനുഭവിക്കുന്ന വേദനയുടെ കാഠിന്യം. വിദേശരാജ്യങ്ങളിലെല്ലാം ഭാര്യയുടെ പ്രസവസമയത്ത് ഭർത്താവിന് കൂടെ നിൽക്കാം. നമ്മുടെ നാട്ടിലും ആ രീതിയാണ് വേണ്ടത്. സ്വന്തം  ഭാര്യയുടെ  പ്രസവവേദന നേരിൽ കാണുന്ന ഒരു വ്യക്തി പിന്നീട് സ്ത്രീകളെ നോട്ടം കൊണ്ടു പോലും അപമാനിക്കാൻ മുതിരില്ല. അപ്പുവിന്റെ ഡെലിവറി ടൈമിൽ ഞാനും ഓപ്പറേഷൻ തിയറ്ററിൽ ഒപ്പമുണ്ടായിരുന്നു.

കരിയർ ഗ്രാഫ് ഉയരത്തിൽ നിൽക്കുമ്പോൾ വിവാഹം. എന്തുകൊണ്ടായിരുന്നു തിടുക്കത്തിലൊരു പിൻമാറ്റം?

ശരണ്യ: ‘ഓരോന്നിനും അതിന്റേതായ സമയമുണ്ട് ദാസാ’ എന്നല്ലേ പറയാറ്. സിനിമയിൽ വരണമെന്നോ താരമാകണമെന്നോ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. അനിയത്തിപ്രാവിൽ  ബാലതാരമായിട്ടായിരുന്നു തുടക്കമെങ്കിലും സിനിമയെ പ്രഫഷനായി കാണുന്നത് പതിനേഴാം വയസ്സിലാണ്. എട്ടുവർഷത്തോളം  അഭിനയരംഗത്ത് സജീവമായി നിന്നു. പിന്നീട് വിവാഹത്തിന് സമയമായി എന്ന് തോന്നിയപ്പോഴാണ് ആ തീരുമാനമെടുത്തത്. ഇരുപത്തിയാറാം വയസ്സിലായിരുന്നു വിവാഹം.

അരവിന്ദ്: വിവാഹത്തിനു മുൻപേ ഞങ്ങള്‍ നല്ല സുഹൃത്തുക്കളായിരുന്നു. പലരുടെയും സംശയം ഞങ്ങളുടേത് പ്രണയവിവാഹമാണെന്നാണ്. പക്ഷേ, ഞങ്ങൾക്കിടയിൽ പ്രണയമൊന്നും ഉണ്ടായിരുന്നില്ല. മുമ്പ് ഞങ്ങളുടെ സംസാരത്തിനിടയിൽ വിവാഹമെന്ന വിഷയം വരുമ്പോൾ ശരണ്യ പറയുമായിരുന്നു, ‘ഏത് കാർക്കോടകനായിരിക്കും  എന്നെ കെട്ടാൻ വരുന്നത്’. ആ ‘ലോട്ടറി ’അടിച്ച ‘കാർക്കോടകൻ’ അന്ന് കേട്ട് ചിരിച്ച ആൾ തന്നെയായി.

സംസാരത്തിനിടയ്ക്ക് അപ്പൂപ്പനൊപ്പം അനന്തപത്മനാഭൻ എത്തി. നടക്കാറായിട്ടില്ലെങ്കിലും അപ്പൂപ്പന്റെ തോളിൽ തൂങ്ങാതെ, കയ്യിൽ പിടിച്ചുകൊണ്ടാണ് നടത്തം. പരിചയമില്ലാത്ത ആളെ കണ്ടിട്ടും മൂപ്പരുടെ മുഖത്ത് യാതൊരു കൂസലുമില്ല.

ശരണ്യ:  ദാ, വന്നല്ലോ പ്രധാന കഥാപാത്രം. ഇദ്ദേഹം വന്നപ്പോഴാണ് ഞാൻ ഈ ട്രോളുകളുടെയെല്ലാം ഇരയായത്. പേര് അനന്തപത്മനാഭൻ എന്നാണെങ്കിലും ഞങ്ങൾ വിളിക്കുന്നത് ‘അലമ്പ് പത്മനാഭനെ’ന്നാണ്. പത്തു മാസം പ്രായമേ ആയിട്ടുള്ളൂവെങ്കിലും ക്രേസ് മുഴുവൻ കാറിനോടാണ്. കാറിൽ യാത്ര പോകാൻ വലിയ ഉൽസാഹമാണ്.

saranya10

അരവിന്ദ്: യാത്രകൾ പോകാൻ ഞങ്ങൾക്ക് രണ്ടു പേർക്കും ഇഷ്ടമാണ്. ഞങ്ങളുടെ യാത്രകള്‍ക്കെല്ലാം ഒരു പ്രത്യേകതയുണ്ട്. എല്ലാ യാത്രകളിലും ഒരു അമ്പലം നിർബന്ധമാണ്.

ഭാര്യയുടെയും അമ്മയുടെയും റോളിൽ സക്സസ്ഫുൾ ആണോ?

എന്നെ  ഏറ്റവും നന്നായി മനസ്സിലാക്കിയിട്ടുള്ള വ്യക്തി എന്റെ അച്ഛനാണ്. അച്ഛൻ എന്റെ ബെസ്റ്റ് ഫ്രണ്ടാണ്. അതിനു ശേഷം ഞാനെന്താണെന്ന് കൃത്യമായി അറിയാവുന്ന ആള്‍ ചേട്ടനാണ്. അതൊരു വലിയ ദൈവാനുഗ്രഹമാണ്. കല്യാണം കഴിഞ്ഞിട്ട് രണ്ടു വർഷമായി. ചേട്ടന്റെ അച്ഛനും അമ്മയും എന്നെ കാണുന്നത് മരുമകളായല്ല, മകളായാണ്. രണ്ടാളും റിട്ട. കോളജ് പ്രഫസർമാരാണ്. ജീവിതത്തിലുടനീളം ഒരുപാട് കുട്ടികളെ കണ്ടിട്ടുള്ളതുകൊണ്ട് നമുക്കൊരു ചെറിയ മാറ്റം വന്നാൽ പോലും പെട്ടെന്ന് മനസ്സിലാകും. വളരെ സപ്പോർട്ടീവാണ് രണ്ടുപേരും.

തമിഴ്നാടിന്റെ ദത്തുപുത്രിയാണല്ലോ ശരണ്യ?

ഞാൻ ചെയ്ത കഥാപാത്രങ്ങളുടെ സ്വഭാവം കാരണമാകാം, എന്നെ ഒരു സിനിമാനടിയായിട്ടല്ല തമിഴ്നാട്ടിലെ ആളുകൾ ക ണ്ടത്. സ്വന്തം മകൾ, സഹോദരി അല്ലെങ്കിൽ അടുത്ത വീട്ടിലെ കുട്ടിയെപ്പോലെയുള്ള പരിഗണന വേണ്ടുവോളം കിട്ടിയിട്ടുണ്ട്. ആ കോൺഫിഡൻസിലാണ് കൂടുതൽ തമിഴ് സിനിമകൾ ചെയ്തത്. ‘യാരടീ നീ മോഹിനി’യിൽ നയൻതാരയുടെ അനിയത്തിയായതാണ് തുടക്കം. നടൻ സൗബിൻ ഷഹീറിന്റെ അച്ഛൻ ബാബു ഷാഹിർ അങ്കിൾ പറഞ്ഞിട്ട് ഞാൻ സ്ക്രീൻ ടെസ്റ്റിന് പോയി. തമിഴ്സിനിമ  ചെയ്യാൻ യാതൊരു താൽപര്യവും ഉണ്ടായിരുന്നില്ല. എന്റെ മനസ്സിലെ ഉദ്ദേശ്യം ചെന്നൈ ചുറ്റിക്കറങ്ങി കാണണം എന്നതു മാത്രമാണ്.

ആ സിനിമയോടെ അഭിനയം നിർത്താമെന്നു വിചാരിച്ചെങ്കിലും ഷൂട്ട് തീരുന്നതിനു മുൻപേ കുറേ നല്ല ഓഫറുകൾ വന്നു. അതിലേറ്റവും ശ്രദ്ധിക്കപ്പെട്ടത് ‘വെണ്ണിലാ കബഡി കുഴു’വും, ‘ഈറ’വും ‘അഴകർസാമിയിൻ കുതിര’യും ‘വേലായുധ’വുമാണ്.

‘ഇളയ ദളപതി’യുടെ അനിയത്തിയായതിന്റെ അനുഭവം?

കുറേ സിനിമകളിൽ അനിയത്തിയായി അഭിനയിച്ചപ്പോൾ അങ്ങനെയൊരു ടാഗ്‌ലൈൻ പതിയെ വീണു. അതുകൊണ്ട് ആ പരിപാടി തൽക്കാലത്തേക്ക് നിർത്തി, തമിഴിലും തെലുങ്കിലും കുറച്ച് നല്ല നായികാവേഷങ്ങൾ ചെയ്തു. വേലായുധത്തിൽ വിജയ്‌യുടെ അനിയത്തിയുടെ റോളിലേക്ക് സംവിധായകൻ രാജാ സാർ വിളിച്ചപ്പോൾ ആദ്യം മടി തോന്നി. ഫോണിലൂടെ  കഥ കേട്ടപ്പോൾ ഒരു കാര്യം മനസ്സിലായി. സിനിമയിൽ രണ്ട് നായികമാർ ഉണ്ടെങ്കിലും അനിയത്തിയുടെ കഥാപാത്രത്തിനും വളരെ പ്രാധാന്യമുണ്ട്. വിജയ്‌യുടെ അനിയത്തിയായിട്ട് അഭിനയിച്ചതുകൊണ്ട് അദ്ദേഹത്തിന്റെ ഫാൻസും എന്നെ അങ്ങനെയാണ് കണ്ടത്. ഇപ്പോളും ആളുകൾ ആ സ്ഥാനം തരുന്നത് ഭയങ്കര സന്തോഷമാണ്.

മലയാളത്തിൽ സിനിമ തിരഞ്ഞെടുക്കുന്നതിൽ പാളിച്ച പറ്റിയെന്ന തോന്നലുണ്ടോ?

നമുക്ക് കിട്ടുന്ന കഥകളിൽ നിന്നല്ലേ തിരഞ്ഞെടുക്കാൻ സാധിക്കൂ. മലയാളത്തിൽ എനിക്കങ്ങനെ അധികം സിനിമകൾ വന്നിട്ടില്ല. വളരെ മോശമായ ചില തിരക്കഥകൾ ചെയ്യാതെ വിട്ടിട്ടുമുണ്ട്. അങ്ങനെ നോക്കുമ്പോൾ തമിഴിലും തെലുങ്കിലും കന്നഡയിലും നല്ല സിനിമകൾ ചെയ്യാനുള്ള ഭാഗ്യം കിട്ടിയിട്ടുണ്ട്. ‘വില്ലേജുലോ വിനായകുഡു’ ആണ് തെലുങ്കിലെ ആദ്യ സിനിമ. പിന്നെ ‘ഭീമിലി കബഡി ജട്ടു’വിൽ നാനിയുടെ നായികയായി. കന്നഡയിൽ ‘ഈ ഭൂമി ആ ഭാനു’, ‘പരമശിവ’ എന്നിങ്ങനെ രണ്ട് സിനിമ ചെയ്തു. ഹിന്ദിയിൽ ‘ബദ്‌ലാപൂർ ബോയ്സ്’ എന്ന സിനിമയിലും അഭിനയിച്ചു.

നൃത്തം പൂർണമായും ഉപേക്ഷിച്ചോ?

ശരണ്യ:  എനിക്കൊരിക്കലും നൃത്തം ഉപേക്ഷിക്കാൻ സാധിക്കില്ല. ജീവിതത്തിൽ ഏറ്റവും സന്തോഷം തരുന്ന കാര്യങ്ങളിലൊന്നാണത്. പ്രഗ്നന്റ് ആയപ്പോഴാണ് ഡാൻസ് നിർത്തിയത്. മോന്‍ ജനിച്ചതിനു ശേഷവും കുറച്ച് കാലത്തേക്ക് റെസ്റ്റ് ആവശ്യമായിരുന്നു. ഇപ്പോൾ വീണ്ടും  പ്രാക്ടീസ് തുടങ്ങി.

അരവിന്ദ്: ഇപ്പോൾ അപ്പു ഡാൻസ്ടീച്ചറുടെ റോളിലാണ്. വീട്ടിൽത്തന്നെ കുറച്ച് കുട്ടികളെ ഡാൻസ് പഠിപ്പിക്കുന്നുണ്ട്.

സിനിമയിലേക്കൊരു തിരിച്ചുവരവ് പ്രതീക്ഷിക്കാമോ?

ശരണ്യ:  ഞാന്‍ ഇവിടെത്തന്നെയുണ്ട്  എന്നു കാണിക്കാൻ വേണ്ടി മാത്രമായി സിനിമയിലേക്ക് വരാൻ താൽപര്യമില്ല. നല്ല സിനിമകൾ വന്നാൽ തീർച്ചയായും ചെയ്യും. അതിന് രണ്ട് വീട്ടിലും  എല്ലാവരുടെയും സപ്പോർട്ടുണ്ട്.

അരവിന്ദ്: ഭാര്യയെ അഭിനയിക്കാൻ വിടില്ല എന്ന് ഒരിക്കലും ഞാൻ പറയില്ല. നല്ല കഥാപാത്രങ്ങൾ വന്നാൽ തീർച്ചയായും ശരണ്യ തിരിച്ചുവരും.