Thursday 08 February 2018 12:23 PM IST : By ശ്രുതി ശ്രീകുമാർ

ഉണ്ണിയുടെ സിക്സ് പായ്‌ക്ക് സൗന്ദര്യ രഹസ്യം പുറത്ത്!

unnimukundan-fitness.jpg.image.784.410.jpg.image.784.410

ഗുജറാത്തിൽ വളർന്ന, ഹാങ്ങർ എന്നു കൂട്ടുകാർ വട്ടപ്പേരു വിളിച്ചിരുന്ന തൃശൂർ സ്വദേശിയായ ഉണ്ണികൃഷ്ണൻ മലയാളസിനിമയിലെ 'മാച്ചോ മാനായ' ഉണ്ണി മുകുന്ദനായി മാറിയത് കഠിനപ്രയത്നം ഒന്നുകൊണ്ടു മാത്രമാണ്. ഫിറ്റ്നസും വർക്കൗട്ടും ജീവിതവ്രതമാക്കിയ ഉണ്ണിക്ക് ലഭിച്ച ഭൂരിഭാഗം കഥാപാത്രങ്ങളാകട്ടെ ഫിറ്റ്നസ് പ്രാധാന്യമുള്ളവയും. വിക്രമാദിത്യനിലെ പൊലീസ്, മല്ലുസിങ്ങിലെ ഉരുക്കിന്റെ കരുത്തുമായി പഞ്ചാബിയായി മാറുന്ന യുവാവ്, സാമ്രാജ്യം 2 – സൺ ഓഫ് അലക്സാണ്ടറിലെ അധോലോക നായകൻ ഇവയെല്ലാം ചില ഉദാഹരണങ്ങൾ. വിക്രമാദിത്യനിലെയും ദി ലാസ്റ്റ് സപ്പറിലെയും കഥാപാത്രങ്ങൾക്കു വേണ്ടി ശരീരം സിക്സ്പായ്ക്കാക്കിയ ഉണ്ണി കെ.എൽ 10 എന്ന സിനിമയ്ക്കു വേണ്ടി ശരീരഭാരം കുറേയേറെ കുറയ്ക്കുകയും ചെയ്തു. സിനിമയോടൊപ്പം ഫിറ്റ്നസും പാഷനാക്കിയ ഉണ്ണി തന്റെ ആരോഗ്യവഴികൾ പങ്കുവയ്ക്കുന്നു.

മെലിഞ്ഞ ചെറുപ്പകാലം

വല്ലാണ്ട് മെലിഞ്ഞ കുട്ടിയായിരുന്നു ഞാൻ. കാറ്റടിച്ചാൽ പറന്നു പോകുന്ന അവസ്ഥ. ഇതിൽനിന്നു രക്ഷപ്പെടാൻ സ്കൂളിൽ പഠിക്കുമ്പോൾതന്നെ ജിമ്മിൽ പോകാനും തുടങ്ങി. സ്കൂൾ കാലഘട്ടത്തിൽ സ്പോർട്സിലും പങ്കെടുക്കുമായിരുന്നു. പ്ലസ്ടു കഴിഞ്ഞപ്പോൾ ബിരുദത്തിനൊപ്പം ജോലിക്കു പോയി. വ്യായാമം അപ്പോഴേക്കും ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞിരുന്നു.

സിനിമയിൽ ആദ്യകാലങ്ങളിൽ എനിക്ക് അത്യാവശ്യം വണ്ണമൊക്കെയുണ്ടായിരുന്നു. വിക്രമാദിത്യനിലെയും ലാസ്റ്റ് സപ്പറിലെയും കഥാപാത്രങ്ങൾക്കു വേണ്ടിയാണ് സിക്സ് പായ്ക്ക് ശരീരം സ്വന്തമാക്കിയത്. അഞ്ച് മാസത്തോളമുള്ള കഠിനാധ്വാനത്തിന്റെ ഫലമാണ് സിക്സ് പായ്ക്ക്. 20 കിലോ ഭാരമാണ് കുറഞ്ഞത്. നാലഞ്ച് മാസത്തോളം അത് നിലനിർത്തിയിരുന്നു.

unni2.jpg.image.784.410



വ്യായാമം ദിനചര്യയുടെ ഭാഗം

ഷൂട്ടിങ് കഴിഞ്ഞ് എത്ര വൈകി കിടന്നാലും ആറു മണിക്ക് എഴുന്നേൽക്കും. പണ്ടു മുതലേ ഉള്ള ശീലമാണത്. എണീറ്റു കഴിഞ്ഞാൽ വീടിനടുത്തുള്ള ജിമ്മില്‍ രണ്ടു മണിക്കൂറോളം വർക്കൗട്ട്. ഒരു മണിക്കൂർ കാർഡിയോ വ്യായാമങ്ങളും അടുത്ത ഒരു മണിക്കൂർ വെയ്റ്റ് ട്രെയിനിങ്ങുമാണ് ചെയ്യാറ്. വെയ്റ്റ് ട്രെയിനിങ് ചെയ്താൽ സ്റ്റാമിന വർധിക്കുന്നതു കൂടാതെ ശരീരത്തിലെ കൊഴുപ്പ് നന്നായി എരിഞ്ഞു പോകുകയും ചെയ്യുമെന്നാണ് എന്റെ അനുഭവം. നാലഞ്ച് മാസം കൂടുമ്പോൾ വ്യായമത്തിന്റെ രീതികൾക്ക് വ്യത്യാസം വരുത്തും. മൂന്നു വർഷമായി എനിക്ക് പേഴ്സണൽ ട്രെയിനറുണ്ട്. ഷൈജൻ. മലയാളിയാണ്.

എന്റെ പൊക്കം 5 അടി 11 ഇഞ്ചാണ്. ഇതനുസരിച്ച് വേണ്ട ശരീരഭാരം 78–79 കിലോയാണ്. കഥാപാത്രങ്ങൾക്കുവേണ്ടി ഭാരം കൂട്ടുന്നതൊഴിച്ചാൽ നീളത്തിനൊത്ത ശരീരഭാരം നിലനിർത്താറുണ്ട്. ഒരിടയ്ക്ക് 72 കിലോ വരെ എത്തിയിട്ടുണ്ട്.

ഗുജറാത്തി ഫുഡ്: വെരി ഹെൽതി,ടേസ്റ്റി

വളർന്നതു ഗുജറാത്തിലെ അഹമ്മദാബാദിലാണ്. അവിടുത്തെ ഭക്ഷണവും പ്രിയപ്പെട്ടതാണ്. ആരോഗ്യകരമായ രീതിയിൽ പാകം ചെയ്യുന്ന വിഭവങ്ങൾ ഒരുപാട് അവിടെയുണ്ട്. കൂടുതലും ആവിയിൽ വേവിച്ചത്. വീട്ടിൽ കൂടുതലും ചപ്പാത്തിയാണ് കഴിക്കാറ്. ഗുജറാത്തി വിഭവങ്ങളിൽ ഏറ്റവും ഇഷ്ടമുള്ള ചിലതുണ്ട്. അതിലൊന്നാണ് ബാഖ്രി(Bhakri). നമ്മുടെ ചപ്പാത്തി പോലൊരു വിഭവം. അത് ബിസ്കറ്റ് പോലെ ക്രിസ്പിയായിട്ടും ചപ്പാത്തി പോലെ മൃദുവായുമുണ്ടാക്കാം. ഉപ്പ്, പഞ്ചസാര, വെണ്ണ എന്നിവയിലേതെങ്കിലുമൊപ്പം കഴിക്കാം. അതുപോലെ ആവിയിൽ വേവിക്കുന്ന ഘമാണ(Khaman) എന്ന വിഭവം. ഗുജറാത്തിലെ ഭക്ഷണത്തെ അപേക്ഷിച്ച് കേരളത്തിലെ വിഭവങ്ങൾ അൽപം സ്പൈസിയാണ്.

unni1.jpg.image.784.410



കഥാപാത്രങ്ങൾക്കനുസരിച്ച് എന്റെ ഡയറ്റിങ് രീതി മാറും. സ്ട്രിക്റ്റ് ഡയറ്റിൽ അരിഭക്ഷണം ഒഴിവാക്കും. ഗോതമ്പു കൊണ്ടുള്ള പുട്ട്, ചപ്പാത്തി, റൊട്ടി ഇവയൊക്കെയാണ് പ്രഭാതഭക്ഷണം. ഉച്ചയ്ക്ക് ആഴ്ചയിൽ മൂന്നോ നാലോ ദിവസം ചെറിയ അളവിൽ ചോറു കഴിക്കും. അല്ലാത്തപ്പോൾ ചപ്പാത്തി. കൂടെ പരിപ്പുകറിയോ ചിക്കൻ കറിയോ. പച്ചക്കറികൾ ഇഷ്ടമായതിനാൽ അവിയൽ, സാമ്പാർ എല്ലാം നന്നായി കഴിക്കും. നോൺവെജിൽ ചിക്കനാണ് കൂടുതൽ കഴിക്കാറ്. മീനും ഇഷ്ടമാണ്. പക്ഷേ കറിരൂപത്തിൽ മാത്രം. എണ്ണയിൽ വറുത്തവ ഒന്നും കഴിക്കാറില്ല. രാത്രി ഏഴരയോടെ അത്താഴം. മിക്കവാറും ഗോതമ്പ് റൊട്ടിയോ ചപ്പാത്തിയോ ആവും. കറിയായി ചിക്കനോ മീനോ. എണ്ണ ഒട്ടും ഉപയോഗിക്കാതെ ചിക്കനും മീനും ആവിയിൽ വേവിച്ചെടുക്കുന്ന വിഭവങ്ങളും പരീക്ഷിക്കാറുണ്ട്. വിദേശത്തു പോയാൽ അവിടുത്തെ വിഭവങ്ങൾ കഴിക്കും.

നമ്മുടെ ശരീരം ആരോഗ്യത്തോടെ ഇരുന്നാൽ ആ കരുത്തും തിളക്കവും നമ്മുടെ മുഖത്ത് പ്രതിഫലിക്കും. ടെൻഷൻ ഉള്ള സാഹചര്യങ്ങളെ കൈകാര്യം ചെയ്യാൻ എനിക്ക് എന്റേതു മാത്രമായ ഒരു മരുന്നുണ്ട് – വർക്കൗട്ട്. എനിക്ക് ഇതൊരു റിലാക്സേഷൻ ടെക്നിക് കൂടിയാണ്. അതാണ് വിജയരഹസ്യവും.