Thursday 08 February 2018 02:18 PM IST : By എന്‍. എം. അബൂബക്കര്‍

മരുഭൂമിയെ സ്നേഹിച്ച സുല്‍ത്താന്‍! ഫൊട്ടോഗ്രഫിയിലൂടെ ലക്ഷ്യമിടുന്നത് പ്രകൃതിസംരക്ഷണം

sulthan4

മരുഭൂമിയില്‍ പ്രകൃതിയുടെ സ്പന്ദനം തേടിപ്പോകുന്ന ഒരു സുൽത്താനുണ്ട്! തൃശൂര്‍ തൃപ്രയാര്‍ സ്വദേശി സുല്‍ത്താന്‍ ഖാന്‍. മൂന്നര പതിറ്റാണ്ടിലേറെയായി പ്രകൃതിയെ സ്നേഹിക്കുന്ന ഈ സുല്‍ത്താന്റെ ലക്ഷ്യം പരിസ്ഥിതി സംരക്ഷണവും  ബോധവല്‍ക്കരണവുമാണ്. കുട്ടിക്കാലം മുതലേ പ്രകൃതിയോടുള്ള അടുപ്പവും പ്രകൃതിയെ അറിയാനുള്ള ആഗ്രഹവുമാണ് ഇതിനു കാരണം. പ്രകൃതിയുടെ സൗന്ദര്യം ഒപ്പിയെടുത്തു ജനങ്ങളെ കാണിക്കുക മാത്രമല്ല അവ നിലനിര്‍ത്തുന്നതിനായി ജനശ്രദ്ധ ആകര്‍ഷിക്കുകയും പരിസ്ഥിതിനാശം കൊണ്ടുള്ള ഭവിഷ്യത്ത് ഓര്‍മപ്പെടുത്തുകയും ചെയ്യുന്നു.

കുട്ടിക്കാലത്ത് ചിത്രരചനയിലൂടെയാണു സുൽത്താൻ പ്രകൃതിയിലേക്കു ജനങ്ങളെ ആകര്‍ഷിച്ചത്. പക്ഷേ, ചിത്രങ്ങളുടെ പരിമിതി മനസ്സിലാക്കി പിന്നീട് ഫൊട്ടോഗ്രഫി തന്റെ മാധ്യമമാക്കി. വെറുതെ പ്രകൃതിയെ അറിയുകയല്ല, അവയുടെ നോവും നേരും ചിത്രീകരിച്ച് ആ ദൃശ്യങ്ങള്‍ കാണിച്ചായിരു ന്നു സുൽത്താൻ ബോധവല്‍ക്കരണം നടത്തിയത്.
പ്രകൃതിയുടെ ആത്മാവ് തേടിയുള്ള സഞ്ചാരത്തിനിടെ 17 വര്‍ഷം മുന്‍പ് സുല്‍ത്താന്‍ യുഎഇയിലെത്തി. ഇലക്ട്രിക്കല്‍ എന്‍ജിനീയറാണെങ്കിലും ജീവിതത്തിനായി കെട്ടിയ വേഷങ്ങള്‍ക്ക് കൈയും  കണക്കുമില്ല. മറ്റെന്തു ജോലി ചെയ്യുമ്പോഴും  പ്രകൃതി സുല്‍ത്താനെ മാടിവിളിച്ചുകൊണ്ടേയിരുന്നു. എന്‍ജിനിയറിങ് ജോലിക്കായി സൈറ്റിലേക്കു പോകുമ്പോഴും വരുമ്പോഴുമെല്ലാം സുല്‍ത്താനെ മരുഭൂമി ആകർഷിക്കുകയായിരുന്നു. ഒടുവില്‍ പ്രകൃതിയാണ് തന്റെ വഴിയെന്ന് ബോധ്യപ്പെട്ടതോടെ തുടങ്ങിയ മരുഭൂ യാത്ര സുൽത്താൻ ഇന്നും തുടരുന്നു, രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ.

sulthan1

മരുഭൂമിയുമായി പ്രണയത്തില്‍

മരുഭൂമിയുമായി കണ്ടും കേട്ടും കിന്നാരം പറഞ്ഞും വര്‍ഷങ്ങള്‍ കടന്നുപോയതറിഞ്ഞില്ല 37കാരനായ ഈ അവിവാഹിതന്‍. ‘‘മരുഭൂ യാത്രയില്‍ സന്തത സഹചാരിയായ ജീപ്പാണ് കൂട്ടിന്. പിന്നെ നിക്കോണ്‍ ഡി 810 ക്യാമറയും. തൃപ്രയാറിലെ രാജാ സ്റ്റുഡിയോയിലെ ഡാര്‍ക്ക് റൂമിൽ നിന്നുള്ള ബാലപാഠവും പുസ്തകത്തിലൂടെ നേടിയ വിജ്ഞാനവുമാണ് കൈമുതല്‍.

‘‘ഇൻസ്റ്റിറ്റ്യൂട്ടില്‍ പോയി ഞാൻ ഫൊട്ടോഗ്രഫി പഠിച്ചിട്ടില്ല. പക്ഷേ, വിശ്വവിഖ്യാത ഫൊട്ടോഗ്രഫറായ ആന്‍സല്‍ ആഡംസിന്റ ദ് പ്രിന്റ്, ദ് നെഗറ്റീവ്, ദ് ക്യാമറ എന്നീ പുസ്തകങ്ങളിലൂടെ സ്വയം പാഠങ്ങൾ പഠിച്ചെടുത്തു.’’ സുൽത്താൻ പറയുന്നു. ഈ അറിവുകളാണ് സുല്‍ത്താനിലെ ഫൊട്ടോഗ്രഫറെ ചിട്ടപ്പെടുത്തിയത്. ഇന്ത്യന്‍ ഫൊട്ടോഗ്രഫിയിലെ ഇതിഹാസമായിരുന്ന ചക്രവര്‍ത്തി രാജഗോപാലിന്റെ ശൈലിയും തന്നെ വളരെ അധികം സ്വാധീനിച്ചതായി സുല്‍ത്താന്‍ പറയുന്നു.

ഒന്നാം ക്ലാസിലെ മലയാള പാഠപുസ്തകത്തിലെ പുറംചട്ടയില്‍ കെട്ടുവള്ളത്തില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന ചിത്രമാണ് തന്നിലെ ചിത്രകാരനെയും സഞ്ചാരിയെയും പ്രകൃതി സ്‌നേഹിയെയും ഉണര്‍ത്തിയതെന്ന് സുല്‍ത്താന്‍ പറയുന്നു. കേട്ടും വായിച്ചും അറിഞ്ഞ പ്രകൃതി കണ്ടെത്താനുള്ള യാത്രയായി പിന്നീട്.

sulthan7

‘‘പ്രകൃതിയിലെ വ്യത്യസ്ത ശക്തികളെ കണ്ടെത്താന്‍ രാത്രി ഒറ്റയ്ക്ക് അലഞ്ഞിട്ടുണ്ട്. യക്ഷിയെ തേടി പാലമരച്ചുവട്ടിലും  കാവിലും പോയി. അതുപോലെ തോണിയില്‍ കൂരിരുട്ടില്‍ കണ്ണെത്താ ദൂരത്തോളം  തുഴഞ്ഞു. കുട്ടിക്കാലത്തു തുടങ്ങിയ സാഹസികതയും അന്വേഷണത്വരയും ഇന്നും ഞാൻ തുടരുകയാണ്.’’ ആത്മാവിനെ മരുഭൂമിയുമായി ബന്ധിപ്പിച്ചപ്പോള്‍ കേട്ട കഥകളും കണ്ട ദൃശ്യങ്ങളും എത്ര പറഞ്ഞാലും മതിയാകില്ല സുല്‍ത്താന്. മരുഭൂമിക്ക് പല കഥകളും പറയാനുണ്ട്. പക്ഷേ, അവ കേള്‍ക്കണമെങ്കില്‍ മനസ്സ് മരുഭൂമിയുമായി ബന്ധിപ്പിക്കണം. ആത്മാര്‍ഥതയോടെ പ്രകൃതിയോട് അടുത്താലേ അത് സാധ്യമാകൂവെന്നും ഇദ്ദേഹം സൂചിപ്പിക്കുന്നു.

sulthan2

മനസ്സില്‍ േകാറിയിട്ട ദൃശ്യങ്ങള്‍

‘‘മനസ്സില്‍ പതിഞ്ഞ ദൃശ്യത്തിനായി ഒരിക്കല്‍ രാത്രി ഒരു മണിക്ക് ദുബായ് ഗ്ലോബല്‍ വില്ലേജ് പരിസരത്തു നിന്ന് കല്‍ബയിലേക്ക് യാത്ര പുറപ്പെട്ടു. രണ്ടരയോടെ അവിടെ എത്തി. രാവിന്റെ ശാന്തതയും നിഗൂഢതയും. ഒറ്റയ്ക്ക്  കല്‍ബ കടല്‍ത്തീര ത്ത് പുലരുവോളം പ്രകൃതിയോട് സല്ലപിച്ചു. അതിനിടെ ക്യാമറയെടുത്ത് ട്രൈപോഡില്‍ സെറ്റ് ചെയ്ത് സ്വപ്‌നം കണ്ട ദൃശ്യത്തിനായി കാത്തിരുന്നു. പ്രതീക്ഷിച്ചതിനെക്കാള്‍ മനോഹര ദൃശ്യമാണ് അന്ന് പ്രകൃതി സമ്മാനിച്ചത്.’’  പറയുമ്പോള്‍ സുല്‍ത്താന്റെ മുഖം തിളങ്ങുന്നു.

വര്‍ഷങ്ങളായി പ്രകൃതിയെ പ്രണയിച്ച് ഒപ്പിയെടുത്ത ദൃശ്യങ്ങള്‍ ചേര്‍ത്തുവച്ച് ‘ഗോ സോളോ ഫീല്‍ ദ് നേച്ചർ’ എന്ന  ആദ്യ ഹ്രസ്വ ചിത്രം സുൽത്താൻ ഇറക്കി. ഈ അത്യപൂര്‍‌വ ദൃശ്യവിരുന്ന് യൂടൂബില്‍ നിരവധി പേരെ ആകർഷിച്ചു. പേര് സൂചിപ്പിക്കും പോലെ യുഎഇയുടെ വിവിധ എമിറേറ്റുകളില്‍ ഒറ്റയ്ക്കു യാത്ര ചെയ്ത് പരസഹായമില്ലാതെ പകര്‍ത്തിയ ദൃശ്യങ്ങള്‍. എട്ടു മിനിറ്റ് ദൈര്‍ഘ്യമുള്ള ഹ്രസ്വ‌ചിത്രം സമ്മാനിച്ച സ്വീകാര്യത കൂടുതല്‍ ആത്മവിശ്വാസമുണ്ടാക്കി. പ്രകൃതി കനിഞ്ഞു നല്‍കിയതാണ് ഈ ഫ്രെയിമുകളെന്ന് സുല്‍ത്താന്‍ പറയുന്നു.

sulthan6

മരുഭൂമിയുടെ നിഗൂഢത, മണല്‍ക്കാറ്റ്, അതികഠിനമായ ചൂ ട്, തണുപ്പ്... തുടങ്ങി പ്രതികൂല കാലാവസ്ഥയൊന്നും  ഈ   യാത്രയ്ക്ക് തടസ്സമായില്ല. ആരും ഒറ്റയ്ക്കല്ലെന്ന് പ്രകൃതി തന്നെ പറയുമ്പോള്‍ എന്തിന് പേടിക്കണമെന്ന് സുല്‍ത്താന്‍.

‘ഗോ സോളോ ഫീല്‍ ദ് നേച്ചര്‍’ എന്ന ഹ്രസ്വ ചിത്രം കണ്ട പ്രമുഖ ക്യാമറ നിര്‍മാണ കമ്പനി അവരുടെ നൂറാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി മികച്ച ഹ്രസ്വ ചിത്രമായി അതു തിരഞ്ഞെടുത്തു. ഫൊട്ടോഗ്രഫിയില്‍ ഏറെ മികവു പുലര്‍ത്തുന്ന സുല്‍ത്താന്‍ ഖാന്റെ വിഡിയോ അഭിമാനപുരസ്സരമാണ് തങ്ങള്‍ പൊതുജനങ്ങള്‍ക്കായി സമര്‍പ്പിക്കുന്നതെന്ന്, ഹ്രസ്വ ചിത്രം റിലീസ് ചെയ്യുന്ന വേളയില്‍ കമ്പനി ജനറല്‍ മാനേജര്‍ നരേന്ദ്ര മേനോന്‍ പറഞ്ഞു.

‘എസ്ര’ എന്ന പൃഥ്വിരാജ് ചിത്രത്തിന് സംഗീത സംവിധാനം െചയ്ത സുഷിന്‍ ശ്യാമാണ് ‘ഗോ സോളോ ഫീല്‍ ദ് നേച്ചറി’ന് പശ്ചാത്തല സംഗീതമൊരുക്കിയത്. യുഎഇയുടെ തനിമയാര്‍ന്ന ജീവിതം പകര്‍ത്തുന്ന ഡോക്യുമെന്ററിയാണ് അടുത്ത ലക്ഷ്യം. 2013ല്‍  ഷെയ്ഖ് ഹംദാന്‍  ഫൊട്ടോഗ്രഫി മത്സരത്തില്‍ അവസാന ആറു പേരില്‍ ഇടംപിടിച്ചിട്ടുള്ള സുല്‍ത്താന്‍ ഖാന്‍ ഒട്ടേറെ അവാര്‍ഡുകള്‍ സ്വന്തമാക്കിയിട്ടുണ്ട്.

ജീവിതത്തിലെയും ഫൊട്ടോഗ്രഫിയിലെയും അതിജീവനവും  അനുഭവങ്ങളും സമൂഹത്തിന്റെ നന്മയ്ക്കായി ഉപയോഗിക്കാനാണ് സുൽത്താന്റെ പദ്ധതി. കാണാകാഴ്ചകള്‍ തേടിയുള്ള ഓരോ യാത്രയിലും അത്യപൂർ‌വ ദൃശ്യങ്ങള്‍ കാട്ടിയാണ് പ്രകൃതി സുല്‍ത്താന്റെ മനം കവരുന്നത്. എങ്കിലും മനസ്സു തേടിക്കൊണ്ടിരിക്കുന്ന തനിമ തേടി സുൽത്താൻ യാത്ര തുടരുകയാണ്.

sulthan5