Tuesday 20 October 2020 04:26 PM IST

കളപറിക്കുന്നതു മുതല്‍ വിത്തിടുന്നതു വരെയുള്ള ജോലികള്‍ പുഷ്പം പോലെ ചെയ്യും; കര്‍ഷകനായ അച്ചാച്ചന്റെ ഓര്‍മ്മയ്ക്കായി അദ്വൈതിന്‍റെ കണ്ടുപിടിത്തം

Binsha Muhammed

adwaith-machine

കള പറിക്കും, കിളയ്ക്കും, ചാലുകീറും, വിത്തിടും, വെള്ളം നനയ്ക്കും....  കോഴിക്കോട് തിക്കോടിയിലെ പത്താംക്ലാസുകാരന്‍ അദ്വൈതിന്‍റെകണ്ടുപിടുത്തം ശരിക്കും പറഞ്ഞാല്‍ കുപ്പീന്നു വന്ന ഭൂതത്തെ പോലെയാണ്. ' കൃഷിയുമായി ബന്ധപ്പെട്ട എന്തു പണീം ചെയ്യും.' വെറുമൊരു പത്താം ക്ലാസുകാരന്റെ ലോക്ഡൗണ്‍ നേരമ്പോക്കാണോ ഇതെന്ന മുന്‍വിധി അവിടെ നില്‍ക്കട്ടെ. സാധാരണ കര്‍ഷകന്റെ സ്വപ്‌നമായ ട്രാക്ടര്‍ ചെയ്യുന്നതിലും മൂന്നിരട്ടി പണി ചെയ്യുന്ന കലക്കനൊരു യന്ത്രമാണ് ഈ മിടുക്കന്‍ കണ്ടുപിടിച്ചിരിക്കുന്നത്. കളപറിക്കുന്നതു തൊട്ട് വിത്തിനു വേണ്ടിയുള്ള നന വരെ പുഷ്പം പോലെ ചെയ്യുന്ന യമണ്ടന്‍ കണ്ടുപിടുത്തം. സോഷ്യല്‍ മീഡിയയെ വരെ അമ്പരപ്പിച്ച ആ വലിയ ഐഡിയയുടെ ഗുട്ടന്‍സ് എന്തെന്ന് ചോദിച്ചാല്‍ നിഷ്‌ക്കളങ്കമായ ചിരിയായിരിക്കും ആദ്യ മറുപടി. കര്‍ഷകരുടേയും ശാസ്ത്രകുതുകികളുടേയും കണ്ണു തുറപ്പിച്ച...  മള്‍ട്ടി പര്‍പ്പസ് അഗ്രികള്‍ച്ചറല്‍ വെഹിക്കിള്‍ അഥവാ വിവിധോദ്ദേശ്യ കാര്‍ഷിക ഉപകരണം പിറവികൊണ്ട രഹസ്യം ഇതാദ്യമായി വനിത ഓണ്‍ലൈനോട് പറയുകയാണ് അദൈ്വത്. 

കര്‍ഷകര്‍ക്കു വേണ്ടി ഈ കഷ്ടപ്പാട്

ട്രാക്ടര്‍ ഒറ്റ പണിയല്ലേ ചെയ്യൂ...എന്റെ ഈ യന്ത്രം കൃഷിയുമായി ബന്ധപ്പെട്ട ഒട്ടുമിക്ക എല്ലാ ജോലിയും ചെയ്യും. കളപറിക്കും, കിളയ്ക്കും, ചാലുകീറും, വിത്തിടും, വിത്തിനു വേണ്ടി നനയ്ക്കും... കൃഷിയുടെ എബിസിഡി ഇവന്റെ കയ്യില്‍ ഭദ്രം- പത്താം ക്ലാസുകാരന്റെ നിഷ്‌ക്കളങ്കതയോടെ അദ്വൈത് പറഞ്ഞു തുടങ്ങുകയാണ്.

പോയ വര്‍ഷം ശാസ്ത്ര മേളയില്‍ മള്‍ട്ടി പര്‍പ്പസ് അഗ്രികള്‍ച്ചറല്‍ വെഹിക്കിളിന്റെ ചെറുരൂപം അവതരിപ്പിച്ചിരുന്നു. ലോക് ഡൗണ്‍ ആയപ്പോള്‍ ആ പഴയ ഐഡിയ പിന്നെയും തലപൊക്കി. എങ്ങനെ ചെയ്യും എന്ന ചിന്ത എന്നെയും അച്ഛന്‍ രാജീവിനേയും കൊണ്ടു ചെന്നെത്തിച്ചത് യന്ത്രങ്ങളുടെ നാടായ കോയമ്പത്തൂരില്‍. ഒടുവില്‍ ആക്രി കടയില്‍ ആ യാത്ര അവസാനിപ്പിച്ചു.  പഴയൊരു സ്‌പ്ലെണ്ടര്‍ ബൈക്ക് ആക്രി വിലയ്ക്ക് സംഘടിപ്പിച്ചു. 12 വാട്ടിന്റെ ഡിസി മോട്ടോഴ്‌സ്, സോളര്‍ പാനല്‍ തുടങ്ങി അല്ലറ ചില്ലറ സാധനങ്ങള്‍ വേറെ. സ്‌പ്ലെണ്ടര്‍ ബൈക്ക് മുറിച്ച് അതിലേക്ക് സംവിധാനങ്ങള്‍ ഒന്നൊന്നായിഘടിപ്പിക്കാന്‍ തുടങ്ങി. ഒടുവില്‍ മാസങ്ങള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ സംഗതി റെഡ്യായി.

എന്തേ ഇങ്ങനെയൊരു ഐഡിയ എന്ന് എന്നോട് പലരും ചോദിക്കുന്നുണ്ട്. പണ്ടു മുതലേ കാര്‍ഷിക മേഖലയ്ക്കു വേണ്ടിയും കര്‍ഷകര്‍ക്കു വേണ്ടിയും എന്തെങ്കിലും ചെയ്യണമെന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നു. എന്റെ അച്ചാച്ചന്‍ പദ്മനാഭന്‍ നായര്‍ ഒന്നാന്തരമൊരു കര്‍ഷകനാണ്. കഠിനാദ്ധ്വാനി.  പഞ്ചായത്തില്‍ നിന്ന് മികച്ച കര്‍ഷകനുള്ള അവാര്‍ഡൊക്കെ കിട്ടിയിട്ടുണ്ട്. അവരുടെ കൃഷിക്ക് വേണ്ടിയുള്ള കഷ്ടപ്പാട് നന്നായി അറിയാം. അച്ചാച്ചനെ പോലുള്ള കര്‍ഷകര്‍ക്ക് ഉപകാരപ്രദമാകും എന്ന പ്രതീക്ഷയിലാണ് ഇത് സാക്ഷാത്കരിച്ചത്. ഈ സ്വപ്‌നം പൂര്‍ത്തീകരിത്തുമ്പോള്‍ അച്ചാച്ചന്‍കൂടെയില്ല എന്നതും സങ്കടമാണ്.- അദ്വൈത് പറയുന്നു.  

വാട്ട് ആന്‍ ഐഡിയ സര്‍ജീ...

മുറിച്ച് രൂപമാറ്റം വരുത്തിയ സ്‌പ്ലെണ്ടര്‍ ബൈക്കിലാണ് എല്ലാ സംവിധാനങ്ങളും ഒരുപോലെ പ്രവര്‍ത്തിക്കുന്നത്. 12 വാട്ട് ഡിസി മോട്ടോഴ്‌സ് വഴി പ്രവര്‍ത്തിക്കുന്ന ഗ്രാസ് കട്ടറാണ് പുല്ലു ചെത്തുന്നത്. മാന്വലി ക്രമീകരിക്കാവുന്ന കമ്പികള്‍ വണ്ടി ചലിക്കുന്നതിന് അനുസരിച്ച് ചാലുകീറുകയും  വിത്തിടുകയും ചാലു മൂടുകയും ചെയ്യും.  പ്ലാസ്‌റ്റോ പാരീസും ബക്കറ്റില്‍ ഉണ്ടാക്കിയെടുത്ത ടിന്നും ഒരു പോലെ പ്രവര്‍ത്തിച്ച്  വിത്ത് ഭൂമിയിലേക്ക് പാകുന്നതിനുള്ള സംവിധാനമുണ്ട്. മോട്ടോര്‍ വഴിയാണ് ഇതും പ്രവര്‍ത്തിക്കുന്നതും. വണ്ടിയില്‍ ഘടിപ്പിച്ചിരിക്കുന്ന ചെറിയടാങ്കില്‍ നിന്നാണ് വെള്ളം നന. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വിഡിയോയിലും മള്‍ട്ടി പര്‍പ്പസ് അഗ്രികള്‍ച്ചറല്‍ വെഹിക്കിളിന്റെ പ്രവര്‍ത്തനം വിശദമാക്കുന്നുണ്ട്.

സോഷ്യല്‍ മീഡിയയില്‍ വൈറലായ എന്റെയീ യന്ത്രത്തെ തേടി നിരവധി അംഗീകാരങ്ങളും എത്തിയിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച യംങ് ഇന്നോവേഷന്‍ പ്രോഗ്രാമില്‍ ഈ മെഷീന്‍ അവതരിപ്പിക്കാനും പരിചയപ്പെടുത്താനും കഴിഞ്ഞു. മണ്ണുത്തി കാര്‍ഷിക സര്‍വകലാശാലയിലും ഈ സംവിധാനത്തെ പരിചയപ്പെടുത്തി. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത തിരുവനന്തപുരത്ത് സംഘടിപ്പിച്ച വര്‍ക് ഷോപ്പിലും ഈ മോഡല്‍ അവതരിപ്പിച്ച് കയ്യടി നേടി.

ഭാവിയിലും ഇതു പോലെ ജനോപകാര പ്രദമായ കാര്യങ്ങള്‍ ചെയ്യണം, ഒരുപാട് കണ്ടുപിടിത്തങ്ങള്‍ നടത്തണം എന്നൊക്കെയാണ് എന്റെ സ്വപ്‌നം. കാര്‍ഷിക മേഖലയിലെ എഞ്ചിനീയര്‍ ആകാനുള്ള സ്വപ്‌നത്തിന് അധ്യാപകരായ അച്ഛന്‍ രാജീവും അമ്മ ജയന്തിയുമുണ്ട് കൂടെ കുഞ്ഞനിയത്തി അഥീനയും. മള്‍ട്ടി പര്‍പസ് അഗ്രികള്‍ച്ചറല്‍ വെഹിക്കിള്‍ സാധ്യമാക്കാന്‍ സഹായിച്ച അച്ഛന്റെ ചങ്ങാതിമാരായ ലിനീഷ് ചേട്ടന്‍ സ്‌കൂളിലെ പ്രധാനാധ്യാപകന്‍ സുരേഷ് ബാബു മാസ്റ്റര്‍ എന്നിവരുടെ സഹായവും പിന്തുണയും എന്നുമോര്‍ക്കും.തിക്കോടി സികെജി മെമ്മോറിയല്‍ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ഞാന്‍- അദ്വൈത് പറഞ്ഞു നിര്‍ത്തി.