Monday 06 April 2020 05:26 PM IST

സർക്കാർ ഒപ്പമുണ്ട്, അൻവി മോളെ ഹൈദരാബാദിലെത്തിച്ചു, കീമോ തടസ്സമില്ലാതെ നടക്കും! നന്ദി അറിയിച്ച് കുടുംബം

Binsha Muhammed

Anvitha_edit_new

അന്‍വി മോളുടെ കണ്ണുകളിലെ വെളിച്ചം കെടുത്തരുതേ എന്ന ആയിരങ്ങളുടെ മനമുരുകിയുള്ള പ്രാര്‍ത്ഥന ഒടുവിൽ സഫലം. കൊട്ടിയടയ്ക്കപ്പെട്ട അതിരുകള്‍ അവള്‍ക്കായി വഴിതുറന്നു. നിശ്ചലമായിപ്പോയ ഗതാഗതത്തിനു പകരം സംസ്ഥാന സര്‍ക്കാര്‍ വാഹനസൗകര്യമൊരുക്കി. ഒരു നാട് ഹൃദയത്തോടു ചേർത്തുനിർത്തിയപ്പോൾ സംസ്ഥാന സര്‍ക്കാരിന്റെ ആംബുലന്‍സ് ഹൈദരാബാദിന്റെ മണ്ണില്‍ ഒരു പകലിനപ്പുറം പറന്നെത്തി.

കൊറോണ നിശ്ചലമാക്കിയ ജീവിതങ്ങള്‍ക്കിടയിലെ നൊമ്പരക്കാഴ്ചയായിരുന്നു രണ്ട് വയസുകാരി അന്‍വിത. കണ്ണിനെ ബാധിക്കുന്ന കാന്‍സറായ റെറ്റിനോ ബ്ലാസ്‌റ്റോമയ്ക്ക് ചികിത്സ തേടുന്ന ആ കുരുന്നിന്റെ ജീവിതം ആദ്യമായി വായനക്കാര്‍ക്കു മുന്നിലേക്ക് വച്ചത് ‘വനിത ഓണ്‍ലൈനാ’ണ്. ഹൈദരാബാദിലെ ആര്‍എല്‍വി പ്രസാദ് ഐ ഇന്‍സ്റ്റിറ്റിയൂട്ട്, അപ്പോളോ ആശുപത്രികളില്‍ നടന്നു വന്നിരുന്ന മുറതെറ്റാതെയുള്ള ചികിത്സകളായിരുന്നു അവളുടെ കണ്ണിലെ വെളിച്ചം നിലനിര്‍ത്തിയിരുന്നത്. ഹൈദരാബാദില്‍ രണ്ടാമത്തെ കീമോയ്ക്കായി ഒരുങ്ങവേയായിരുന്നു കൊറോണയില്‍ നിശ്ചലമായ ഗതാഗതം പരീക്ഷണമായി എത്തിയത്. ചികിത്സ അണുവിട മുടങ്ങിയാല്‍ അരുതാത്തത് സംഭവിക്കും എന്നിരിക്കെ അന്‍വിതയുടെ പിതാവ് വിനീത് തൊഴുകൈകളോടെ സോഷ്യല്‍ മീഡിയക്കു മുന്നിലേക്ക് എത്തി. ആ കണ്ണീരൊപ്പാണ് സർക്കാർ തന്നെ മുന്നിട്ടിറങ്ങിയതോടെ അവളുടെ കണ്ണിൽ പുതിയ തെളിച്ചമായി. കീമോ ചൊവ്വാഴ്ച നടക്കാനിരിക്കേ വഴിതുറന്നവര്‍ക്കും കരുതാലയവര്‍ക്കു നന്ദി അറിയിച്ച് വിനീത് വനിത ഓണ്‍ലൈന് മുന്നിലേക്കെത്തുകയാണ്.

തടസങ്ങളില്ലാതെ പ്രതീക്ഷാ മുനമ്പിലേക്ക്

വഴി അടഞ്ഞപ്പോള്‍ മാത്രമല്ല, അവളുടെ കണ്ണിലെ വെളിച്ചം കെട്ടു പോകുമെന്ന് പേടിച്ച അവസരത്തിലും മുന്‍പ് നിരവധി പേര്‍ കനിവുമായി എത്തിയിരുന്നു. ആ നന്മമനസുകളെയാണ് ഞാന്‍ ഇവിടേയും കണ്ടത്. അന്‍വി മോളെ സ്‌നേഹിക്കുന്നവര്‍ ഒരിക്കല്‍ കൂടി കണ്‍തുറന്നപ്പോള്‍... പ്രാര്‍ത്ഥിച്ചപ്പോള്‍ അടഞ്ഞു പോയ വഴി വീണ്ടും ഞങ്ങള്‍ക്കായി തുറന്നു. വാര്‍ത്ത ഷെയര്‍ ചെയ്ത എല്ലാവര്‍ക്കും നന്ദി. സംസ്ഥാന സര്‍ക്കാരിനോടു ശൈലജ ടീച്ചറോടും പ്രത്യേകം നന്ദി അറിയിക്കുന്നു. ഞായറാഴ് രാവിലെയാണ് ഞങ്ങള്‍ ചേര്‍ത്തലയില്‍ നിന്നും പുറപ്പെട്ടത്. രാത്രി 11 മണിയോടെ യാതൊരു തടസങ്ങളുമില്ലാതെ ഹൈദരാബാദിലെത്തി. ശൈലജ ടീച്ചറുടെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം ഒരുക്കിയ ആംബുലന്‍സിലാണ് ഇവിടെയെത്തിയത്. ഒന്നു കൂടി ചേര്‍ത്തു വയ്ക്കട്ടെ, വരുന്ന വഴിക്ക് ഒരിടത്തു പോലും ഞങ്ങളെ തടഞ്ഞു പോലുമില്ല.

രണ്ടാമത്തെ കീമോ

Anvitha-edir-2

റെറ്റിനോ ബ്ലാസ്‌റ്റോമയ്ക്കുള്ള അതിനിര്‍ണായകമായ രണ്ടാമത്തെ കീമോയാണ് ചൊവ്വാഴ്ച നിശ്ചയിച്ചിരിക്കുന്നത്. ഇന്‍ട്രാ ആര്‍ട്ടീരിയല്‍ കീമോ തെറപ്പി എന്നാണ് അതിന്റെ പേര്. തുടയില്ലിലൂടെ കണ്ണിലെ ഞരമ്പിലേക്ക് വരെ എത്തുന്ന കീമോ ചികിത്സാ രീതിയാണത്. എല്ലാം ഭംഗിയാകും എന്ന് പ്രാര്‍ത്ഥിക്കുന്നു. സോഷ്യല്‍ മീഡിയയിലെ തന്നെ സുമനസുകള്‍ സ്വരുക്കൂട്ടി നല്‍കിയ തുകയില്‍ നിന്നുമാണ് ചികിത്സാ ചെലവുകള്‍ നത്തുന്നത്. വേള്‍ഡ് മലയാളി അസോസിയേഷനാണ് ഇവിടെ ഞങ്ങള്‍ക്കുള്ള താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്. എല്ലാവരോടും നന്ദി... സ്‌നേഹം- വിനീത് പറഞ്ഞു നിര്‍ത്തി.

അന്‍വിതയെ ഹൈദരാബാദില്‍ എത്തിയതിനു പിന്നാലെ ആരോഗ്യമന്ത്രി കെകെ ശൈലജ പങ്കുവച്ച കുറിപ്പ്;

അന്‍വിതയും രക്ഷിതാക്കളും ഹൈദരബാദില്‍ എത്തി. ഹൈദരബാദ് എല്‍.വി. പ്രസാദ് അശുപത്രിയില്‍ നാളെ ചികിത്സ ആരംഭിക്കും. ലോക് ഡൗണ്‍ കാലമായതിനാല്‍ വളരെയേറെ ബുദ്ധിമുട്ടിയാണ് കുഞ്ഞിനെയും മാതാപിതാക്കളെയും ഹൈദരബാദിലെത്തിക്കാന്‍ സംവിധാനമൊരുക്കിയത്. ബഹു മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് യാത്ര അനുമതിയും ആംബുലന്‍സ് കടന്നു പോകുന്ന മറ്റ് സംസ്ഥാനങ്ങള്‍ക്കുള്ള നിര്‍ദ്ദേശവും പോലീസ് ആസ്ഥാനത്ത് നിന്ന് നല്‍കിയിരുന്നു. എ എം ആരിഫ് എം പി പ്രവര്‍ത്തനങ്ങള്‍ വളരെ കൃത്യമായി ഏകോപിപ്പിച്ചു. കേരള സാമൂഹ്യ സുരക്ഷാ മിഷനാണ് കുഞ്ഞിനെ ഹൈദരബാദിലെത്തിക്കാന്‍ ആവശ്യമായ യാത്ര സൗകര്യം ഏര്‍പ്പെടുത്തിയത്. രാജിസ്, മനോജ് എന്നീ ആംബുലന്‍സ് െ്രെഡവര്‍മാര്‍ക്ക് അഭിനന്ദനം അറിയിക്കുന്നു. യാത്ര ചെലവും മറ്റും സര്‍ക്കാരാണ് വഹിക്കുന്നത്. ചികിത്സയ്ക്ക് ശേഷം കുട്ടിയെ ഇതേ ആംബുലന്‍സില്‍ തിരികെ വീട്ടിലെത്തിക്കും.