Thursday 08 February 2018 02:06 PM IST : By വിജീഷ് ഗോപിനാഥ്

ഓവർ കെയറിങ് വേണ്ടേ വേണ്ട, ഫ്രീക്കൻമാർക്കും റെഡ്! മലയാളി പെണ്ണുങ്ങളുടെ മനസ് അറിയുന്ന സർവേ വായിക്കാം

SM574273

ചില ട്രോളുകൾ പോലെയാണ് പല പെൺകുട്ടികളുടെയും മനസ്സിലിരുപ്പ്. ഒറ്റനോട്ടത്തിൽ കാര്യങ്ങൾ പെട്ടന്നങ്ങട്ടു മറ്റുള്ളവർക്കു കലങ്ങുകയില്ല. വിശദമായൊന്നു പരിശോധിച്ചാലേ ഉള്ളിലെന്താണെന്നു തിരിച്ചറിയാനാകൂ. പ്രത്യേകിച്ച് ആണുങ്ങളേക്കുറിച്ചുള്ള അഭിപ്രായത്തിൽ.

പറഞ്ഞു തരാം. ചില ഗഡാഗഡിയന്മാരായ മച്ചാന്മാരുണ്ടാവും, കഷ്ടപ്പെട്ട് ചക്കരേ, പൊന്നേ എന്നു വിളിച്ച് പിന്നാലെ നടക്കും. രാവിലെ വാട്സ് ആപ്പിൽ കൂടി വിളിച്ചെഴുന്നേൽപ്പിച്ച്, ബ്രേക്ക്ഫാസ്റ്റും ഊണും കഴിപ്പിച്ച് ഒടുവിൽ ഫോണിൽ കൂടി തന്നെ ഉറക്കുന്നവർ. ഇതൊക്കെ എല്ലാ പെൺപിള്ളേർക്കും ഇഷ്ടപ്പെടുന്നുണ്ടാകുമെന്നാണ് അവരുടെ ധാരണ. എന്നാൽ ശരിക്കും സംഭവിക്കുന്നതോ?

ദേ, കോട്ടയം സിഎംഎസ് കോളജിൽ പഠിക്കുന്ന പേരു പറയില്ല എന്നു കഠിനശപഥം ചെയ്ത ആ കൊച്ചു പറയുന്നത് കേൾക്ക്. ‘‘ലോക തോൽവിയാണ് അവൻ. എഴുന്നേൽക്കുമ്പോൾ ഗുഡ്മോണിങ് പറയുന്നതു മുതല്‍ വാട്സ് ആപ്പിൽ കൂടെയുണ്ടാകും. അത് ഉറങ്ങുന്നതു വരെ. അവനെങ്ങാനും റിപ്ളൈ കൊടുക്കാൻ വൈകിയാല്‍ തുടങ്ങും ബഹളം. അമിതമായ കെയറിങ്, വിശ്വാസമില്ലായ്മ. ഇതൊന്നും സഹിക്കാൻ പറ്റില്ല. അവസാനം ബ്രേക്ക് അപ് ആയി. അപ്പോഴവൻ ഫെയ്സ്ബുക്കിലിട്ടു, ഞാൻ തേച്ചിട്ടു പോയി എന്ന്. ബ്രേക്ക് അപ് ആകാൻ ആരാ കാരണം, അവനല്ലേ?...

യൂത്തന്മാർ ഒരു കാര്യം മനസ്സിലാക്കണം. പുതിയ പെൺപിള്ളേർക്ക് നിങ്ങൾ ഈച്ച പോലെ പിന്നാലെ നടക്കുന്നതിലൊന്നും വലിയ കാര്യമല്ലെന്നേ. അവരുടെ മനസ്സിലുള്ള നിങ്ങളുെട രൂപം മറ്റു ചിലതാണ്.

മെസേജുകളിലൂടെ ഉണർത്തി ഉറക്കിയ പാവത്തിനെ തേച്ചിട്ടു പോയ ആ ധീരവനിതയെപ്പോലെ ആർക്കും പിടി തരാതെ ഒാടുകയാണ് ചെറുപ്പക്കാരികൾ. 24 മണിക്കൂർ കഴിയുമ്പോൾ ഒാട്ടോ ഡിലീറ്റായി പോകുന്ന വാട്സ് ആപ്പ് സ്റ്റാറ്റസ് പോലെ അവരുടെ മനസ്സിൽ പല ചിത്രങ്ങളും ഡിലീറ്റായി പോകുന്നുണ്ട്. പുതിയത് അപ്‌ലോഡാകുന്നുമുണ്ട്.

പെണ്‍മനസ്സിൽ പുരുഷന്മാരെക്കുറിച്ച് അനുദിനം മാറിമറിയുന്ന ആ സ്റ്റാറ്റസ് തേടിയാണ് വനിത യൂത്ത് സർവേ നടത്തിയത്. രണ്ടു ദിവസം കൊണ്ട് അയ്യായിരം ‘യൂത്തി’കളാണ് വനിത ഒാൺലൈനിലൂടെ അഭിപ്രായം രേഖപ്പെടുത്തിയത്. സ്വഭാവം, മനോഭാവം, സൗന്ദര്യം എന്നീ മൂന്ന് ഘടകങ്ങളെ അടിസ്ഥാനമാക്കി ആയിരുന്നു പ്രധാനമായും ചോദ്യങ്ങൾ. കാലം മാറിയതിനനുസരിച്ച് മാറി വരുന്ന ഇഷ്ടങ്ങളുടെ പുസ്തകം തുറക്കാം...

g1

സ്വഭാവവും സോഷ്യൽ മീ‍ഡിയയും

‘നല്ല സ്വഭാവമുള്ള പയ്യനാണ്.’ രണ്ടു പതിറ്റാണ്ടു മുമ്പ് ഇങ്ങനൊരു വാചകത്തിന് ഒറ്റ അർഥമേ പെൺകുട്ടികള്‍ക്കിടയിലുണ്ടാകൂ– പുകവലിയും മദ്യപാനവും ഇല്ലാത്ത ‘സൽഗുണശ്രീമാൻ’. കാലം മാറിയതോടെ ഒരു ചെറുപ്പക്കാരന്റെ സ്വഭാവസ ർട്ടിഫിക്കറ്റിന്റെ ഒാപ്ഷനുകൾക്ക് മാറ്റങ്ങളൊരുപാടു വന്നു.

കഴിഞ്ഞ അഞ്ചു വർഷം കൊണ്ട് ചെറുപ്പത്തിനിടയില്‍ വന്ന ആ മാറ്റങ്ങൾക്കെല്ലാം സോഷ്യൽ മീഡിയ പ്രധാന ഘടകമാ യി നിൽക്കുന്നുണ്ട്, ഫോർവേർഡ് മെസ്സേജുകൾക്കു മുതൽ ഫെയ്സ്ബുക്ക് പോസ്റ്റുകൾക്കു വരെ ബന്ധങ്ങളെ അടുപ്പിക്കാനും അകറ്റാനും കഴിയുന്നുണ്ട്.

ഈ കാലത്ത് ഒരാളുടെ വ്യക്തിത്വത്തെ നിർണയിക്കുന്നത് വേഷവും സ്വഭാവവും മാത്രമല്ല. അയാളുടെ സോഷ്യൽ മീഡിയയിലെ പെരുമാറ്റവും കൂടിയാണ്. സ്പൈക് ചെയ്ത് വില കൂടിയ പെർഫ്യൂമും അടിച്ച് നടന്നാൽ മാത്രം പോര. ഇന്റർനെറ്റ് മാന്യത കൂടി കാണിക്കണമെന്നാണ് പെൺകുട്ടികളുടെ പ്രധാന വാദം. പല ഘടകങ്ങളാണ് സോഷ്യൽ മീഡിയയിൽ ആ ണൊരുത്തനെ ശരിക്കും വ്യക്തിത്വമുള്ളവനാക്കുന്നത്.

സോഷ്യൽ മീഡിയയിലെ പുരുഷനെങ്ങനെ വേണം? കോട്ടയം മെഡിക്കൽ കോളജിലെ ഹൗസ് സർജൻ ഡോ.ഗായത്രി പറയുന്നത് ഇങ്ങനെ.

‘‘ ഏറ്റവും ചുരുങ്ങിയത് ഫെയ്സ്ബുക്ക് െഎഡിയിൽ സ്വന്തമായ പേരും ഫോട്ടോയും എങ്കിലും വേണം. സ്റ്റാറ്റസിൽ വല്ലപ്പോഴുമെങ്കിലും രണ്ടു വരി എഴുതണം. ഫെയ്സ്ബുക്കിൽ സ്വന്തം അഭിപ്രായം എഴുതിക്കോട്ടെ, അതൊരാളുടെ സ്വാതന്ത്ര്യമാണ്. പക്ഷേ, മറ്റൊരാളുടെ അഭിപ്രായത്തെ മാനിക്കാനും പഠിക്കണം. സ്വന്തം അഭിപ്രായത്തേയും വിശ്വാസത്തേയും അ ടിച്ചേൽപ്പിക്കാനുള്ള ഒരെഴുത്തും അംഗീകരിക്കാനാകില്ല.

അതു പോലെ തന്നെ സോഷ്യൽ മീ‍ഡിയയിൽ സ്ത്രീകളോടു മാന്യമായി പെരുമാറുന്ന ആളാകണം. വളരെ മോശമായി കമന്റ് ചെയ്യുന്നവർ, മോശം വാക്കുകളുപയോഗിക്കുന്നവർ.ഇവരെയൊന്നും അംഗീകരിക്കാനാകില്ല. മാന്യൻ എന്നൊരാളെ വിളിക്കുമ്പോൾ ജീവിതത്തില്‍ മാത്രമല്ല സമൂഹമാധ്യമങ്ങളിലെ പെരുമാറ്റം കൂടി വിലയിരുത്തേണ്ടതാണ്.’’ഡോ. ഗായത്രി പറയുന്നു.

g2

ഇഷ്ടങ്ങളെന്നാൽ....

മനസ്സിൽ നിന്നു സുഗന്ധം പരക്കണമെന്ന് വെറുതെ പറയുന്നതല്ല. അൺലൈക്ക് ചെയ്യേണ്ടതിനെ അയലത്തേക്ക് അടുപ്പിക്കരുത് എന്നുറപ്പിച്ച് തന്നെയാണ് അവർ ഒാരോ ‘ഹായ്’ യും പറയുന്നത്. അതുകൊണ്ട് ഡ്യൂഡ് കേൾക്കൂ ആ ഇഷ്ടത്തിന്റെ ചില ശതമാനക്കണക്കുകൾ.

മനസ്സിൽ ആക്സപ്റ്റ് ചെയ്യുന്ന ഒാരോ പുരുഷനും തീർച്ച യായും ഉണ്ടാകണം എന്നവർ പറയുന്ന സ്വഭാവഗുണളിലേറ്റ വും പ്രധാനം ‘കരുതൽ’ ആണ്. 44.9 ശതമാനം പേരും ഇഷ്ടപുരുഷന്റെ കെയർ കിട്ടണമെന്നാഗ്രഹിക്കുന്നുണ്ട്. അതുപോലെ തന്നെ ഒരു വ്യക്തി എന്ന നിലയിൽ നൽകുന്ന അംഗീകാരത്തിനും പുതുതലമുറയിലെ പെൺകുട്ടികൾ വിലകൊടുക്കുന്നുണ്ട്. 41.2 ശതമാനം പേരാണ് അംഗീകാരത്തിനു മാർക്കു കൊടുത്തിരിക്കുന്നത്. ‘മധുരമായി സംസാരിക്കുന്ന കുട്ടപ്പന്മാർക്കും’ മറ്റും കൊടുത്തിരിക്കുന്ന മാർക്ക് വളരെ കുറവാണ്. അപ്പോൾ ‘കാര്യങ്ങൾ’ മനസ്സിലാകുന്നുണ്ടല്ലോല്ലെ? അധികം പഞ്ചാരമേളം നടത്തിയിട്ടൊന്നും വലിയ കാര്യമില്ലെന്നേ. ‘‘ഇതു പെൺകുട്ടികളുടെ പൊതു സ്വഭാവമായാണ് എനിക്കു തോന്നുന്നത്. അംഗീകരിക്കപ്പെടാനുള്ള ആഗ്രഹവും എ ന്തു കുറവുണ്ടായാലും ജീവിതാവസാനം വരെ കരുതലോടെ കൊണ്ടു നടക്കും എന്ന വിശ്വാസവുമൊക്കെ ഇപ്പോഴും ഒരാളെ ഇഷ്ടപ്പെടുത്തുന്ന പ്രധാന ഘടകങ്ങളാണ്. ഈ കാലത്തും അതിനൊന്നും വലിയ വ്യത്യാസങ്ങളൊന്നും വന്നിട്ടില്ല. അതിനപ്പുറമുള്ള കാര്യങ്ങൾക്ക് മാറ്റം വന്നിട്ടുണ്ട്. ഒരു ബുള്ളറ്റുള്ള ആളെ കല്യാണം കഴിക്കാനാ എനിക്കിഷ്ടം. മാത്രമല്ല, എന്നെ ബുള്ളറ്റ് ഒാടിക്കാൻ അനുവദിക്കുകയും വേണം..’’ കണ്ണൂർ ഇരിട്ടി ഡോൺബോസ്കോ കോളജിൽ എംസിജെ വിദ്യാർഥിനിയായ ജയ്മോൾ ഫ്രാൻസിസ് പറയുന്നു.

പിന്നെ, വല്ലപ്പോഴും രണ്ടെണ്ണം അടിച്ചോ എന്നാലും സിഗരറ്റെങ്ങാനും വലിച്ചാൽ സിനിമയ്ക്കു മുമ്പുള്ള പരസ്യം പോലെയാകില്ല കാര്യങ്ങൾ. ബന്ധമേ വേണ്ടെന്നു വച്ചുകളയും. 38.6 ശതമാനം പേർ വേണമെങ്കിൽ മാസത്തില്‍ ‘രണ്ടു നാരങ്ങാവെള്ളങ്ങട്ട് കാച്ചിക്കോ’ എന്നു സമ്മതം മൂളുന്നു. പക്ഷേ, 87 ശതമാനം പേരും സിഗരറ്റ് വലിച്ചാല്‍ അതോടെ റിലേഷനേ വേണ്ട എന്നു വയ്ക്കുമെന്നു തുറന്നു പറയുന്നുണ്ട്.

EA429039

ഫ്രീക്കാാാ മോനേ, പണിപാളീന്നാ തോന്നണേ

‘‘എന്നാലും അതൊരു ഒന്നൊന്നര ചെയ്ത്തായി പോയി ഗേൾസ്. ഒന്നുല്ലെങ്കിലും ഇതിനു പിന്നിലുള്ള കഷ്ടപ്പാട്, സഹനം... ഇതൊന്നും നിങ്ങൾ അറിയുന്നില്ലല്ലോ... വീട്ടിൽ, നാട്ടിൽ, ക്ലാസ് മുറികളിലൊക്കെ ഞങ്ങളനുഭവിക്കുന്ന വേദന...’’ കുറ്റിക്കാടു പോലെ മുടിയും വളർത്തി നടക്കുന്ന ഫ്രീക്കന്മാര്‍ ഇങ്ങനെ പറയുന്നതിൽ െതറ്റു പറയാനാകുമോ?

താടിയും മുടിയും നീട്ടി ഫ്രീക്ക് സ്‌റ്റൈലിലുള്ള ചെറുപ്പക്കാരെ ഇഷ്ടപ്പെടുമോ? അതായിരുന്നു ചോദ്യം. 73.9 ശതമാനം പേരും പോയി മുടിവെട്ടി വാടാ എന്നിട്ടു മനസ്സിൽ കയറിയാൽ മതി എന്നു കടുപ്പിച്ചു പറഞ്ഞു കളഞ്ഞു. കഷ്ടം തന്നെ.

പിന്നെ, രാവിലെയും വൈകീട്ടും രാത്രിയിലും ജങ്ക്ഫൂഡ് അടിച്ച് പൊണ്ണതടിയന്മാരായി നടക്കുകയാണെങ്കിൽ നേരെ ഒാടിക്കോ ജിമ്മിലേക്ക്. സിക്സ്പായ്ക്കൊന്നും വേണ്ടെങ്കിലും പൊണ്ണത്തടി അസഹനീയമാണത്രെ. കഷണ്ടി, കുടവയർ, പൊണ്ണത്തടി ഇതിൽ 63.8 ശതമാനം പേരും പൊണ്ണത്തടി കുഴപ്പമാണെന്ന് ചൂണ്ടിക്കാണിച്ചു പറയുന്നു.

ജിമ്മിലേയ്ക്ക് ഒാടും മുമ്പ് ‘ഒരു കാര്യം പറയാൻ പറഞ്ഞു’–ഞങ്ങൾ തടിമാറ്റാൻ പോകാൻ പറഞ്ഞത് സിക്സ്പായ്ക്ക് ആകാനല്ല കേട്ടോ. ഇഷ്ടപുരുഷനിൽ സിക്സ് പായ്ക്കും കടുകട്ടി മസിലും വേണമെന്ന് നിർബന്ധം പിടിക്കുന്നവർ 7.5 ശതമാനം മാത്രമേയുള്ളു.

ചുരുക്കി പറഞ്ഞാൽ ‘ഉണ്ടാക്കൽ സൗന്ദര്യത്തെക്കാൾ’ വ ലുത് മനസ്സിന്റെ സൗന്ദര്യത്തിലാണെന്ന ‘മനസ്സിലിരിപ്പ്’ മിക്കവർക്കും ഉണ്ട്. പെൺകുട്ടികൾ ഒരു ബന്ധത്തിൽ സൗന്ദര്യത്തിന് നൽകുന്ന സ്ഥാനം 2 ശതമാനം മാത്രമാണ്. അതുകൊണ്ടു തന്നെയാകാം 66.2 ശതമാനം പേരും ബ്രാൻഡും ക്ലാസ്സും തമ്മിൽ ബന്ധമില്ല എന്നു വിശ്വസിക്കുന്നത്.

ഇതു തന്നെയാണ് ബിസിഎം കോളജിലെ ബിരുദ വിദ്യാർഥിനി ദേവിക ഉണ്ണി പറയുന്നതും. ‘‘തുറിച്ചു നോട്ടവും പരിധിവിട്ടുള്ള സംസാരവുമെല്ലാം ഒരു പെൺകുട്ടിക്കും അംഗീകരിക്കാനാകാത്ത കാര്യമാണ്. ചാടിക്കയറി വന്നു സംസാരിച്ച് ആളാകാൻ നോക്കുന്നവരുണ്ട്. സംസാരത്തിലും പെരുമാറ്റത്തിലും നമ്മൾ കൊടുക്കുന്ന ലിമിറ്റ് മനസ്സിലാക്കാതെ ഇടപെടുന്നവരുണ്ട്. ഇവരെയൊന്നും സഹിക്കാനാകില്ല.വിലകൂടിയ ഉടുപ്പിട്ടതു കൊണ്ട് ഇങ്ങനെയുള്ള പെരുമാറ്റം ഉണ്ടായാൽ ഉറപ്പായിട്ടും അയാളെ അംഗീകരിക്കാനാകുമോ? ഒരിക്കലുമില്ല.’’ ദേവികയുടെ അഭിപ്രായം

g3

ബ്രേക്ക് അപ് എന്ന തേച്ചിട്ടു പോകൽ

ഈ രണ്ടു വാക്കിന്റെയും അർഥം അറിയാത്ത ഒരു ന്യൂജെൻ പിള്ളേരും ഉണ്ടാവാനിടയില്ല. തേയ്ക്കപ്പെട്ടവർക്കു മാത്രം അറിയാതെ പോകുന്ന ഒരു കാര്യമുണ്ട്– എന്തിനാണ് തേച്ചിട്ടു പോയത്?

പണ്ടത്തെ പ്രണയം പൊട്ടുന്നതിനേക്കാള്‍ വേഗത്തിലാണ് ഇന്ന് ബ്രേക്ക് അപ്പുകളും തേച്ചിട്ടു പോ കലുകളും നടക്കുന്നത്. ഒരു ക്യാംപസ് ബുജി പറയുന്ന മനശാസ്ത്രം കേൾക്കുക. ‘‘ ഒരു പുരുഷനോട് സാമീപ്യം, അടുപ്പം ഒക്കെ ഉണ്ടാകുന്നത് പത്തു വർഷങ്ങൾക്ക് മുമ്പ് ഇത്രവേഗത്തിലായിരുന്നില്ല. ഒരോ െഎ ലവ് യു വും പിറക്കാനെടുക്കുന്ന സമയം അന്ന് ദിവസങ്ങളോ മാസങ്ങളോ വർഷങ്ങളോ ആയിരുന്നു. അറിയിക്കാനെടുക്കുന്ന മാർഗവും അത്ര എളുപ്പമല്ല. അതുകൊണ്ടു തന്നെ വലിച്ചെറിഞ്ഞു പോകുന്നതും സാവധാനമായിരുന്നു.

ഇന്നോ? ഒരുപാടു പേരോടു മനസ്സു തുറന്നു എത്രനേരം വേണമെങ്കിലും സംസാരിക്കാനുള്ള അവസരമുണ്ട്. ഒരേ വേവ് ലെങ്തുള്ള ഒരുപാടു പേർ. ബ്രേക്ക് അപ് ആയാൽ അടുത്ത രഥം കണ്ടു പിടിക്കാൻ അത്ര വലിയ ബുദ്ധിമുട്ടൊന്നുമില്ല.’’

സംഭവം ഇങ്ങനൊക്കെയാണെങ്കിലും എന്തായിരിക്കും ബ്രേക്ക് അപ്പിന്റെ പ്രധാന കാരണം? പരസ്പരം മനസ്സിലാക്കാനാകുന്നില്ല എന്നതാണെന്ന് 49.9 ശതമാനം പേർ വിശ്വസിക്കുന്നു. മനസ്സിലാക്കാനാകുന്നില്ലെങ്കിൽ അതുപേക്ഷിക്കുന്നതാണു നല്ലതെന്നു കരുതുന്നു. 24.6 ശതമാനം പേർ പറയുന്നത് സംശയ രോഗത്തെക്കുറിച്ചാണ്. ബന്ധങ്ങളിലെ സത്യസന്ധതയില്ലായ്മയും കാരണമാകുന്നുണ്ട്. അതുകൊണ്ട് നിങ്ങളാരാണോ ആ ‘ഒറിജിനലാ’യി തന്നെ നിൽക്കുക. ഡ്യൂപ്ളിക്കേറ്റ് ഒരുപാടു കാലം ഒാടാൻ പ്രയാസമാണ്.

പ്രണയം യഥാർഥമാണെങ്കിൽ അതു വിവാഹത്തിലേക്കെത്തണമെന്ന് 90.5 ശതമാനവും വിശ്വസിക്കുന്നു. ഒറിജിനലും ഡ്യൂപ്ളിക്കേറ്റും തമ്മിലുള്ള വ്യത്യാസം പ്രണയത്തിലും ഉണ്ടാകുമല്ലോ. ബ്രേക്ക് അപ് ഒക്കെ ഉണ്ടെങ്കിലും വലിച്ചെറിയുന്നത് വ്യക്തമായ കാരണം ഉള്ളതുകൊെണ്ടാണെന്നും അവർ വിശ്വസിക്കുന്നു. പിന്നെ, പ്രണയത്തിലും പുതിയ അപ്ഡേഷനുകൾ വന്നിട്ടുണ്ട്. 25.5 ശതമാനം പേർ വിവാഹപൂർവ ബന്ധങ്ങളെ അംഗീകരിക്കുന്നുണ്ട്. 45.9 ശതമാനം പേരും പങ്കാളിക്കൊപ്പമിരുന്നു മദ്യപിക്കുന്നതില്‍ തെറ്റില്ല എന്നു സമ്മതിക്കുന്നു, കല്യാണം കഴിഞ്ഞാല്‍ വിധം മാറുമോ എന്നറിയില്ല.

ഇനി ഇവരൊക്ക എവിടെയാണെന്നാണോ? അന്വേഷിക്കുവിൻ കണ്ടെത്തും എന്ന ലൈൻ അല്ല വേണ്ടത്. സ്വയമൊന്ന് റീസ്റ്റാർട്ട് ചെയ്തു നോക്ക്. പിന്നെ, മനസ്സിലെ ചില ജങ്ക് ഫയലുകള്‍ ഡിലീറ്റ് ചെയ്യൂ. എപ്പോഴാണ്... ‘ലോ.. ലവൾ’ വരുന്നതെന്ന് ആർക്കറിയാം.