Thursday 08 February 2018 02:13 PM IST : By സ്വന്തം ലേഖകൻ

അച്ഛന്റെ മരണത്തിനു മുന്നിൽ പകച്ചുനിന്ന ആ പന്ത്രണ്ടുകാരി ഇന്ന് നേട്ടത്തിന്റെ നെറുകയിൽ!

sharon

പരാജയത്തിൽ നിന്നു പറന്നുയരാൻ നിശ്ചദാർഢ്യം മതിയാകും, പക്ഷേ, വേദനകളിൽ നിന്നുയരാൻ അതു പോരാ, മനക്കരുത്ത് വേണം. അച്ഛന്റെ മരണത്തിനു മുന്നിൽ പകച്ചുനിന്ന 12കാരിയിൽ നിന്ന് ലോകത്തിന്റെ നെറുകയിൽ ഇന്ത്യയുടെ കയ്യൊപ്പു ചാർത്തിയ മിടുക്കിയായി ഷാരോൺ ജോയ് നിൽക്കുന്നത് ആ മനക്കരുത്ത് കൈമുതലാക്കിയാണ്. അമേരിക്കയിലെ ന്യൂയോർക്കിലും വാഷിങ്ടൺ ഡിസിയിലുമായി ജൂലൈയിൽ നടക്കുന്ന ഗ്ലോബൽ യങ് ലീഡേഴ്സ് കോൺഫറൻസിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് ഷാരോണാണ്. ഫ്രോണ്ടിയർ ലൈഫ്‌ലൈൻ ആശുപത്രി സിഇഒയും ചെയർമാനുമായ ഡോ.കെ.എം. ചെറിയാന്റെ കൊച്ചുമകൾ കൂടിയായ ഷാരോൺ പറയുന്നു.

നേട്ടത്തിന്റെ നെറുകയിൽ, എന്തു തോന്നുന്നു ?

സ്വപ്നത്തിലേക്കുള്ള ചുവടുറപ്പിക്കാൻ ദൈവം തന്ന അവസരമായാണ് തോന്നുന്നത്. അഭിരുചി പരീക്ഷയിൽ 95 ശതമാനം മാർക്ക് ലഭിച്ചത് വഴിത്തിരിവായി. ഹാർവാഡ് മെഡിക്കൽ സ്കൂളിൽ നടക്കുന്ന നാഷനൽ സ്റ്റുഡന്റ്സ് ലീഡർഷിപ് കോൺഫറൻസിലും വാഷിങ്ടൺ ഡിസിയിലെ ഗ്ലോബൽ യങ് ലീഡർഷിപ് കോൺഫറൻസിലും ഇന്ത്യയെ പ്രതിനിധീകരിക്കാനുള്ള അവസരം. ആരോഗ്യമേഖലയുമായും ഇന്റർനാഷനൽ ഡിപ്ലോമസിയുമായും ബന്ധപ്പെട്ടതാണ് കോൺഫറൻസുകൾ. ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നുള്ള പ്രതിഭകളാണ് പത്തുദിവസം ഒപ്പമുണ്ടാകുക. യുണൈറ്റഡ് നേഷൻസ് പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്താനുള്ള അവസരവുമുണ്ട്. പല നാടുകളിൽ പോകാനും അവരുടെ സംസ്കാരം അടുത്തറിയാനും താൽപര്യമാണ്. ഒറ്റയ്ക്കു യാത്ര ചെയ്യാൻ പോകുന്നതിന്റെ ത്രില്ലിലുമാണ്.

മെഡിക്കൽ പ്രഫഷനാണോ സ്വപ്നം ?

മറ്റുള്ളവരെ സഹായിക്കുന്ന എന്തെങ്കിലും ജോലി ചെയ്യണമെന്നാണ് വലിയ സ്വപ്നം. അതിനു നല്ലത് മെഡിക്കൽ പ്രഫഷനാണ്. ഗ്രാന്റ് പയാണ് പ്രചോദനം. തീരെ ചെറിയ കുട്ടിയായിരുന്നപ്പോൾ തന്നെ അദ്ദേഹത്തിനൊപ്പം ആശുപത്രിയിൽ പോകുമായിരുന്നു. ഇത്ര സ്നേഹം മറ്റൊരു ജോലിക്കും കിട്ടുമെന്നു തോന്നുന്നില്ല. ജനറ്റിക്സും സ്റ്റെം സെൽ തെറപ്പിയും പോലുള്ള വിഷയങ്ങളെ പറ്റി എന്നോടു സംസാരിക്കാൻ അദ്ദേഹത്തിന് വലിയ ഇഷ്ടമാണ്. പ്രയോജനമുള്ള എന്തെങ്കിലും റിസർച്ച് ചെയ്യണമെന്നാണ് ആഗ്രഹം. നേരത്തേ തന്നെ രോഗനിർണയം നടത്തുകയും ചികിത്സിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ് എന്ന സന്ദേശം എല്ലാവരിലേക്കും എത്തിക്കണം.

ഞാൻ അഞ്ചാംക്ലാസിൽ പഠിക്കുമ്പോഴാണ് പപ്പ മരിക്കുന്നത്. കാർഡിയാക് സർജനായ പപ്പ അറ്റാക്ക് വന്നു മരിക്കുന്നതിലെ വിഷമം ആലോചിച്ചുനോക്കൂ. ആ സമയത്ത് ഞങ്ങൾ അമേരിക്കയിലായിരുന്നു. പിന്നെ ചെന്നൈയിലേക്ക് വന്നു. അമ്മ സന്ധ്യ ചെറിയാൻ ഇപ്പോൾ ഫ്രോണ്ടിയർ ലൈഫ്‌‍ലൈൻ ആശുപത്രിയുടെ അഡ്മിനിസ്ട്രേഷൻ ചുമതല വഹിക്കുന്നു.

ടീച്ചർമാരും കൂട്ടുകാരുമൊക്കെ അഭിനന്ദിച്ചോ?

ചെന്നൈയിലെ ദ് ഷ്രാം അക്കാഡമി സിബിഎസ്ഇ സ്കൂളിൽ പ്ലസ്‌വണ്ണിനാണ് പഠിക്കുന്നത്. ശ്രുതി ടീച്ചറാണ് എന്റെ ഫേവറിറ്റ്.  ഫിസിക്സ് കുറച്ച് പാടുള്ള വിഷയമാണ്, പക്ഷേ ടീച്ചർ പഠിപ്പിക്കുമ്പോൾ നല്ല ഈസിയാണ്. അമേരിക്കയിൽ നിന്നു വരുമ്പോൾ വിശേഷങ്ങൾ കേൾക്കാൻ കൂട്ടുകാർ തയാറായിരിക്കുകയാണ്.

ഹോബികൾ പറയുമോ ?

വായനയാണ് ഹോബി. എല്ലാ പുസ്തകങ്ങളും വായിക്കും. പാട്ടു കേൾക്കാനും പാടാനും ഇഷ്ടമാണ്. ഇൻസ്ട്രമെന്റൽ മ്യൂസിക്കും ആസ്വദിക്കും, പിയാനോയും വയലിനും വായിക്കും.