Thursday 08 February 2018 02:41 PM IST : By സ്വന്തം ലേഖകൻ

തുഗ്ലക്കാബാദ്- ശപിക്കപ്പെട്ട നഗരത്തെ പ്രണയിച്ച ചെക്കൻ! ഗവേഷക വിദ്യാർത്ഥിയുടെ യാത്രാനുഭവം

delhi-3

പരിഷ്‌ക്കാരങ്ങളുടെ പേരിൽ പ്രശസ്തമായ "തുഗ്ലക്" രാജാവിനെ കുറിച്ച് കേട്ടിട്ടുണ്ടാവും. എന്നാൽ ഡൽഹിയിലെ സജീവമായ ഓഖ്‌ല സ്റ്റേഷന് അടുത്തതായിട്ടാണ് ഈ തുഗ്ലക് രാജ്യമെന്നു അധികമാർക്കും അറിയില്ല. അവിടെയുള്ള കോട്ടയുടെ വിശേഷങ്ങളും കാഴ്ചാനുഭവങ്ങളും "തുഗ്ലക് പരിഷ്കാര കഥകൾ" പോലെ വൈറലുമല്ല. നഗരങ്ങളുടെ നഗരമായ ഡൽഹിയിൽ ഏകാന്തതയുടെയും സ്നേഹത്തിന്റെയും അടയാളമായി നിലകൊള്ളുന്ന തുഗ്ലക്കാബാദ് നഗരത്തിന്റെ വിശേഷങ്ങൾ വായിക്കാം. ഡൽഹിയിൽ ഗവേഷക വിദ്യാർത്ഥിയായ ഷഫീഖിന്റെ വാക്കുകളിലൂടെ...

കെ.പി. ഷഫീക് പുറ്റെക്കാടിന്റെ കുറിപ്പ് വായിക്കാം;

തുഗ്ലക്കാബാദ് - ശൂന്യമായ സ്നേഹത്തിന്റെ നഗരം...!

"യാ രഹെ ഉജ്ജർ, യാ ബസ്സെയ് ഗുജ്ജർ" - ഒന്നെങ്കില്‍ ഇവിടം ആൾപാർപ്പില്ലാത്തതാകും, അല്ലെങ്കില്‍ ഗുജ്ജറുകൾ താമസിക്കും. അറംപറ്റിയ ആ ശാപത്തിന്റെ പ്രതിഫലനമായിരുന്നു തുഗ്ലക്കാബാദ് ഫോർട്ടിൽ എല്ലോടത്തും. ഡെൽഹിലെ ചൂടത്തായിരുന്നു ഞാനും ചേച്ചിയും തുഗ്ലക്കാബാദ് കോട്ട അനേഷിച്ചിറങ്ങുന്നത്. എവിടേലും പോവണം എന്ന ചിന്തക്ക് വിരാമമിട്ടുകൊണ്ടാണ് ഗൂഗിൾ ഈ സ്ഥലം കാണിച്ചു തരുന്നത്. തകർന്ന കോട്ടയുടെ അവശിഷ്ടവും, ഏകാന്തതയോടുള്ള പ്രേമവും ഞങ്ങളെ തുഗ്ലക്കാബാദിൽ കൊണ്ടുചെന്നെത്തിച്ചു.

സ്ഥലപ്പേര് കേട്ടപ്പോ തന്നേയ് ഞാൻ പറഞ്ഞു നമ്മക്ക് ലോക്കൽ ട്രെയിന് പോകാം. മുൻപ് എപ്പോയോ ഡൽഹി എത്തുന്നതിനു മുന്നേ കടന്നുപോയ ഒരുപാട് സ്റ്റേഷൻ ബോർഡുകളിൽ ഒന്ന് തുഗ്ലക്കാബാദിന്റെയതായിരുന്നു. മറിച്ചൊന്നും പറയാറില്ലാത്ത ചേ, അതും സമ്മയിച്ചു. പോവാനുറപ്പിച്ച കാലത്തു ചേച്ചിക്കു എന്തൊക്കയോ പണി കിട്ടി. "പോക്ക് മൊടക്കേണ്ട, ഇയ്യ്‌ വിട്ടോ. പണി ഇതാന്നു പറയുമ്പോത്തിന്നും തീർത്തു ഞാൻ അങ്ങോട്ടെത്താം", എന്ന നിർദേശവും കിട്ടി.

ജാമിയയിൽ നിന്ന് ഓഖ്‌ല സ്റ്റേഷൻ വരെ നടന്നു. സബ്ജി മണ്ഡിപോയി കൊറച്ചു കക്കേരിക്ക വാങ്ങി. ടിക്കറ്റുമെടുത്തു ആദ്യം വന്ന ലോക്കലിന് "ദൂരെയുള്ള" തുഗ്ലക്കാബാദിക്കു കയറി. ദൂരം എന്നുള്ളത് എന്റെയ തോന്നൽ മാത്രമായിരുന്നു, തൊട്ടടുത്ത സ്റ്റേഷൻ മാത്രമായിരുന്നു തുഗ്ലക്കാബാദ്...! പിന്നെ സ്റ്റേഷന് പൊറത്തെറങ്ങിയപ്പോ ഡിടിസി ബസ് സർവീസ്. അപ്പൊ ഹരിയാനയിലെ ഗ്രാമല്ലേ ഇത്? അതും പൊളിച്ചു. മെട്രോ വരെ ഉണ്ട്...! റിക്ഷക്കാരോടും കച്ചോടക്കാരോടും ഒക്കെ കോട്ട എവിടാന്ന് ചോയിച്ചിട്ടും ആർക്കും ഒരു ഐഡിയയുമില്ല. അവസാനം ഒരു ഗ്രാമീൺ സേവ (പുറ്റെക്കാട്ടെ മുഖാമുഖം) കാരന് സംഗതി പിടികിട്ടി. അങ്ങനെ അവിടെയെത്തി.

1319 ൽ ഖിൽജി രാജ്യവംശം തകർച്ച നേരിട്ട സമയത്തു ഖുസ്രോ ഖാൻ അധികാരം പിടിച്ചെടുത്തു. മൂപ്പരുടെ പക്കൽ നിന്നും ഖിൽജികളുടെ ദിപാൽപുർ പ്രവിശ്യയുടെ ഗവർണ്ണർ ആയ ഗാസി മാലിക്, എന്ന് പേരുള്ള ചെറുപ്പക്കാരൻ അധികാരം തിരിച്ചുപിടിച്ചു. ഖിയാസുദീൻ തുഗ്ലക് എന്ന് അദ്ദേഹം സ്ഥാനപ്പേര് സ്വീകരിച്ചു, മൂപ്പർ ഡൽഹി സുൽത്താനായി. തുഗ്ലക് രാജ്യവംശം സ്ഥാപിച്ചു. തുർക് അടിമക്ക് ഹിന്ദു സ്ത്രീയിൽ ജനിച്ചവൻ, എ മാൻ ഓഫ് ഹംബിൾ ഒറിജിൻ.

മൂപ്പരാള് മനസ്സിലിട്ടു താലോലിച്ച മായാനഗരമാണ് നമ്മളെ കേന്ദ്ര കഥാപാത്രം - തുഗ്ലക്കാബാദ്. നഗരങ്ങളുടെ നഗരമായ ദില്ലിയിലെ മൂന്നാമത്തെ നഗരം. ഒരു വിചലംബിച്ച കോട്ട പണിയാൻ ഡെൽഹിലെ മൊത്തം തൊഴിലാളികളെയും കൊണ്ടൊന്ന സമയത്താണ്, സാക്ഷാൽ നിസാമുദീൻ ഔലിയ ഡെൽഹിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ വെല്യ വെള്ളസംഭരണിയുടെ പണിയിൽ ഏർപ്പെട്ടിരുന്നതും. തൊഴിലാളികളില്ലാതെ ഔലിയയുടെ ബവോലി (baoli) നിർമാണം നിലച്ചു. അതു സുൽത്താനും ഔലിയയും തമ്മിൽ പ്രശ്നത്തിനു കാരണമായി. കുടിവെള്ളത്തെക്കാൾ പ്രാധാന്യത്തിൽ കോട്ടപ്പണിത സുൽത്താനെ ഔലിയ കണ്ടറിഞ്ഞു ശപിച്ചു.

ബംഗാളിലെ ആഭ്യന്തരയുദ്ധം തീർത്തു, തിരിച്ചു വരുമ്പോ ഉറങ്ങാൻ കെടന്ന ടെന്റ് മറിഞ്ഞുവീണു 1324ൽ ഇഹലോകം വെടിഞ്ഞു ഖിയാസുദീൻ. ഇനിയും ഒരുപാട് ദൂരെയാണ് ദില്ലി (ഹുനൂസ് ദിലി ദൂർ ഹസ്ത്) എന്ന ഔലിയാന്റെ അടുത്ത ശാപവും ഫലിച്ചു. കാരാ എന്ന ഉത്തർ പ്രദേശിലെ ചെറിയ ഗ്രാമ പ്രദേശത്തു അദ്ദേഹം മരിച്ചു വീഴുമ്പോ, ഡൽഹി ഒരുപ്പാട്‌ മൈലുകൾ ദൂരെയായിരുന്നു.

delhi-4

ജീവിതം അങ്ങനെയാണ്. നമ്മൾ ഒന്ന് വിചാരിക്കും വേറൊന്നു സംഭവിക്കും. ഒറ്റക്കു വിജനമായ ആ കോട്ടയിൽ ഞാൻ ചേച്ചിയെയും കാത്തിരുന്നു. ചൂട് അസഹനീയമായിരുന്നു. മെയ് സൂര്യൻ കത്തിജ്വലിച്ചപ്പോൾ, ഞാൻ കത്തി കരിഞ്ഞു. കാലത്തിൽ നശിച്ചു പോയ കോട്ടയുടെ അവശിഷ്ടങ്ങളെല്ലാം നോക്കി കണ്ട് പതുക്കെ നടന്നു. രാജാവും പ്രജകളും ആരവങ്ങളും ഉള്ള 14 ലാം നൂറ്റാണ്ടിന്റെയ് തുടക്കകാലഘട്ടത്തെ മനസ്സിൽ അയവിറക്കികൊണ്ട് ആരുടേയും ശല്യമില്ലാതെ അങ്ങനെ നടന്നപ്പോ കൊറേ കാലം പിന്നോട് പോയപോലെ.

അധികം ദൂരെയെല്ലാതെ തന്നെ മകൻ മുഹമ്മദ് ബിൻ തുഗ്ലക് (നമ്മളെ ബുദ്ധിമാനായ വിഡ്ഢി) പണികഴിപ്പിച്ച അദിലാബാദ്‌ കോട്ട എന്നെ മാടിവിളിക്കുന്നുണ്ടായിരുന്നു. കൊറച്ചപ്പുറത്തു ഖിയാസുദീൻ തുഗ്ലക്കിന്റെയ് മനോഹരമായ കബറിടവും തലയുയർത്തി കോട്ടക്ക് എതിരായി നിൽക്കുന്നു. ചേ യുടെ വരവും കാത്തു, ഞാൻ ബെഞ്ചിൽ കെടന്നു. നട്ടുച്ചക്ക് ഒന്നും തിന്നാതെ ചേ യും എത്തി. പടിക്കെട്ടുകൾ ഓടിക്കേറി എല്ലാം ഞാൻ വിശദീകരിച്ചു പറഞ്ഞു കൊടുത്തു. തുരങ്കത്തിലെ പഴമയുടെ മണം ശെരിക്കും മൂക്കിലേക്ക് വലിച്ചുകേറ്റി. അവിടുത്തെ തണുപ്പ് ഒരത്ഭുതമായിരുന്നു. പൊറത്തെ ചൂടൊരൽപ്പം പോലും കടക്കാത്ത രീതിയിലുള്ള ആ കാലത്തെ നിർമാണരീതിക്ക് പത്തിൽ പത്തു കൊടുക്കാം! കോട്ടയുടെ ഉച്ചിക്കു കേറി നാലപ്പത്തു ഇഞ്ചു ടിവിയിലെ കാഴ്ച എന്നപോലെ ഡൽഹി പരന്നുകെടക്കുന്ന കെടപ്പ് കണ്ട് ഞങ്ങൾ ബഡായി പറഞ്ഞു.

റോഡ് മുറിച്ചു കടന്ന് ഗിയാസുദീനെ ഒന്ന് പോയി കണ്ടു. ചോന്ന സാൻഡ്സ്റ്റോണും വെളുത്ത മാർബിൾ വെച്ച് പെന്റഗൺ ആകൃതിയിൽ ചെറുതായി ചെരിഞ്ഞ മതിലുകൾക്കു മുകളിൽ വെള്ളാരം മാർബിൾ കൊണ്ടുള്ള മിനാരം, അതാണ് മൂപ്പരെ ടോംബ്. ചുറ്റുമതിന്റെയ് ഓരോ കോണിലും മൂപ്പരുമായി ബന്ധമുള്ള പലരുടെയും ഖബറുകൾ. അതിൽ മുൻവശത്തോടു ചേർന്നുനിക്കുന്ന മന്ത്രിയുടെ ഖബറാണ് ഖബർ. അത്യാവശ്യം ഇരുട്ടു, ചുമരുകളിൽ സവിശേഷ രീതിയിൽ ഇട്ടിട്ടുള്ള ചെറിയ പഴുതിലൂടെ ചിതറുന്ന വെളിച്ചം. തണുപ്പ്. ആശ്വാസം. വെറുതെ ആ ഖബറിന്റെയ് മുകളിലേക്ക് നോക്കിയപ്പോ കണ്ട കാക്കത്തൊള്ളായിരം വവ്വാലുകൾ. ഞാൻ ഒച്ചയിട്ടപ്പോ പേടിപ്പിക്കുന്ന രീതിയിൽ എന്നെ മുട്ടിമുട്ടിയില്ല എന്നും പറഞ്ഞുകൊണ്ട് പറക്കാൻ ഒരു ശ്രമം നടത്തി. തരിച്ചു പോയ സമയം. കൊറച്ചു കഴിഞ്ഞപ്പോ എല്ലാം പഴയെപോലെ. നിശ്ചലം. ശാന്തം..! ഒറങ്ങാണെല്ലു അയാളെ കൂട്ട് ഉറങ്ങണം. അതാണ് ഒറക്കം.. അയാളോട് കട്ട അസൂയയോടെ അദിലാബാദ്‌ കോട്ടയും ലക്ഷ്യമാക്കി നടന്നു.

പാടത്തുകൂടേയൊരു കിലോമീറ്ററോളം നടന്നുകാണും. വിളിപ്പാടകലെ ആരുമില്ലാത്ത ആ സ്ഥലത്തു കാറിലും മറ്റുമായി ആണുങ്ങൾ മാത്രം. ഉള്ളിലൂടെ എന്തൊക്കെയോ പേടിയുടെ രൂപത്തിൽ കടന്നുപോയി. ചെയുടെ മുഖത്തും ഭീതി. തമ്മമ്മിൽ ഒന്നും മിണ്ടാതെ നടത്തത്തിനു വേഗതയും കൂട്ടി ഞങ്ങൾ ഓടി. ഒരു കൂറ്റൻ കേറ്റമാണ് ആദ്യം, അതവസാനിക്കുന്നതു ഗ്രീക്കിലെ പടുകൂറ്റൻ കവാടങ്ങളെ അനുസ്മരിപ്പിക്കുംവിധമുള്ളയൊരു കവാടത്തിലാണ്. ഉള്ളിൽ ഒരീച്ചപോലുമില്ല.അതുണ്ടാക്കുന്ന ഭീകരമായ അന്തരീക്ഷം. ചുറ്റുമതിലെന്റെയ് മുകളിൽ കൊത്തിമിനുക്കി വെച്ച കല്ലുകൾളെനിക്ക്, ഞങ്ങളെ തുറിച്ചു നോക്കുന്ന ഭൂതത്താൻമാരെ പോലെ തോന്നി.
ഉപ്പ തുഗ്ലക്കിനെ കവച്ചു വെക്കാൻ അതിലും വെല്യകോട്ട പണിയാൻ മകൻ തുഗ്ലക് ശ്രമിച്ചെങ്കിലും അതും എട്ടുനിലപൊട്ടി. കുത്തബ്മിനാറിനെ സാക്ഷിയാക്കി അതിലും വെല്യ അലായി മിനാർ ഉണ്ടാകാൻ ശ്രമിച്ച അലാവുദീൻ കിൽജിയുടെപോലെ. ആ അതിമോഹവും അകാലത്തിൽ പൊലിഞ്ഞുപോയി.

നഷ്ടങ്ങളുടെ, വർഷങ്ങളായുള്ള അവഗണയുടെ, ശാപത്തിന്റെയ്, വിജനതയുടെ, ഏകാന്തതയുടെ ഈ നഗരവുമായി ഞാൻ പ്രണയത്തിലായി. ആരുമറിയാതെ. ആരോടും പറയാതെ. ഒന്നാമത്തെ കണ്ടുമുട്ടൽ അവിടെ കഴിഞ്ഞു. പിന്നെ അസുഖത്തിന്റെ കാലമായിരുന്നു. നാട്ടിലെ മാസങ്ങൾ നീണ്ട ചികിത്സാ കാലം കഴിഞ്ഞ് വീണ്ടും ഡൽഹിക്കു വണ്ടി കേറി. പേന പിടിക്കാൻപോലും ശേഷിയില്ലാതെ വണ്ടി കേറുമ്പോ തുഗ്ലക്കാബാദിൽ ഒന്നൂടെ പോണം എന്ന് മാത്രമേ ഉണ്ടായിരുന്നുള്ളു. വെറുതെ, മനസിന്റെ തോന്നൽ മാറ്റാൻ. അസുഖത്തിന്റെ കാരണം വവ്വാലല്ല, തുഗ്ലക്കാബാദല്ല, ഔലിയന്റെ ശാപമല്ല എന്നൊക്കെ തെളിക്കണം. അത്ര മാത്രം.

പക്ഷെ, എന്തുകൊണ്ടാന്നൊന്നും അറിയൂല. മൂന്നുകൊല്ലത്തിനു അങ്ങോട്ടു പോവാൻ പറ്റിയില്ല. മനസ്സിൽ ഇടക്ക് തേട്ടിവരുന്ന ഓർമമാത്രമായി തുഗ്ലക്കാബാദ്. അടുത്തായിട്ടും ഒന്നു ചെന്നുകാണാത്ത ചതിയൻ കാമുകനായി ഞാൻ. അതായിരുന്നില്ല. മനസിനെ പാകപ്പെടുത്തുകയായിരുന്നു. ആ കാലയളവിൽ ഞാൻ ചെയ്തുകൊണ്ടിരുന്നത്. വിശാലമായി പ്രണയിക്കാൻ ഉഴുതുമറിച്ചു ഞാൻ എന്റെ മനസ്സിനെ.

ഒടുവിൽ ഈയടുത്തു വീണ്ടും പോയിക്കണ്ടു. ദൂരെയുള്ള സ്റ്റോപ്പിൽ ബസ്സിറങ്ങി പതുക്കെ നടന്നു. സമ്മതം ചോദിക്കാതെ അകത്തുകേറി. തുരങ്കത്തിലിറങ്ങി അവളുടെ മണം സംഭരിച്ചു. അടുത്തവട്ടം വരുന്നത് വരേക്കും തങ്കേരിച്ചു വെക്കാൻ. മണ്ടക്ക് കേറി ടിവിയിൽ ഡൽഹി ചാനൽ വെച്ചുകണ്ടു. നീ സുന്ദരിയായിരിക്കുന്നു. പഴമ നിന്നെ സുന്ദരിയാകുന്നു. നിന്നോടുള്ള പ്രണയത്തിൽ ഞാൻ വയസ്സനും.

പണ്ട് ഭീതിപെടുത്തിയതൊക്കെ ഇന്ന് എന്നെ നോക്കി ചിരിച്ചു. വവ്വാലുകൾ വീണ്ടും പറന്നു. എന്നേ സ്നേഹത്തോടെ തലോടി അവർ തിരിച്ചുപോയി ഉറങ്ങി. അദിലാബാദിൽ പോയി ഭൂതത്താന്മാര്ക് കൈകൊടുത്തു. ചേർത്ത് പിടിച്ചു ഉമ്മവെച്ചു. ഇവിടെ വന്നപ്പോ വീട്ടിലെത്തിയപ്പോലെ. എല്ലാവരാലും ഉപേക്ഷിക്കപെട്ടവളേ, ശാപം ഏറ്റുവാങ്ങിയവളേ, നിനക്കു നൽകാൻ എന്റെയ പക്കൽ ഒരുപിടി സ്നേഹം മാത്രം. നിന്റെയ് ഒന്നുമില്ലായ്മയെ ഞാൻ സ്നേഹിക്കുന്നു. ഏകാന്തതയുടെ രണ്ടറ്റം ചേർത്തുപിടിച്ചുകൊണ്ട് നമ്മൾ പ്രണയത്തിലാവുന്നു... തുഗ്ലക്കാബാദ്.. ശൂന്യമായ സ്നേഹത്തിന്റെയ് നഗരം..!

കെ പി പുറ്റെക്കാട്
18/8/2017