Thursday 08 February 2018 12:36 PM IST : By സ്വന്തം ലേഖകൻ

ഓസ്‌ട്രേലിയന്‍ ഓപ്പൺ നേടുമ്പോൾ സെറീന രണ്ട് മാസം ഗർഭിണിയായിരുന്നു; താരത്തെ പ്രശംസിച്ച് ആരാധകർ

TENNIS-OPEN/

ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ തന്റെ 23ാമത് ഗ്രാന്‍ഡ് സ്ലാം ടൂര്‍ണമെന്റ് നേടിയപ്പോള്‍ സെറീന ഗര്‍ഭിണിയായിരുന്നു. എന്നിട്ടും ഒരു സെറ്റു പോലും വിട്ടുകൊടുത്തില്ല.’ ടെന്നിസ് ഇതിഹാസമായ സെറിന വില്യംസിന്റെ ട്വിറ്റർ അക്കൗണ്ടിൽ ഒരു ആരാധകൻ ഇങ്ങനെ കുറിച്ചു. ശരിയാണ്, ടെന്നിസ് രാജ്ഞി സെറീന അമ്മയാകാൻ പോകുന്നു. 2017ന്റെ ബാക്കി നാളുകളില്‍ ഗര്‍ഭകാല അവധിയിലേക്ക് പ്രവേശിക്കുകയാണ് ടെന്നീസ് സൂപ്പര്‍താരം സെറീന വില്യംസ്. സ്‌നാപ്പ്ചാറ്റില്‍ ‘ 20 വീക്സ്’ എന്ന കാപ്ഷനോടെ തന്റെ വയറ് വ്യക്തമാക്കുന്ന സ്വിമ്മിങ് സ്യൂട്ട് സെൽഫി താരം പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ അത് പിന്‍വലിക്കുകയും ചെയ്തു. ഇത് ആരാധകര്‍ക്ക് ഇടയില്‍ ഒരു കണ്‍ഫ്യൂഷന്‍ സൃഷ്ടിക്കുകയും ചെയ്തിരുന്നു. അതിനിടയിലാണ് വാര്‍ത്ത സ്ഥിരീകരിച്ച് അവരുടെ വനിതാ വക്താവ് എത്തിയത്.

ടെന്നിസിനോടുള്ള സെറീനയുടെ അർപ്പണബോധത്തെ പ്രശംസിച്ച് അതോടെ ആരാധകർ പ്രശംസകളുടെ പൂച്ചെണ്ടുമായി എത്തി. അവസാനമായി ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ കിരീടം ചൂടി സ്‌റ്റെഫി ഗ്രാഫിന്റെ റിക്കാര്‍ഡ് തിരുത്തുമ്പോൾ സെറീന രണ്ട് മാസം ഗർഭിണിയായിരുന്നു. സെറീന അന്നുമുതല്‍ ടെന്നീസില്‍നിന്നും വിട്ടുനില്‍ക്കുകയാണ്. കാലിഫോര്‍ണിയയിലെ ഇന്ത്യന്‍ വെല്‍സ് ഓപ്പണില്‍നിന്നും സെറീന പിന്‍മാറിയിരുന്നു.

serena2 സെറിന വില്യംസ് സ്‌നാപ്പ്ചാറ്റില്‍ പോസ്റ്റ് ചെയ്ത ചിത്രം

കഴിഞ്ഞ പത്തുവര്‍ഷമായി ടെന്നീസിലെ മുന്‍നിര താരമാണ് ഈ മുപ്പത്തഞ്ചുകാരി. കഴിഞ്ഞ ഡിസംബറില്‍ 33 വയസുകാരനായ അലക്‌സിസ് ഒഹാനിയനുമായി വിവാഹം നിശ്ചയിച്ചതായി സെറീന അറിയിച്ചിരുന്നു. റെഡിറ്റ് സഹസ്ഥാപകനാണ് ഒഹാനിയൻ. സെറീനയുടെ സന്തോഷത്തില്‍ ആരാധകരും മറ്റ് സെലിബ്രിറ്റികളും പങ്കുചേര്‍ന്നു. ട്വിറ്ററില്‍ നിരവധി പേരാണ് ആശംസകളുമായി എത്തിയിരിക്കുന്നത്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന വനിതാ കായികതാരമാണ് സെറീന.