Thursday 08 February 2018 12:34 PM IST : By സ്വന്തം ലേഖകൻ

മുസ്ലിം പള്ളികളിലെ ബാങ്കുവിളി ശല്യമാകുന്നുവെന്ന് ട്വീറ്റ്; പുലിവാല് പിടിച്ച് ഗായകൻ സോനു നിഗം

sonu_nigam

‘‘വീടിന് അടുത്തുള്ള മുസ്ലീം പള്ളിയില്‍ നിന്നും ബാങ്ക് വിളി കേട്ടാണ് മുസ്ലിം അല്ലാത്ത തനിക്ക് പുലര്‍ച്ചെ എഴുന്നേല്‍ക്കേണ്ടി വരുന്നത്. പ്രവാചകൻ മുഹമ്മദ് ഇസ്ലാം മതം സ്ഥാപിക്കുമ്പോൾ വൈദ്യുതി ഇല്ലായിരുന്നു,എഡിസണിനു ശേഷം താൻ എന്തിന് ഈ അപസ്വരം കേൾക്കേണം’’ മുസ്ലിം പള്ളികളിൽ ബാങ്കുവിളിക്കുന്നതിനെതിരെ കഴിഞ്ഞ ദിവസം പ്രശസ്ത ബോളിവുഡ് ഗായകൻ സോനു നിഗം ഇങ്ങനെ ട്വീറ്റ് ചെയ്തു. കഴിഞ്ഞില്ലേ കഥ. സ്നാപ് ചാറ്റിന് പിന്നാലെ സോനു നിഗമും സോഷ്യൽമീഡിയ പുലിവാൽ പിടിച്ചിരിക്കുകയാണ്.

ഇന്ത്യയിലെ ഈ നിര്‍ബന്ധിത മതാനുസരണം എന്ന് നിര്‍ത്തലാക്കുമെന്നും അദ്ദേഹം ട്വിറ്ററിലൂടെ ചോദിച്ചു. ലക്ഷക്കണക്കിന് മുസ്ലിംങ്ങള്‍ ജീവിക്കുന്ന ഇന്ത്യയില്‍ സോനു നിഗമിന് ഇഷ്ടമില്ലാത്തത് കൊണ്ട് ബാങ്ക് വിളി നിർത്തലാക്കണോ എന്നു പലരും ചോദിച്ചു. ഇതോടെ മതവികാരത്തെ വ്രണപ്പെടുത്തുന്ന ഇത്തരം ചോദ്യങ്ങളുമായി ഇനിയാരും കടന്നവരരുതെന്നായി ട്വിറ്ററിലെ മതസ്്നേഹികൾ. സോനു മുസ്ലിം അല്ലാത്തത് കൊണ്ടാണിങ്ങനെയെന്നും പലരും കുറ്റപ്പെടുത്തി.

മതകാര്യം ചെയ്യാത്തവരെ ഉണര്‍ത്താന്‍ ക്ഷേത്രങ്ങളിലോ ഗുരുദ്വാരകളിലോ വൈദ്യുതി ഉപയോഗിച്ചുള്ള ഇത്തരം രീതികള്‍ സ്വീകരിക്കുന്നുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. ചിലര്‍ അദ്ദേഹത്തിന്റെ വാക്കുകളെ അനുകൂലിച്ചും രംഗത്തെത്തി. നമ്മുടെ രാജ്യത്തെ മതങ്ങളുടെ വൈവിധ്യത്തെ ബഹുമാനിക്കാനാണ് സോനു പഠിക്കേണ്ടതെന്ന് ഒരാള്‍ ട്വീറ്റ് ചെയ്തു. വിവിധങ്ങളായ മതങ്ങളെ പിന്തുടരുന്നവര്‍ ജീവിക്കുന്ന ഒരു രാജ്യത്ത് സഹിഷ്ണുതയാണ് വേണ്ടതെന്നും അഭിപ്രായമുയർന്നു.