Thursday 08 February 2018 12:24 PM IST : By സ്വന്തം ലേഖകൻ

കൗമാര പ്രണയം, അച്ഛനും അമ്മയ്ക്കും ഒരു മുന്നറിയിപ്പ്!

valentine1

ടീനേജ് പ്രായമുള്ള മകനോ മകളോ പ്രണയത്തിലാണെന്നറിഞ്ഞാൽ പൊട്ടിത്തെറിക്കാതെ സംയമനത്തോടെ എങ്ങനെ കൈകാര്യം ചെയ്യാം?

സൈക്കോളജിസ്റ്റിന്റെ മുന്നിലിരുന്ന് അവൾ വാശി പിടിച്ചു. ‘‘അച്ഛനും അമ്മയുമെന്തിനാ എന്റെ പ്രണയത്തെ എതിർക്കുന്നത്. ഇനിയും എതിർത്താൽ ഞാൻ വീടു വിട്ടുപോകും. ഞാൻ കണ്ടുപിടിച്ച ആളുടെ കൂടെ. ഞങ്ങൾക്ക് പിരിയാൻ വയ്യ.’’ നിസ്സഹായതയോടെ അടുത്തിരുന്ന് അമ്മ അവളെ നോക്കി. പക്ഷേ, അവൾ അമ്മയെ നോക്കിയത് ഒരു ശത്രുവിനെയെന്ന പോലെയാണ്. പതിനാറു വയസ്സേയുള്ളൂ അവൾക്ക്. നഗരത്തിലെ സ്കൂളിൽ പ്ലസ് വണ്ണിന് പഠിക്കുന്നു. നന്നായി പഠിക്കുന്ന കുട്ടിയായിരുന്നു. ക്ലാസിൽ ഒന്നാമതായപ്പോൾ പപ്പ സമ്മാനിച്ചത് ഒരു സ്മാർട്ട് ഫോൺ. അധികം വൈകാതെ അവൾ ഫോണിന്റെ അഡിക്ടായി. പരിചയത്തിലുള്ള ഒരു ചേട്ടൻ ചോദിച്ചപ്പോൾ നമ്പർ കൊടുത്തു. വെറുതെ ഒരു രസത്തിനു തുടങ്ങിയ ഫോൺ വിളികൾ രാത്രി മുഴുവനും നീണ്ടുനിൽക്കുന്ന ചാറ്റിങ്ങായി മാറാൻ അധികം നാൾ വേണ്ടി വന്നില്ല. 

ഹോം വർക്ക് ചെയ്യാതെ വരികയും ക്ലാസിലിരുന്ന് ഉറക്കം തൂങ്ങുകയും ചെയ്യുന്ന കുട്ടിയെ ടീച്ചർമാർ ശകാരിച്ചു. പഠിത്തത്തിൽ അവൾ പിന്നോട്ടായി. സ്കൂളിൽ പോകാൻ മടി. ഒടുവിൽ അവളുടെ ഫോൺ പരിശോധിച്ചപ്പോഴാണ് ആ പ്രണയത്തെക്കുറിച്ച് വീട്ടുകാരറിഞ്ഞത്. അത് അത്ര നല്ല ബന്ധമല്ലെന്ന് അവർ മനസ്സിലാക്കിയപ്പോൾ വീട്ടിൽ പൊട്ടിത്തെറിയുണ്ടായി. പയ്യനെക്കുറിച്ച് അന്വേഷിച്ചപ്പോൾ നല്ലതൊന്നുമല്ല കേട്ടത്. പക്ഷേ, അവളെ പറഞ്ഞു മനസ്സിലാക്കാനേ സാധിക്കുന്നില്ല. അങ്ങനെയാണൊടുവിൽ സൈക്കോളജിസ്റ്റിനെ സമീപിച്ചത്.

ഇനി തലസ്ഥാന നഗരിയിലെ ഒരു ഹയർസെക്കന്ററി സ്കൂളിലെ സംഭവം കേൾക്കൂ. ക്ലാസ്സിലെ മിടുക്കിയായ പെൺകുട്ടി പെട്ടെന്ന് വല്ലാതെ വിഷാദത്തിലേക്കു വഴുതി പോയ പോലെ. ഒടുവിൽ സ്കൂളിലെ കൗൺസിലറുടെ മുന്നിൽ എത്തുമ്പോൾ ആത്മഹത്യയുടെ വക്കിലായിരുന്നു അവൾ. സ്കൂളിലെ ഒരു പയ്യനുമായുള്ള ബന്ധം തുടങ്ങിയ കഥ പറഞ്ഞപ്പോൾ വീട്ടുകാർ ഞെട്ടി. വാട്ട്സാപ്പിലവൻ ഫോട്ടോ അയച്ചതായിരുന്നു തുടക്കം. അവന്റെ വായിൽ നിന്നു രക്തം വരുന്നതായുള്ള ഫോട്ടോ.  ‘എനിക്ക് ബ്ലഡ് കാൻസറാണ്. രക്ഷപ്പെടുമോ എന്നറിയില്ല. കുട്ടിയോടു കടുത്ത പ്രണയമാണ്.’ എന്ന മെസേജും. അതോടെ അവൾക്കവനോടു വല്ലാത്ത സിംപതിയായി. അതു പ്രണയമായി വേഗം വളർന്നു. അവൻ വിളിച്ച സ്ഥലത്തൊക്കെ അവൾ ആരുമറിയാതെ കറങ്ങാൻ പോയി. ചികിൽസയ്ക്കു പണമില്ലെന്നു പറഞ്ഞപ്പോഴൊക്കെ വീട്ടിൽ നിന്ന് കൊച്ചു കൊച്ചു മോഷണങ്ങൾ നടത്തി, ചോദിച്ച പണം ഒപ്പിച്ചു കൊടുത്തു. അവൻ പറയുന്ന ആഗ്രഹങ്ങളോട് ‘നോ’ പറയാൻ ഭയമായതിനാൽ ഇഷ്ടങ്ങൾക്കെല്ലാം വഴങ്ങി.

പിന്നീടാണ് അവൻ തന്നെ ചതിക്കുകയായിരുന്നുവെന്ന് പെൺകുട്ടി മനസ്സിലാക്കിയത്. മറ്റു ചില പെൺകുട്ടികളുമായും അവന് വഴി വിട്ട ബന്ധമുണ്ടായിരുവെന്നും. അസുഖത്തിന്റെ കഥ വെറുെത മെനഞ്ഞെടുത്ത കള്ളക്കഥയായിരുന്നു. ശാരീരികമായും അവനുമായി ഇതിനകം അടുത്തിരുന്നു അവൾ. അതിന്റെ കുറ്റബോധമാണ് വിഷാദത്തിലേക്കു നയിച്ചത്. മാസങ്ങൾ നീണ്ട കൗൺസലിങ്ങിലൂടെയാണ് ആ പതിനഞ്ചുകാരിയെ സാധാരണ നിലയിലാക്കിയെടുത്തത്.

ഇതു മറ്റൊരു കുട്ടിയുെട കഥ. നഗരത്തിലെ പ്രശസ്തമായ സ്കൂളിൽ പഠിക്കുന്ന അവൾ സൈക്കോളജിസ്റ്റിനെ കാണാനെത്തിയതായിരുന്നു. അവൾക്കു മൂന്ന് പ്രണയബന്ധങ്ങളുണ്ട്. ഒന്ന് തന്റെ സ്കൂൾ മേറ്റ്. മറ്റൊരാൾ വീടിനടുത്തുള്ള ഒരു പയ്യൻ. ഇനി, ഫാമിലി ഫ്രണ്ടായ പ്രഫഷനൽ കോളജിൽ പഠിക്കുന്ന ഒരു ചേട്ടൻ. മൂന്ന് പ്രണയങ്ങളും മറ്റുള്ളവരറിയാതെ കൊണ്ടു പോകുന്നതിന്റെ ടെൻഷൻ. ഇതിൽ ആരെ കല്യാണം കഴിക്കുമെന്ന് ഡോക്ടർ ചോദിച്ചപ്പോൾ അവളുടെ മറുപടി കൺഫ്യൂഷൻ നിറഞ്ഞതായിരുന്നു. ‘‘പലരുടെയും പല ക്വാളിറ്റീസും ഇഷ്ടമാണ്. പക്ഷേ, ആരെ തിരഞ്ഞെടുക്കണമെന്നറിയില്ല. ഇതിലൊരാളെ വേണ്ടെന്ന് വയ്ക്കാനും പറ്റുന്നില്ല. ഈയിടെയായി അവർക്ക് എന്തോ സംശയമുള്ളതു പോലെ.  വല്ലാത്ത ടെൻഷനാണ്.’’ 

ഇന്നത്തെ കൗമാരപ്രണയങ്ങളുടെ പ്രശ്നങ്ങളിലേക്കാണീ സംഭവങ്ങൾ വിരൽ ചൂണ്ടുന്നത്. ടീനേജിലെ പ്രണയം പുതിയ കാര്യമല്ല. പക്ഷേ, ഇന്ന് ആൺകുട്ടികളും പെൺകുട്ടികളും  കൂടുതൽ സ്വതന്ത്രമായൊരു ലോകത്താണ് ഇടപഴകുന്നത്. പരസ്പരം ആശയവിനിമയം നടത്താനും വിലക്കുകളില്ലാതെ മനസ്സു കൈമാറാനും അവർക്കു മുന്നിൽ വഴികളേറെ. വാട്ട്സാപ്പും ഫേസ്ബുക്കും ഇന്റർനെറ്റും. അവർ തോളിൽ കൈയിട്ടു നടക്കുന്ന ഫ്രണ്ട്സാണ്. ക്ലാസിൽ മിക്സ്  ചെയ്തിരിക്കുന്നു. ഒന്നിച്ച് ടൂറും ഒൗട്ടിങ്ങും പോകുന്നു. അമ്മമാർക്കും അച്ഛൻമാർക്കും അത്ര മോ‍ഡേൺ മനസ്സല്ലല്ലോ. മകൾ വല്ല പ്രണയക്കുരുക്കിലും ചെന്ന് പെട്ടോ എന്നാവും അവൾ ഫോണെടുക്കുമ്പോഴേ ആധി. 

valentine3

അച്ഛനും അമ്മയും ജോലിത്തിരക്കിൽ പെടുമ്പോൾ ചിലപ്പോൾ കുട്ടികൾ ഏകാന്തത നേരിടുന്നു. വൈകാരികപിന്തുണയ്ക്കായി പുറത്തുള്ളവരെ ആശ്രയിക്കുന്നു. അത് അടുത്ത ബന്ധമായി വളരുന്ന സംഭവങ്ങളുമുണ്ട്. പക്ഷേ, എപ്പോഴും ടീനേജ് പ്രായത്തിലെ പ്രണയ ബന്ധം പുറത്തറിയുമ്പോൾ അച്ഛനമ്മമാർ സമനില കൈവിട്ട പോലെ പെരുമാറുന്നതാണ് പൊതുവെ കാണുന്നത്. അപ്പോൾ കുട്ടികളുടെ വാശിയേറുന്നു. എതിർപ്പുകൾക്കു മുന്നിൽ ചിലർ അവസാനത്തെ വഴിയും പരീക്ഷിച്ചു കളയും. മക്കളുടെ പ്രണയത്തെ അത്രയ്ക്കും എതിർക്കേണ്ടിയിരുന്നില്ലെന്ന് പിന്നീട് ഖേദിക്കുന്ന മാതാപിതാക്കളെയും കാണാം ഇന്ന്. പ്രണയത്തിന്റെ പേരിൽ വഴക്കു പറയുകയും സ്കൂൾ മാറ്റാൻ ശ്രമിക്കുകയും ചെയ്തതിന് പത്താം ക്ലാസുകാരി ആത്മഹത്യ ചെയ്ത സംഭവം മധ്യകേരളത്തിലെ സ്കൂളിലുണ്ടായത്  അടുത്ത കാലത്താണ്. കുട്ടികളുടെ പ്രണയം എങ്ങനെ കൈകാര്യം ചെയ്യണമെന്നതിനെക്കുറിച്ച് മാതാപിതാക്കൾക്ക് ശരിയായ ധാരണ വേണം.

എന്തിനാണ് അവൻ പ്രണയത്തിൽ ചെന്നു ചാടിയത്?

ഇന്നലെ വരെ കുട്ടിയായി നടന്ന മകന്റെയോ മകളുടെയോ മനസ്സിലേക്ക് ഈ ‘തലതിരിഞ്ഞ’ ചിന്ത  എപ്പോഴാ കടന്നുവന്നത്? അതോടെ അവന്റെ പഠിത്തം കുളമായി.’ അങ്ങനെ വിചാരിക്കുന്നവരാകും മാതാപിതാക്കൾ. പക്ഷേ, പ്രണയം എന്ന സ്നേഹം തേടലിന്റെ പിന്നിലെ മനഃശാസ്ത്രപരമായ കാര്യങ്ങൾ ആദ്യം മനസ്സിലാക്കുന്നത് നന്നായിരിക്കും. തലച്ചോറിലെ ചില രാസമാറ്റങ്ങളാണ് പ്രണയമെന്ന വികാരം ഉണ്ടാക്കുന്നത്. കൊച്ചുകുഞ്ഞിനെ സംബന്ധിച്ച് സ്നേഹം എന്നാലർഥം കംഫർട്ട് ആണ്. വളരുമ്പോഴത് ശ്രദ്ധയും കരുതലും സംരക്ഷണവും കിട്ടുന്നതുമായി ബന്ധപ്പെട്ടാവും. വൈകാരികമായ സുരക്ഷിത ബോധം കുട്ടിയുടെ ഉള്ളിലനുഭവപ്പെടും. പല മാതാപിതാക്കളും തിരക്കിട്ട ജീവിതത്തിനിടയിൽ കുട്ടികൾക്ക് ഭൗതികമായ സൗകര്യങ്ങളെല്ലാം കൊടുക്കുന്നു. പക്ഷേ, വൈകാരിക സുരക്ഷിതത്വത്തിന്റെ ഫീലിങ് കൊടുക്കാൻ മറന്നു പോകുന്നു. ഇതു കിട്ടാതെ വളരുന്ന കുട്ടിയുടെ ഉള്ളിൽ ഒരു തരം അരക്ഷിതാവസ്ഥ കാണും. കുഞ്ഞുന്നാളിലേ നല്ല ശ്രദ്ധയും സ്നേഹവും സംരക്ഷണവും കിട്ടി വളരുന്ന കുട്ടികൾ അത്ര  പെട്ടെന്ന് സ്നേഹം തേടിയുള്ള പ്രണയ കുരുക്കുകളിൽ ചെന്ന് ചാടാനുള്ള സാധ്യത കുറവാണെന്നാണ് സൈക്കോളജിസ്റ്റുകൾ സാക്ഷ്യപ്പെടുത്തുന്നത്. അതിനാൽ കുട്ടികൾക്ക് നല്ല കരുതലും സ്നേഹവും നൽകി വളർത്തണം.

13– 14 വയസ്സാകുമ്പോഴാണ് കുട്ടിയുടെ മനസ്സിൽ  സെൽഫ് ഇമേജ് രൂപപ്പെടുന്നത്. ഈ പ്രായത്തിൽ അവരെ കൂട്ടുകാരും സിനിമകളുമെല്ലാം ഏറെ സ്വാധീനിക്കുന്നു. എതിർലിംഗത്തി ൽ പെട്ടവരിൽ നിന്ന് അംഗീകാരത്തിനായി മനസ്സ് കൊതിക്കുന്നു. ശാരീരികമായ ഭംഗിയെ കുറിച്ച് ബോധവാന്മാരും ബോധ വതികളും ആകുന്നു. ഇന്നത്തെ കാലത്ത് കുട്ടികൾ നേരത്തെ തന്നെ കൗമാരത്തിന്റെ മാനസിക ഭാവത്തിലേക്ക് എത്തുന്നുണ്ട്. മുമ്പ് 13 വയസ്സിലുണ്ടായിരുന്ന മാനസിക മാറ്റം ഇന്ന് പലപ്പോഴും എട്ട് ഒമ്പതു വയസ്സിലെ വന്നു ചേരുന്നു.  എങ്കിലും ടീനേജ് എത്തുമ്പോഴാണ് അവർ യഥാർഥ മാറ്റത്തിലേക്കെത്തുന്നത്.

valentine4

വീട്ടിൽ ഭൂകമ്പമുണ്ടാക്കരുത്

ഇന്നത്തെ കുട്ടികളിൽ ഭൂരിഭാഗവും പ്രാക്ടിക്കലായി തന്നെയാണ് പ്രണയിക്കുന്നത്. കുട്ടികൾ ഭാവിയെ കുറിച്ചുള്ള പ്ലാനിങ്ങോടെ തന്നെയാണ് നീങ്ങുന്നതും. പക്ഷേ,  അതൊക്കെയാണെങ്കിലും മകന്റെയോ മകളുടെയോ പ്രണയം അറിയുന്നതോടെ വീട് മരണവീട് പോലെയാകും പലപ്പോഴും. വീട്ടിൽ കുട്ടിയെ ഒറ്റപ്പെടുത്തും. ചില രക്ഷിതാക്കൾ ഭൂകമ്പമുണ്ടാക്കും.  പ്രണയത്തിന്റെയോ അഫയറിന്റെയോ പേരിൽ കൈവിട്ടു പോകുന്ന ചില സംഭവങ്ങളെകുറിച്ച് നമ്മൾ കേൾക്കാറുണ്ട്. ആത്മഹത്യാ ശ്രമം, ഒളിച്ചോട്ടം, ജീവനൊടുക്കൽ... ഇത്തരം പല സംഭവങ്ങളിലും മാതാപിതാക്കളുടെ അതിരുവിട്ട പ്രതികരണം ഒരു ഘടകമാകുന്നു.

കുട്ടികൾക്ക് ഒരു റിലേഷൻഷിപ്പ് ഉണ്ടെന്നറിഞ്ഞാൽ പെട്ടെന്ന് പൊട്ടിത്തെറിക്കുകയും ‘നോ’ പറഞ്ഞ് ബഹളം വയ്ക്കുകയും ചെയ്യരുത്. അതുപോലെ തന്നെ, ‘കൊള്ളാം എന്റെ മോൾ പുളിങ്കൊമ്പ് തന്നെ പിടിച്ചു’ എന്ന മട്ടിൽ കൊച്ചു കുട്ടിയുടെ പ്രണയത്തെ പ്രോൽസാഹിപ്പിക്കാനും പാടില്ല. സാധാരണ മനോനിലയോടെ പെരുമാറുക. എതിർപ്പ് കുട്ടിയിൽ വാശിയുണർത്തും. ‘തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നിങ്ങൾക്കുണ്ട്, പിന്നീട് കാര്യങ്ങൾ അനുകൂലമാകാം. പക്ഷേ, ഭാവിയിൽ നിങ്ങൾക്ക് ജീവിക്കണമെങ്കിൽ പണം വേണം, അതിന് നല്ല ജോലി വേണം. അതു കിട്ടണമെങ്കിൽ പഠിത്തം നന്നായി പോകണം’ എന്ന മട്ടിൽ അവരെ പറഞ്ഞ് ബോധ്യപ്പെടുത്തുക. മറ്റേ ആളിന്റെ കരിയർ പ്ലാൻസ് എന്താണെന്ന് ചർച്ച  ചെയ്യാം. യഥാർഥ പ്രണയം മനസ്സിലുണ്ടോ അതോ വെറും ആകർഷണം മാത്രമാണോ എന്ന് കാലം  കൊണ്ടാണ് തീരുമാനിക്കുന്നതെന്ന് അവരോടു പറയാം. ചില അടുപ്പങ്ങൾ വെറും ഇൻഫാച്വേഷനാകും. അത് അധികം വൈകാതെ മാറിപ്പോകാറുണ്ട്. ഏതായാലും, കുട്ടികളെ ചീറ്റ് ചെയ്യുന്ന തരത്തിൽ മാതാപിതാക്കൾ പെരുമാറാനും പാടില്ല. കുട്ടികളെ അഫയറിന്റെ പേരിൽ വീട്ടിൽ പൂട്ടിയിടുക, പുറംലോകവുമായുള്ള എല്ലാ ബന്ധങ്ങളും വിഛേദിക്കുക, ദൂരെദിക്കിലേയ്ക്ക് സ്ഥലം മാറ്റുക ഇതാന്നും ചെയ്യരുത്. 

ഒരുതരത്തിലും ചേരാത്ത തരം ബന്ധങ്ങളിലാകും ചില കുട്ടികൾ ചെന്നു ചാടുന്നത്. പ്രായം, വിദ്യാഭ്യാസം ഇതിലൊന്നും ഒരു തരത്തിലും ചേരാത്തവർ, ക്രിമിനൽ പശ്ചാത്തലമുള്ളവർ... ഇതാന്നും പ്രശ്നമാക്കാതെ തീവ്രമായ പ്രണയത്തിലകപ്പെടുന്നത് കൗമാരപ്രണയത്തിന്റെ രീതിയാണ്. അവരെ പറഞ്ഞു മനസ്സിലാക്കാൻ സൈക്കോളജിസ്റ്റിന്റെ സഹായം തേടാം. വളരെ ക്ഷമയോടെ വേണം ഇത്തരം വാശികൾ കൈകാര്യം ചെയ്യാൻ. പ്രണയത്തിന്റെ തീവ്രത കൗമാരത്തിന്റെ സഹജമാ യ രീതിയാണെന്ന് രക്ഷിതാക്കൾ ഉൾക്കൊള്ളണം. പെട്ടെന്ന് മനസ്സു മാറ്റാൻ ശ്രമിക്കാതെ സാവകാശം നേരിടണം. പൊട്ടിത്തെറിച്ചും കുട്ടികളെ അടിച്ചുമൊന്നും പരിഹാരം കാണാൻ ശ്രമിക്കരുത്. കുട്ടികളെ മനസ്സിലാക്കാൻ ശ്രമിക്കുക. പ്രണയമോ ഇഷ്ടമോ തോന്നുന്നത് കൗമാരത്തിൽ സ്വാഭാവികമാണ്. പക്ഷേ, ജീവിതപങ്കാളിയെ തിരഞ്ഞെടുക്കാനുള്ള പ്രായമല്ല ഇതെന്ന് കുട്ടികളോട് സ്നേഹത്തോടെ തന്നെ പറയുക. 

പ്രണയമുറപ്പിക്കാൻ സെക്സ് എന്ന തെറ്റിദ്ധാരണ

വിരൽത്തുമ്പു വരെ പരിശുദ്ധമായ പ്രണയം എന്നൊക്കെ പറഞ്ഞിരുന്നതു പണ്ടാണ്. ഇന്നത്തെ കൗമാര പ്രണയത്തിൽ ‘ലസ്റ്റും’ കടന്നു വരുന്നു. കാരണം, കുട്ടികൾ കാണുന്ന ഭൗതികമായ ലോകവും സിനിമയിലൂടെയും ഇന്റർനെറ്റിലൂടെയുമൊക്കെ അവർ നേടുന്ന അറിവുകളുമെല്ലാം അത്തരം ധാരണ വളർത്തുന്നതാണ്. ആൺകുട്ടികൾ മാത്രമല്ല, പെൺകുട്ടികളും ഇക്കാര്യത്തിൽ ബോൾഡ് സമീപനമാണിന്ന് സ്വീകരിക്കുന്നത്. ‘ഞാൻ നിന്റെ ഭാവി ഭർത്താവല്ലേ’ എന്ന മട്ടിൽ ഡിമാൻഡിങ് ആകുന്നു ചിലപ്പോൾ ആൺകുട്ടികൾ. സിനിമയിലെ പോലെ, കിസ്സിങ്ങും ഹഗിങും എല്ലാം പ്രണയത്തിന്റെ ഭാഗമാണെന്ന് അവർ വിചാരിക്കുന്നു. ചിലർ ചതിക്കുഴികളിൽ പെടുന്നതും പ്രണയമുറപ്പിക്കാൻ സെക്സ് വേണമെന്ന തെറ്റായ ധാരണയിലൂടെയാണ്.

കൗമാരമെത്തുമ്പോഴേ മാതാപിതാക്കൾ കുട്ടികളോട് ശാരീരിക വളർച്ചയെക്കുറിച്ച് തുറന്ന് സംസാരിക്കുന്നതാണ് പോംവഴി. ശാരീരികമായ അടുപ്പത്തിലേക്ക് പ്രണയത്തെയോ ഇഷ്ടത്തെയോ കൊണ്ടുപോകുന്നതിന്റെ അപകടങ്ങൾ അവർക്കു പറഞ്ഞു െകാടുക്കാം. ചുറ്റും കേൾക്കുന്ന വാർത്തകളും സംഭവങ്ങളും ഉദാഹരണമായി ചൂണ്ടിക്കാട്ടി പറയാം. ആൺകുട്ടികൾക്ക് അച്ഛനും പെൺകുട്ടികൾക്ക് അമ്മയും ഈ കാര്യങ്ങൾ പറഞ്ഞുകൊടുക്കണം. നിങ്ങളുടെ ശരീരം വളരെ പവിത്രമാണ്. അതു മറ്റൊരാളിന്റെ ഇംഗിതങ്ങൾക്കും താൽക്കാലിക സുഖത്തിനും വഴങ്ങിക്കൊടുക്കാനുള്ളതല്ല, എന്ന് തുറന്ന് പറയുക. ചിലപ്പോൾ പ്രണയം നഷ്ടപ്പെടുമെന്ന് പറഞ്ഞ് പേടിപ്പിച്ച് ആൺകുട്ടികൾ പെൺകുട്ടികളെ ശാരീരികമായി ദുരുപയോഗം ചെയ്യും.  യഥാർത്ഥ പങ്കാളിയെ കണ്ടെത്തി വിവാഹത്തിലെത്തും വരെ ശാരീരികമായ പവിത്രത കാത്തു സൂക്ഷിക്കുകയാണു വേണ്ടതെന്ന് പറയുക. നമ്മളെ ഉപയോഗിക്കുന്ന തരത്തിലുള്ള ഒരു അടുപ്പവും യഥാർത്ഥ സ്നേഹബന്ധമല്ലെന്ന് കുട്ടികളെ കൗമാരത്തിലേ പറഞ്ഞു മനസ്സിലാക്കണം.

valentine2

സ്മാർട്ട് ഫോൺ ഉപയോഗം നിയന്ത്രണത്തോടെ

കുട്ടികളുടെ ഫോൺ ഉപയോഗത്തെക്കുറിച്ച് മാതാപിതാക്കൾക്ക് ധാരണ വേണം. സ്മാർട്ട് ഫോണും നെറ്റ് കണക്‌ഷനും കുട്ടികൾക്ക് എടുത്ത് കൊടുക്കാതിരിക്കുന്നതാണ് സുരക്ഷിതം. കുട്ടികൾ മൊബൈൽ ഫോൺ എങ്ങനെ ഉപയോഗിക്കുന്നുവെന്നതിൽ ജാഗ്രത വേണം. രാത്രി മുഴുവനും മുറിയടച്ചിരുന്ന് ചാറ്റിങ്ങിലേർപ്പെടുന്ന പെൺകുട്ടികൾ വലിയ ചതിക്കുഴികളിൽ ചെന്നു ചാടുന്ന സംഭവങ്ങൾ ധാരാളമുണ്ട്. 

കൊച്ചിയിലാണ് ഈ സംഭവം. വീടിന്റെ രണ്ടാം നിലയിലാണ് പ്ലസ്ടുവിന് പഠിക്കുന്ന പെൺകുട്ടിയുടെ മുറി. അവിടം അവളുടെ സ്വകാര്യലോകമാണ്. രാത്രിയിൽ പഠിക്കുന്നുവെന്ന് പറഞ്ഞ് പെൺകുട്ടി  മുറിയടച്ചിരിക്കും. പലപ്പോഴും അവളുടെ കാമുകനായ ആൺകുട്ടി വീടിന്റെ മതിലു ചാടി ആ മുറിയിൽ വരാറുണ്ടായിരുന്നു. ഒരു ദിവസം ആളനക്കം കേട്ട് വീട്ടിൽ കള്ളൻ കയറിയെന്നു പേടിച്ച് ആളുകളെ വിളിച്ച് കൂട്ടിയപ്പോഴാണ് ആ പയ്യനെ പിടിച്ചത്. കൗമാര പ്രായത്തിലേ, എല്ലാ അതിരുകളും വിട്ടുള്ള ബന്ധത്തിലേക്കുള്ള പോക്ക് എത്ര അപകടം പിടിച്ചതാണെന്ന് ആ പെൺകുട്ടിയെ മനസ്സിലാക്കാൻ അച്ഛനുമമ്മയും പാടുപെട്ടു. കുട്ടികളുടെ മുറിക്കോ അവരുടെ പ്രവൃത്തികൾക്കോ വലിയ രഹസ്യ സ്വഭാവം വേണ്ട. അച്ഛനുമമ്മയും ഡിറ്റക്ടീവിനെ പോലെ പെരുമാറണമെന്നല്ല. കുട്ടികൾ എന്താണു ചെയ്യുന്നതെന്നും ആരോടാണ് ഇടപഴകുന്നതെന്നും അച്ഛനമ്മമാർ അറിഞ്ഞിരിക്കണം. കൗമാരത്തിലെ എല്ലാ അടുപ്പങ്ങളെയും കണ്ണുമടച്ച് എതിർക്കേണ്ട.... ചില ബന്ധങ്ങളിൽ ഒരാളിന്റെ പോരായ്മകളും കുറവും മറ്റേയാൾ ബൂസ്റ്റ് ചെയ്ത് പരിഹരിക്കുന്നത് കാണാറുണ്ട്. ചിലപ്പോൾ വല്ലാതെ ഒതുങ്ങിയ ആളെ സ്മാർട്ടായ ഒരു പെൺകുട്ടിയുമായുള്ള അടുപ്പം മാറ്റിയെടുക്കാം. നേരേ തിരിച്ചും വരാം. പക്ഷേ, അമിതമായ ഇമോഷനൽ ആശ്രയത്വം മറ്റേയാളുമായി വരുന്നത് ഒഴിവാക്കുന്നതാകും നല്ലത്. കുട്ടികളോട് അവരുടെ ഭാവിയെ കുറിച്ചും ഒാർമിപ്പിക്കുക. 

ബ്രേക്കപ്പ് എങ്ങനെ നേരിടണം?

ഇന്നത്തെ കാലത്തെ പ്രണയത്തിന്റെ ഭാഗമാണ് ബ്രേക്കപ്പും. ബ്രേക്കപ്പിൽ തകർന്ന് കരിയറും പഠനവും നഷ്ടപ്പെടുന്ന കുട്ടികളേറെ. സാധാരണ ഗതിയിൽ, പെൺകുട്ടികളെക്കാളുമേറെയായി, ആൺകുട്ടികളാണത്രേ ബ്രേക്കപ്പിൽ മനസ്സ് തകർന്ന് കര കയറാൻ വിഷമിക്കുന്നതും പഠനത്തിൽ പിന്നോട്ടാവുന്നതും. പ്രണയ ബ്രേക്കപ്പ് കാരണം ചിലർ ആത്മഹത്യശ്രമങ്ങൾ നടത്തുന്നു. അതോടെ ഒരു സ്വാഭാവിക മുറിവുണങ്ങലുണ്ടാകും. എന്നാൽ കുറച്ചുകഴിഞ്ഞ് വീണ്ടും ആ മാനസികാവസ്ഥയിലേക്കും നിരാശയിലേക്കും പോകാം. അവരുടെ മനസ്സ് മാറുന്നുണ്ടോയെന്ന് രക്ഷിതാക്കൾക്ക് ജാഗ്രത വേണം.

വീട് വിട്ടു ദൂരെ താമസിക്കുന്ന സാഹചര്യത്തിൽ പ്രണയ ബ്രേക്കപ്പുകളെ താങ്ങാനുള്ള മനക്കരുത്ത് പല കുട്ടികൾക്കും ഇല്ലാതാകുന്നു. പ്രണയം ഒരാളുടെ പിന്നാലെ നടന്ന് ഫോഴ്സ് ചെയ്ത് നേടാനുള്ളതല്ലെന്ന് കുട്ടികളെ ബോധ്യപ്പെടുത്തണം. വിഷാദത്തിലേക്ക് അവർ പോകുന്നുണ്ടോയെന്ന് കരുതൽ വേണം. കൂട്ടുകാർക്കാവും കൂടുതൽ താങ്ങ് നൽകാൻ കഴിയുക. മനസ്സു തുറന്ന് സംസാരിക്കാൻ പ്രേരിപ്പിക്കുക. എപ്പോഴും കൂടെ നിൽക്കുക. അവർ ഒറ്റയ്ക്കാകുന്ന സാഹചര്യങ്ങളെ ഒഴിവാക്കുക.

അടുത്ത കാലത്ത് നഗരത്തിലെ സൈക്കോളജിസ്റ്റിനെ കാണാനെത്തിയ അച്ഛനും അമ്മയും കരഞ്ഞുകൊണ്ടു പറഞ്ഞത് അവരുടെ ടീനേജ്കാരനായ മകന്റെ കഥയാണ്.ഒരു പ്രണയത്തകർച്ച അവനെ ആത്മഹത്യയിലേക്ക് നയിച്ച കഥ. ആ അച്ഛനുമമ്മയും വേദനയോടെ വിവരിച്ചു. ‘‘അവന് വിഷാദമുണ്ടെന്നുപോലും ഞങ്ങളറിഞ്ഞിരുന്നില്ല...’’ വളരെ സെൻസിറ്റീവായ, ലോല മനസ്സുള്ള കുട്ടികളുടെ കാ ര്യത്തിലാണ് ശ്രദ്ധ കൂടുതൽ വേണ്ടത്. കുട്ടികളിലെ ഭാവമാറ്റങ്ങൾ അറിഞ്ഞിരിക്കുക. വിഷാദത്തിന്റെ ഘട്ടത്തിൽ അവർക്ക് താങ്ങാവുക.

മാതാപിതാക്കൾ നല്ല കേൾവിക്കാർ ആകുക

മാതാപിതാക്കൾ കുട്ടികളുമായി സമയം ചെലവിടുകയും അവർ പറയുന്നതു കേൾക്കുകയും വേണം. ദിവസം ഒരു നേരമെങ്കിലും കുടുംബാംഗങ്ങൾ ഒന്നിച്ച് ഭക്ഷണം കഴിക്കുക. മാസത്തിൽ ഒരു തവണയെങ്കിലും ഔട്ടിങ്ങിനു പോകാൻ നേരം കണ്ടെത്തുക. യാത്രകൾ ബന്ധങ്ങളെ ഉൗട്ടിയുറപ്പി ക്കും. കുട്ടികൾക്കൊപ്പം എന്തെങ്കിലും റിക്രിയേഷനൽ ആക്ടിവിറ്റികളിലേർപ്പെടാം. കുട്ടികളോട് മനസ്സു തുറന്ന് സംസാരിക്കുക. അതേ സമയം, അച്ഛനമ്മമാർ അവരുടെ ചെറുപ്പത്തിലെ പ്രണയ സാഹസങ്ങൾ കുട്ടികളോട് പറയുന്നതു നല്ലതല്ല.

ഇമോഷനൽ കാര്യങ്ങൾക്ക് ഒരു ‘വെന്റിലേഷൻ’ കിട്ടാൻ വേണ്ടിയാണ് പല കുട്ടികളും കൗമാരത്തിൽ ഒരു ബന്ധത്തിൽ ചെന്ന് ചാടുന്നത്. കുടുംബത്തിലെ ബന്ധങ്ങളുടെ ഇഴയടുപ്പം ഉൗട്ടിയുറപ്പിക്കുകയാണ് പോംവഴി. ഒരു പെൺ കുട്ടി പ്രണയത്തിന്റെ പേരിൽ വലിയ പ്രശ്നമുണ്ടായപ്പോൾ ആത്മഹത്യാശ്രമം നടത്തി. ഒരു തരത്തിലും ചേർച്ചയില്ലാത്ത ഒരു ബന്ധത്തിലായിരുന്നു അവൾ ചെന്നുപെട്ടത്. വീട്ടിൽ വലിയ ഭൂകമ്പമുണ്ടായപ്പോൾ അപ്പോഴത്തെ വിഷമ ത്തിനാണ് അവൾ ആത്മഹത്യക്ക് തുനിഞ്ഞത്. അതിനുശേഷം വീട്ടിലെല്ലാവർക്കും അവളോട് വളരെ സ്നേഹം. ആ പെൺകുട്ടി ഡോക്ടറോട് പിന്നീട് പറഞ്ഞു: ‘‘ഇതിന്റെ പത്തിലൊരംശം സ്നേഹം എന്നോട് അച്ഛനും അമ്മയും നേരത്തേ കാണിച്ചിരുന്നെങ്കിൽ ഞാൻ അങ്ങനെയൊരു ബന്ധത്തിൽ പെട്ടുപോകില്ലായിരുന്നു.’’

മാറ്റങ്ങൾ അംഗീകരിക്കുക

ടീനേജ് ആകുമ്പോൾ കുട്ടിയിൽ പെട്ടെന്ന് പല പ്രകടമായ മാറ്റങ്ങളും വരും. ഒരുക്കത്തിലും രൂപഭാവത്തിലുമെല്ലാം വളരെ ശ്രദ്ധ. ഫാഷനിൽ കമ്പം. ആ മാറ്റങ്ങളെ കണ്ണും പൂട്ടി വിമർശിക്കാതെ അംഗീകരിക്കാൻ ശ്രമിക്കുക. കുട്ടി കളെ വഴക്കു പറയും മുമ്പ് അച്ഛനമ്മമാർ സ്വന്തം കൗമാരത്തെക്കുറിച്ച് കൂടി ഒാർക്കുന്നത് നന്നായിരിക്കും.

‘‘ അവനിപ്പോ എപ്പോഴും കണ്ണാടീടെ മുന്നിലാണ്. എന്തു മാതിരി ഹെയർ സ്ൈറ്റലാണിത്! ഫാഷൻ പരേഡിനു പോവാണോ?’’ ഇങ്ങനെ കടുത്ത ഭാഷയിൽ വിമർശിച്ചാലോ? കുട്ടികൾ മാനസികമായി മാതാപിതാക്കളിൽ നിന്ന് അകന്നു പോകും. അപ്പോഴാണവർ മനസ്സു തുറക്കാൻ മറ്റു ബന്ധങ്ങളെ ആശ്രയിക്കുക. അങ്ങനെയകന്നാൽ പിന്നെ മാതാപിതാക്കളോട് അവർ ഒന്നും തുറന്നുപറയണമെന്നില്ല. ആ അകലം ഉണ്ടാകാതെ നോക്കുക. പ്രണയമായാലും എന്തുതരം ബന്ധമായാലും കുട്ടികൾ മാതാപിതാക്കളോടു പങ്കിടുന്ന, തുറന്ന ആശയവിനിമയം വീട്ടിലുണ്ടാകണം. ഇന്ന് കുട്ടികൾ അവരുടെ മനസ് പ്രകടമാക്കുന്നത് വാട്ട്സ്ആപ്പ് ഡിപിയിലൂടെയും ഫെയ്സ്ബുക്ക് കമന്റ്സിലൂടെയുമാണല്ലോ. കുട്ടികൾ അവരുടെ മനസ്സ് തുറക്കാൻ ആഗ്രഹിക്കുന്നുവെന്നാണ് ഇതിനർഥം. അച്ഛനമ്മമാർ അത് മനസ്സിലാക്കാൻ ശ്രമിക്കുക.

വിവരങ്ങൾക്കു കടപ്പാട്: ഡോ. അരവിന്ദ് തമ്പി,  അസി. പ്രഫസർ, സൈക്കോളജി വിഭാഗം, എസ്. എൻ. കോളജ്, ചെമ്പഴന്തി, തിരുവനന്തപുരം, ഡോ. മേബിൾ ഡേവിസ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ, കൊച്ചി.